ഭൂമിക്ക്​ പനിക്കുന്നു
  • പി. സഫ്​വാൻ റാഷിദ്​
  • 02:14 PM
  • 23/23/2018

ഇനിയും മരിക്കാത്ത ഭൂമി! 
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നി​െൻറ (എ​െൻറയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം...

ഒ.എൻ.വി. കുറുപ്പി​െൻറ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽനിന്നുള്ള വരികളാണിത്​. ഇനിയും മരിക്കാത്ത ഭൂമിയിൽ മാനവരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപിനായി തുടിക്കുന്ന ഇത്തിരി സ്​പന്ദനങ്ങൾകൂടി ബാക്കിയുണ്ട്​. അവയെയെങ്കിലും നിലനിർത്തേണ്ടത്​ നമുക്കും വരുംതലമുറക്കും അത്യന്താപേക്ഷിതമാണ്​. ആഗോള താപനത്തി​
െൻറയും പരിസ്​ഥിതി മലിനീകരണത്തി​െൻറയും ഭവിഷ്യത്തുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത്​ ഭൗമദിനത്തിന്​ ഏറെ പ്രസക്തിയുണ്ട്. ഭൂമിയെ സംരക്ഷിക്കേണ്ടത്​ ജാതി, മത, ദേശ, വംശങ്ങൾക്കപ്പുറത്ത്​ ലോകത്തെ എല്ലാ മനുഷ്യരുടെയും ആവശ്യമാണെന്ന തിരിച്ചറിവിൽ ലോകത്തുള്ള കോടിക്കണക്കിന്​ ജനങ്ങൾ ഭൗമദിനം ആചരിച്ചുവരുന്നു​.

പരിസ്​ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള നിരവധി ദിനങ്ങൾ ലോകമെമ്പാടും ആചരിക്കുന്നുണ്ട്​. ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ്​ ഭൗമദിനം. 1969 ​സെപ്​റ്റംബറിൽ അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന സമ്മേളനത്തില്‍വെച്ച്, യു.എസ് സെനറ്റര്‍ ഗേലോര്‍ഡ് നെല്‍സണ്‍ ആണ് ഭൗമദിനം സംബന്ധിച്ച ആദ്യ പ്രഖ്യാപനം നടത്തുന്നത്. അമേരിക്കയിലടക്കമുള്ള സ്​ഥലങ്ങളിൽ ജനപ്പെരുപ്പം ഭീതിദ പ്രശ്‌നമായി മാറിയ സമയമായിരുന്നു അത്. പരിസ്ഥിതി സുരക്ഷക്കായി ജനപ്പെരുപ്പം തടയുകയെന്നത് പ്രധാനമാണെന്ന് നെല്‍സണ്‍ മനസ്സിലാക്കി. ദേശീയതലത്തില്‍ നടക്കുന്ന ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍, ഹാര്‍വഡ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ഡെന്നിസ് ഹയെസിനെ നെല്‍സണ്‍ നിയോഗിച്ചു. 
സുസ്ഥിരവും ആരോഗ്യകരവുമായ ഒരു പരിസ്ഥിതിയെന്ന ലക്ഷ്യം മുന്നില്‍ കണ്ട് 1970 ഏപ്രില്‍ 22 ആദ്യ ഭൗമദിനമായി ആചരിക്കപ്പെട്ടു. രണ്ടു കോടിയോളം അമേരിക്കക്കാര്‍ ആ ദിനാചരണത്തില്‍ പങ്കുകൊണ്ടു. തീരപ്രദേശങ്ങളില്‍ വൻ റാലികള്‍ നടന്നു. പരിസ്ഥിതിക്കായി ആയിരക്കണക്കിന് സര്‍വകലാശാലകളും കോളജുകളും രംഗത്തെത്തി. 
ആദ്യഘട്ടത്തിൽ അമേരിക്കയിൽ മാത്രം ഒതുങ്ങിനിന്ന ഭൗമദിനാചരണം പിന്നീട് ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. 1990ഓടെ ഭൗമദിനാചരണം ലോകവേദിയിലെത്തി. പരിസ്ഥിതിയെ സഹായിക്കാന്‍ പുനരുപയോഗം എന്ന ആശയം മുന്‍നിര്‍ത്തി, 1990 ഏപ്രില്‍ 22ന് ലോകവ്യാപകമായി ഭൗമദിനം ആചരിക്കപ്പെട്ടു. 141 രാജ്യങ്ങളിലായി 20 കോടി പേര്‍ ഇതില്‍ പങ്കുചേര്‍ന്നു. 1992ല്‍ യു.എന്നി​െൻറ നേതൃത്വത്തില്‍ റിയോ ഡെ ജനീറോയില്‍ നടന്ന ‘ഭൗമ ഉച്ചകോടി’ക്ക് മുന്നോടിയായിയായിരുന്നു ആ കാമ്പയിന്‍. 
2000 എത്തിയപ്പോഴേക്കും ലോകം ആഗോളതാപനത്തി​െൻറ കഠിന ഭീഷണിയിലായി. അതിനെതിരെയും ക്ലീൻ ഉൗര്‍ജത്തിനും വേണ്ടിയായിരുന്നു 2000 ഏപ്രില്‍ 22ലെ ദിനാചരണം.  ഇൻറര്‍നെറ്റി​െൻറ വ്യാപനത്തോടെ പ്രചാരണങ്ങൾ കൂടുതല്‍ ശക്തമായി. 184 രാജ്യങ്ങളിൽ പരിസ്ഥിതി സംഘടനകള്‍ വഴിയും അല്ലാതെയുമായി കോടിക്കണക്കിന് ആളുകളിലേക്ക് ഭൗമദിന സന്ദേശവും പ്രവര്‍ത്തനങ്ങളും എത്തിക്കാന്‍ 2000 ആയപ്പോഴേക്കും കഴിഞ്ഞതിൽ ഇൻറര്‍നെറ്റി​െൻറ പങ്ക്​ വലുതാണ്. ‘പ്ലാസ്​റ്റിക്​ മലിനീകരണം നിർത്തുക’ എന്നതാണ്​ ഇൗ വർഷത്തെ ഭൗമദിന പ്രമേയം.

