സ്കൂൾ പച്ച
പഠിക്കാം ചില രാസമാജിക്കുകള്‍
  • ഇല്യാസ് പെരിമ്പലം
  • 02:47 PM
  • 07/11/2016

ഏറെ ആകര്‍ഷണീയവും ലളിതവുമാണ് ദ്രാവകങ്ങള്‍ക്ക് നിറമാറ്റം സൃഷ്ടിക്കുന്ന രാസപരീക്ഷണങ്ങള്‍. വിവിധ വേദികളില്‍ ഇവ മാജിക്കുകളായി അവതരിപ്പിക്കാം. ഏഴാം ക്ളാസ് അടിസ്ഥാനശാസ്ത്രത്തിലെ മൂന്നാമത്തെ അധ്യായമായ ആസിഡുകളും ആല്‍ക്കലികളും, ഒമ്പതാം ക്ളാസ് രസതന്ത്രത്തിലെ അഞ്ചാമത്തെ അധ്യായമായ ആസിഡുകള്‍, ആല്‍ക്കലികള്‍, ലവണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന ചില ശാസ്ത്രമാജിക്കുകളാണിവ. അധ്യാപകരുടെ സഹായത്തോടെ  ഇവ ചെയ്ത് പരിശീലിക്കൂ. ക്ളാസിലെ സര്‍ഗവേളയിലും സ്കൂള്‍ അസംബ്ളിയിലും ശാസ്ത്ര ക്ളബിലും അവതരിപ്പിക്കൂ. ഏവരുടെയും പ്രശംസ നേടുന്നതോടൊപ്പം നിങ്ങള്‍ക്ക് ആനന്ദത്തോടെ ശാസ്ത്രം പഠിക്കാം.

 ഗ്ളാസില്‍ വിരിയും മഴവില്ല്
മഴവില്ലിലെ വര്‍ണങ്ങളായ വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവ ക്രമമായി ഏഴ് ഗ്ളാസുകളിലെ നിറമില്ലാത്ത ദ്രാവകങ്ങളില്‍ ഉണ്ടാക്കാവുന്ന ഒരു മാജിക്ക് പരിചയപ്പെടാം. ഇത് കാണികളെ ഏറെ അദ്ഭുതപ്പെടുത്തും. ഏഴ് ഗ്ളാസുകള്‍, ഏതെങ്കിലും ഒരു ആസിഡ്, ഒരു ആല്‍ക്കലി, യൂനിവേഴ്സല്‍ ഇന്‍ഡിക്കേറ്റര്‍, ഡ്രോപ്പര്‍ എന്നിവയാണ് ഇതിനു വേണ്ട സാമഗ്രികള്‍.
മുന്നൊരുക്കങ്ങള്‍: ഏഴ് ഗ്ളാസുകള്‍ മേശപ്പുറത്ത് ഒരു വരിയായി നിരത്തി വെക്കണം. വെള്ളപ്പേപ്പറിനോ തെര്‍മോകോളിനോ മുകളില്‍ വെക്കുന്നത് നിറവ്യത്യാസം വ്യക്തമായി കാണാന്‍ സഹായകമാകും. മധ്യത്തിലുള്ള ഗ്ളാസില്‍ വെള്ളമെടുക്കുക. ഇതിന്‍െറ ഇടതുവശത്തുള്ള  ഗ്ളാസുകളില്‍ വ്യത്യസ്ത ഗാഢതയുള്ള ആസിഡും വലതു വശത്തുള്ള ഗ്ളാസുകളില്‍ വ്യത്യസ്ത ഗാഢതയുള്ള ആല്‍ക്കലിയും എടുക്കുക. ദ്രാവകങ്ങളുടെ പി.എച്ച് മൂല്യം ഇടത്തുനിന്ന് വലത്തോട്ട് 1, 2, 4, 7, 9, 10, 12 എന്നിങ്ങനെ ക്രമാനുഗതമായി കൂടിവരുന്ന രീതിയില്‍ വേണം ഗ്ളാസുകള്‍ ക്രമീകരിക്കാന്‍. എല്ലാ ഗ്ളാസുകളിലും ഒരേ അളവില്‍ ദ്രാവകങ്ങള്‍ എടുക്കണം.
