സ്കൂൾ പച്ച
നിയമസഭയും മന്ത്രിസഭകളും
  • അമീർ സാദിഖ്​
  • 12:58 PM
  • 01/1/2018

നിയമസസഭ, നിയമം നിർമിക്കാനുള്ള സഭ. കേരള സംസ്ഥാനത്തി​െൻറ പരമോന്നത നിയമനിർമാണ സഭയാണ്​ നിയമസഭ. ഇതൊരു ഏകമണ്ഡല സഭയാണ്, ജനപ്രതിനിധി സഭ​. തിരുവനന്തപുരമാണ്​ നിയമസഭയുടെ ആസ്ഥാനം. കേരളത്തി​െൻറ ഭൂമിശാസ്ത്ര അതിർത്തികൾക്കുള്ളിലെ 140 നിയമസഭ മണ്ഡലങ്ങളിൽനിന്ന്​ പ്രായപൂർത്തി വോട്ടവകാശത്തി​െൻറ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിട്ട്​ തെര​ഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ്​ നിയമസഭയിലെ അംഗങ്ങൾ. കൂടാതെ ഇന്ത്യൻ ഭരണഘടനയി​ലെ പ്രത്യേക വകുപ്പ്​ പ്രകാരം കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ ജനവിഭാഗങ്ങൾക്കിടയിൽനിന്ന്​ ഗവർണർ നാമനിർദേശം ചെയ്യുന്ന ഒരു പ്രതിനിധിയും സഭയിൽ അംഗമാവും. എന്നാൽ,​ ആ പ്രതിനിധിക്ക്​ വോട്ടവകാശമില്ല. നിയമസഭ വിളിച്ചുചേർക്കാനും നിർത്തിവെക്കാനും പിരിച്ചുവിടാനുമുള്ള അധികാരം ഭരണഘടനയനുസരിച്ച്​ ഗവർണർക്കാണ്​. മുഖ്യമന്ത്രിയാണ്​ സഭാനേതാവ്​. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെയാണ്​ പ്രതിപക്ഷ നേതാവായി സ്​പീക്കർ അംഗീകരിക്കുന്നത്. അഞ്ചു വർഷമാണ്​ നിയമസഭയുടെ കാലാവധി. എന്നാൽ, അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളിൽ നിയമസഭയുടെ കാലയളവ്​ ഒരുവർഷം വരെ നീട്ടിയ ചരിത്രമുണ്ട്​. പാർലമെൻറിന്​ നിയമനിർമാണത്തിലൂടെ അത്​ ചെയ്യാനുള്ള അധികാരമുണ്ട്​.
 
സ്​പീക്കർ
സഭയിലെ നടപടികൾ നിയന്ത്രിക്കാൻ നിയമസഭയിലെ അംഗങ്ങൾ ഭൂരിപക്ഷ തീരുമാനമനുസരിച്ച്​ തെരഞ്ഞെടുക്കുന്ന സ്​പീക്കറാണ്​ സഭയിലെ അധ്യക്ഷൻ. സ്​പീക്കറെ സഹായിക്കാൻ ഡെപ്യൂട്ടി സ്​പീക്കറെയും അംഗങ്ങൾ തെരഞ്ഞെടുക്കും. ഒന്നിലധികം തവണ നിയമസഭ സ്​പീക്കറായവർ വക്കം പുരുഷോത്തമനും തേറമ്പിൽ രാമകൃഷ്​ണനുമാണ്​. വക്കം പുരുഷോത്തമനാണ്​ ഏറ്റവും കൂടുതൽ കാലം സ്​പീക്കറായ വ്യക്തി. ഏറ്റവും കുറവ്​ കാലം സ്​പീക്കറായത്​ എ.സി. ജോസാണ്​. അഞ്ചുവർഷം കാലാവധി തികച്ചത്​ രണ്ടു സ്​പീക്കർമാരാണ്​- എം. വിജയകുമാർ, കെ. രാധാകൃഷ്​ണൻ. 