​ഭൗമദിന പ്രമേയങ്ങൾ
●2017 ^പരിസ്​ഥിതി, കാലാവസ്​ഥ സാക്ഷരത
●2016 ^മരങ്ങൾ ഭൂമിക്കായി​
●2015 ^‘Water Wonderful World’ and ‘Clean Earth’ – Green Earth   
●2014 ^ഹരിത നഗരങ്ങൾ
●2013 ^കാലാവസ്​ഥ വ്യതിയാനത്തി​െൻറ മുഖം
●2012 ^ഭൂമിയെ സജ്ജരാക്കുക, വായുവിനെ ശുദ്ധീകരിക്കാം

ഭൂമി വിയർക്കുന്നു, 
നാം അപകടത്തിലാണ്​

മനുഷ്യ​െൻറ പ്രവൃത്തികൾമൂലം ഭൂമി ഇന്ന്​ എല്ലാ മേഖലകളിലും വലിയ ശിഥിലീകരണം നേരിടുന്നുണ്ട്​. ഇതിൽ ഏറ്റവും വലിയ ഭീഷണിയായി ആഗോള താപനത്തെ കണക്കാക്കാം. ഭൂമി വിയർക്കാൻ തുടങ്ങിയതോടെ മനുഷ്യരടക്കമുള്ള ജീവജാലങ്ങൾ അതിജീവനത്തിനായി നെ​േട്ടാട്ടത്തിലാണ്​. ആഗോള താപനത്തി​െൻറ അനന്തരഫലങ്ങൾ നമ്മുടെ പ്രവചനങ്ങൾക്കും അപ്പുറമായിരിക്കും. ഭൗമോപരിതലത്തിന് അടുത്തുള്ള വായുവി​െൻറയും സമുദ്രങ്ങളുടെയും ശരാശരി താപനിലയിൽ‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വർധനയെയും ഈ വർധനയുടെ തുടർച്ചയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയും ആഗോള താപനം എന്നുവിളിക്കാം.
മാനുഷിക പ്രവർത്തനങ്ങൾ മൂലവും മറ്റു പ്രകൃത്യാ ഉള്ള കാരണങ്ങൾകൊണ്ടും കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, കാർബൺ മോണോക്​സൈഡ്​, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർധിക്കുന്നു. സൂര്യനിൽനിന്ന്​ ഭൂമിയിലേക്കെത്തുന്ന ചൂടി​െൻറ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർധിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദശകത്തിൽ ഭൗമോപരിതലത്തിനോടു ചേർന്നുള്ള വായുപാളിയുടെ ശരാശരി താപനില വർധിച്ചു. ഇൻറർഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചി​െൻറ (ഐ.പി.സി.സി) നിഗമനപ്രകാരം, 20ാം നൂറ്റാണ്ടി​െൻറ പകുതി മുതൽ ഉണ്ടായ ആഗോള താപവർധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമിതമായ ഹരിതഗൃഹ വാതകങ്ങളുടെ അളവിലുണ്ടായ വർധനയാണ്. ഇത് ഹരിതഗൃഹപ്രഭാവം ചെലുത്തി അന്തരീക്ഷത്തി​െൻറ പ്രതലപാളിയിലും താഴ്ന്ന പാളികളിലുമുള്ള താപനില ഉയർത്തുന്നു. 
2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ്​ പഠനങ്ങള്‍ പറയുന്നത്​. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡി​െൻറ അളവ് 383 
പി.പി.എം (Parts Per Million) ആണ്. വ്യവസായ യുഗത്തിനു മുമ്പ്​ ഇത് 280 പി.പി.എം ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 പി.പി.എം ആയി വർധിക്കുമെന്നും പഠനങ്ങൾ പറയുന്നു. 

ദ്വീപുകൾ
കാലാവസ്​ഥയിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ദ്വീപുകളുണ്ട്. മാലദ്വീപ്‌, തുവാലു, പാപ്വന്യൂഗിനി, സോളമന്‍ ദ്വീപ്‌, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൊറീഷ്യസ്, മഡഗാസ്കര്‍, സെയ്​ഷല്‍, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ഫിലിപ്പീന്‍സ്‌ ദ്വീപുകള്‍, ജപ്പാന്‍, ശ്രീലങ്ക, ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപ്‌, അന്തമാന്‍ എന്നിവയെല്ലാം ആഗോള താപനത്തി​െൻറ അനന്തരഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്​. നോർത്ത്​ പസഫിക്​​ ദ്വീപിലെ മുഴുവൻ ദ്വീപുകളും ഭാവിയിൽ അപ്രത്യക്ഷമാകാനുള്ള സാധ്യതകൾ ഏറെയാണ്​. 
ഇന്ത്യയടക്കം നാൽപതോളം രാജ്യങ്ങള്‍ക്ക്‌ കനത്ത നാശം സൃഷ്​ടിച്ചുകൊണ്ട് കടലിലെ ജലനിരപ്പ്‌ ഉയരുമെന്ന് പഠനങ്ങള്‍ പറയുന്നു. ടോക്യോ, മുംബൈ, ലിസ്​ബൻ അടക്കമുള്ള സമുദ്രതീരത്തെ വൻ നഗരങ്ങളുടെയും ഭാവി തുലാസ്സിലാണ്​. 
സമുദ്രജലത്തിൽ അയേൺ സൾഫേറ്റ് വിതറി ആൽഗകളുടെ വളർച്ച ത്വരിതപ്പെടുത്തി കാർബൺ ​ൈഡ ഒാക്സൈഡി​െൻറ അളവ് കുറക്കാനുള്ള ലോഹാഫെക്സ് എന്ന പദ്ധതി ശാസ്ത്രജ്ഞർ വിഭാവനം ചെയ്​തിട്ടുണ്ട്​. 

