സ്കൂൾ പച്ച
പരീക്ഷക്കൊരുങ്ങാം...
  • ഉണ്ണി അമ്മയമ്പലം, ബാലചന്ദ്രന്‍ എരവില്‍
  • 04:13 PM
  • 06/02/2017

ഓരോ ദിവസവും ഏതൊക്കെ വിഷയങ്ങള്‍ പഠിക്കണമെന്ന് ‘വെളിച്ചം’ ഈ ലക്കത്തില്‍ കാണിച്ചുതരുകയാണ്. വെളിച്ചത്തിന്‍െറ ഈ റിവിഷന്‍ ടൈംടേബിള്‍ കൂട്ടുകാര്‍ പിന്തുടരുക. മാര്‍ച്ചാകുന്നതോടെ പരീക്ഷപ്പേടി കൂട്ടുകാര്‍ക്ക് മാറും. മാര്‍ച്ചില്‍ മനസ്സിനെ ശാന്തമാക്കി വര്‍ധിച്ച ഉത്സാഹത്തോടുകൂടിവേണം പരീക്ഷ ഹാളിലത്തൊന്‍. എല്ലാവര്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് ലഭിക്കട്ടെ. ആശംസകള്‍

പരീക്ഷയെ ചങ്ങാതിയാക്കിയാലോ?

````````````````````````````````````````````````````````````

രീക്ഷയോട് ഒന്നു പുഞ്ചിരിച്ചാലെന്താ... ഒരു കൂട്ടുകാരനോടെന്നപോലെ പെരുമാറണം. എടോ പരീക്ഷേ താന്‍ എന്നെ ഒന്നു സഹായിക്കണം. എന്നൊന്നു പറഞ്ഞു നോക്ക്യേ.. തീര്‍ച്ചയായും പരീക്ഷ നിങ്ങളെ സഹായിക്കും. അതുകൊണ്ട് പുഞ്ചിരിയോടെ പരീക്ഷയെഴുതി പരീക്ഷയുടെ ഉറ്റ സുഹൃത്തായി മാറാം.
ബെസ്റ്റ് ഫ്രണ്ടിനെ ആരെങ്കിലും പേടിക്കുമോ?.. നമുക്കൊരാപത്തു വന്നാല്‍ നമ്മള്‍ ആദ്യം വിളിക്കുന്നത് ആരെയാ.. ചിലരെങ്കിലും ഏറ്റവും നല്ല സുഹൃത്തിനെ വിളിക്കും. അങ്ങനെയെങ്കില്‍ ആപത്തില്‍ സഹായിക്കുന്നവനാണ് സുഹൃത്ത്. പരീക്ഷ എങ്ങനെയാണ് ആപത്തില്‍ സഹായിക്കുക..?  
പഠിച്ചു പരീക്ഷയെഴുതി മിടുക്കരായി നല്ല നിലയില്‍ ജീവിക്കേണ്ട കുട്ടികള്‍ പരീക്ഷയെ ഭയന്ന് ടെന്‍ഷനടിച്ച് നന്നായി പരീക്ഷയെഴുതാതെ വരുമ്പോള്‍ ചിലപ്പോള്‍ തോറ്റുപോകാന്‍ സാധ്യതയുണ്ട്. എന്നാല്‍, പരീക്ഷയെ പേടിക്കാതെ ആത്മവിശ്വാസത്തോടെ ഇവന്‍ നമ്മളെ ചതിക്കില്ല എന്നു വിശ്വസിച്ച് പരീക്ഷ എഴുതി നോക്ക്യേ.. നിങ്ങളെ പരീക്ഷ സഹായിക്കും. നിങ്ങള്‍ ജയിക്കും. പേടിയേ വേണ്ട.
പരീക്ഷപ്പേടിക്ക് കാരണം
ചിലപ്പോള്‍ പരീക്ഷയില്‍ നമ്മള്‍ പഠിച്ചുകൊണ്ടു പോയതാവില്ല ചോദിക്കുന്നത്. ഉത്തരം അറിഞ്ഞുകൂടാത്ത, വളരെ കടുകട്ടിയായ ചോദ്യങ്ങള്‍ ചോദിച്ചാല്‍ എന്താണ് ചെയ്യുക? ഇങ്ങനെയുള്ള വിചാരമായിരിക്കാം പരീക്ഷപ്പേടിക്ക് കാരണം.
