നാളറിവ്
പോസ്​റ്റൽ ഉണ്ടായ കഥ
  • ആഷിഖ്​ മുഹമ്മദ്​
  • 02:17 PM
  • 12/10/2019

ഒക്​ടോബർ 9 ലോക തപാൽദിനം, 10 ദേശീയ തപാൽദിനം

പ്രിയപ്പെട്ടവർ അകലെയുള്ളപ്പോൾ അവരുമായി വിശേഷങ്ങൾ പങ്കിടാൻ കത്തുകൾ മാത്രം ഉപാധിയായിരുന്ന ഒരു കാലമുണ്ടായിരുന്നു. സാങ്കേതികത കുതിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിശേഷങ്ങൾ പറയാൻ കത്തുകൾ ഒരു നിർബന്ധ മാർഗമല്ലാതായി. അതോടുകൂടി പോസ്​റ്റ്​മാനും പോസ്​റ്റ്​ ഓഫിസുമെല്ലാം ഗൃഹാതുരതയുടെ ഓർമപ്പെടുത്തലുകളായി. എന്നാൽ, ഇന്ന് തപാൽ വകുപ്പും വളർച്ചയുടെ പാതയിലാണ്. വിവരങ്ങൾ കൈമാറുന്നതിന് തപാലിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടെങ്കിലും മറ്റുപല ജനപ്രിയ സേവനങ്ങളിലൂടെയും തപാൽ വകുപ്പും ജനങ്ങളുടെ ഇഷ്​ടം നേടിയിരിക്കുകയാണ്.


തപാൽ ദിനം 
ജപ്പാനിലെ ടോ​േക്യായിൽ 1969ൽ നടന്ന യൂനിവേഴ്‌സൽ പോസ്​റ്റൽ യൂനിയൻ (യു.പി.യു) സമ്മേളനത്തിലാണ് ഒക്ടോബർ ഒമ്പത്​ ലോക തപാൽ ദിനമായി പ്രഖ്യാപിച്ചത്. 192 രാജ്യങ്ങളാണ് യു.പി.യുവിൽ അംഗങ്ങളായുള്ളത്. ഇന്ത്യയിലാകട്ടെ ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിച്ചുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം.

ഇൗജിപ്​തിൽ തുടക്കം 
3400 വർഷങ്ങൾക്ക് മുമ്പ്​ ഈജിപ്തിലാണ്​ ലോകത്തിലെ ആദ്യത്തെ തപാൽ സമ്പ്രദായം തുടങ്ങിയതെന്ന്​ കരുതുന്നു. കളിമണ്ണ് കുഴച്ച് പരത്തിയുണ്ടാക്കുന്ന പലകകളിൽ സന്ദേശമെഴുതി ഉണക്കിയെടുത്ത് സന്ദേശവാഹകർ വഴി അയക്കുകയായിരുന്നു പതിവ്. എന്നാൽ, തപാൽ സംവിധാനം പൊതുജനങ്ങളിലേക്കുംകൂടി വ്യാപിപ്പിച്ചത് റോമാക്കാരായിരുന്നു. ലോകത്തിലെ ആദ്യത്തെ പോസ്​റ്റ്​ ഓഫിസ് 1712ൽ സ്കോട്​ലൻഡിലാണ്​ സ്ഥാപിതമായത്​. ഇന്ത്യയിൽ അലാവുദ്ദിൻ ഖിൽജിയാണ് പ്രാദേശിക ഗവർണർമാരുമായിട്ടുള്ള കത്തിടപാടുകൾക്ക് ആദ്യമായി തപാൽ സംവിധാനം നടപ്പാക്കിയത്. 1774ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്​റ്റിങ്​സ്​ (Warren Hastings) ഇന്ത്യയിലെ ആദ്യ പോസ്​റ്റ്​ ഓഫിസായ കൽക്കട്ട ജി.പി.ഒ (General Post Office) സ്ഥാപിച്ചു. 1854 ഏപ്രിൽ ഒന്നിനാണ് ഇന്ത്യയിൽ ഏകീകൃത തപാൽ സംവിധാനം നിലവിൽവന്നത്. 


ഉയരത്തിലെ പോസ്​റ്റ്​ ഓഫിസ് 
ലോകത്തിലെതന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്​റ്റ്​ ഓഫിസാണ് ഹിമാചൽ പ്രദേശിലെ ഹിക്കിം ഗ്രാമത്തിലുള്ളത്. സമുദ്രനിരപ്പിൽനിന്നും 4,440 മീറ്റർ ഉയരത്തിലാണിത്. 1983 നവംബർ അഞ്ചിനാണ് സ്ഥാപിതമാവുന്നത്. അന്നുമുതൽ റിൻചെൻ ചെറിങ് എന്നയാളാണ് ഇവിടത്തെ പോസ്​റ്റ്​ മാസ്​റ്റർ. വർഷത്തിൽ ആറുമാസം മാത്രമേ പോസ്​റ്റ്​ ഓഫിസ് പ്രവർത്തിക്കൂ.