അവതരണം: ‘പണ്ട് താന്‍സന്‍ എന്ന മഹാസംഗീതജ്ഞന്‍ പാട്ടുപാടി മഴ പെയ്യിച്ചിരുന്നു എന്നൊരു ഐതിഹ്യമുണ്ട്. എനിക്ക് മാജിക്കിലൂടെ മഴവില്ല് വരുത്താന്‍ കഴിയും. ആകാശത്തല്ല, ഈ ഗ്ളാസുകളില്‍’ എന്ന മുഖവുരയോടെ മാജിക്ക് തുടങ്ങാം. ഒരു ഡ്രോപ്പര്‍ ഉപയോഗിച്ച് ഗ്ളാസുകളിലേക്ക് വലത്തുനിന്ന് ഇടത്തോട്ട് എന്ന ക്രമത്തില്‍  മൂന്നോ നാലോ തുള്ളി യൂനിവേഴ്സല്‍ ഇന്‍ഡിക്കേറ്റര്‍ ഉറ്റിച്ച ശേഷം ഗ്ളാസുകള്‍ ഒന്ന് ചുഴറ്റണം. ഗ്ളാസുകളിലെ ദ്രാവകങ്ങള്‍ ക്രമമായി മഴവില്‍ വര്‍ണങ്ങള്‍ ആര്‍ജിക്കും.
തത്ത്വം: യൂനിവേഴ്സല്‍ ഇന്‍ഡിക്കേറ്റര്‍ ഒരേസമയം ആസിഡിന്‍െറയും ആല്‍ക്കലിയുടെയും സൂചകമാണ്. അതോടൊപ്പം അവയുടെ പി.എച്ച് മൂല്യത്തിനനുസരിച്ച് വിവിധ വര്‍ണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു (പി.എച്ച് മൂല്യം 1-ചുവപ്പ്, 2-ഓറഞ്ച്, 3-4- മഞ്ഞ, 7 ഇളം പച്ച, 9-നീല, 10-ഇന്‍ഡിഗോ, 10ന് മുകളില്‍ വയലറ്റ് എന്നിങ്ങനെ).
മറ്റു സാധ്യതകള്‍: വീട്ടില്‍ ലഭ്യമായ സാമഗ്രികള്‍ ഉപയോഗിച്ചും ഈ മാജിക്ക് നിങ്ങള്‍ക്ക് ചെയ്യാം. യൂനിവേഴ്സല്‍ ഇന്‍ഡിക്കേറ്ററിനു പകരം സൂചകമായി  ചുവന്ന കാബേജ് തിളപ്പിച്ച ജലം ഉപയോഗിക്കാം. കൂടുതല്‍ അളവില്‍ ഉപയോഗിക്കേണ്ടി വരുമെന്ന് മാത്രം. ആസിഡായി വിനാഗിരി (അസെറ്റിക് ആസിഡ്) ഉപയോഗിച്ചാല്‍തന്നെ ചുവപ്പ് ഒഴികെയുള്ള നിറങ്ങള്‍ കിട്ടും. ആല്‍ക്കലിയായി ചുണ്ണാമ്പ് വെള്ളം ഉപയോഗിക്കാം.

കൂട്ടുകൂടല്‍ കരുതലോടെ
വീട്ടില്‍ ലഭ്യമായ സാമഗ്രികള്‍ മാത്രമുപയോഗിച്ച്  ചെയ്യാവുന്ന ഒരു ശാസ്ത്രമാജിക്കാണിത്. പതിമുഖം നന്നായി തിളപ്പിച്ച് പിങ്ക് നിറം വരുത്തിയ വെള്ളം, ഒരു ചെറുനാരങ്ങ, ഒരു നുള്ള് ചുണ്ണാമ്പ്, ആറ് ഗ്ളാസ് ടംബ്ളറുകള്‍ എന്നിവയാണ് ഇതിനു വേണ്ട സാമഗ്രികള്‍.