കേരള നിയമസഭ ചരിത്രം
ഇന്ന്​ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും നിയമസഭകളുണ്ട്​. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളും അഞ്ചുവർഷം കൂടു​േമ്പാൾ നടക്കാറുണ്ട്​. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭരണപ്രക്രിയയിൽ ഒഴിച്ചുകൂടാനാകാത്ത നിയമസഭ സംവിധാനം സ്വാതന്ത്ര്യത്തിനുമുമ്പ്​ തന്നെ നമ്മുടെ കേരളത്തിൽ നിലവിലുണ്ടായിരുന്നു. അതെ, കേരളത്തിൽ ഇന്ന്​ നിലവിലുള്ള നിയമസഭ സംവിധാനത്തിന്​ വഴിമരുന്നിട്ടത് 1800കളിൽ​ തിരുവിതാംകൂർ മഹാരാജാവി​െൻറ പരീക്ഷണങ്ങളായിരുന്നു.

തിരുവിതാംകൂർ ലെജിസ്ലേറ്റിവ്​ കൗൺസിൽ
1888ൽ ശ്രീമൂലം തിരുനാൾ വാണിരുന്ന കാലത്ത്​ തിരുവിതാംകൂറിലാണ്​ ആദ്യമായി ഒരു നിയമനിർമാണ സഭ രൂപംകൊള്ളുന്നത്​. അന്ന്​ രാജ്യത്തി​െൻറ അവസ്ഥ എങ്ങ​നെയായിരുന്നു എന്നറിയുമോ? 600ൽപരം നാട്ടുരാജ്യങ്ങളായി വിഘടിച്ചു നിൽക്കുകയായിരുന്നു നമ്മുടെ ഇന്ത്യ. ഇന്ത്യയുടെ തെക്കേ അറ്റത്ത്​ സ്ഥിതി ചെയ്തിരുന്ന തിരുവിതാംകൂറിൽ ‘തിരുവിതാംകൂർ ലെജിസ്ലേറ്റിവ്​ കൗൺസിൽ’ എന്നപേരിൽ ആദ്യത്തെ നിയമനിർമാണ സഭ ഉദയംകൊണ്ടു. 19ാം നൂറ്റാണ്ടു മുതലേ ഇവിടെ പരിഷ്​കൃത സമൂഹമായിരുന്നു എന്ന്​ പറയാം. രാജാവും വിദ്യാസമ്പന്നരും സാമൂഹിക ബോധത്തിൽ മുന്നിട്ടുനിൽക്കുന്ന തിരുവിതാംകൂറിലെ ജനങ്ങളും ചേർന്ന്​ സ്ഥാപിച്ചതായിരുന്നു ആദ്യത്തെ ലെജിസ്ലേറ്റിവ്​ കൗൺസിൽ. ആറ്​ ഉദ്യോഗസ്ഥരും രണ്ട്​ ജീവനക്കാരും ചേർന്നതായിരുന്നു സമിതി. 1888 ആഗസ്​റ്റ്​​ 23ന്​ ഉച്ചക്ക്​ 12 മണിക്ക്​​ ദിവാ​െൻറ അധ്യക്ഷതയിൽ കൗൺസിലി​െൻറ പ്രഥമ സമ്മേളനം ചേർന്നു. 