പേടിയോട് NO പറയുക
പരീക്ഷപ്പേടിയോട് NO പറയാന്‍ പഠിക്കണം ആദ്യം. പേടിയോട് പോയി പണിനോക്കാന്‍ പറയണം. നിങ്ങളെന്ന വ്യക്തിയെ പേടിപ്പിക്കാന്‍ ഈ പേടികള്‍ക്കൊന്നും കഴിയില്ല. നന്നായി പഠിച്ച്, തയാറെടുത്ത് പരീക്ഷ എഴുതാന്‍ ശ്രമിച്ചാല്‍ ഈ പേടി നമ്മളോട് കൂട്ടുകൂടില്ല. ഇവനെ ആട്ടിപ്പായിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ല. മരുന്നോ മന്ത്രവാദമോ പറ്റില്ല. ഒരേയൊരു കാര്യം മാത്രം മതി. പരീക്ഷയിലെ ചോദ്യോത്തരങ്ങള്‍ നന്നായി മനസ്സിലാക്കുക. 
കുട്ടികള്‍ പഠിച്ച പാഠഭാഗവുമായി ബന്ധപ്പെട്ടേ ചോദിക്കൂ. ഇത് ആദ്യം വിശ്വസിക്കുക. ഈ പുസ്തകത്തീന്നല്ളേ ചോദിക്കൂ. അപ്പോ പിന്നെ ഈ പുസ്തകത്തിന്‍െറ ഉള്ളടക്കം എന്താണെന്ന് ലഘുവായി ഒന്നോര്‍ത്തു വെക്കുക. അതില്‍നിന്ന് വരാവുന്ന ചോദ്യങ്ങളെക്കുറിച്ച് ആലോചിക്കുക. ഏതെങ്കിലും ചോദ്യം അറിഞ്ഞുകൂടാതെ വരുന്നുവെങ്കില്‍ ചോദ്യത്തിലെ ഉള്ളടക്കം ഏത് അധ്യായവുമായി ബന്ധപ്പെട്ടാണെന്ന് പരിശോധിച്ച് ആലോചിച്ച് സമയം കളയാതെ ആ അധ്യായം ബന്ധപ്പെടുത്തി ഉത്തരമെഴുതുക. പരീക്ഷയുടെ ഒരു പ്രത്യേകതയാണിത്. എല്ലാ ചോദ്യങ്ങള്‍ക്കും ചോദ്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരുത്തരം എഴുതി വെക്കുക. ഏറ്റവും വലിയ അറിവുള്ള കുട്ടിയാണ് എന്നു വിചാരിച്ച് മികച്ച ഗ്രേഡ് ലഭിക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല. ഒന്നോ രണ്ടോ വര്‍ഷം പഠിച്ച കാര്യങ്ങള്‍, നമുക്ക് ലഭിച്ചിരിക്കുന്ന രണ്ടോ മൂന്നോ മണിക്കൂര്‍കൊണ്ട് പ്രാവര്‍ത്തികമാക്കണം.
നമുക്ക് കിട്ടാന്‍ പോകുന്ന പരീക്ഷാസമയം - രണ്ട് അല്ളെങ്കില്‍ മൂന്ന് മണിക്കൂറാണ്. ആ മൂന്നു മണിക്കൂര്‍ നന്നായി ഉപയോഗിക്കുന്ന ഒരു കുട്ടിക്കാണ് നല്ല വിജയമുണ്ടാവുക. മറിച്ച് ക്ളാസില്‍ നന്നായി പഠിച്ചതുകൊണ്ടുമാത്രം വിജയം ലഭിക്കില്ല. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കാണ് വിജയം. മികച്ച പ്രകടനമെന്നു പറഞ്ഞാല്‍ എല്ലാ ചോദ്യങ്ങളും നന്നായി വായിച്ച് അവക്കെല്ലാം ഉത്തരമെഴുതുക. അറിയാവുന്നതും അറിഞ്ഞുകൂടാത്തതും എല്ലാം.

പഠിക്കുന്ന കുട്ടിക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു പഠനക്രമം (ടൈംടേബ്ള്‍) തയാറാക്കുക. സമയം വളരെ കുറവാണ്. പഠിക്കാന്‍ ധാരാളമുണ്ട്. അങ്ങനെവരുമ്പോള്‍ നന്നായി പഠിച്ച വിഷയങ്ങളെക്കാള്‍ മുന്‍ഗണന നല്ലതുപോലെ പഠിക്കാത്ത വിഷയങ്ങള്‍ക്കു നല്‍കണം. ഇങ്ങനെയായിരിക്കണം ടൈംടേബിളിന്‍െറ ക്രമീകരണം. ടൈം ടേബിളുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പരീക്ഷയില്‍ ഓരോ ദിവസവുമുള്ള പേപ്പറുകളുടെ എണ്ണം, പരീക്ഷദിവസങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്നിവ പരിഗണിക്കലാണ്.
