സ്കൂൾ പച്ച
ബാലാ, വേല വേണ്ട
  • ആഷിഖ്​ മുഹമ്മദ്​
  • 11:07 AM
  • 25/06/2019

മണ്ണപ്പം ചുട്ടും കളിവീടുണ്ടാക്കിയും പാടത്ത് പന്ത് കളിച്ചും പട്ടം പറത്തിയും വളരേണ്ടവരാണ് കുഞ്ഞുങ്ങൾ. അത്​ അങ്ങനെത്തന്നെ നടക്കട്ടെ. എന്നാൽ, കളിക്കാൻ പോയിട്ട് ഒന്നിരിക്കാൻപോലും സമയം കിട്ടാതെ പണിയെടുക്കുന്ന കുട്ടിത്തൊഴിലാളികളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? 18ഉം 19ഉം മണിക്കൂർ വരെ പണിയെടുക്കുന്ന കുട്ടികൾ ലോകത്തുണ്ടെന്നാണ് കണക്ക്. ഇവരിൽ ഭൂരിപക്ഷവും അപകടസാധ്യതയുള്ള പടക്കനിർമാണശാലകൾ, ഖനികൾ, സർക്കസ് എന്നീ മേഖലകളിലാണ് ജോലിചെയ്യുന്നത്.

ബാലവേല എന്നാൽ 
സാമൂഹികവും ശാരീരികവും മാനസികവുമായി കുട്ടികളെ വേദനിപ്പിക്കുന്ന തൊഴിലുകളെ ബാലവേലയായി നിർവചിക്കാം. വിദ്യാഭ്യാസം, വിനോദം, വിശ്രമം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്ന സാമൂഹിക വിപത്താണിത്. ബാലവേല നിരോധനം എന്നത്  കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് തടയുക മാത്രമല്ല, അവർക്ക് പഠിക്കാനും കളിക്കാനും ദൃഢമായ കുടുംബാന്തരീക്ഷത്തിൽ വളരാനുമുള്ള സാഹചര്യം സ്ഥാപിച്ചെടുക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.  

തിരിച്ചറിയാം
1986ലെ ബാല^കൗമാര^തൊഴിൽ (നിരോധന നിയന്ത്രണ) നിയമപ്രകാരം കുട്ടി എന്നത് 14 വയസ്സ് പൂർത്തിയാക്കിയവരും കൗമാരക്കാർ എന്നത് 14 വയസ്സ് കഴിഞ്ഞവരും 18 വയസ്സിന് താഴെയുള്ളവരുമാണ്. കുട്ടിയുടെയോ കൗമാരക്കാരുടെയോ പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ അഭാവത്തിൽ മെഡിക്കൽ ബോർഡി​​െൻറ വൈദ്യപരിശോധനക്ക് വിധേയമാക്കി വയസ്സ് നിർണയിക്കണം. തൊഴിലുടമകൾ ഇവരെ സംബന്ധിക്കുന്ന രജിസ്​റ്റർ സൂക്ഷിക്കുകയും വേണം.
1989ൽ ഐക്യരാഷ്​ട്രസഭയുടെ ജനറൽ അസംബ്ലിയാണ് ലോക ബാലവേല വിരുദ്ധദിനം പ്രഖ്യാപിച്ചത്. 2002 ജൂൺ 12 മുതലാണ് അന്താരാഷ്​ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ലോകബാലവേല വിരുദ്ധദിനമായി ആചരിക്കുന്നത്. കുട്ടികൾ പണിയെടുക്കേണ്ടവരല്ല, അവർ സ്വപ്നം കാണട്ടെ (Children shouldn’t work in fields, but on dreams!) എന്ന പ്രമേയത്തി​െൻറ അടിസ്ഥാനത്തിൽ നടത്തുന്ന പ്രചാരണ പരിപാടികളാണ്​ ഈ വർഷം.

