പുസ്തക വെളിച്ചം
നിഴലും വഴിയും തിരിച്ചറിയാതെ...
  • പ്രഫ. എം. ഹരിദാസ്​
  • 12:42 PM
  • 31/07/2018

കഥാസാഹിത്യം സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന നവോത്ഥാന ഘട്ടത്തിൽനിന്ന് പ്രശ്നങ്ങൾ വൈകാരികതയോടെ അവതരിപ്പിക്കുന്ന രീതിയിലേക്ക് പരിവർത്തനം 
ചെയ്ത കാലഘട്ടത്തിലെ എഴുത്തുകാരിയാണ് രാജലക്ഷ്മി. വ്യക്തിയുടെ മോഹങ്ങൾ, മോഹഭംഗങ്ങൾ, വേദനകൾ, നുള്ളു നുറുങ്ങ് സന്തോഷങ്ങൾ ഒക്കെയാണ് അക്കാലത്ത് കഥാരചന ആരംഭിച്ചവരുടെ ഇഷ്​ടവിഷയങ്ങൾ

ഏതാനും ചെറുകഥകളും രണ്ട്​ നോവലും എഴുതി മലയാള കഥാകൃത്തുക്കൾക്കിടയിൽ ശ്രേഷ്​ഠ പദവിയിലേക്ക് എത്തിക്കൊണ്ടിരുന്ന വേളയിലാണ്, ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ച് രാജലക്ഷ്മി എന്ന എഴുത്തുകാരി തിരോധാനം ചെയ്തത്. സ്വാനുഭവങ്ങൾ രചനകൾക്ക് ആധാരമാക്കിയപ്പോൾ അടുത്ത ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഉണ്ടായ പ്രതികൂല പ്രതികരണങ്ങളാൽ  മനസ്സ് വ്യാകുലമായതാണ് ആത്മഹത്യ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് ചിലർ പറയുന്നു. മാരകരോഗബാധയാണ് മരണകാരണമെന്നും വാദമുണ്ട്. ഒരു കഥാകൃത്ത് എന്ന നിലയിൽ അവരുടെ  രചനാശൈലിയും ജീവിതത്തെക്കുറിച്ചുള്ള കാഴ്​ചപ്പാടും പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട കൃതിയാണ് 1959ൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രഥമനോവലായ ‘ഒരു വഴിയും കുറെ നിഴലുകളും’. നോവലിസ്​റ്റി​െൻറ 29ാം വയസ്സിൽ ആ കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ നോവൽ അവാർഡ് ലഭിക്കുകയും ചെയ്തു.
കഥാസാഹിത്യം സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന നവോത്ഥാന ഘട്ടത്തിൽനിന്ന് വൈയക്തിക പ്രശ്നങ്ങൾ വൈകാരികതയോടെ അവതരിപ്പിക്കുന്ന രീതിയിലേക്ക് പരിവർത്തനം ചെയ്ത കാലഘട്ടത്തിലെ എഴുത്തുകാരിയാണ് രാജലക്ഷ്മി. വ്യക്തിയുടെ മോഹങ്ങൾ, മോഹഭംഗങ്ങൾ വേദനകൾ, നുള്ളു നുറുങ്ങ് സന്തോഷങ്ങൾ ഒക്കെയാണ് അക്കാലത്ത് കഥാരചന ആരംഭിച്ചവരുടെ ഇഷ്​ടവിഷയങ്ങൾ. കേന്ദ്ര കഥാപാത്രമായ രമണിയുടെ ജീവിതത്തിനും അവളുടെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കുമാണ് ഈ നോവലിൽ പ്രാധാന്യം. കർക്കശക്കാരനായ അച്ഛൻ, രോഗിണിയായ അമ്മ, വീട്ടുകാര്യങ്ങൾ നോക്കുന്ന ചെറിയമ്മ, വഴക്കടിക്കാൻ വരുന്ന അനിയൻ ഗോപു എന്നിവരടങ്ങുന്ന കുടുംബാന്തരീക്ഷത്തിൽ രമണിക്ക് ഒട്ടുംതന്നെ സ്വാസ്ഥ്യം ലഭിച്ചില്ല. അടുത്തുതന്നെ താമസിക്കുന്ന അച്ഛൻ പെങ്ങളുടെ മകൻ അപ്പുവേട്ടനൊത്തുള്ള സ്കൂൾയാത്ര മാത്രമായിരുന്നു സന്തോഷം നൽകിയിരുന്ന ഏക അനുഭവം. കൊച്ചച്ഛൻ എന്ന് അവൾ വിളിച്ചിരുന്ന അപ്പുവി​െൻറ അച്ഛനിൽനിന്ന്, സ്വന്തം അച്ഛനിൽനിന്ന് ലഭിക്കാത്ത സ്നേഹം രമണിക്ക് ലഭിച്ചു. സ്വന്തം ഇഷ്​ടത്തിനെതിരായി വിവാഹം കഴിച്ച സഹോദരിയുടെ വീടുമായുള്ള ബന്ധം അച്ഛൻ വിലക്കിയിരുന്നു. എങ്കിലും, പാത്തും പതുങ്ങിയും അവൾ ആ വീടുമായി അടുത്തബന്ധം സ്ഥാപിച്ചിരുന്നു. അതു കൊണ്ടുതന്നെ കൊച്ചച്ഛ​െൻറ ആകസ്മികമായ മരണം അവളെ  ഉലച്ചു. അത് അവളെ വിഷാദവതിയും മൗനിയുമാക്കി മാറ്റി.
