സ്കൂൾ പച്ച
പീഠഭൂമികള്‍
  • അബ്ദുള്ള പേരാമ്പ്ര
  • 05:48 PM
  • 17/11/2016

ലോകത്ത് വിവിധതരം പീഠഭൂമികളുണ്ട്. ചുറ്റുപാടുകളെ അപേക്ഷിച്ച് 457 മീറ്ററോ അതിലേറെയോ 
ഉയരമുള്ളതും നിരപ്പാര്‍ന്ന ഉപരിതലത്തോടുകൂടിയതുമാണ് പീഠഭൂമികള്‍. ഏതെങ്കിലും 
ഒരുവശം ചെങ്കുത്തായതായിരിക്കുമെന്നാണ് അതിന്‍െറ പ്രത്യേകത. ഭൂമിയുടെ 
ആകെയുള്ള ഉപരിതല വിസ്തീര്‍ണമെടുത്താല്‍ അതില്‍ 45 ശതമാനത്തോളം പീഠഭൂമികളാണത്രെ. 
പീഠഭൂമിയുടെ വിശേഷങ്ങളറിയാം

 

ഭൂ നിരപ്പില്‍നിന്ന് ഉയരമേറിയ, വ്യത്യസ്തമാര്‍ന്ന സവിശേഷതകളുള്ള ഭൂരൂപങ്ങളെയാണ് പീഠഭൂമികള്‍ എന്നുവിളിക്കുന്നത്. ലോകത്ത് വിവിധതരം പീഠഭൂമികളുണ്ട്. ചുറ്റുപാടുകളെ അപേക്ഷിച്ച് 457 മീറ്ററോ അതിലേറെയോ ഉയരമുള്ളതും നിരപ്പാര്‍ന്ന ഉപരിതലത്തോടുകൂടിയതുമാണ് പീഠഭൂമികള്‍. പീഠഭൂമിയുടെ ഏതെങ്കിലും ഒരുവശം ചെങ്കുത്തായതായിരിക്കുമെന്നാണ് അതിന്‍െറ പ്രത്യേകത. ഭൂമിയുടെ ആകെയുള്ള ഉപരിതല വിസ്തീര്‍ണമെടുത്താല്‍ അതില്‍ 45 ശതമാനത്തോളം പീഠഭൂമികളാണത്രെ!
പീഠഭൂമികള്‍ രൂപപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ഭൂമിയുടെ അന്തര്‍ഭാഗത്ത് രൂപംകൊള്ളുന്ന മര്‍ദത്തിന്‍െറ ഫലമായി ഇവ രൂപംകൊള്ളാം. കൂടാതെ, അവസാദങ്ങള്‍ അടിഞ്ഞുകൂടിയും ടെക്റ്റോണിക് ഫലകങ്ങള്‍ പരസ്പരം കൂട്ടിമുട്ടിയും പീഠഭൂമികള്‍ രൂപപ്പെടാറുണ്ട്. ചിലപ്പോള്‍ അഗ്നിപര്‍വത സ്ഫോടനത്തിന്‍െറ ഫലമായി ലാവകള്‍ പുറത്തേക്കൊഴുകി ‘വോള്‍ക്കാനിക് പീഠഭൂമികള്‍’ ഉണ്ടാവുന്നതും അപൂര്‍വമല്ല. ഇതെല്ലാം വര്‍ഷങ്ങളുടെ കാലഘടനക്കുള്ളിലാണ് നടക്കുന്നതെന്നോര്‍ക്കണം. 40 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ട തിബറ്റന്‍ പീഠഭൂമി ഒരു ഉദാഹരണം.
പീഠഭൂമികളില്‍ ഉയരമേറിയവയും കുറഞ്ഞവയുമുണ്ട്. ഉയരമേറിയവയില്‍ കഠിനമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങള്‍ വാസയോഗ്യമല്ല. ഉയരം കുറയുന്തോറും ജീവന് അനുകൂലമായ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ താഴ്ന്ന പീഠഭൂമികള്‍ വാസയോഗ്യമാണ്. പൊതുവെ പീഠഭൂമികളില്‍ കണ്ടുവരുന്ന പ്രധാന ഭൂരൂപങ്ങളെ ‘മെസ’, ‘ബ്യൂട്ട്’, ‘ടുയ’ എന്നിങ്ങനെയാണ് വിളിക്കുന്നത്. ഉയരമേറിയതും എന്നാല്‍, വശങ്ങളില്‍ ചെങ്കുത്തായ പാറച്ചരിവുകള്‍ കാണപ്പെടുന്നതുമായ നിരപ്പായ ഉപരിതലമാണ് ‘മെസ’. ചെങ്കുത്തായ ചരിവുകളോടുകൂടിയ ഒറ്റപ്പെട്ട ചെറുകുന്നുകള്‍ ‘ബ്യൂട്ടും’, ഐസ് പാളികളുള്ളവ ‘ടുയ’യുമാണ്.