ഓരോ വിഷയത്തിലെയും എത്ര ഭാഗം, എത്ര യൂനിറ്റുകള്‍ നന്നായി പഠിച്ചിട്ടുണ്ട് എന്ന് കുറിച്ചുവെക്കണം. എളുപ്പമുള്ള വിഷയം, വിഷമമുള്ള വിഷയം എന്നിങ്ങനെ മൊത്തം വിഷയങ്ങളെ തരംതിരിച്ചശേഷം ഓരോ വിഷയത്തിനും എത്രസമയം വേണമെന്ന് തീരുമാനിക്കണം. എളുപ്പമുള്ള വിഷയങ്ങള്‍ക്ക് കുറച്ചു സമയവും വിഷമമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയവും നല്‍കുന്നത് നന്നായിരിക്കും.
മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷയെഴുതിയ കുട്ടികളോട് പരീക്ഷ എഴുതുന്നതിനെക്കുറിച്ച് സംസാരിക്കണം. കാരണം, അവര്‍ ഉത്തരങ്ങള്‍ എഴുതിയത് എങ്ങനെയാണ്? അവര്‍ക്കു വന്ന തെറ്റുകള്‍ എന്തെല്ലാമാണ്? എല്ലാ ഉത്തരങ്ങളും എഴുതുന്നതിനുള്ള സമയം ലഭിച്ചുവോ? ഇതെല്ലാം ചോദിച്ചു മനസ്സിലാക്കിയാല്‍ അവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ നമുക്കും സംഭവിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളെടുക്കാം.
പരീക്ഷക്ക് തയാറെടുക്കുമ്പോള്‍ പഴയ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് സ്വയം വിലയിരുത്താവുന്നതാണ്. ഇപ്പോള്‍, മലയാളം പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങള്‍ ഏതൊക്കെയാവും. അതില്‍തന്നെ രണ്ടുതരമുണ്ട്. കഠിന ചോദ്യങ്ങള്‍, മൃദുവായ ചോദ്യങ്ങള്‍. പിന്നെ ബ്രാക്കറ്റില്‍നിന്ന് എഴുതാവുന്നവ ഉണ്ടെങ്കില്‍ അത്. ചോദ്യങ്ങളുടെ പൊതുസ്വഭാവം, സമയം എന്നിവയെക്കുറിച്ച് ഒരു ധാരണ ഉണ്ടാവണം.
പ്രധാനപ്പെട്ടത് 
എഴുതി സൂക്ഷിക്കുക
കണക്ക്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധമുള്ള ഫോര്‍മുലകള്‍ ഭംഗിയായി എഴുതി സൂക്ഷിക്കുക. ഇതുപോലെ കുട്ടികള്‍ സ്വയം തയാറാക്കിയ ഓര്‍മസൂത്രങ്ങള്‍, പോയന്‍റുകള്‍, ഉപന്യാസത്തിലെ ഉള്ളടക്കം ലഘുവാക്കി മാറ്റിയ കാര്യങ്ങള്‍ തുടങ്ങിയവ എഴുതിവെക്കുന്നതും ഇടക്കിടക്ക് നോക്കി ഓര്‍മ പുതുക്കുന്നതും നല്ലതാണ്. ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയിലാവണം ഇത്തരം പഠന ഉപാധികള്‍ തയാറാക്കേണ്ടത്. പരീക്ഷക്ക് തൊട്ടുമുമ്പ് ഒന്ന് ഓടിച്ചുനോക്കി പരീക്ഷഹാളിലേക്കു കയറാന്‍ പറ്റും. ഓരോ വിഷയത്തെക്കുറിച്ചും, ആ വിഷയത്തിനുള്ള പുസ്തകത്തിന്‍െറ ഉള്ളടക്കവും, നിങ്ങള്‍ ആ പുസ്തകത്തില്‍നിന്ന് മനസ്സിലാക്കിയ വിവരങ്ങളും ലഘുകുറിപ്പുകളാക്കാം. ഇത്തരം കുറിപ്പുകള്‍ പരീക്ഷസമയത്ത് പ്രയോജനപ്പെടുത്താം. മാത്രവുമല്ല, ഓര്‍മശക്തി വര്‍ധിക്കുന്നതിനും പഠിച്ചകാര്യങ്ങള്‍ ഒന്നുകൂടി മനസ്സിലാക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കും.