മുന്നൊരുക്കങ്ങള്‍: മേശപ്പുറത്ത് മൂന്നുവീതം ഗ്ളാസുകള്‍ രണ്ട് കൂട്ടങ്ങളായി വെക്കുക. ഓരോ കൂട്ടത്തിലെയും രണ്ട് വീതം ഗ്ളാസുകളില്‍ പതിമുഖവെള്ളമെടുക്കുക. ഇടതുഭാഗത്തുള്ള കൂട്ടത്തിലെ കാലിഗ്ളാസില്‍ ഒരുനുള്ള്  ചുണ്ണാമ്പ് നിക്ഷേപിക്കണം. വലതുഭാഗത്തെ  കൂട്ടത്തിലെ മൂന്ന് ഗ്ളാസുകളിലും രണ്ടോ മൂന്നോ തുള്ളി നാരങ്ങനീര് ചേര്‍ക്കണം. ഇതോടെ അവയിലെ പതിമുഖവെള്ളത്തിന്‍െറ നിറം മഞ്ഞയാകും. ഇടതു ഭാഗത്തുള്ള കാലി ഗ്ളാസിലെ ചുണ്ണാമ്പും വലതു ഭാഗത്തുള്ള കാലി ഗ്ളാസിലെ നാരങ്ങനീരും ഇത്തിരി മാത്രമായതിനാല്‍ സദസ്യരുടെ കണ്ണില്‍ പെടില്ല.
അവതരണം: ‘കൂട്ടുകെട്ട് നമ്മുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന ഒരു മാജിക്ക് ആണിത്’ എന്ന മുഖവുരയോടെ ഇടതുഭാഗത്തെ ഒരു ഗ്ളാസിലെ പതിമുഖവെള്ളം വലതുഭാഗത്തെ കാലി ഗ്ളാസിലേക്കൊഴിക്കാം. അതോടെ അത് മഞ്ഞനിറമായി മാറുന്നു. ശേഷം അത് തിരിച്ച് ഇടതുഭാഗത്തുള്ള കാലി ഗ്ളാസിലേക്കൊഴിക്കണം. അതോടെ അതിന് പിങ്ക് നിറം തിരിച്ച് ലഭിക്കുന്നു. ‘കൂട്ടുകെട്ട് സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലായില്ളേ?’ എന്ന ചോദ്യത്തോടെ മാജിക്ക് അവസാനിപ്പിക്കാം.
തത്ത്വം: പതിമുഖം ആസിഡിന്‍െറ സൂചകമാണ്. പിങ്ക് നിറമുള്ള പതിമുഖവെള്ളം നാരങ്ങനീരിലടങ്ങിയ സിട്രിക് ആസിഡിന്‍െറ സാന്നിധ്യത്തില്‍ മഞ്ഞയായി മാറുന്നു. ഈ വെള്ളം തിരിച്ച് ആല്‍ക്കലിയായ ചുണ്ണാമ്പുള്ള (കാല്‍സ്യം ഹൈഡ്രോക്സൈഡ്) ഗ്ളാസിലേക്കൊഴിക്കുമ്പോള്‍ ആസിഡ് നിര്‍വീര്യമാകുന്നതിനാല്‍ പിങ്ക് നിറം തിരിച്ച് ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നാരങ്ങനീരിന്‍െറ അളവ് കൂടിപ്പോയാല്‍ പരീക്ഷണം പരാജയപ്പെടും. പതിമുഖവെള്ളത്തിന് നല്ല പിങ്ക് നിറം ഉണ്ടാവണം. ഇതിന് പതിമുഖം നന്നായി തിളപ്പിക്കണം.