ഇന്ത്യയിലെ പീഠഭൂമികള്‍
ഏഷ്യ പീഠഭൂമികളുടെ ഭൂഖണ്ഡമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയായി അറിയപ്പെടുന്നത് ഡെക്കാന്‍ പീഠഭൂമിയാണ്. മൂന്ന് പ്രധാന പര്‍വതനിരകള്‍ക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആന്ധ്രപ്രദേശില്‍നിന്ന് തുടങ്ങി കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഡക്കാന്‍ പീഠഭൂമി നിലകൊള്ളുന്നത്. ഡെക്കാന്‍ പീഠഭൂമിയുടെ അതിര്‍ത്തിയായി പശ്ചിമഘട്ടവും പൂര്‍വഘട്ടവും വിന്ധ്യാപര്‍വത നിരകളുമുണ്ട്.
ധാരാളം പാറക്കല്ലുകള്‍ നിറഞ്ഞതാണ് ഡക്കാന്‍ പീഠഭൂമിയുടെ പല പ്രദേശങ്ങളും. വ്യത്യസ്തമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. പലപ്പോഴും അത്യുഷ്ണം മുതല്‍ കൊടും തണുപ്പ് വരെ ഇവിടങ്ങളില്‍ ഉണ്ടാകുന്നു. മഴ ലഭിക്കുന്നത് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രം. ഇന്ത്യന്‍ ഭൂപ്രകൃതിയുടെ നല്ളൊരു ശതമാനം ഈ പീഠഭൂമിയായതിനാല്‍ ഇവിടെ മനുഷ്യവാസമുണ്ട്. വ്യത്യസ്ത സംസ്കാരവും ഭാഷയുമുള്ളവര്‍ ഇവിടെ ജീവിക്കുന്നു. ഇന്തോ-യൂറോപ്യന്‍ ഭാഷകളും ദ്രവീഡിയന്‍ ഭാഷയും സംസാരിക്കുന്നവരാണ് ‘ഡാക്കന്‍സ്’. തെലുങ്ക്, കന്നട എന്നീ ഭാഷകളും സംസാരിക്കുന്നവര്‍ കുറവല്ല. പരുത്തി, നെല്ല്, കരിമ്പ് എന്നിവ കൃഷി ചെയ്താണ് ഇവിടത്തുകാര്‍ ഉപജീവനം കഴിക്കുന്നത്.