പരീക്ഷയടുക്കുമ്പോള്‍ ആവശ്യത്തിനു വിശ്രമിക്കുക
പരീക്ഷയടുക്കുന്നു എന്നു കരുതി വാരിവലിച്ചു പഠിക്കുന്ന രീതി ഉപേക്ഷിക്കണം. ചിട്ടയോടെ സംയമനത്തോടെ, സമാധാനപൂര്‍വം പാഠഭാഗങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ ഗൗരവമായി പഠിക്കുക. അതിനിടയില്‍, എഴുതാന്‍ പറ്റുമോ, ഓര്‍മ വരുമോ, ജയിക്കുമോ തുടങ്ങിയ നെഗറ്റിവ് വികാരങ്ങള്‍ മനസ്സില്‍ വളരാന്‍ അനുവദിക്കരുത്. ഇത്തരം വൈകാരിക പ്രശ്നങ്ങള്‍മൂലം അസുഖങ്ങള്‍ വരാം. ശരിയായ ഉറക്കം, പോഷകാഹാരം ചേര്‍ന്ന ഭക്ഷണം എന്നിവ ആവശ്യമാണ്. ഒരു കാരണവശാലും വിശ്രമവും ഭക്ഷണവും ഉപേക്ഷിക്കരുത്.
‘വെറുതെ’ പഠിക്കരുത്
വെറുതെ പഠിക്കരുത്. പഠിക്കുന്നെങ്കില്‍ നന്നായി പഠിക്കുക. നന്നായി ഭക്ഷണം കഴിക്കുക. നന്നായി വ്യായാമം ചെയ്യുക. നന്നായി ഉറങ്ങുക. പഠിക്കാന്‍ നല്ളൊരു സ്ഥലം ആവശ്യമാണ്. നമ്മുടെ ശ്രദ്ധ തെറ്റിക്കുന്ന ഒന്നും അവിടെ ഉണ്ടാകരുത്. അതിന് ശാന്തമായ ഒരന്തരീക്ഷം കണ്ടത്തെണം. അവിടെയിരുന്നു പഠിക്കണം. ശബ്ദശല്യം ഇല്ലാത്ത ഒരിടത്തിരുന്നാവണം പഠനം.
പഠിച്ചുകൊണ്ടിരിക്കെ അപ്പുറത്തെ മുറിയില്‍ അനിയത്തിയോ ചേട്ടനോ ടി.വി കാണുന്നെങ്കില്‍ ഉടന നമ്മുടെ മനസ്സും അസ്വസ്ഥമാകും. ഒന്നുകില്‍ ടി.വി ഓഫാക്കാന്‍ പറയുക. എന്നുവരെ? പരീക്ഷ കഴിയുന്നതുവരെ. അതല്ളെങ്കില്‍ നമ്മുടെ ശ്രദ്ധയെ നമ്മള്‍ തന്നെ ഗൗരവമാക്കി പഠനത്തില്‍ കേന്ദ്രീകരിക്കുക. ചിലപ്പോള്‍ കൂട്ടുകാരോ, മുതിര്‍ന്നവരോ, താഴെയുള്ളവരോ ക്രിക്കറ്റു കളിക്കുന്നത് നമ്മുടെ വീടിനു സമീപമാകാം. ഒന്നു പോകാനും, കളി കാണാനും, പറ്റുമെങ്കില്‍ കളിയില്‍ പങ്കെടുക്കുന്നതിനും താല്‍പര്യം തോന്നാം. അപ്പോഴെല്ലാം സ്വയം മനസ്സിനെ നിയന്ത്രിക്കുക.
എങ്ങനെ?
പഠനത്തില്‍ നിന്നു ശ്രദ്ധ മാറി വിനോദങ്ങളിലേര്‍പ്പെടണമെന്നു തോന്നുമ്പോള്‍ അതു പഠനത്തെ തടസ്സമായി ബാധിക്കുമെന്നു വിചാരിക്കുക. പഠനത്തിനു തടസ്സമായാല്‍ അത് വിജയത്തിന് തടസ്സമാകും. വിജയത്തിന് തടസ്സമാകുന്നത് മുന്നോട്ടുള്ള പഠനപുരോഗതിയെ ബാധിക്കും. നല്ല ഒരു ഭാവി ജീവിതം ലഭിക്കാതെ വരുമ്പോള്‍ നമ്മുടെ കഴിവുകള്‍ക്ക് വളര്‍ച്ചയില്ലാതെ വരും. ഈ സാഹചര്യം നമ്മുടെ ജീവിതത്തില്‍ സന്തോഷമോ സംതൃപ്തിയോ നല്‍കില്ല. അതുവഴി ജീവിത വിജയം ലഭ്യമല്ലാതാവുക കൂടി ചെയ്യും.