ആഗോള ഇരുളല്‍ പ്രതിഭാസം
ആഗോള താപനത്തെപ്പോലെത്തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍ (Global Dimming). വായു മലിനീകരണത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൂര്യപ്രകാശത്തി​െൻറ തോത് കുറയുകയും അങ്ങനെ ശക്തികുറഞ്ഞ പ്രകാശമാകുന്നതോടെ പകലി​െൻറ ദൈര്‍ഘ്യം കുറഞ്ഞുവരുകയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെവരുകയും ചെയ്യുന്ന പ്രതിഭാസമാണിത്​. മാനവരാശിക്ക്​ വലിയ ​പ്രത്യാഘാതമാണ്​ ഇത്​ വരുത്തിവെക്കുക.
നമുക്ക്​ ചെയ്യാവുന്നത്​
●കാർ, മോട്ടോർ സൈക്കിൾ തുടങ്ങിയ വാഹനങ്ങൾക്കു പകരം പരമാവധി പൊതുഗതാഗത സംവിധാനങ്ങളോ സൈക്കിളുകളോ ഉപയോഗപ്പെടുത്തുക
●അനാവശ്യമായ വൈദ്യുതി ഉപയോഗം കുറക്കുക
●പ്രകൃതിയുടെ അമിത ചൂഷണത്തെയും ആഗോള താപനത്തെയും കുറിച്ച്​ മറ്റുള്ളവരെ ബോധവത്​കരിക്കുക
●പരമാവധി മരങ്ങൾ നട്ടുവളർത്തുക
●പ്രകൃതിയില്‍ ധാരാളമായുള്ള കാറ്റും വെളിച്ചവും പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഊർജോൽപാദനം കുറക്കുന്നതിനുള്ള ഒരു മാർഗം. അതുവഴി എയര്‍ കണ്ടീഷനറുകളുടെയും വൈദ്യുതി വിളക്കുകളുടെയും ഉപയോഗം ഒരു പരിധിവരെ കുറക്കാന്‍ കഴിയും.

