പുസ്തക വെളിച്ചം
ബഹിരാകാശയാത്രയുടെ ശാസ്​ത്രവും ചരിത്രവും
  • പ്രഫ. എം. ഹരിദാസ്​
  • 02:50 PM
  • 27/11/2017

അനാദികാലം തൊട്ടേ മനുഷ്യരുടെ മനസ്സിൽ ചേക്കേറിയതാണ് മാനത്തു തിളങ്ങുന്ന സൂര്യചന്ദ്രന്മാരുടേയും താരകങ്ങളുടേയും ലോകത്തേക്ക​ു പറന്നുയരുന്നതിനുള്ള മോഹം. അത് ഒരിക്കലും നടക്കാത്ത മോഹമാണെന്ന് എഴുതിത്തള്ളാനാവാത്തവിധം ശാസ്ത്രം പുരോഗതി പ്രാപിച്ച  കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അന്തരീക്ഷത്തിലേക്ക് റോക്കറ്റുകൾ അയക്കുന്ന വിദ്യക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ബാഹ്യാകാശത്തെക്കുറിച്ചു പഠിക്കുന്നതിനും അവയിലേക്ക് എത്തിച്ചേരുന്നതിനും ഉതകുന്ന ഉപഗ്രഹങ്ങൾ രൂപകൽപന ചെയ്യുന്ന വിജയങ്ങളുടെ പരമ്പരക്ക് തുടക്കംകുറിച്ചത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്. പഴയ സോവിയറ്റ് യൂനിയനും അമേരിക്കൻ ഐക്യനാടുകളും ഇക്കാര്യത്തിൽ ​െവച്ചുപുലർത്തിയ മത്സരബുദ്ധി ബാഹ്യാകാശത്തേക്കുള്ള മനുഷ്യപ്രവേശം സുഗമമാക്കുന്നതിനുള്ള ശ്രമത്തെ വളരെ മുന്നോട്ടു കൊണ്ടുപോയി. വികസ്വര രാജ്യമായ ഇന്ത്യയും ഇന്ത്യൻ സ്പേസ് റിസർച്​ ഓർഗനൈസേഷൻ (ISRO) സ്ഥാപിച്ച് ആ രംഗത്ത് സ്വതന്ത്രവും മൗലികവുമായ പരീക്ഷണങ്ങൾക്ക് തുടക്കംകുറിച്ചു. എന്തായാലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വിജയപരാജയങ്ങൾ ഇടകലർന്ന പരീക്ഷണങ്ങളിലൂടെ നടത്തിയ ബഹിരാകാശ പര്യവേക്ഷണത്തി​െൻറ നാളിതുവരെയുള്ള ചരിത്രം വിജ്ഞാനപ്രദവും ഭാവിസംരംഭങ്ങൾക്ക് പ്രചോദനമേകുന്നതുമാണ്. ആ ചരിത്രമാണ് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ ആയിരുന്ന പി.എം. സിദ്ധാർഥൻ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പി​െൻറ സഹകരണത്തോടെ രചിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘ബഹിരാകാശ പര്യവേഷണം: ശാസ്ത്രവും സാങ്കേതികവിദ്യയും’ എന്ന ഗ്രന്ഥം.
1957 ഒക്ടോബർ നാലിനാണ് ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്​ഫുട്​നിക് സോവിയറ്റ് യൂനിയൻ ഭ്രമണപഥത്തിലെത്തിച്ചത്. 1961-ൽ യൂറി ഗഗാറിനെ അയച്ചതിലൂടെ  മനുഷ്യൻ കയറിയ ആകാശവാഹനം ആദ്യമായി ബാഹ്യാകാശത്തെത്തിച്ചതും സോവിയറ്റ് യൂനിയൻ തന്നെയാണ്. അന്നുമുതൽ 2016 വരെ ഈ രംഗത്ത് വിവിധ ലോകരാഷ്​ട്രങ്ങൾ നടത്തിയ ദൗത്യങ്ങളുടെ ചരിത്രം ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു.