തിബത്തന്‍ പീഠഭൂമി
ലോകത്തിലെ ഏറ്റവും ഉയരമുള്ളതും നീളമേറിയതുമായ പീഠഭൂമിയേതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് തിബത്തന്‍ പീഠഭൂമിയെന്നാണ്. ‘ലോകത്തിന്‍െറ മേല്‍ക്കൂര’ എന്ന അപരനാമമുള്ള പാമിര്‍ പീഠഭൂമി തിബത്തന്‍ പീഠഭൂമിയിലാണ് ചേരുന്നത്. 8800 മൈലോളം നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന, തെക്കുഭാഗത്ത് ഹിമാലയം സ്ഥിതിചെയ്യുന്ന തിബത്തന്‍ പീഠഭൂമിയില്‍ 8000 മീറ്ററിലധികം ഉയരമുള്ള 14ഓളം പര്‍വതങ്ങള്‍ സ്ഥിതിചെയ്യുന്നുവെന്നു പറഞ്ഞാല്‍ അവിശ്വസിക്കേണ്ടതില്ല. ലോകത്തിലെതന്നെ ഏറ്റവും ആഴമേറിയ മലയിടുക്കുകളിലൊന്നായ ‘യാര്‍ലുങ്’ സ്ഥിതിചെയ്യുന്നതും തിബത്തന്‍ പീഠഭൂമിയില്‍തന്നെ.
വര്‍ഷത്തില്‍ ഒരു സെന്‍റീമീറ്റര്‍ കണക്കില്‍ ഉയരംവെക്കുന്ന പീഠഭൂമിയാണ് തിബത്തന്‍ പീഠഭൂമി. 40 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഫലകവും യൂറോപ്യന്‍ ഫലകവും കൂട്ടിമുട്ടിയതിന്‍െറ ഫലമാണ് തിബത്തന്‍ പീഠഭൂമി രൂപപ്പെട്ടതെന്ന് ശാസ്ത്രലോകം പറയുന്നു. ലോകത്തിന്‍െറ മുന്നില്‍ ഏറെ പ്രാധാന്യത്തോടെയാണ് ഈ പ്രദേശം നിലകൊള്ളുന്നത്. കശ്മീരിലെ ലഡാക്കിലും ചൈനയുടെ ഒരു ഭാഗത്തുമായി പരന്നുകിടക്കുകയാണിത്. ഭൂമിശാസ്ത്രപരമായി തിബത്തന്‍ പീഠഭൂമിയുടെ വടക്കു-പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കുനുലന്‍ മലനിരകളും വടക്കു-കിഴക്കന്‍ ഭാഗത്ത് ക്യൂലിയന്‍ മലനിരകളുമുണ്ട്. ധാരാളം ഉപ്പുതടാകങ്ങളും പര്‍വതങ്ങളും നിറഞ്ഞതാണ് ഈ പീഠഭൂമി. വര്‍ഷത്തില്‍ ശരാശരി 100 മുതല്‍ 300 മില്ലീമീറ്റര്‍ വരെ ഇവിടെ മഴ ലഭിക്കുന്നു. ആലിപ്പഴം വര്‍ഷിക്കുന്ന കൊടുങ്കാറ്റ് ഇവിടെ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്. വര്‍ഷത്തില്‍ ആറ് മാസക്കാലം മഞ്ഞ് മൂടപ്പെട്ടുകിടക്കുന്ന പീഠഭൂമിയാണിത്. അതിശൈത്യംമൂലം ജനവാസം കുറവാണിവിടെ. പലപ്പോഴും താപനില നാലു ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമാണ്. അന്‍റാര്‍ട്ടിക്കയും വടക്കന്‍ ഗ്രീന്‍ലന്‍ഡും കഴിഞ്ഞാല്‍ ലോകത്തില്‍ തിബത്തന്‍ പീഠഭൂമിയിലെ ‘ചാങ്ടാങ്’ പ്രദേശമാണ് വിരളമായി ആള്‍താമസമുള്ള സ്ഥലം.

കാഞ്ചന്‍ ജംഗ, കൈലാസ പര്‍വതം 
തിബത്തന്‍ പീഠഭൂമിയില്‍ ഒട്ടേറെ ഉയരമേറിയ പര്‍വതങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. കാഞ്ചന്‍ ജംഗ, കൈലാസ പര്‍വതം, ഗൗരി ശങ്കര്‍ എന്നിവ അവയില്‍ ചിലതാണ്. പഠനസൗകര്യാര്‍ഥം തിബത്തന്‍ പീഠഭൂമിയെ രണ്ടായി തരംതിരിക്കാറുണ്ട്. ഭൂമിശാസ്ത്രപരമായും ഇങ്ങനെ ചെയ്യാറുണ്ട്. നദീപ്രദേശം, തടാകപ്രദേശം എന്നിവയാണവ. ഹിമാലയന്‍ മലനിരകളുടെ നിഴല്‍പറ്റിയാണ് ഈ രണ്ട് പ്രദേശവും സ്ഥിതിചെയ്യുന്നത് എന്നതിനാല്‍ ഇവിടെ താരതമ്യേന കുറഞ്ഞ മഴ മാത്രം ലഭിക്കുന്നു. മാനസരോവര്‍ തടാക പ്രദേശങ്ങളിലാണ് ഉള്‍പ്പെടുന്നത്. ചൂടുനീരുറവകള്‍ക്ക് പേരുകേട്ടതാണ് പല തടാകങ്ങളും.
അതുപോലെ തിബത്തന്‍ പീഠഭൂമി മനോഹരമായ താഴ്വാരങ്ങള്‍കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ്. യാര്‍ലുങ് നദി ഈ പ്രദേശത്തുകൂടിയാണ് ഒഴുകുന്നത്.
തിബത്ത് എന്ന രാജ്യത്തിന്‍െറ തലസ്ഥാനമായ ‘ലാസ’ ഗിറപ്പല്‍ പര്‍വത താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. കൃഷിക്ക് അനുയോജ്യമായ മണ്ണാണ് ഈ താഴ്വാരങ്ങളിലെന്നതിനാല്‍ കൃഷി വരുമാനസ്രോതസ്സായി ജനങ്ങള്‍ ഇവിടെ കണ്ടുവരുന്നുണ്ട്. തിബത്തന്‍ താഴ്വാരങ്ങളുടെ സൃഷ്ടി യാര്‍ലുങ് നദിയുടെയും സാങ്പോ നദിയുടെയും പ്രവര്‍ത്തന ഫലമാണെന്നു വേണം പറയാന്‍. ഈ താഴ്വാരങ്ങള്‍ക്ക് ഏതാണ്ട് 1200 കിലോമീറ്ററോളം നീളവും 300 കിലോമീറ്റര്‍ വിസ്തൃതിയുമുണ്ട്.