ഇന്ത്യക്ക് പുറത്തും
1984 ഫെബ്രുവരി 24ന് ഇന്ത്യ ആദ്യമായി അൻറാർട്ടിക്കയിൽ ഗവേഷണങ്ങൾക്കായി ഒരു ശാസ്ത്ര കേന്ദ്രം നിർമിച്ചു. ദക്ഷിണ ഗംഗോത്രി എന്നാണ് ഈ ശാസ്ത്ര കേന്ദ്രത്തിന് പേരുനൽകിയത്​. ഈ കേന്ദ്രത്തിലാണ് പിന്നീട് പോസ്​റ്റ്​ ഓഫിസ് സ്ഥാപിതമായത്. ഗോവ ഡിപ്പാർട്​മെൻറ്​ ഓഫ് പോസ്​റ്റാണ് 1988 ജനുവരി 26ന് ദക്ഷിണ ഗംഗോത്രി പോസ്​റ്റ്​ ഓഫിസ് സ്ഥാപിച്ചത്. 1990ൽ പോസ്​റ്റ്​ ഓഫിസ് പകുതിയോളം മഞ്ഞിനടിയിലായപ്പോൾ പ്രവർത്തനം നിർത്തുകയായിരുന്നു.

ഒഴുകും​ ഓഫിസ് 
ജമ്മു-കശ്മീരിലെ ദാൽ തടാകത്തിലൂടെ ഒരു പോസ്​റ്റ്​ ഓഫിസ് ഒഴുകിനടക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിങ് പോസ്​റ്റ്​ ഓഫിസ് എന്ന ബഹുമതിയും ഇതിനാണ്. 

പെന്നി ബ്ലാക്ക്& 
സിന്ധ് ഡാക്

ലോകത്തെ ആദ്യത്തെ സ്​റ്റാമ്പ് ആണ് 1840 മേയ് എട്ടിന് പുറത്തിറങ്ങിയ ബ്രിട്ട​െൻറ പെന്നി ബ്ലാക്ക്. റൗളണ്ട് ഹിൽ (Rowland Hill) എന്ന ഇംഗ്ലീഷ് അധ്യാപകനാണ് ഇതിനുപിന്നിൽ. തപാൽ സ്​റ്റാമ്പി​െൻറ പിതാവ് എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു.
1852ൽ സിന്ധിലാണ് ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്​റ്റാമ്പ് പുറത്തിറങ്ങുന്നത്. സിന്ധിലെ കമീഷണർ ആയിരുന്ന സർ ഹെൻറി ബാർട്ട്ൽ ഫ്രെറെ (Henry Bartle Frere) ‘സിന്ധ് ഡാക്’ എന്ന പേരിൽ ഇറക്കിയ സ്​റ്റാമ്പിൽ ഈസ്​റ്റ്​ ഇന്ത്യ കമ്പനിയുടെ ചിഹ്നമായിരുന്നു പതിച്ചിരുന്നത്.

മൈ സ്​റ്റാമ്പ് 
നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടെയോ ചിത്രങ്ങൾ കൊണ്ടും നമുക്ക് സ്​റ്റാമ്പുകൾ നിർമിക്കാം. 300 രൂപയും തിരിച്ചറിയൽ കാർഡുമുണ്ടെങ്കിൽ സ്വന്തം ഫോട്ടോയിൽ സ്​റ്റാമ്പ് നിർമിക്കാം. സാധാരണ കത്തുകളയക്കുമ്പോൾ നമുക്ക് ഈ സ്​റ്റാമ്പുകൾ ഉപയോഗിക്കാം. സ്​റ്റാമ്പിൽ അച്ചടിക്കേണ്ട ചിത്രം, തിരിച്ചറിയൽ രേഖയുടെ കോപ്പി, പൂരിപ്പിച്ച അപേക്ഷ ഫോറം, 300 രൂപ എന്നിവ പോസ്​റ്റ്​ ഓഫിസിൽ ഏൽപിച്ചാൽ അപേക്ഷ ഫോറത്തിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ സ്​റ്റാമ്പുകൾ തപാൽ വകുപ്പ് എത്തിച്ചുനൽകും. 

ഫിലാറ്റലി 
സ്​റ്റാമ്പുകൾ, പോസ്​റ്റ്​ കാർഡുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖയാണ് ഫിലാറ്റലി. വിവിധ തരത്തിലുള്ള സ്​റ്റാമ്പുകൾ ശേഖരിക്കുക, അവയുടെ സവിശേഷതകൾ പഠന വിഷയമാക്കുക, അവയെ ഭംഗിയായി സൂക്ഷിച്ചുവെക്കുക തുടങ്ങിയ പ്രവൃത്തികളിലേർപ്പെടുന്നവരെ ഫിലാറ്റലിസ്​റ്റുകൾ എന്നും പറയുന്നു. ഇന്ത്യയിലെ തപാൽ ദിനാചരണത്തി​െൻറ ഭാഗമായി ഫിലാറ്റലിക്കുവേണ്ടിയും ഒരുദിനം മാറ്റി വെച്ചിട്ടുണ്ട്. ഒക്ടോബർ 12നാണ്​ ഫിലാറ്റലി ദിനം.