നിലവിലുണ്ട് നിയമങ്ങൾ
ആർട്ടിക്​​ൾ 21 (എ), 24 
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്​​ൾ 21 (എ) കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആർട്ടിക്​ൾ 24  കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് കർശനമായി വിലക്കുന്നു. 1976ലെ ബോണ്ടഡ് ലേബർ സിസ്​റ്റം അബോളിഷൻ ആക്​ട്​ നിലവിലുണ്ട്. ഇത് പ്രകാരം 2000 രൂപവരെ പിഴയും മൂന്നു  വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. 1986ലെ ബാലവേല നിരോധന നിയമം (Child Labour and Prohibition Act)  അനുസരിച്ച് 14 വയസ്സ് തികയാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പാടില്ല. 1996 ഡിസംബർ 10ന് സുപ്രീംകോടതി ബാലവേല ഇല്ലാതാക്കുന്നതിനായി ഒരു വിധി പ്രഖ്യാപിക്കുകയും ചെയ്തു.

ഫാക്ടറീസ് ആക്ട് 1948
14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിചെയ്യിക്കുന്നത് നിരോധിച്ച നിയമമാണിത്.

മൈൻ ആക്ട് 1952 
18 വയസ്സിന് താഴെയുള്ള കുട്ടികളെ ഖനികളിൽ ജോലി ചെയ്യിക്കുന്നത് നിരോധിക്കുന്ന നിയമം.

ബാല-കൗമാരവേല (നിരോധനവും 
നിയന്ത്രണവും) നിയമം 1986

ഈ നിയമപ്രകാരം 14 വയസ്സിനു താഴെയുള്ള കുട്ടികളെ ജോലിചെയ്യിപ്പിക്കുന്നത് ബാലവേലയായി കണക്കാക്കുന്നു. എന്നാൽ, കഠിന ജോലിയല്ലാത്തതും ത​െൻറ കുടുംബത്തെയോ കുടുംബത്തിന് പങ്കാളിത്തമുള്ള സംരംഭത്തിലോ സ്‌കൂൾ സമയമല്ലാത്തപ്പോഴും ഒഴിവു ദിവസങ്ങളിലും സഹായിക്കുന്നത് ഈ നിയമ പ്രകാരം കുറ്റകരമല്ല.

കുട്ടികൾക്കായുള്ള ദേശീയ നിയമം 2004
ഓരോ കുട്ടിക്കും ജന്മസിദ്ധമായ അവകാശം സന്തോഷത്തോടെയും ആരോഗ്യത്തോടെയും നൽകുക എന്നതാണ് ഈ നിയമത്തി​െൻറ ലക്ഷ്യം. എല്ലാ കുട്ടികൾക്കും ആരോഗ്യകരമായ വളർച്ചയും വികാസവും ഉറപ്പുവരുത്തുന്നതോടൊപ്പം കുട്ടികളെ എല്ലാവിധ ദുരുപയോഗങ്ങളിൽനിന്നും പരിരക്ഷിക്കുന്നതിനും കുടുംബസംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ് ഈ നിയമം. 2004 ഫെബ്രുവരി ഒമ്പതിനാണ് ഈ നിയമം പ്രസിദ്ധീകരിക്കപ്പെട്ടത്.

ബാലനീതി നിയമം 2000
കുട്ടികളെക്കൊണ്ട് അപകടകരമായ തൊഴിൽ ചെയ്യിക്കുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി പരിഗണിക്കുന്നു.

ബാലവേല നിരോധന ഭേദഗതി നിയമം 2016 
14 വയസ്സ് വരെയുള്ള കുട്ടികൾ ഏതുജോലികളിൽ ഏർപ്പെടുന്നതും നിയമം കർശനമായി വിലക്കിയിരിക്കുകയാണ്. അതേസമയം, 15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെ ഖനനം, വെടിമരുന്ന് നിർമാണം തുടങ്ങിയ അപകടകരമായ ജോലികളിൽ നിയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം തടവോ 50,000 രൂപ പിഴയോ അതല്ലെങ്കിൽ ഇവ രണ്ടുമോ ആണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
2006 ഒക്ടോബർ 10 മുതൽ ബാലവേല നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. തൊഴിൽചെയ്യുന്ന കുട്ടികളെ കാണാനിടയായാൽ അക്കാര്യം നമുക്ക് സർക്കാറിനെ അറിയിക്കാം. ചൈൽഡ് ലൈൻ നമ്പറായ 1098ൽ വിളിച്ച് അറിയിക്കുകയോ തൊഴിൽ വകുപ്പിലെ അസിസ്​റ്റൻറ് ലേബർ ഓഫിസറെ വിളിച്ച് വിവരം പറയുകയോ ചെയ്യാം.

