നിറം മാറുന്ന കുന്ന്​
  • ആഷിഖ്​ മുഹമ്മദ്​
  • 03:15 PM
  • 03/07/2019

കുന്നുകൾക്കിടയിലെ ഓന്ത്. കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടല്ലേ? ദക്ഷിണ ആസ്‌ട്രേലിയയിലെ മൗണ്ട് ഓൾഗാ ദേശീയ പാർക്കിന് സമീപമുള്ള അയേഴ്‌സ് പാറ (ഉലുരു) ആണ് കക്ഷി. ഇൗ വലിയ കുന്ന്​ എല്ലാ ദിവസവും എല്ലാ സീസണിലും നിറം മാറാറുണ്ട്. 1873ൽ ഡബ്ല്യു.ജി. ഗോസേ എന്ന ഇംഗ്ലീഷ് സഞ്ചാരിയാണ് ഈ കുന്ന് കണ്ടെത്തിയത്​. കോഴിമുട്ടയുടെ ആകൃതിയിലുള്ള കുന്നിന് സാധാരണയായി ചുവപ്പ് നിറമാണ്. സൂര്യോദയ സമയത്തും അസ്‌തമയ സമയത്തും ഇതി​െൻറ വർണങ്ങളിൽ കൗതുകകരമായ മാറ്റങ്ങളുണ്ടാകുന്നു. പ്രഭാത സമയത്ത് കുന്നിന് തീപിടിച്ചതുപോലുള്ള ചുവപ്പുനിറമാണ്. കടും ചുവപ്പു നിറത്തിലുള്ള തീജ്വാലകൾ ആ സമയം പുറത്തേക്കുവരുന്നതായി നമുക്കു തോന്നും. സായാഹ്നങ്ങളിലാവട്ടെ കുന്നിനുമേൽ വയലറ്റ് നിറത്തിലുള്ള നിഴലുകൾ പ്രത്യക്ഷപ്പെടുന്നതായി തോന്നും. സൂര്യോദയം മുതൽ അസ്തമയംവരെയുള്ള സമയങ്ങളിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, വയലറ്റ്, കറുപ്പ് എന്നിങ്ങനെ പല നിറങ്ങളിൽ ഇവ കാണപ്പെടുന്നു. ഏഴ്​ കിലോമീറ്റർ നീളവും 2.4 കി.മീറ്റർ വീതിയുമുള്ള ഈ കുന്നി​െൻറ ഉയരം 34.8 കിലോമീറ്ററാണ്. ഉഷ്‌ണം നിറഞ്ഞ കാലാവസ്ഥയുള്ള ഇവിടെ വാർഷിക വർഷാനുപാതം 284.6 മില്ലിമീറ്റർ മാത്രമാണ്. വേനൽക്കാലങ്ങളിൽ 37.8  ഡിഗ്രി വരെ ചൂട് അനുഭവപ്പെടുന്ന ഇവിടെ ശൈത്യകാലത്താവട്ടെ താപനില 4.7 ഡിഗ്രി മാത്രമാവും. 
മണൽക്കല്ലുകൾകൊണ്ട് രൂപവത്​കൃതമായ ഇവിടം സൂര്യരശ്‌മികൾ പതിക്കുമ്പോഴാണ് വിവിധ വർണങ്ങളിൽ കാണപ്പെടുന്നത്. സൂര്യരശ്‌മികളിൽ ഓറഞ്ചും ചുവപ്പും വർണങ്ങൾ കൂടുതലായി ഉള്ളതിനാലും  കുന്നിലെ മണൽക്കല്ലുകളുടെ സവിശേഷത കൊണ്ടും രാവിലെയും വൈകീട്ടും ഓറഞ്ചും ചുവപ്പും വർണങ്ങളിൽ കുന്ന് കാണപ്പെടുന്നു. ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്തെന്നാൽ 415ഓളം സ്പീഷിസുകളിൽപെട്ട തദ്ദേശീയ സസ്യങ്ങളും 21 സ്പീഷിസുകളിൽപെട്ട സസ്തനികളും വിവിധ വർണങ്ങളിലുള്ള പക്ഷികളും ഉരഗങ്ങളും മുതൽ പ്രാണികൾവരെ ഈ കുന്നിൻചരിവിൽ വസിക്കുന്നുണ്ടത്രേ.
ആസ്‌ട്രേലിയയിലെ ഗിരിവർഗക്കാർക്ക് ഏറെ പ്രിയമുള്ള ഇവിടേക്ക് യാത്രക്കാർക്ക് എത്തിച്ചേരാൻ പ്രയാസമായിരുന്നു. എന്നാൽ, ഇപ്പോൾ ആധുനിക രീതിയിലുള്ള റോഡുകളും മറ്റും പണിതിട്ടുണ്ട്. ഇന്ന് ഇതൊരു വിനോദസഞ്ചാര കേന്ദ്രമായിക്കഴിഞ്ഞു. വർഷത്തിൽ നാലുലക്ഷത്തോളം സന്ദർശകർ ഇവിടെ എത്താറുണ്ടെന്നാണ്​ കണക്ക്​. ഈ കുന്നിനുസമീപം 487 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൗണ്ട് ഓൾഗാ ദേശീയ പാർക്ക് ആസ്‌ട്രേലിയൻ ഗവൺമെൻറ് സ്ഥാപിച്ചിട്ടുണ്ട്.