അപ്പുവേട്ടനുമായുള്ള രമണിയുടെ അടുപ്പം അവസാനിപ്പിക്കുന്നതിനുവേണ്ടി അവൻ പഠിക്കുന്ന കോളജിൽനിന്ന് വളരെ ദൂരെയുള്ള  പട്ടണത്തിലെ കോളജിലാണ് അച്ഛൻ രമണിയെ ചേർത്തത്. അപ്പുവേട്ടനുമായി ഉണ്ടായിരുന്ന ഹൃദയബന്ധത്തിന് ഇളക്കം തട്ടിയി​െല്ലങ്കിലും, സാമീപ്യ സമ്പർക്കങ്ങളുടെ അഭാവം അതി​െൻറ തീക്ഷ്ണത കുറച്ചു. കോളജിൽ രമണിക്ക് ചുറ്റും പുരുഷ കേസരിമാർ പലരും ഭ്രമണം ചെയ്തു. കവിത എഴുതുകയും സാഹിത്യതാൽപര്യം വെച്ചുപുലർത്തുകയും ഇംഗ്ലീഷ് ബി.എ ഓണേഴ്സിന്​ പഠിക്കുകയും ചെയ്യുന്ന അവളെ സ്വന്തമാക്കാൻ പലരും മോഹിച്ചു. ഹോസ്​റ്റലിൽ റൂംമേറ്റായിരുന്ന അമ്മുവി​െൻറ ചേട്ടൻ, ക്ലാസ്​മേറ്റായിരുന്ന ബാലചന്ദ്രൻ, ഓണേഴ്സിന് ഒപ്പം പഠിച്ച ഗോപിനാഥ മേനോൻ, ഇംഗ്ലീഷ് അധ്യാപകനായ പണിക്കർ മാഷ്, മലയാളം അധ്യാപകനായ  മാധവമേനോൻ മാഷ്... പട്ടിക നീണ്ടു. അവരിൽ മാധവമേനോനോട് രമണിക്കും ആഭിമുഖ്യം തോന്നിയിരുന്നു. അതിനാൽ, അച്ഛൻ നിർദേശിച്ച വിവാഹാലോചന  അവൾ നിരസിച്ചു. എന്നാൽ, എം.ബി.ബി.എസ് വിദ്യാർഥിയായിരുന്ന അനുജനെക്കൊണ്ട് അയാളുടെ സഹോദരിയെ  മാറ്റക്കല്യാണം നടത്തിക്കണമെന്ന ആവശ്യം മാധവമേനോൻ ഉന്നയിച്ചതോടെ ആ ബന്ധത്തിൽനിന്ന്​ അവൾ പിന്മാറി. ഇതിനകം ക്ഷയരോഗബാധിതനായിരുന്ന അപ്പുവി​െൻറ വിവരങ്ങൾ രമണി അറിയാൻ വൈകി. അയാൾ അയച്ച കത്തുകളൊന്നും അവൾ പൊട്ടിച്ചു നോക്കിയിരുന്നില്ല. കുറ്റബോധം നീറ്റുന്ന മനസ്സോടെ  അപ്പുവിന് താങ്ങും തണലുമാകുന്നതിന് അച്ഛനെ ധിക്കരിച്ച് അവൾ വീടുവിട്ടിറങ്ങുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. അതാണ്, അതുമാത്രമാണ് ത​െൻറ വഴിയെന്ന് തിരിച്ചറിഞ്ഞ അവൾ, മറ്റെല്ലാം നിഴലുകളായിരുന്നു എന്നുകൂടി മനസ്സിലാക്കുന്നു. ത​െൻറ വഴി ഏതെന്ന് തിരിച്ചറിയുന്നി​െല്ലന്നത് ജീവിതത്തിൽ പലരും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ്. രമണിയുടെ പ്രശ്നവും അതായിരുന്നു പഠനത്തിലൂടെയും വായനയിലൂടെയും ചിന്താശക്തി വികസിപ്പിച്ചെടുത്ത് സ്വന്തം വഴി സ്വയം  തിരഞ്ഞെടുക്കാൻ കരുത്താർജിച്ച കഥാനായികയെ അവതരിപ്പിക്കുന്ന നോവൽ എന്ന ചരിത്രപരമായ പ്രാധാന്യംകൂടി ഈ കൃതിക്കുണ്ട്.

ജീവിതരേഖ
രാജലക്ഷ്​മി ടി.എ.

  • ജനനം: 1930 ജനുവരി രണ്ടിന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ
  • പദവി: ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ അധ്യാപിക
  • കൃതികൾ: ഒരു ഗദ്യകവിത, 7 ചെറുകഥ, രണ്ട് നോവൽ
  • പുരസ്കാരങ്ങൾ: കേരള സാഹിത്യ അക്കാദമി നോവൽ പുരസ്കാരം
  • മരണം: 1965 ജനുവരി 18