ബാലാവകാശ സംരക്ഷണ കമീഷൻ 
2002ൽ ഐക്യരാഷ്​ട്രസഭയുടെ നേതൃത്വത്തിൽ ചേർന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സമ്മേളനം ‘കുട്ടികൾക്ക് അനുയോജ്യമായ ഒരുലോകം’ എന്ന ശീർഷകത്തോടുകൂടിയ ഒരു രേഖ അംഗീകരിച്ചതി​െൻറ വെളിച്ചത്തിലാണ് 2005ൽ കേന്ദ്ര സർക്കാർ ‘ബാലാവകാശ സംരക്ഷണ കമീഷൻ ആക്ട്’ എന്ന നിയമം പാസാക്കിയത്. അതി​െൻറ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ ബാലാവകാശ കമീഷൻ സ്ഥാപിതമായി. 2013 ജൂൺ മൂന്നിനാണ് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ നിലവിൽവന്നത്. കുട്ടികൾക്കുള്ള ക്ഷേമ പദ്ധതികളും സുരക്ഷാ ഏർപ്പാടുകളും പരിശോധിക്കുകയും ബാലാവകാശങ്ങൾ ലംഘിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കുക, ബാലാവകാശ ലംഘനങ്ങളുള്ള കേസുകളിൽ നടപടികൾക്കാവശ്യമായ ശിപാർശകൾ ചെയ്യുക എന്നിവയാണ് കമീഷ​െൻറ പ്രധാന ചുമതലകൾ.

ബച്ച്പൻ ബചാവോ ആന്ദോളൻ 
സമാധാനത്തിനുള്ള നൊ​േബൽ സമ്മാനം കരസ്ഥമാക്കിയ കൈലാഷ് സത്യാർഥിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനയാണ് ബച്ച്പൻ ബചാവോ ആന്ദോളൻ. 1980ൽ ആരംഭിച്ച ഈ സംഘടനയുടെ മുഖ്യലക്ഷ്യം കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുകയെന്നതാണ്.

എങ്ങനെ ഉറപ്പാക്കും?
ബാലവേലയിൽ അകപ്പെട്ടത് കുട്ടിയാണോ എന്ന് സംശയാസ്പദമായി കണ്ടെത്തിയാൽ ലേബർ ഓഫിസിലോ ചൈൽഡ് പ്രൊട്ടക്​ഷൻ യൂനിറ്റിലോ തൊട്ടടുത്ത പൊലീസ് സ്​റ്റേഷനിലോ ചൈൽഡ് ലൈനിലോ വിവരം അറിയിക്കാം. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കുകയും വൈദ്യപരിശോധനക്കുശേഷം കുട്ടിയാണെന്ന് കണ്ടെത്തിയാൽ പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ചൈൽഡ് പ്രൊട്ടക്​ഷൻ യൂനിറ്റുകൾ കുട്ടിയെ സ്വന്തം കുടുംബത്തിൽ എത്തിക്കുന്നതിനു വേണ്ട പുനരധിവാസ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതാണ്. 

ഇതൊന്നും ബാലവേലയല്ല 
കുട്ടികൾ അവരുടെ വീടുകളിലെ ചെറിയ ചെറിയ ജോലികൾ ചെയ്യുന്നത് ബാലവേലയാവില്ല. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്​ കളിപ്പാട്ടങ്ങൾ അതി​െൻറ സ്ഥാനത്തുവെക്കുക, ആഹാരം കഴിച്ചതിനുശേഷം പാത്രം വാഷ്ബേസിനിൽ ഇടുക, ഇങ്ങനെയുള്ള കൊച്ചു ജോലികൾ കുട്ടികൾക്ക്  ചെയ്യാം. അവ തനിയെ ചെയ്യുമ്പോൾ ആത്മാഭിമാനവും ആത്മവിശ്വാസവും വളരും. ചെയ്യേണ്ട ജോലികളെക്കുറിച്ച് മാതാപിതാക്കളോട്​ ചോദിക്കാം. ചെയ്യുന്ന വിധം കാണിച്ചുതരാൻ പറയുകയും ചെയ്യാം. ചെയ്യുന്നതിൽ എന്തെങ്കിലും പിഴവുവന്നാൽ വഴക്കു പറയാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുകയും വേണം.