എന്റെ പേജ്
പ്ലിറ്റ്​ വിസ്​: പ്രകൃതിയുടെ അത്ഭുതക്കാഴ്​ചകൾ
  • ആഷിഖ്​ മുഹമ്മദ്​
  • 10:48 AM
  • 28/09/2019

അത്ഭുതങ്ങളുടെ കലവറയാണ് ഭൂമി. നമ്മുടെ കണ്ണുകൾക്ക് കുളിർമ നൽകുന്ന ഒട്ടേറെ കാഴ്ചകളുള്ള ലോകം. ഭൂമിയിലെ ഓരോ കാഴ്ചയും അവയുടെ രൂപത്തി​െൻറയും സ്വഭാവത്തി​െൻറയും കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നവയാണ്. ജീവിതത്തിലെ മടുപ്പിക്കുന്ന നിമിഷങ്ങൾക്കിടയിൽ മനസ്സിൽ നവോന്മേഷം നിറക്കാനും പുതിയൊരു മനുഷ്യനായി നമ്മളെ മാറ്റാനും പ്രകൃതിയിലെ ഓരോ കാഴ്ചക്കുമാവും. അങ്ങനെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ക്രൊയേഷ്യയിലെ പ്ലിറ്റ് വിസ്‌ തടാകം നാഷനൽ പാർക്ക് (Plitvice Lakes National Park). ഇവിട​െത്ത തടാകങ്ങളുടെ നീലിമയും വനങ്ങളുടെ ഹരിത ഭംഗിയും ഏതൊരു സഞ്ചാരിയുടെയും കണ്ണുകളെ ആനന്ദിപ്പിക്കുന്നതാണ്.
1949ലാണ് പാർക്ക് സ്ഥാപിതമായത്. സദാ സമയവും നീലയും പച്ചയും നിറങ്ങളിൽ തിളങ്ങിനിൽക്കുന്ന ഈ താഴ്വര, തട്ടുതട്ടുകളായി കിടക്കുന്ന പതിനാറോളം തടാകങ്ങളാലും നിരവധി വെള്ളച്ചാട്ടങ്ങളാലും സമ്പന്നമാണ്. ഓരോ തടാകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തടാകത്തിലാവട്ടെ പ്രകൃതിതന്നെ നിർമിച്ച കൊച്ചുകൊച്ചു അണക്കെട്ടുകളും. കാത്സ്യം കാർബണേറ്റി​െൻറ അമിതമായ അളവും ഇടക്കിടെയുണ്ടാവുന്ന മണ്ണൊലിപ്പും വെള്ളത്തി​െൻറ ഒഴുക്കുമാണ് ഇത്തരം അണക്കെട്ടുകൾ  ഉണ്ടാകാൻ കാരണം. പൊടിഞ്ഞുപോവുന്ന ഒരുതരം ചുണ്ണാമ്പുപാറകളാണ് പ്ലിറ്റ് വിസിലുള്ളത്. അതിനാൽതന്നെ അവക്ക്​ ഇടക്കിടെ രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ഒഴുകിയെത്തുന്ന ജലം ചുണ്ണാമ്പു പാറകളിൽ തട്ടുമ്പോൾ അവ അലിഞ്ഞു പതയായി ഉപരിതലത്തിലെത്തുന്നു. ശേഷം അവിടത്തെ പുല്ലുകളും പായലുമായി ചേർന്ന് വീണ്ടും കട്ടപിടിക്കുന്നു. വെയിലും വായുവും അതിലേക്ക് ചേരുന്നതോടുകൂടി ആ കല്ലി​െൻറ കാഠിന്യം വർധിക്കുകയും ചെയ്യുന്നു. ഇവ ഇങ്ങനെ ഇടക്കിടെ വളർന്നും പൊടിഞ്ഞുംകൊണ്ടേയിരിക്കും.
1777ൽ ഡൊമിനിക് വുകാസോവിക് (Dominik Vukasovic) എന്ന പുരോഹിതനാണ് ഈ പ്രദേശത്തിന് പ്ലിറ്റ് വിസ്‌ എന്ന പേരു നൽകിയത്. ഏതാണ്ട് 300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ ജൈവ തടാകത്തിന്. മാത്രമല്ല, തടാകക്കരയിലാവട്ടെ ബീച്ച്, സൈപ്രസ്​, ഫിർ തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള മരങ്ങൾ ഇടതൂർന്ന് വളരുന്നുമുണ്ട്‌. യൂറോപ്യൻ ബ്രൗൺ ബെയർ, യൂറോപ്യൻ കാട്ടുപൂച്ച, ചെന്നായ്​ തുടങ്ങിയ വന്യജീവികളും ഇവിടെ സ്വൈര വിഹാരം നടത്തുന്നു. വിവിധ വർണങ്ങളിലുള്ള പക്ഷികളുടെ ആവാസകേന്ദ്രംകൂടിയാണിവിടം. ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്​റബിൽ (Zagreb) നിന്ന് മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ പ്ലിറ്റ് വിസിലെത്താം. 1979ൽ യു.എന്നി​െൻറ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഇവിടെ പ്രതിവർഷം 1.1 ദശലക്ഷം സഞ്ചാരികൾ കാഴ്ചകൾ കാണാൻ എത്തുന്നുണ്ട്. അവർക്കായി നടന്നാലും നടന്നാലും തീരാത്തത്ര പാതകളും അവിടെ നിർമിച്ചിട്ടുണ്ട്.
l