ഷില്ളോങ്ങും മാള്‍വയും
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മേഘാലയയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് ഷില്ളോങ്. പശ്ചിമഘട്ടത്തില്‍നിന്ന് വീശുന്ന കാറ്റും പൂര്‍വേന്ത്യയില്‍നിന്ന് വരുന്ന മണ്‍സൂണ്‍ കാറ്റുമാണ് ഷില്ളോങ്ങിന്‍െറ കാലാവസ്ഥയെ നിര്‍ണയിക്കുന്നത്. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ഈര്‍പ്പമേറിയ ചിറാപൂഞ്ചി ഇവിടെയാണ്. ഷില്ളോങ് പീഠഭൂമിയിലെ ചിറാപൂഞ്ചിയിലെ വെള്ളച്ചാട്ടം ലോകപ്രശസ്തമാണ്. സമുദ്രനിരപ്പില്‍നിന്ന് 1500 മീറ്റര്‍ പൊക്കത്തിലുള്ള ഈ പീഠഭൂമി മേഖല ഭൂകമ്പബാധിത പ്രദേശമാണ്.
മധ്യപ്രദേശിന്‍െറ പടിഞ്ഞാറ് ഭാഗത്താണ് മാള്‍വാ പീഠഭൂമി. 81,767 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയിലുള്ള മാള്‍വാ പീഠഭൂമി അഗ്നിപര്‍വത സ്ഫോടന ഫലമായാണ് രൂപംകൊണ്ടത്. മാള്‍വയുടെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ഒഴുകുന്ന മഹാനദി ഇവിടത്തെ പ്രധാന ജലസ്രോതസ്സാണ്. കറുപ്പ് ഉല്‍പാദനത്തില്‍ മുമ്പന്തിയില്‍നില്‍ക്കുന്ന മാള്‍വ പരുത്തി കൃഷിക്കും സോയാബീനിനും അനുയോജ്യമാണ്. വടക്ക്-കിഴക്ക് ഭാഗങ്ങള്‍ ഹഡോട്ടി മേഖലയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശം രാജസ്ഥാനിലും ഗുജറാത്തിലുമാണുള്ളത്. ജൂണ്‍ പകുതിയോടെയാണ് മാള്‍വയിലെ മഴക്കാലം.
ഇവ കൂടാതെ, ചെറുതും വലുതുമായി വേറെയും പീഠഭൂമികളുണ്ട്. അവയിലൊന്നാണ് ഭാന്തെര്‍ പീഠഭൂമി. മധ്യപ്രദേശിലാണ് ഈ പീഠഭൂമി. ഏകദേശം 10,000 ചതുരശ്ര കി.മീറ്ററാണ് ഇതിന്‍െറ വിസ്തൃതി. ഡെക്കാന്‍ പീഠഭൂമിയുമായി ചേര്‍ന്നുകിടക്കുന്നതാണിത്. പീഠഭൂമിയുടെ വടക്കും കിഴക്കും യഥാക്രമം സിന്ധു-ഗംഗാ സമതലമാണ്. ഛോട്ടാനാഗ്പുര്‍ പീഠഭൂമിയാണ് മറ്റൊന്ന്. 700 മീറ്റര്‍ പൊക്കമുള്ള റാഞ്ചി പീഠഭൂമി ഛോട്ടാനാഗ്പുരിന്‍െറ ഭാഗമായുണ്ട്. മഹാരാഷ്ട്രയിലെ മാംഗി-തുംഗി പീഠഭൂമി നാസിക്കില്‍നിന്ന് 125 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നതാണ്. സമുദ്രനിരപ്പില്‍നിന്ന് 1324 മീറ്ററാണ് ഇതിന്‍െറ ഉയരം. ക്ഷേത്രങ്ങള്‍കൊണ്ട് നിറഞ്ഞ ‘മാംഗി’യും ‘തുംഗി’യും ജൈനന്മാരുടെ തീര്‍ഥാടന കേന്ദ്രം കൂടിയാണ്.