കാലാവസ്​ഥ വ്യതിയാനം; പ്രധാന അന്താരാഷ്​ട്ര ഉടമ്പടികൾ
കാലാവസ്​ഥ വ്യതിയാനം നിയ​​ന്ത്രിക്കേണ്ടത്​ മാനവരാശിക്കും മറ്റു ജീവജാലങ്ങൾക്കും അത്യാവശ്യമാണെന്ന തിരിച്ചറിവിൽ ലോകരാജ്യങ്ങളെ ഒന്നിച്ചുനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്​ ​െഎക്യരാഷ്​ട്രസഭയാണ്​. 1992ൽ ബ്രസീൽ തലസ്​ഥാനമായ റിയോ ​െഡ ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടി (earth summit) ആഗോളതാപന നിയന്ത്രണ ഉടമ്പടി ലോകരാജ്യങ്ങൾക്ക്​ മുന്നിൽ ​െഎക്യരാഷ്​ട്ര സംഘടന അവതരിപ്പിച്ചു.
കാലാവസ്​ഥ മാറ്റത്തെക്കുറിച്ചുള്ള അന്താരാഷ്​ട്ര സമിതി (international panel on climate change^-IPCC) റിപ്പോർട്ട്​ പ്രകാരം 1995നു ശേഷം അന്തരീക്ഷ താപനില അതിശയകരമായ രീതിയിൽ വർധിച്ചെന്നും ഒാരോ പത്തു വർഷത്തിലും ഭൂമിയുടെ താപനില 0.2 ഡിഗ്രി സെൽഷ്യസ്​ വീതം വർധിക്കുന്നുണ്ടെന്നും പറയുന്നു.
1997ൽ ജപ്പാനിലെ ക്വോ​േട്ടായിൽ വെച്ച്​ തീരുമാനിച്ച ‘ക്വോ​േട്ടാ പ്രോ​േട്ടാകോൾ’ 2005 ഫെബ്രുവരി മുതലാണ്​ പ്രാവർത്തികമാക്കിത്തുടങ്ങിയത്​. ഇൗ ഉടമ്പടി പ്രകാരം 85 വ്യവസായവത്​കൃത രാജ്യങ്ങൾ അവർ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ്​ 1990നെക്കാൾ 5.2 ശതമാനം കുറക്കാൻ തീരുമാനിച്ചു. 169 രാജ്യങ്ങൾ ഇൗ ഉടമ്പടി അംഗീകരിച്ചെങ്കിലും നിരവധി രാജ്യങ്ങൾ വിവിധ കാരണങ്ങൾ നിരത്തി വ്യത്യസ്​ത നിലപാടുകൾ സ്വീകരിച്ചതോടെ ഇൗ ഉടമ്പടി പ്രതീക്ഷിച്ച ഫലം നൽകാതെപോയി. 
ക്വോ​േട്ടാ ഉടമ്പടി പരാജയപ്പെട്ടതിനാൽ ആഗോള താപനനിരക്ക്​ നിയന്ത്രിക്കാനായി ​െഎക്യരാഷ്​ട്ര സഭയുടെ നേതൃത്വത്തിൽ  ഡെന്മാർക് തലസ്​ഥാനമായ കോപൻഹേഗനിൽ ലോക കാലാവസ്​ഥ ഉച്ചകോടി നടത്താൻ തീരുമാനിച്ചു. 2009 ഡിസംബർ ഏഴു മുതൽ 18 വ​െ​ര നടന്ന കോ
