കായികം
പി​​േൻറായുടെ പേര്​ ഒാടിക്കൊണ്ടിരിക്കുന്നു
  • കെ.പി.എം. റിയാസ്​
  • 12:52 PM
  • 06/08/2018
1951ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യാഡിലെ 100 മീറ്ററിൽ ഒന്നാമതെത്തുന്ന ലാവിഞ്ഞോ പി​േൻറാ തോമസ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി 100 മീറ്ററിൽ സ്വർണം നേടിയ ഏക അത്​ലറ്റ്
 

18ാമത് ഏഷ്യൻ ഗെയിംസിന് ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്ത വേദിയാവാനൊരുങ്ങുമ്പോൾ ചരിത്രത്തിൽ മായാതെ കിടക്കുന്നൊരു പേരുണ്ട്. 67 വർഷത്തിനപ്പുറം 1951ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യാഡിൽ ആതിഥേയരുടെ പ്രതിനിധിയായി ട്രാക്കിലിറങ്ങി ലാവിഞ്ഞോ പി​േൻറാ തോമസ് കൊയ്ത നേട്ടത്തിനൊപ്പമെത്താൻ ഇതുവരെ ഒരു ഇന്ത്യക്കാരന് കഴിഞ്ഞിട്ടില്ല. 100 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ഒരേയൊരു ഇന്ത്യൻ അത്​ലറ്റായി പി​േൻറായുടെ പേര് റെക്കോഡ് പുസ്തകത്തിൽ തുടരുന്നു.
ഏഷ്യാഡിൽ ഇന്ത്യയുടെ പ്രഥമ സ്വർണം 100 മീറ്റർ ഫ്രീസ്​റ്റൈൽ നീന്തലിൽ സചിൻ നാഗ് സ്വന്തമാക്കിയതാണ്. പിറ്റേന്നാണ് 10.8 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പി​േൻറാ വൻകരയിലെ അതിവേഗക്കാരനായത്. ജാപ്പനീസ് താരങ്ങളായ തൊഷിഹിറോ ഒഹാഷിയെയും ടോമിയോ ഹൊസോഡയെയും പിന്തള്ളിയായിരുന്നു കുതിപ്പ്. തീർന്നില്ല 22 സെക്കൻഡിൽ 200 മീറ്റർ ഓട്ടവും പൂർത്തിയാക്കി പി​േൻറാ വേഗരാജാവെന്ന പദവി അരക്കിട്ടുറപ്പിച്ചു. ഇന്ത്യയുടെ തന്നെ എം. ഗബ്രിയേൽ രണ്ടാമതും ജപ്പാ​െൻറ ടോമിയോ ഹൊസോഡ മൂന്നാമതുമായി. പി​േൻറാ, ഗബ്രിയേൽ തുടങ്ങിയവരുൾപ്പെട്ട സംഘം 4x100 മീറ്റർ റിലേയിൽ വെള്ളിയും നേടി. അത്​ലറ്റിക്സിൽ 200 മീറ്ററിലടക്കം പിന്നീട് നിരവധി സ്വർണം ഇന്ത്യക്ക് ലഭിച്ചിട്ടും 100 മീറ്റർ നേട്ടം പി​േൻറായിലൊതുങ്ങി.
ജന്മംകൊണ്ട് കെനിയക്കാരനാണ് പിേൻറാ. ചെറുപ്പത്തിലേ ഇന്ത്യയിലെത്തിയ അദ്ദേഹം ദക്ഷിണ ബോംബെയിലാണ് വളർന്നത്. സ്കൂൾ കുട്ടിയായിരിക്കെയാണ് അത്​ലറ്റിക്സിലേക്കുള്ള രംഗപ്രവേശം. ഏഷ്യൻ ഗെയിംസിലെ നേട്ടങ്ങൾക്കുള്ള ആദരമായി അദ്ദേഹത്തിന് 1952 ഹെൽസിങ്കി ഒളിമ്പിക്​സിൽ ഇന്ത്യയുടെ നായകപദവിയും ലഭിച്ചു. 100ലും 200ലും സെമിയിൽ അവസാനിച്ചു പിേൻറായുടെ പോരാട്ടം. മത്സരരംഗത്ത് തുടർന്ന് വീണ്ടും മെഡലുകൾ വാരിക്കൂട്ടി. വിരമിച്ചശേഷം വിവിധ ജോലികൾ ചെയ്ത പിേൻറാ 1969ൽ ഇന്ത്യ വിട്ട് അമേരിക്കയിലെ ഷികാഗോയിലേക്ക് ചേക്കേറി.