ടെലിസ്‌കോപ്പ്
ഭൂമിയുടെ നിലാവ്​ ചന്ദ്രനിൽ വീഴുമോ?
  • ഇല്ല്യാസ്​ പെരിമ്പലം
  • 10:36 AM
  • 10/10/2019

ചന്ദ്ര​െൻറ നിലാവ് ഭൂമിയിൽ വീഴുന്നതുപോലെ ഭൂമിയുടെ നിലാവ് ചന്ദ്രനിൽ വീഴുമോ? അത് നമുക്ക്​ കാണാനൊക്കുമോ? സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും നിലാവുണ്ടോ?

ആകാശഗോളങ്ങളെല്ലാം അതാര്യ വസ്​തുക്കളാണ്. ഏതൊരു അതാര്യ വസ്​തുവും അതിൽ വീഴുന്ന പ്രകാശത്തെ പ്രതിപതിപ്പിക്കും. പ്രതലം മിനുസമല്ലാത്തതിനാൽ വിസരിത പ്രതിപതനമാണ്​ ആകാശഗോളങ്ങളിൽ നടക്കുക. ബുധൻ മുതൽ ശനി വരെയുള്ള ഗ്രഹങ്ങളെ നഗ്​നനേത്രംകൊണ്ടും മറ്റു ഗ്രഹങ്ങൾ, സൗരയൂഥത്തിലെ വിവിധ ഉപഗ്രഹങ്ങൾ എന്നിവയെ ടെലിസ്​കോപ്പിലൂടെയും നമുക്ക് കാണാൻ സാധിക്കുന്നത് അവ സൂര്യപ്രകാശത്തെ പ്രതിപതിപ്പിക്കുന്നതുകൊണ്ടാണ്. സൂര്യപ്രകാശം ആകാശഗോളങ്ങളിൽതട്ടി പ്രതിപതിക്കുന്നതാണ് നിലാവ്.
മഞ്ഞുപാളികൾ, ജലം, മേഘങ്ങൾ എന്നിവയുടെ സാന്നിധ്യം ആകാശഗോളങ്ങളുടെ നിലാവ് പൊഴിക്കാനുള്ള ശേഷിയെ ഗണ്യമായി വർധിപ്പിക്കുന്നു. ഉദാഹരണമായി കട്ടിയുള്ള മേഘപടലങ്ങൾ ഉള്ളതിനാൽ ചന്ദ്രനെക്കാളും ശക്​തമായ നിലാവ് പൊഴിക്കാൻ ശുക്രന് കഴിയുന്നു. ചന്ദ്രൻ അതിൽവീഴുന്ന സൂര്യപ്രകാശത്തിെൻറ ശരാശരി 12 ശതമാനം മാത്രം പ്രതിപതിപ്പിക്കുമ്പോൾ ശുക്രൻ 65 ശതമാനം പ്രതിപതിപ്പിക്കുന്നു. എന്നാൽ, താരതമ്യേന ഭൂമിയുടെ അടുത്തായതിനാൽ ചന്ദ്ര​െൻറ നിലാവ് നമുക്ക്​ കൂടുതലായി ലഭിക്കുന്നു എന്നുമാത്രം. വാതകഗോളങ്ങളായ വ്യാഴം, ശനി, യുറാനസ്​, നെപ്ട്യൂൺ എന്നിവ യഥാക്രമം 52, 47, 51, 41 ശതമാനം വീതം സൂര്യപ്രകാശത്തെ പ്രതിപതിപ്പിക്കുന്നു. ഐസ്​ മൂടിക്കിടക്കുന്ന പ്ലൂട്ടോയാവട്ടെ, ശരാശരി 60 ശതമാനം സൂര്യപ്രകാശത്തെ പ്രതിപതിപ്പിക്കുന്നു.
മഞ്ഞുപാളികൾ, ജലം, മേഘം എന്നിവയുടെ സാന്നിധ്യം കാരണം ചന്ദ്രനെക്കാളും ശക്​തമായ നിലാവ് ഭൂമി സൃഷ്​ടിക്കുന്നു. ഋതുഭേദങ്ങൾക്കനുസരിച്ച്​ ഇവയുടെ അളവിൽ മാറ്റം വരുമല്ലോ. അതിനനുസരിച്ച് നിലാവ് പൊഴിക്കാനുള്ള ഭൂമിയുടെ കഴിവിലും മാറ്റം വരും. ഭൂമിയുടെ ശരാശരി പ്രതിപതനശേഷി 37 ശതമാനമാണ്. ഭൂമിയിൽ പതിക്കുന്ന ചാന്ദ്രനിലാവിനെക്കാൾ ശക്​തമായ ഭൗമനിലാവ് ചന്ദ്രനിലും പതിക്കുമെന്ന്​ ഇതിൽനിന്നും വ്യക്തമാണല്ലോ. ചന്ദ്രൻ ചെറിയ കലകളായിരിക്കുമ്പോൾ വ്യക്​തമായി കാണുന്ന ചന്ദ്രക്കലയോടൊപ്പം മങ്ങിയ വെളിച്ചത്തിൽ ചന്ദ്ര​െൻറ ബാക്കി ഭാഗവും കാണാറില്ലേ? ഭൂമിയുടെ നിലാവേൽക്കുന്നതാണ് ഈ മങ്ങിയ വെളിച്ചം. ഇതിനെ നമുക്ക് ഭൂശോഭ എന്നു പറയാം. 
ചന്ദ്രനിൽ കാണുന്ന ഭൂശോഭയുടെ കാരണംആദ്യമായി വിശദീകരിച്ചതും ചിത്രീകരിച്ചതും പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധ ചിത്രകാരനായ ലിയനാർഡോ ഡാവിഞ്ചിയാണ്. അതിനാൽ ഭൂശോഭക്ക് ഡാവിഞ്ചിയുടെ തിളക്കം എന്നും പറയാറുണ്ട്. ചന്ദ്ര​െൻറ പ്രകാശിതഭാഗംനേരിട്ട്​ സൂര്യപ്രകാശമേൽക്കുന്ന ഭാഗമാണെന്നും ഭൂശോഭ കാണുന്ന ഭാഗം ഭൂമിയുടെ നിലാവേൽക്കുന്ന ഭാഗമാണെന്നും ചിത്രത്തിൽനിന്ന്​ മനസ്സിലാക്കാം. ചന്ദ്രക്കല വലുതായിക്കഴിഞ്ഞാൽ ഭൂശോഭ കാണാനാവില്ല. അത്​ ചന്ദ്രശോഭയിൽ മുങ്ങിപ്പോകുന്നതാണ്​ കാരണം.