ശ്രീമൂലം പ്രജാസഭ
വർഷങ്ങൾ മുന്നോട്ടുപോയതോടെ കൂടുതൽ വിപുലമായ മറ്റൊരു സഭക്ക്​ രാജാവ്​ തന്നെ രൂപം നൽകി. 1904ൽ ശ്രീമൂലം പ്രജാസഭ നിലവിൽ വന്നു. കൗൺസിലിന്​ പുറമെയായിരുന്നു 100 അംഗങ്ങളുള്ള പ്രജാസഭ രൂപവത്​കരിച്ചത്​. അംഗങ്ങളെ തെരഞ്ഞെടുത്തത്​ വരുമാനത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു. ഭൂവുടമകളുടെയും ജന്മിമാരുടെയും വർത്തകരുടെയും പ്രതിനിധികളായിരുന്നു സഭയിൽ ഭൂരിപക്ഷവും. ഭരണം സുഗമമാക്കാൻ അവരുടെ അഭിപ്രായങ്ങൾ ആരായലും ആവശ്യങ്ങൾ നിറവേറ്റലും അക്കാലത്ത്​ അനിവാര്യമായിരുന്നു. വർഷത്തിലൊരിക്കൽ മാത്രമാണ്​ സഭ സമ്മേളിച്ചിരുന്നത്​. ഇൗ സഭക്ക്​ നിയമനിർമാണ അധികാരം ഉണ്ടായിരുന്നില്ല. ശ്രീമൂലം സഭയുടെ ആദ്യ യോഗം 1904 ഒക്​ടോബർ രണ്ടിന്​ വി.ജെ.ടി ഹാളിൽ ചേർന്നു. 1905ൽ ആദ്യ  തെരഞ്ഞെടുപ്പ്​ നടന്നു. വനിതകൾക്ക്​ സഭയിൽ അംഗങ്ങളാകാനും പ്രതിനിധികളെ തെരഞ്ഞെടുക്കാനുമുള്ള അവകാശം 1930ൽ ലഭിച്ചു. 

തിരുവിതാകൂർ-കൊച്ചി ലയനം
കേരളത്തിലെ രണ്ടു വലിയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും ലയിച്ച്​ തിരു-കൊച്ചി സംസ്ഥാനം നിലവിൽവന്നത്​ 1949 ജൂലൈ ഒന്നിനായിരുന്നു. നാട്ടുരാജ്യങ്ങളായി വിഘടിച്ച്​ കിടന്ന കേരളം ഒരു ​െഎക്യകേരളമായി മാറുന്നതി​െൻറ ആദ്യ ചുവടുവെപ്പായത്​ ഇൗ ലയനമായിരുന്നു. ലയനത്തി​െൻറ ഭാഗമായി അന്ന്​ നിലവിലുണ്ടായിരുന്ന മന്ത്രിസഭയും പുനഃസംഘടിപ്പിച്ചു. അന്ന്​ പട്ടം താണുപ്പിള്ളയായിരുന്നു തിരുവിതാംകൂർ പ്രധാനമന്ത്രി. അദ്ദേഹം ആ സ്ഥാനത്തുതന്നെ തുടർന്നു. തിരുവിതാംകൂറിലുള്ള ചില മന്ത്രിമാരെ മാറ്റി കൊച്ചിയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തുകയും ചെയ്​തു. ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 178 അംഗങ്ങൾ അന്ന്​ സഭയിലുണ്ടായിരുന്നു. 1951ൽ ഒാരോ മണ്ഡലത്തി​െൻറയും അതിർത്തി പുനർനിർണയിച്ചു. അതി​െൻറ അടിസ്ഥാനത്തിൽ തിരു-കൊച്ചി നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിലൂടെ എ.ജെ. ജോണി​െൻറ നേതൃത്വത്തിൽ കോൺഗ്രസ്​ സർക്കാർ അധികാരമേൽക്കുകയും ചെയ്​തു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ചുരുങ്ങിയ കാലയളവുകളിൽ മൂന്നു മന്ത്രിസഭകൾകൂടി നിലവിൽവന്നു. എന്നാൽ, രാഷ്​ട്രീയ അനിശ്ചിതത്വം കനത്തതോടെ 1956 മാർച്ച്​ മൂന്നു മുതൽ തിരു^​കൊച്ചിയിൽ രാഷ്​ട്രപതി ഭരണമായി.