പൻഹേഗൻ ഉച്ചകോടിയിൽ പുതിയ നിർദേശങ്ങൾ ചർച്ച​ചെയ്​തെങ്കിലും വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള തർക്കം മൂലം ഉച്ചകോടി പ്രതീക്ഷിച്ച വിജയത്തിലെത്തിയില്ല. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എന്‍ കണ്‍വെന്‍ഷ​െൻറ ഭാഗമായി രൂപംനല്‍കിയ കരാറാണ് പാരിസ് ഉടമ്പടി. പാരിസില്‍ 2015 ഡിസംബര്‍ 12ന് കണ്‍വെന്‍ഷ​െൻറ 21ാം സെഷനിലാണ് കരാറിന് രൂപംനല്‍കിയത്. ഇന്ത്യയടക്കം 170ലേറെ രാജ്യങ്ങള്‍ സുപ്രധാന കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത്രയധികം രാജ്യങ്ങള്‍ ഒന്നിച്ച് ഒപ്പുവെക്കുന്ന ആദ്യത്തെ അന്തര്‍ദേശീയ ഉടമ്പടിയാണിത്. ആഗോള താപനിലയുടെ വർധന രണ്ടു ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കി നിര്‍ത്തുക, പറ്റുമെങ്കില്‍ ഒന്നര ഡിഗ്രിയാക്കാന്‍ ശ്രമിക്കുക എന്നതാണ് കരാറി​െൻറ മുഖ്യ ലക്ഷ്യം. കാലക്രമേണ കല്‍ക്കരി, ഡീസല്‍, പെട്രോള്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും കരാര്‍ വിഭാവനം ചെയ്യുന്നു. ഇതര ഊർജമാർഗങ്ങള്‍ 
പ്രോത്സാഹിപ്പിക്കണം, ലക്ഷ്യപ്രാപ്​തിക്കായി കൈക്കൊണ്ട നടപടികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തണമെന്നും കരാര്‍ നിർദേശിക്കുന്നു. ആഗോള താപനത്തി​െൻറ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന അവികസിത, വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ സഹായം നല്‍കണം എന്നതും കരാറിലെ പ്രധാന വ്യവസ്ഥയാണ്. വരുംതലമുറക്ക്​ വാസയോഗ്യമായ ഭൂമി കൈമാറാനുള്ള സുപ്രധാന കരാറില്‍ 2016ലെ ഭൗമദിനത്തിൽ ഇന്ത്യക്കുവേണ്ടി പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഒപ്പു​െവച്ചത്. പാരിസ്​ കാലാവസ്​ഥ ഉടമ്പടി അമേരിക്കൻ നയങ്ങൾക്കെതിരാണെന്നു പറഞ്ഞ്​ അമേരിക്ക പിന്മാറിയത്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനും ആഗോളതാപനത്തിനും മുഖ്യകാരണമായ കാർബൺ ബഹിർഗമനം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യമാണ്​ യു.എസ്.​ രണ്ടാമത്​ ചൈനയും മൂന്നാമത് ഇന്ത്യയുമാണ്​.