കഥകളിൽനിന്നും യാഥാർഥ്യത്തിലേക്ക്, ബഹിരാകാശ യാത്ര -പ്രശ്നങ്ങൾ, ബഹിരാകാശ യാത്രയുടെ സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണരംഗത്തെ പ്രധാന രാഷ്​ട്രങ്ങൾ, പുനരുപയോഗ വിക്ഷേപണികൾ, ബഹിരാകാശ നിലയങ്ങൾ, ബഹിരാകാശത്തിലെ പരീക്ഷണശാലകൾ, ചാന്ദ്ര പര്യവേക്ഷണങ്ങൾ, സൗരയൂഥ പര്യവേക്ഷണം, പ്രപഞ്ചരഹസ്യങ്ങൾ തേടിക്കൊണ്ട് തുടങ്ങി ഒമ്പത് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന കൃതിയുടെ ഉള്ളടക്കം ബഹിരാകാശ ഗവേഷണത്തി​െൻറ ഭാവിയെക്കുറിച്ചുള്ള വിശകലനത്തോടെയാണ് ഉപസംഹരിച്ചിരിക്കുന്നത്. ഈ കൃതി കേവലം ഒരു പോപ്പുലർ സയൻസ് കൃതിയല്ല, അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന ഒരു റഫറൻസ് ഗ്രന്ഥത്തി​െൻറ ഗൗരവത്തിലാണ് ഇത് തയാറാക്കപ്പെട്ടിരിക്കുന്നത്. അനുബന്ധങ്ങളായി കൊടുത്തിരിക്കുന്ന എട്ടു പട്ടികകളും വിദ്യാർഥികൾക്ക് എറെ വിജ്ഞാനപ്രദമാണ്. ബഹിരാകാശ രംഗത്ത് 1957 മുതലുള്ള എല്ലാ ഉയർന്ന നേട്ടങ്ങളുടെയും പട്ടിക, ചാന്ദ്ര പര്യവേക്ഷണത്തിൽ നടത്തപ്പെട്ട പരീക്ഷണങ്ങളുടെ  നാൾവഴികൾ, ചൊവ്വാ പര്യവേക്ഷണത്തി​െൻറ നാൾവഴികൾ, സൗരയൂഥം ലക്ഷ്യമാക്കി നടത്തിയ ഇതര ദൗത്യങ്ങളുടെ നാൾവഴി, വിവിധ ലക്ഷ്യങ്ങളുമായി ഇന്ത്യ നാളിതുവരെ അയച്ച ഉപഗ്രഹങ്ങളുടെ വിശദാംശപ്പട്ടിക, ലോകത്തിലെ പ്രധാനപ്പെട്ട ഉപഗ്രഹവിക്ഷേപണ കേന്ദ്രങ്ങൾ അടയാളപ്പെടുത്തിയ ഭൂപടചിത്രം, സൗരയൂഥം സംബന്ധിച്ച വിശദാംശങ്ങൾ, അപ്പോളോ ദൗത്യങ്ങളുടെ നാൾവഴി എന്നിവയാണ് അനുബന്ധങ്ങളിൽ കൊടുത്തിരിക്കുന്നത്. തുടർന്ന്, കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക പദങ്ങളുടെ വിശദീകരണം, ഉപയോഗിച്ചിരിക്കുന്ന ഹ്രസ്വരൂപങ്ങളുടെ പട്ടിക, അധികവായനക്ക് സഹായകമായ പുസ്തകങ്ങളുടെ പട്ടിക എന്നിവകൂടി ചേർത്ത്  സമ്പൂർണമായും ഒരു ആധികാരിക പഠനഗ്രന്ഥമായാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ബാഹ്യാകാശ ഗവേഷണങ്ങൾക്ക് ചെലവഴിക്കപ്പെടുന്ന കോടികളുടെ സാധൂകരണം, ഗവേഷണഫലങ്ങൾ എന്തിനു പ്രയോജനപ്പെടുത്തുന്നു എന്നതിലെ ധാർമികത എന്നീ കാര്യങ്ങളൊക്കെ ഇതിൽ സംവാദത്തിന് വിഷയമാക്കുന്നുണ്ട്. ബാഹ്യാകാശ വിജ്ഞാനരംഗത്തേക്ക് ഒരു മുതൽക്കൂട്ടായി മാറുന്നുണ്ട് ആ രംഗത്തെ ദൗത്യങ്ങൾ എന്നതിന് അഭിപ്രായാന്തരമുണ്ടാവില്ല. അതുതന്നെയാണ് ഇത്തരമൊരു കൃതി മലയാളത്തിൽ രചിക്കപ്പെട്ടു എന്നതി​െൻറ പ്രാധാന്യവും പ്രസക്തിയും.

പി.എം. സിദ്ധാർഥൻ  
ജീവിതരേഖ

ജനനം: 1955 ഡിസംബർ 1 കണ്ണൂർ 
    ജില്ലയിലെ വിളയാങ്കോട്
പദവി: ISROയിൽ ശാസ്ത്രജ്ഞൻ
കൃതികൾ: പറക്കലി​െൻറ കഥ, 
    വാൽനക്ഷത്രങ്ങളുടെ മായികലോകം, 
    സ്​റ്റീഫൻ ഹോക്കിങ്​, നമ്മുടെ 
    സൗരയൂഥം.