ടെലിസ്‌കോപ്പ്
ബ്ലഡ്​, ബ്ലൂ, സൂപ്പർ മൂൺ
  • ഇല്ല്യാസ്​ പെരിമ്പലം
  • 12:25 PM
  • 15/01/2020

പൂർണചന്ദ്രഗ്രഹണ വേളകളിൽ ചന്ദ്രൻ ഓറഞ്ച്​ കലർന്ന ചുവപ്പ് നിറത്തിൽ അഥവാ ചോരനിറത്തിൽ കാണപ്പെടുന്നു. ഇതാണ് ‘ബ്ലഡ് മൂൺ’ എന്നറിയപ്പെടുന്നത്. ഇവിടെ സംശയം സ്വാഭാവികമാണ്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീണാണല്ലോ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. അപ്പോൾ ചന്ദ്രനെ കാണാതാവുകയല്ലേ ചെയ്യേണ്ടത്, ചോരനിറത്തിൽ കാണുന്നതെന്തു കൊണ്ടാണ്? ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷം സൃഷ്​ടിക്കുന്ന പ്രകാശത്തിെൻറ അപവർത്തനം, വിസരണം എന്നീ പ്രതിഭാസങ്ങളാണ് ഇതിനു കാരണം.
സൂര്യനിൽനിന്ന് വരുന്ന പ്രകാശത്തെ ഭൂമിയുടെ കര^കടൽ ഭാഗങ്ങൾ തടഞ്ഞ് ചന്ദ്രനിൽ നിഴൽ വീഴ്ത്തും. എന്നാൽ, ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷം പ്രകാശത്തെ കടന്നുപോകാൻ അനുവദിക്കും. പ്രകാശം ഒരു മാധ്യമത്തിൽനിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിെൻറ പാതക്ക്​ ഒടിയൽ അഥവാ അപവർത്തനം സംഭവിക്കുമെന്ന് നമുക്കറിയാം. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ അപവർത്തനത്തിന് വിധേയമാകുന്നു. അന്തരീക്ഷത്തിെൻറ പുറംപാളി വളരെ നേർത്തതാണ്. ഭൂമിയോടടുക്കുംതോറും വായുവിെൻറ സാന്ദ്രത കൂടിവരുന്നതിനാൽ പ്രകാശരശ്മികൾ ഒടിയുക ഉൾഭാഗത്തേക്കാണ്. ഇങ്ങനെ ഒടിയുന്ന പ്രകാശരശ്മികൾ ചന്ദനിൽ വീഴുന്നു. അതിനാൽ പൂർണചന്ദ്രഗ്രഹണ സമയത്തും ചന്ദ്രനിൽ അൽപമെങ്കിലും വെളിച്ചമെത്തുന്നതിനാൽ ചന്ദ്രനെ തീർത്തും കാണാതാവുന്നില്ല.
ചന്ദ്രഗ്രഹണ വേളകളിൽ സൂര്യനും ചന്ദ്രനും ഭൂമിയുടെ എതിർദിശകളിൽ വരുന്നതിനാൽ സൂര്യപ്രകാശത്തിന് വായുവിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. അതിനാൽ സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറവുള്ള വയലറ്റ് മുതൽ മഞ്ഞ വരെയുള്ള വർണരശ്മികൾ വായു കണികകളിലും പൊടിപടലങ്ങളിലും തട്ടി ചിതറിപ്പോകുന്നതിനാൽ (വിസരണം) ചന്ദ്രനിലെത്തില്ല. എന്നാൽ, തരംഗദൈർഘ്യം കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് രശ്മികളുടെ സഞ്ചാരത്തെ വായുവിന് തടസ്സപ്പെടുത്താനാവില്ല. ഈ രശ്മികൾ മാത്രം ചന്ദ്രനിലെത്തുന്നതിനാൽ പൂർണചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ നാം ഓറഞ്ച് കലർന്ന ചുവപ്പ്  നിറത്തിൽ അഥവാ ചോരനിറത്തിൽ കാണുന്നു. ഭൂമിക്ക് അന്തരീക്ഷം ഇല്ലായിരുന്നുവെങ്കിൽ സൂര്യപ്രകാശം നേർരേഖയിൽ തന്നെ സഞ്ചരിച്ച് ചന്ദ്രനിൽ എത്താതെ പോകുകയും ഗ്രഹണചന്ദ്രനെ ഒട്ടുംതന്നെ കാണാതിരിക്കുകയും ചെയ്യുമായിരുന്നു. ഉദയാസ്​തമയ വേളകളിൽ സൂര്യനെ ചുവപ്പ് നിറത്തിൽ കാണുന്ന അതേ കാരണംകൊണ്ടാണ് പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ ചോരനിറത്തിൽ കാണുന്നത് എന്നു ചുരുക്കം.
സാധാരണ ഗതിയിൽ മാസത്തിൽ ഒരു പൗർണമിയാണുണ്ടാകുക. എന്നാൽ, ഒരു മാസത്തിലെ ഒന്നാം തീയതിയോ രണ്ടാം തീയതിയോ പൗർണമി വന്നാൽ യഥാക്രമം 30ാം തീയതിയും 31ാം തീയതിയും വീണ്ടും പൗർണമി വരും. ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൗർണമിക്ക് പറയുന്ന ആലങ്കാരിക പേര് മാത്രമാണ് ‘ബ്ലൂ മൂൺ’. ഇത് ഒരു ജ്യോതിശ്ശാസ്​ത്ര പ്രതിഭാസമല്ല. അന്ന് ചന്ദ്രന് നീലനിറം ഉണ്ടാവുകയുമില്ല.
ഇനി സൂപ്പർ മൂൺ എന്തെന്നു നോക്കാം. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്ത പഥത്തിലാണ്. അതിലാൽ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം സ്​ഥിരമല്ല. ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത് (Perigee) വരുമ്പോഴുള്ള ദൂരം 3,63,229 കിലോമീറ്ററും ഏറ്റവും അകലെ (Apogee) ആകുമ്പോഴുള്ള ദൂരം 4,05,400 കിലോമീറ്ററും ആണ്. ചന്ദ്രൻ പെരിജിയിലാകുമ്പോൾ സംഭവിക്കുന്ന പൗർണമിചന്ദ്രന് അപ്പോജിയിലാകുമ്പോൾ സംഭവിക്കുന്നതിനെക്കാൾ 14 ശതമാനം വലുപ്പവും 30 ശതമാനം പ്രകാശവും കൂടുതൽ അനുഭവപ്പെടും. ഇതാണ് ‘സൂപ്പർ മൂൺ’. അപ്പോജിയിൽ വെച്ച് സംഭവിക്കുന്ന പൗർണമിക്ക് മൈേക്രാ മൂൺ എന്നും പറയാറുണ്ട് (സൂപ്പർ മൂൺ, മൈേക്രാ മൂൺ എന്നിവയുടെ താരതമ്യ ചിത്രം നോക്കുക).  ബ്ലഡ് മൂൺ, സൂപ്പർ മൂൺ എന്നിവയെക്കുറിച്ച് പ്രചരിക്കപ്പെടാറുള്ള ഭീതിജനകമായ വാർത്തകളെല്ലാം അടിസ്​ഥാനരഹിതമാണ്.