അമിതമായാല്‍ അമൃതും വിഷം
വിവിധ വസ്തുക്കളുടെ അമിതോപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ളാസുകള്‍ക്ക് (ഉദാഹരണമായി ഭക്ഷണത്തിലെ കൊഴുപ്പിന്‍െറ ആധിക്യം) ഈ മാജിക്ക് പ്രയോജനപ്പെടുത്താം. വിനാഗിരി, സോഡിയം ഹൈഡ്രോക്സൈഡ്, ഫിനോള്‍ഫ്തലിന്‍, രണ്ട് ഗ്ളാസ് ടംബ്ളറുകള്‍ എന്നിവയാണ് ഇതിനുവേണ്ട സാമഗ്രികള്‍.
മുന്നൊരുക്കങ്ങള്‍: ഒരു ഗ്ളാസില്‍ പകുതി ഭാഗം ജലമെടുത്ത് സോഡിയം ഹൈഡ്രോക്സൈഡിന്‍െറ രണ്ട് ക്രിസ്റ്റലുകള്‍ അതില്‍ ലയിപ്പിക്കണം. മറ്റേ ഗ്ളാസില്‍ പകുതി ഭാഗം വിനാഗിരി എടുത്ത് അതില്‍ നാലഞ്ച് തുള്ളി ഫിനോള്‍ഫ്തലിന്‍ ചേര്‍ക്കണം. ഇപ്പോള്‍ രണ്ട് ഗ്ളാസുകളിലെ ദ്രാവകങ്ങള്‍ക്കും ഒരു നിറവുമുണ്ടാവില്ല. ഇവ തിരിച്ചറിയാനായി ഗ്ളാസുകളില്‍ എന്തെങ്കിലും അടയാളമിടുന്നത് നന്നാവും.
അവതരണം: ‘നിറമില്ലാത്ത ഈ ദ്രാവകങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം’ എന്ന മുഖവുരയോടെ മേശപ്പുറത്തെ ഗ്ളാസിലിരിക്കുന്ന ഫിനോള്‍ഫ്തലിന്‍ ചേര്‍ത്ത വിനാഗിരിയില്‍നിന്ന് അല്‍പം മറ്റേ ഗ്ളാസിലേക്ക് പകരണം. അതോടെ രണ്ടാമത്തെ ഗ്ളാസിലെ ദ്രാവകത്തിന്‍െറ നിറം പിങ്കായി മാറുന്നത് കണ്ട് സദസ്സ് അദ്ഭുതപ്പെടും. ‘അമിതമായാല്‍ അമൃതും വിഷം എന്നാണല്ളോ പഴമൊഴി. ഈ പഴഞ്ചൊല്ല് മാജിക്കിന്‍െറ കാര്യത്തില്‍ ശരിയാകുമോ എന്നു നോക്കാം’ എന്ന് പറഞ്ഞുകൊണ്ട് ഈ ഗ്ളാസിലേക്ക് കൂടുതല്‍ വിനാഗിരി ഒഴിക്കണം. അതോടെ നേരത്തേ ലഭിച്ച പിങ്ക് നിറം അപ്രത്യക്ഷമാകും. ഇത് കാണികളെ കൂടുതല്‍ അദ്ഭുതപ്പെടുത്തും. 
തത്ത്വം: നിറമില്ലാത്ത ഫിനോള്‍ഫ്തലിന്‍ ആല്‍ക്കലിയില്‍ പിങ്ക് നിറം കാണിക്കുന്നു.  ആസിഡ് സ്വഭാവമുള്ള  വിനാഗിരിയിലാണല്ളോ നാം ഫിനോള്‍ഫ്തലിന്‍ ചേര്‍ത്തിരുന്നത്. ആസിഡില്‍ അത് ഒരു നിറവും കാണിക്കുന്നില്ല. ഈ വിനാഗിരിയില്‍നിന്ന് ഇത്തിരി മാത്രം ആല്‍ക്കലിയായ സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിലേക്ക് ചേര്‍ക്കുന്നതോടെ അതില്‍ നാം ചേര്‍ത്തിരുന്ന ഫിനോള്‍ഫ്തലിന്‍െറ സാന്നിധ്യംമൂലം ലായനിക്ക് പിങ്ക് നിറം വരുന്നു. എന്നാല്‍, കൂടുതല്‍ വിനാഗിരി  ചേര്‍ക്കുന്നതോടെ നിര്‍വീരീകരണം നടന്ന് നിറം നഷ്ടപ്പെടുന്നു.