തപാൽപെട്ടി 
മുൻ കാലങ്ങളിൽ പൊതു ഇടങ്ങളിലെല്ലാം ചുവന്ന നിറത്തിലുള്ള തപാൽപെട്ടികൾ സജീവമായിരുന്നു. 17ാം നൂറ്റാണ്ടിൽ പാരീസിലാണ് തപാൽ പെട്ടികൾ ലോകത്താദ്യമായി നിലവിൽ വന്നത്. പച്ചയായിരുന്നു തപാൽപെട്ടിയുടെ ആദ്യ നിറം. പിന്നീടത് ചുവപ്പായി. എന്നാൽ, ഫ്രാൻസ്, ജർമനി, ആസ്‌ട്രേലിയ, സ്‌പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ തപാൽപെട്ടികൾ മഞ്ഞ നിറത്തിലാണ്. ഐക്യ കേരളമുണ്ടാവുന്നതിനു മുമ്പ്​ തിരുവിതാംകൂറിലും കൊച്ചിയിലും തപാൽപെട്ടികൾ ഉണ്ടായിരുന്നു. അഞ്ചൽപെട്ടികൾ എന്നായിരുന്നു അവ അറിയപ്പെട്ടിരുന്നത്. പോസ്​റ്റ്​മാൻ ഒാടിക്കൊണ്ട്​ കത്തുകൾ കൈമാറിയതുകൊണ്ട്​ അവർക്ക്​ ‘അഞ്ചലോട്ടക്കാരൻ’ എന്ന പേരും ലഭിച്ചു. 

തപാൽ ഉരുപ്പടിയായി കുട്ടികൾ 
കുട്ടികളെ തപാൽ വഴി പാർ​സലായി അയക്കുക. കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടല്ലേ. അങ്ങനെയൊരു സമ്പ്രദായം ഒരു കാലത്ത് അമേരിക്കയിലുണ്ടായിരുന്നു. കുട്ടികളെ അവരുടെ രക്ഷിതാക്കൾ പോസ്​റ്റ്​ ഓഫിസുകളിൽ ഏൽപ്പിക്കും. അവരെ എത്തിക്കേണ്ട സ്ഥലങ്ങളിൽ സുരക്ഷിതമായി എത്തിക്കുന്ന ചുമതല തപാൽ വകുപ്പിനായിരുന്നു. 1913ലായിരുന്നു ഇതിന്​ തുടക്കം കുറിച്ചത്. അന്നത്തെ കാലത്ത് ട്രെയിൻ നിരക്കിനെക്കാൾ തുച്ഛമായിരുന്നു തപാൽ നിരക്കുകൾ. അതിനാലാവണം ഇങ്ങനെയൊരു മാർഗം അവർ സ്വീകരിച്ചത്. പിന്നീട് ഇത്​ നിർത്തലാക്കി.
 

പോസ്​റ്റ്​മാൻ അഥവാ എ.ടി.എം മാൻ 
കത്തുകൾ തരാൻ മാത്രമല്ല, ഇനിമുതൽ സഞ്ചരിക്കുന്ന എ.ടി.എമ്മുകൾ കൂടിയാവുകയാണ് പോസ്​റ്റ്​മാൻമാർ. വീടുകളിലെത്തുന്ന പോസ്​റ്റ്​മാൻ വഴി ആധാറുമായി ലിങ്ക് ചെയ്ത ബാങ്കിലെയോ പോസ്​റ്റ്​ ഓഫിസ് പേമെൻറ്​ ബാങ്കിലെയോ അക്കൗണ്ടിൽനിന്ന്​ പണം പിൻവലിക്കാനും ബാലൻസ് അറിയാനും ഇനി മുതൽ നിങ്ങൾക്ക് സാധിക്കും. തപാൽ വകുപ്പി​െൻറ പേ​മെൻറ്​ ബാങ്കായ ഐ.പി.പി.ബിക്ക് (ഇന്ത്യൻ പോസ്​റ്റ്​ പേമെൻറ്​ ബാങ്ക് ) അനുബന്ധമായാണ് എ.ഇ.പി.എസ്‌ അഥവാ ആധാർ എനേബിൾഡ് പേമെൻറ്​ സിസ്​റ്റം ആരംഭിക്കുന്നത്. പണം പിൻവലിക്കാൻ ആധാർ കാർഡ് നിർബന്ധമാണ്, ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതി​െൻറ പ്രവർത്തനം. പോസ്​റ്റ്​മാ​െൻറ കൈവശമുള്ള മൊബൈൽ ആപിൽ അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ആധാർ കാർഡിലെ ക്യുആർ കോഡ് എന്നിവ നൽകിയാണ് എ.ഇ.പി.എസി​െൻറ പ്രവർത്തനം ആരംഭിക്കുന്നത്. വീടിനു പുറത്തുപോയി പണമെടുക്കാൻ സാധിക്കാത്തവർക്കും ഓൺലൈൻ ഇടപാടുകളെ കുറിച്ച് ധാരണയില്ലാത്തവർക്കും ഏറെ ഉപകാരപ്രദമാണ് ഈ സേവനം.