നോക്കണേ... ‘പഠനം’ ജീവിതത്തിന്‍െറ ഏതെല്ലാം മേഖലകളിലാണ് സ്വാധീനം ചെലുത്തിയിരിക്കുന്നതെന്ന്. അതുകൊണ്ട് പഠിക്കുന്ന സമയം നന്നായി വിനിയോഗിക്കുക.
കണ്ണടച്ച് സ്വയം പറയുക. ‘എനിക്കു പഠിക്കണം, പഠിച്ചുയരണം, പഠിച്ചു വളരണം, പഠിച്ചു വിജയിക്കണം, വലിയൊരു മനുഷ്യനാകണം...’
ഇതൊരു പ്രതിജ്ഞയാണ്. ഈ പ്രതിജ്ഞ പാലിക്കണമെങ്കില്‍ ധൈര്യം വേണം. ഒരു വാക്കു പറഞ്ഞാല്‍ അതുപോലെ പ്രവര്‍ത്തിക്കുന്നതും, ഒരു കാര്യം തീരുമാനിച്ചാല്‍ അതു നടപ്പാക്കുന്നതും മഹാത്മാക്കളുടെ വ്യക്തിത്വ സവിശേഷതയാണെന്ന് ഓര്‍ക്കുക. നിങ്ങള്‍ വ്യക്തിത്വമുള്ളവരാണെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളത്തെന്നെ ഇഷ്ടമാണെങ്കില്‍... നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നത് വിജയത്തിലേക്ക് യാത്ര ചെയ്യുന്നതിനുവേണ്ടിയാണെങ്കില്‍ നിങ്ങള്‍ സമയാസമയം ഉചിതമായ തീരുമാനങ്ങളെടുക്കും. ആ തീരുമാനങ്ങള്‍ ഉറച്ചതായിരിക്കും. എല്ലാ വലിയ മനുഷ്യരും, എല്ലാ മഹാന്മാരും, സ്വയം തീരുമാനങ്ങളെടുക്കുകയും അതു നടപ്പാക്കുകയും ചെയ്തവരാണ്. യഥാസമയം വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുക. 
നിസ്സാരമായവയെ 
അവഗണിക്കുക
നിങ്ങള്‍ക്കറിയാം. നിസ്സാരമായവ എന്താണെന്ന്? നിങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പരീക്ഷയടുക്കുമ്പോള്‍ നിസ്സാരമായവ എന്തൊക്കെയാണെന്നു നിങ്ങള്‍ക്കറിയാം.
വെറുതെ ഒരു സിനിമ കാണല്‍.
വെറുതെ ഒരു പാട്ടുകേള്‍ക്കല്‍.
വെറുതെ സംസാരിച്ചിരിക്കല്‍.
വെറുതെ ആലോചിച്ചിരിക്കുക.
വെറുതെ ഒരുപാടുറങ്ങുക.
വെറുതെ ഒരുപാടു ഭക്ഷിക്കുക. 
വെറുതെ കറങ്ങി നടക്കുക.
ഇങ്ങനെ... ഒട്ടനവധി വെറുതെകളില്‍ കറങ്ങുന്നവരാണു നിങ്ങളെങ്കില്‍ ആ വെറുതെകള്‍ നിസ്സാരമായവയെന്നു കണക്കാക്കുക. (പഠിച്ച് മുഷിയുമ്പോള്‍ ഒരു പാട്ട് കേള്‍ക്കുന്നതും അല്‍പം ടി.വി കാണുന്നതും വലിയ കുറ്റമൊന്നുമല്ല. അമിതമാകരുതെന്നു മാത്രം). ഒരല്‍പനേരം പഠനത്തിന്‍െറ തിരക്കില്‍നിന്ന് ഒരാശ്വാസത്തിനായി ഒരു പാട്ടു കേള്‍ക്കാനോ, ഒരല്‍പനേരം ടി.വി പരിപാടി കാണുന്നതിനോ, കൂട്ടുകാരുമായി സംസാരിക്കുന്നതിനോ ചെലവഴിക്കാം. പക്ഷേ പഠനമായിരിക്കണം ലക്ഷ്യം. മറ്റെന്തൊക്കെയുണ്ടെങ്കിലും അതെല്ലാം പഠനത്തിനുമേലെ വരാന്‍ അനുവദിക്കരുത്.