അക്ഷരങ്ങളെ 
വിളിച്ചുണര്‍ത്താം
ആര്‍ക്കും അനായാസം ചെയ്യാവുന്നതാണ് ഈ മാജിക്ക്. ഗാഢ സോഡിയം ഹൈഡ്രോക്സൈഡ് ലായനി, ഫിനോഫ്തലിന്‍ ലായനി, സ്പ്രേയര്‍, ബീക്കര്‍, പോയന്‍റ് ബ്രഷ്-2, ചാര്‍ട്ട് പേപ്പര്‍ എന്നിവയാണ് ഇതിനു വേണ്ട സാമഗ്രികള്‍.
മുന്നൊരുക്കങ്ങള്‍: ചാര്‍ട്ട് പേപ്പര്‍ രണ്ടായി മുറിച്ചെടുത്ത് ഒരു പകുതി ഫിനോള്‍ഫ്തലിന്‍ ലായനിയില്‍ മുക്കി ഉണക്കിയെടുക്കണം. ശേഷം രണ്ട് ചാര്‍ട്ട് കഷണങ്ങളും ബോര്‍ഡില്‍ ഒട്ടിച്ചുവെക്കണം. സ്പ്രേയറില്‍ ഫിനോള്‍ഫ്തലിന്‍ ലായനിയും ബീക്കറില്‍ ഗാഢ സോഡിയം ഹൈഡ്രോക്സൈഡ് ലായനിയും നിറച്ച് മേശപ്പുറത്ത് ഒരുക്കിവെക്കണം. ബീക്കറിനകത്ത് രണ്ട് പോയന്‍റ് ബ്രഷുകളും ഉണ്ടാവണം.
സദസ്സില്‍നിന്ന് രണ്ടുപേരെ വിളിച്ച് പോയന്‍റ് ബ്രഷുകളുപയോഗിച്ച് ബോര്‍ഡിലൊട്ടിച്ച ചാര്‍ട്ടുകളില്‍ ‘സയന്‍സ് മാജിക്ക്’ എന്നെഴുതാന്‍ ആവശ്യപ്പെടണം. നേരത്തേ ഫിനോള്‍ഫ്തലിന്‍ ലായനിയില്‍ മുക്കിയ ചാര്‍ട്ടില്‍ മാത്രം പിങ്ക് നിറത്തില്‍ അക്ഷരങ്ങള്‍ തെളിയും. 
‘മറ്റേ ചാര്‍ട്ടിലെ അക്ഷരങ്ങള്‍ മടിപിടിച്ചുറങ്ങുകയാണ്, നമുക്ക് അവയെ വെള്ളം തളിച്ച് ഉണര്‍ത്താം’ എന്ന കമന്‍േറാടെ അതിലേക്ക് സ്പ്രേയറിലെ ഫിനോള്‍ഫ്തലിന്‍ ലായനി സ്പ്രേ ചെയ്യണം. അതോടെ അതിലും പിങ്ക് നിറത്തില്‍ അക്ഷരങ്ങള്‍ തെളിയും.
തത്ത്വം: ഫിനോള്‍ഫ്തലിന്‍ ആല്‍ക്കലിയുടെ ഒരു സൂചകമാണ്. 
അത് ആല്‍ക്കലിയായ സോഡിയം ഹൈഡ്രോക്സൈഡുമായി ചേരുമ്പോള്‍ പിങ്ക് നിറം കാണിക്കുന്നു.