ഒന്നാം കേരള നിയമസഭ
ഒരു വർഷത്തെ രാഷ്​ട്രപതി ഭരണത്തിനുശേഷം കേരളം വലിയ മാറ്റത്തിനാണ്​ തുടക്കം കുറിച്ചത്​. തിരു-കൊച്ചി സംസ്ഥാനവും മലബാറും സംയോജിപ്പിച്ച്​ 1956 നവംബർ ഒന്നാം തീയതി കേരള സംസ്ഥാനം രൂപംകൊണ്ടു. 1957ൽ നിയമസഭയും നിലവിൽവന്നു. നാമിന്ന്​ കാണുന്ന നിയമനിർമാണ സഭ നിലവിൽവന്നത്​​ 1957 ഏപ്രിൽ ഒന്നിനാണ്​​. 1957 ഫെബ്രുവരി^മാർച്ചിൽ കേരളത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇ.എം.എസ്​. നമ്പൂതിരിപ്പാടി​െൻറ നേതൃത്വത്തിലുള്ള കമ്യൂണിസ്​റ്റ്​​ പാർട്ടി വിജയിച്ചു. 1957 ഏപ്രിൽ അഞ്ചിന്​ ആദ്യ മന്ത്രിസഭ അധികാരമേറ്റു. ഇ.എം.എസ്​ നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ തന്നെ ആദ്യത്തെ കമ്യൂണിസ്​റ്റ്​​ മന്ത്രിസഭയെന്ന അപൂർവനേട്ടം ഇ.എം.എസി​െൻറ മന്ത്രിസഭക്കായിരുന്നു. കേരളപ്പിറവിക്ക്​ ശേഷമുള്ള ആദ്യത്തെ നിയമസഭ സ്പീക്കർ ആർ. ശങ്കരനാരായണൻ തമ്പിയായിരുന്നു. 1957 ഏപ്രിൽ 27നാണ്​ സ്പീക്കർ ചുമതലയേറ്റത്​. ആദ്യത്തെ പ്രോടെം സ്​പീക്കർ സി.പി.​െഎയുടെ റോസമ്മ പുന്നൂസ്. ഏപ്രിൽ പത്തിന്​ സത്യപ്രതിജ്ഞ ചെയ്​ത റോസമ്മയാണ്​ ആദ്യത്തെ നിയമസഭ അംഗം. പി.ടി. ചാക്കോ ആയിരുന്നു പ്രതിപക്ഷ നേതാവ്​. ബി. രാമകൃഷ്​ണ റാവുവായിരുന്നു ഗവർണർ.

അപൂർവതകൾ സമ്മേളിച്ച ആദ്യ മന്ത്രിസഭ
കൗതുകമുണ്ടാക്കുന്ന മന്ത്രിസഭയായിരുന്നു ഇ.എം.എസി​െൻറ ആദ്യ മന്ത്രിസഭ. മഹാന്മാരായ പലരും അന്ന്​ മന്ത്രിസഭയിലുണ്ടായിരുന്നു. ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തത്​ ഒരു ഡോക്​ടറെയായിരുന്നു, ഡോ. എ.ആർ. മേനോൻ. കേരള സംസ്ഥാന ചരിത്രത്തിലെ തന്നെ ആരോഗ്യവകുപ്പ്​ കൈകാര്യം ചെയ്​ത ഏക ഡോക്​ടർ അദ്ദേഹമായിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ ധനമന്ത്രിയും വളരെ പ്രതിഭാധനനായിരുന്നു, സി. അച്യുതമേനോൻ. എസ്​.എസ്​.എൽ.സി പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത്​ ഒന്നാം റാങ്കുകാരനായിരുന്നു അച്യുതമേനോൻ. സ്വർണമെഡലോടെ നിയമ ബിരുദമെടുത്ത അച്യുതമേനോൻ രണ്ടുതവണ മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നമ്മുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ്​ മുണ്ടശ്ശേരി വലിയ വിദ്യാഭ്യാസ വിദഗ്​ധനും പ്രഫസറുമായിരുന്നു. കൊച്ചി സർവകലാശാലയുടെ ആദ്യത്തെ വൈസ്​ ചാൻസലർ കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യത്തെ നിയമമന്ത്രിയും ചില്ലറക്കാരനായിരുന്നില്ല. ജസ്​റ്റിസ്​ വി.ആർ. കൃഷ്​​ണയ്യർ ഒരു നിയമജ്ഞനായിരുന്നു. അദ്ദേഹം പിന്നീട്​ സുപ്രീംകോടതി ജഡ്​ജിയായി. ട്രേഡ്​ യൂനിയൻ നേതാവ്​ തൊഴിൽ മന്ത്രിയായ ചരിത്രവും കേരളത്തിനുണ്ട്​. ടി.വി. തോമസായിരുന്നു കേരളത്തിലെ ആദ്യത്തെ തൊഴിൽ മന്ത്രി. 