കടലിനടിയിൽ ഒരു മന്ത്രിസഭ​ യോഗം
കടലിനടിയിൽ മന്ത്രിസഭ യോഗമോ? നിങ്ങളിൽ പലർക്കും ചിന്തിക്കാൻ പോലുമാകുന്നുണ്ടാവില്ല. എന്നാൽ, ആഗോളതാപനം രാജ്യത്തിന്​ വരുത്തിവെക്കുന്ന ഭവിഷ്യത്തുകളിലേക്ക്​ ലോകത്തി​െൻറ ശ്രദ്ധക്ഷണിക്കാനായി മാലദ്വീപ്​ 2009ൽ കടലിനടിയിൽ മന്ത്രിസഭ യോഗം ചേർന്നു. പ്രസിഡൻറ്​ മുഹമ്മദ്​ നശീദ്​ അധ്യക്ഷത വഹിച്ച യോഗത്തിൽ ആഗോളതാപനം ചെറുക്കാൻ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കി. 
തലസ്ഥാനമായ മാലെയില്‍നിന്ന് 25 മിനിറ്റ് സ്​പീഡ് ബോട്ടില്‍ സഞ്ചരിച്ചാലെത്തുന്ന ഗിരിഫ്യൂഷിയിലെ ആഴംകുറഞ്ഞ കടലിലാണ് മന്ത്രിമാര്‍ യോഗം ചേര്‍ന്നത്. ഡൈവിങ് പരിശീലനം നേടിയ മന്ത്രിമാർ സ്​കൂബ ഡ്രസും മറ്റും ധരിച്ച്​​ യോഗത്തിൽ പ​െങ്കടുത്തു​. വെള്ളത്തിനടിയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട്​ ആംഗ്യഭാഷയിലായിരുന്നു ചർച്ച.
ആഗോളതാപനത്തി​െൻറ ഫലമായി കടലിലെ ജലനിരപ്പ്​ ഉയർന്നാൽ ഭൂമുഖത്ത് ആദ്യം മുങ്ങിപ്പോകുന്ന രാജ്യങ്ങളിലൊന്നാണ് ദ്വീപുകളുടെ ശൃംഖലയായ മാലദ്വീപ്. ശ്രീലങ്കക്ക്​ തെക്കുപടിഞ്ഞാറുള്ള ഈ കൊച്ചു ദ്വീപസമൂഹത്തിലെ മിക്ക ദ്വീപുകള്‍ക്കും സമുദ്രനിരപ്പില്‍നിന്ന് ഒരു മീറ്റര്‍പോലും ഉയരമില്ല. 2100ഓടെ സമുദ്രനിരപ്പ് 18 മുതല്‍ 59 സെൻറിമീറ്റര്‍ വരെ ഉയരുമെന്നും അതോടെ മാലദ്വീപ് താമസയോഗ്യമല്ലാതെയാവുമെന്നും ഐക്യരാഷ്​ട്രസഭ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്​. 

യോഗം എവറസ്​റ്റി​െൻറ ഉയരത്തിലും
ആഗോള താപനംമൂലം ഹിമാലയത്തിലുണ്ടാകുന്ന മഞ്ഞുരുകലി​െൻറ ഭവിഷ്യത്തുകൾ 
ലോകത്തിനുമുന്നിലെത്തിക്കാനായി 2009ൽ എവറസ്​റ്റ്​ കൊടുമുടിയിൽ മന്ത്രിസഭ യോഗം ചേർന്ന്​ നേപ്പാൾ ലോകത്തെ ഞെട്ടിച്ചു. 5200 മീറ്റർ ഉയരത്തിലുള്ള കലിപറ്റാർ ബേസ്​ ക്യാമ്പിലാണ്​ യോഗം ചേർന്നത്​. നേപ്പാൾ മന്ത്രിസഭയിലെ 21 മന്ത്രിമാരെയും ഹെലികോപ്​ടറിലാണ്​ ക്യാമ്പിലെത്തിച്ചത്​. 
യോഗത്തിന് മുന്നോടിയായി മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ നേരത്തേതന്നെ എവറസ്​റ്റില്‍ എത്തിച്ചിരുന്നു. യോഗം അരമണിക്കൂറോളം നീണ്ടുനിന്നു.