കായികം
ഫുട്​ബാൾ ‘വാർ’
  • കെ.പി.എം. റിയാസ്​
  • 12:35 PM
  • 16/07/2018

ഇക്കുറി മത്സരങ്ങളെപ്പോലെത്തന്നെ കാണികളിൽ ആകാംക്ഷയുണ്ടാക്കിയൊരു പരിഷ്കാരം ഫിഫ റഷ്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. വിഡിയോ അസിസ്​റ്റൻറ് റഫറിമാർ (വാർ) ആണ് 2018 ലോകകപ്പിൽ സംഘാടകർ അവതരിപ്പിച്ച പുതുമുഖങ്ങൾ. കളി കൂടുതല്‍ സുതാര്യവും നിഷ്പക്ഷവുമാക്കാന്‍ വിഡിയോയുടെ സഹായം തേടലാണ് വാർ. ക്രിക്കറ്റിൽ നമ്മൾ കണ്ടുപരിചയിച്ച മൂന്നാം അമ്പയർ തീരുമാനത്തിന് സമാനം.

എന്താണ് വാർ (VAR‍)?
സംശയകരമായ സാഹചര്യങ്ങളിൽ മുഖ്യ റഫറി വിഡിയോ റഫറിയുടെ സഹായം തേടുന്നു. ചൂണ്ടുവിരലുകള്‍കൊണ്ട് വായുവില്‍ ത്രികോണം വരച്ചാണ് ഇത് പ്രഖ്യാപിക്കുക. ഇയര്‍ഫോണിലൂടെ നിരന്തരം വാര്‍ റൂമുമായി റഫറി ബന്ധപ്പെടുകയും ചെയ്യും. നാല് അവസരങ്ങളിലാണ് വിഡിയോ റഫറിമാരുടെ സേവനം തേടുന്നത്. സംശയമുണര്‍ത്തുന്ന ഗോളുകൾ, പെനാല്‍റ്റി കിക്കുകള്‍ അനുവദിക്കേണ്ടിവരുമ്പോള്‍, നേരിട്ടുള്ള ചുവപ്പു കാര്‍ഡ് നല്‍കുമ്പോള്‍, ആളുമാറി മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ നല്‍കുമ്പോള്‍ എന്നീ സാഹചര്യങ്ങളിലാണിത്. വിഡിയോ റഫറി വിഡിയോ ഓപറേഷന്‍ റൂമില്‍ സജ്ജീകരിച്ചിരിക്കുന്ന വിവിധ മോണിറ്ററുകളില്‍ റീപ്ലേ സ്ലോമോഷനിലും അല്ലാതെയും കണ്ടശേഷം സന്ദര്‍ഭം വിശദീകരിച്ച് മുഖ്യറഫറിയെ ബോധിപ്പിക്കും. വിഡിയോ റഫറിയെ സഹായിക്കാന്‍ വിഡിയോ ഓപറേഷന്‍ റൂമില്‍ ഒരു അസിസ്​റ്റൻറ് റഫറിയും സാങ്കേതിക വിദഗ്ധരുമുണ്ടാവും.

തുടക്കം നെതർലൻഡ്സിൽ
ജര്‍മന്‍, ഇറ്റാലിയന്‍ ലീഗുകളില്‍ കഴിഞ്ഞ സീസണില്‍ പരീക്ഷിച്ച ശേഷമാണ് വാര്‍ ലോകകപ്പിൽ ഉപയോഗപ്പെടുത്താന്‍ ഫിഫ തീരുമാനിച്ചത്. നെതർലൻഡ്സിൽ നിന്നാണ് തുടക്കം. അവിടെ മത്സരങ്ങളുടെ 2012-13 സീസണിൽ ട്രയൽസ് നടത്തി. റോയൽ നെതർലൻഡ്സ് ഫുട്ബാൾ അസോസിയേഷ​െൻറ അഭ്യർഥന പ്രകാരം, അസോസിയേഷൻ ഫുട്ബാളിൽ കളിനിയമങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഇൻറർ നാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡ് ഇതേപ്പറ്റി വിശദ പഠനം നടത്തി പച്ചക്കൊടി കാട്ടി. 2016ൽ അമേരിക്കൻ, കനേഡിയൻ ക്ലബുകൾ കളിക്കുന്ന യുനൈറ്റഡ് സോക്കർ ലീഗിലും പരീക്ഷിച്ചു. പിന്നാലെ ഫ്രാൻസ്-ഇറ്റലി അന്താരാഷ്​ട്ര സൗഹൃദ മത്സരത്തിലും വാർ എത്തി. ലോകകപ്പിൽ ആദ്യമായി ഉപയോഗിച്ചത് ജൂൺ 16ന് നടന്ന ഫ്രാൻസ്-ആസ്ട്രേലിയ ഗ്രൂപ് മാച്ചിലാണ്.

അനുകൂലം, പ്രതികൂലം
ഇറ്റാലിയൻ സീരി എ, ജർമൻ ബുണ്ടസ് ലിഗ, അമേരിക്കയിലെ മേജർ ലീഗ് സോക്കർ, പോർചുഗീസ് പ്രീമിയർ ലീഗ്, ദക്ഷിണ കൊറിയയിലെ കെ ലീഗ്, ആസ്ട്രേലിയയിലെ എ ലീഗ് എന്നിവയിൽ വാർ പൂർണാർഥത്തിൽ നടപ്പാക്കിക്കഴിഞ്ഞു. പോളണ്ടും ബെൽജിയവും തിരഞ്ഞെടുത്ത ചില കളികളിലും കപ്പ് മത്സരങ്ങളിൽ നെതർലൻഡ്സും ഇത് ഉപയോഗിച്ചുവരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ അടുത്ത സീസണിലും വാർ വേണ്ടെന്നാണ് ക്ലബുകളുടെ തീരുമാനം. എന്നാൽ, സ്പാനിഷ് ലാ ലിഗയുടെ 2018-19 സീസണിൽ ഇതുണ്ടാവും. വാറിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. വ്യക്തത വന്നശേഷം ചാമ്പ്യൻസ് ലീഗിൽ അവതരിപ്പിച്ചാൽ മതിയെന്നാണ് യൂനിയൻ ഓഫ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻസി​െൻറ (യുവേഫ) നിലപാട്.