എന്റെ പേജ്
പൗരാണിക ഗോത്ര ചുമർകലയിൽ കൗതുകം തീർത്തവർ...
  • 04:25 PM
  • 28/03/2019

പൗരാണിക ആദിവാസി കലയായ വാർളി പെയിൻറിങ്​ ചുമരിൽ വരച്ച്​ പൂക്കോട് എം.ആർ.എസിലെ വിദ്യാർഥികൾ പുതിയ ചരിത്രം രചിക്കുന്നു. ഏറെ കൗതുകകരവും രസകരവുമായാണ്​ ചരിത്രകലയുടെ പുനരാവിഷ്​കരണം പൂർത്തിയാക്കിയിരിക്കുന്നത്​. മഹാരാഷ്​ട്രയിലെ പ്രമുഖ ആദിവാസി വിഭാഗമാണ് വാർളി. എ.ഡി പത്താം നൂറ്റാണ്ടു മുതൽതന്നെ ഈ വിഭാഗത്തിനിടയിൽ പ്രചരിച്ച അനുഷ്​ഠാനപരമായ ചിത്രരചനാ രീതിയാണ് വാർളി പെയിൻറിങ്. ഒരു ആദിവാസി വിഭാഗത്തിൽനിന്ന്​ ഉടലെടുത്ത വാർളി എന്ന പ്രാചീന കലയെ പരിചയപ്പെടാനും വരക്കാനും കഴിഞ്ഞത് രസകരമായ  അനുഭവമാക്കി മാറ്റിയെന്ന് സ്‌കൂളിലെ ചുമർ ചിത്രങ്ങൾ വരക്കുന്നതിനു നേതൃത്വം നൽകിയ വിദ്യാർഥികളായ സോണിയ, അനഘ രാജൻ, ബിപിൻ വിനേഷ്, വിശ്വാസ് എന്നിവർ പറയുന്നു.
കൃഷിയായിരുന്നു വാർളി ഗോത്രത്തി​െൻറ പ്രധാന ഉപജീവനമാർഗം. പ്രകൃതിയെയും വന്യജീവികളെയും ആരാധിച്ചിരുന്ന ഇവരുടെ ചിത്രങ്ങളിൽ മൃഗങ്ങൾ, കൃഷി, ആഘോഷങ്ങൾ, വേട്ട, മീൻപിടിത്തം തുടങ്ങിയ ദൈനംദിന ജീവിത ദൃശ്യങ്ങളാണ് ആവിഷ്കരിച്ചിരുന്നത്. പരമ്പരാഗതമായി വാർളി ചിത്രങ്ങൾ കളിമണ്ണിൽ തീർത്ത വീടുകളുടെ ചുമരുകളിലായിരുന്നു വരച്ചിരുന്നത്. മരശിഖരങ്ങൾ, കളിമണ്ണ്, ചെങ്കല്ല് തുടങ്ങിയവ കൂട്ടിക്കലർത്തി നിർമിക്കുന്ന ഇളംചുവപ്പു നിറത്തിലുള്ള ചുമരുകളിൽ അരിമാവും പശയും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരുന്നത്.
ശ്രേഷ്ഠമായ പാരമ്പര്യവും പൈതൃകവും അവകാശപ്പെടാവുന്ന ഗോത്രവിഭാഗത്തി​െൻറ ബന്ധങ്ങളെപ്പറ്റി കുട്ടികളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗോത്ര ചുമർ എന്നപേരിൽ സ്‌കൂളിലെ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതെന്നു സ്‌കൂൾ പ്രധാനാധ്യാപകൻ പി. വിനോദൻ പറയുന്നു. സ്‌കൂളിലെ ഓരോ കുട്ടിയും ചുമർചിത്ര രചനയിൽ അവർക്ക്​ കഴിയാവുന്ന സഹായങ്ങൾ ചെയ്​ത്​ കൂടെനിന്നു. ഒഴിവുവേളകൾ ആഹ്ലാദകരമാക്കിയും സർഗാത്മകമായി വിനിയോഗിച്ചും സ്‌കൂളി​െൻറ മുഖച്ഛായതന്നെ മാറ്റുകയാണിവർ.