ഇറാനിയന്‍ പീഠഭൂമി
പേര്‍ഷ്യന്‍ പീഠഭൂമി എന്ന പേരില്‍ അറിയപ്പെടുന്ന ഇറാനിയന്‍  പീഠഭൂമി കാകസസ് പര്‍വതപ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഈ പീഠഭൂമിയുടെ പടിഞ്ഞാറ് ഭാഗം സാഗ്രോസ് പര്‍വതവും വടക്കന്‍ ഭാഗം കാസ്പിയന്‍ സമുദ്രവുമാണ്. ഇറാനിയന്‍ പീഠഭൂമിയുടെ തെക്കുഭാഗത്താണ് അറേബ്യന്‍ സമുദ്രം. കിഴക്ക് ഹിന്ദുകുഷ് മലനിരകളാണ്. ഏകദേശം 2000 കി.മീറ്റര്‍ നീളത്തില്‍ കിടക്കുന്ന പീഠഭൂമി ഇറാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാല്‍ വലയം ചെയ്യപ്പെട്ടതാണ്. നിരപ്പായ ഉപരിതലമാണ് ഈ പീഠഭൂമിയുടേത്. ഇറാനിയന്‍ പീഠഭൂമിയിലാണ് 5610 മീറ്റര്‍ നീളം കണക്കാക്കുന്ന ‘ഡമവാണ്ട്’ കൊടുമുടിയുള്ളത്. ഇറാനിയന്‍ പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്ന കൊടുമുടിക്കൂട്ടങ്ങളെ ഹസാരന്‍-കുഹ്-ഇ-ഹസാരന്‍, ജപാര്‍ എന്നിങ്ങനെ വിളിക്കുന്നു. ഉഷ്ണവും തണുപ്പും മാറിമാറി അനുഭവപ്പെടുന്ന പ്രദേശമാണിത്. മഴകുറവാണ്.

അക്കിയോഷിയും നെജ്ദും
ജപ്പാനിലെ പ്രധാന പീഠഭൂമികളിലൊന്നാണ് അക്കിയോഷി. ഏകദേശം 130 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയാണ് ഇതിനുള്ളത്. ജപ്പാനിലെ ഒരു ദേശീയ പാര്‍ക്കാണിത്. പാലിയോസോയിക് കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ചുണ്ണാമ്പു പാറകളാണ് ഈ പീഠഭൂമിയുടെ ഒരു സവിശേഷത. ഉയരമുള്ള ചുണ്ണാമ്പുകല്ലുകള്‍ ഇവിടെ കാണാം. അറേബ്യന്‍ ഉപദ്വീപിന്‍െറ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതാണ് നെജ്ദ് പീഠഭൂമി. അറബിയില്‍ നെജ്ദിന് ഉയര്‍ന്നപ്രദേശം എന്നാണര്‍ഥം. 762 മുതല്‍ 1525 മീറ്റര്‍ വരെ ഉയരം കണക്കാക്കുന്ന നെജ്ദ് പീഠഭൂമിയുടെ പടിഞ്ഞാറ് ഭാഗം ഹെജാസ്, യമന്‍ എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. നജ്ദ് പീഠഭൂമിയുടെ തെക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളിലാണ് റാന്‍യാഹ്, ബിഷ എന്നീ നദീതാഴ്വാരങ്ങളുള്ളത്.
അമേരിക്കയിലെ അലിഗെനി, അര്‍മീനിയയിലെ അര്‍മീനിയന്‍ പീഠഭൂമി, വിയറ്റ്നാമിന്‍െറ ഡാലെറ്റ്, കസാഖ്സ്താനിലെ തൂര്‍ഗേ, ചൈനയിലെ റുസാങ്, ഈജിപ്തിലെ പ്രമുഖ പീഠഭൂമിയായ ഗിള്‍ഫ് കെബിര്‍ എന്നിവ ലോകത്തിലെ പേരുകേട്ട പീഠഭൂമികളാണ്.