യുവാക്കൾ നിറഞ്ഞ മന്ത്രിസഭ
ടി.എ. മജീദായിരുന്നു അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ (36) മന്ത്രി. 71 വയസ്സുണ്ടായിരുന്ന ഡോ. എ.ആർ. മേനോനായിരുന്നു പ്രായംകൂടിയ ആൾ. നമ്മുടെ ആദ്യത്തെ മുഖ്യ​െൻറ പ്രായം 48 ആയിരുന്നു. സഭയുടെ നടുത്തളത്തിൽ ഇറങ്ങി സഭാനടപടികൾ തടസ്സപ്പെടുത്തുന്ന സംഭവങ്ങൾ കൂട്ടുകാർ കണ്ടിരിക്കുമല്ലോ. ഏറ്റവും കുറവ്​ ഇത്തരം സംഭവങ്ങൾ നടന്നത്​ ആദ്യ മന്ത്രിസഭയിലായിരുന്നു. നാലുതവണ മാത്രമാണ്​ അത്​ സംഭവിച്ചത്​. 1958 മാർച്ച്​ 29നാണ്​ ആദ്യത്തെ നിയമസഭ വാക്കൗട്ട്​ ഉണ്ടായത്​. 

ആദ്യ ബജറ്റ്​; ചോർന്ന ബജറ്റ്​
ആദ്യത്തെ ബജറ്റ്​ തന്നെ ചോർന്നുപോയി. അച്യുതമേനോൻ 1957 ജൂൺ ഏഴിന്​ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ്​ അതിനുമുമ്പ്​ തന്നെ കൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്നു. അത്​ വൻ വിവാദമാവുകയും ചെയ്​തു.

ചരിത്രമായ പിരിച്ചുവിടൽ
1959 ജൂ​ൈല 31 വരെ മത്രമേ ഇ.എം.എസ്​ മന്ത്രിസഭക്ക്​ ആയുസ്സുണ്ടായിരുന്നുള്ളൂ. 356ാം വകുപ്പ്​ ഉപയോഗിച്ച് രാഷ്​ട്രപതി​ മന്ത്രിസഭയെ പിരിച്ചുവിട്ടു. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു മന്ത്രിസഭയെ ഭരണ പൂർത്തീകരണത്തിനു മുമ്പ്​​ പുറത്തിറക്കിയെന്ന അപൂർവ നേട്ടവും കേരളത്തിനും ഇ.എം.എസിനും സ്വന്തം. സർക്കാറിെൻറ ചില നയപരിപാടികളോടും സമീപനത്തോടും ചിലർ എതിർപ്പ്​ പ്രകടിപ്പിച്ചതും അത്​ പിന്നീട്​ പ്രതിപക്ഷ കക്ഷികളുടെ വലിയ വിമോചന സമരമായി പരിണമിക്കുകയും ചെയ്​തതോടെയാണ്​ മന്ത്രിസഭക്ക്​ താഴെയിറങ്ങേണ്ട ഗതിയായത്​. 28 മാസക്കാലം നീണ്ട ഒന്നാം കേരള നിയമസഭ 175 ദിവസമാണ്​ സമ്മേളിച്ചത്​. 88 നിയമങ്ങളാണ്​ ഇതിനിടയിൽ പാസാക്കിയത്​. വൻ വിവാദങ്ങൾക്ക്​ വഴിവെച്ച ഭൂപരിഷ്​കരണ നിയമവും വിദ്യാഭ്യാസ നിയമവും പാസാക്കിയതും ചരിത്രമായ ഒന്നാം കേരള നിയമസഭയിലായിരുന്നു.

രണ്ടാം കേരള നിയമസഭ
ഒരു വർഷത്തെ രാഷ്​ട്രപതി ഭരണത്തിന്​ ശേഷം 1960 ഫെബ്രുവരിയിൽ ഇടക്കാല തെരഞ്ഞെടുപ്പ്​ നടത്തി. എന്നാൽ, ആദ്യ തെരഞ്ഞെടുപ്പിൽനിന്ന്​ വിഭിന്നമായി ഇത്തവണ കമ്യൂണിസ്​റ്റ്​​ പാർട്ടിക്ക്​​ തിളങ്ങാനായില്ല. 29 സീറ്റുകളിൽ മാത്രമായിരുന്നു അവരുടെ വിജയം. ഫെബ്രുവരി 22ന് രണ്ടാം കേരള നിയമസഭ രൂപവത്​കൃതമായി. കോൺഗ്രസ്​ പാർട്ടിയും പ്രജാ​േസാഷ്യലിസ്​റ്റ്​​ പാർട്ടിയും സംയുക്തമായി അധികാരം ഏറ്റെടുക്കുകയും പട്ടം താണുപ്പിള്ള രണ്ടാം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്​തു. കേരള രാഷ്​ട്രീയ ചരിത്രത്തിൽ ആദ്യത്തെ കൂട്ടുകക്ഷി മുന്നണിക്ക്​ നേതൃത്വം നൽകിയത്​ പട്ടം താണുപ്പിള്ളയാണ്​. ഇ.എം.എസായിരുന്നു പ്രതിപക്ഷ നേതാവ്​. മുസ്​ലിംലീഗ്​ നേതാവായിരുന്ന സീതി സാഹിബ്​ നിയമസഭ സ്​പീക്കറായി. നഫീസത്ത്​ ബീവി പ്രോ ടെം സ്​പീക്കറുമായി തെരഞ്ഞെടുക്കപ്പെട്ടു. സീതി സാഹിബി​െൻറ മരണത്തിനുശേഷം സി.എച്ച്​. മുഹമ്മദ്​ കോയ സ്​പീക്കറുടെ സ്ഥാനം ഏറ്റെടുത്തു. എന്നാൽ, ആറു​ മാസത്തിനുശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞ്​ കോൺഗ്രസ്​ പാർട്ടിയിൽ നിന്നുള്ള അലക്​സാണ്ടർ പറമ്പിത്തറയെ സ്​പീക്കറായി തെരഞ്ഞെടുത്തു. വി.വി. ഗിരിയായിരുന്നു ഇക്കാലത്ത്​ കേരള ഗവർണർ. 31 മാസക്കാലം അധികാരത്തിലിരുന്ന പട്ടം താണുപ്പിള്ള പഞ്ചാബ്​ ഗവർണറായി നിയമിതനായതോടെ 1962 സെപ്​റ്റംബർ 26ന്​ രാജിവെച്ചു. തുടർന്ന്​ 1964 സെപ്​റ്റംബർ 10 വരെ കോൺഗ്രസി​െൻറ ആർ. ശങ്കറായിരുന്നു മുഖ്യമന്ത്രി. കാലാവധി പൂർത്തിയാക്കാതെ ശങ്കറിനും രാജിവെക്കേണ്ടിവന്നു.​ സഖ്യകക്ഷികളുടെ പിന്തുണ നഷ്​ടമായതായിരുന്നു കാരണം. വീണ്ടും രാഷ്​ട്രപതി ഭരണം കേരളത്തിൽ നിലവിൽവന്നു. നാലു വർഷക്കാലം നീണ്ട രണ്ടാം കേരള നിയമസഭക്ക്​ 300 തവണ സമ്മേളിക്കാനായി. 161 നിയമങ്ങളും ഇൗ കാലാവധിക്കുള്ളിൽ നടപ്പാക്കി.

മൂന്നാം കേരള നിയമസഭ
1964 സെപ്​റ്റംബർ 10 മുതൽ ആറു മാസക്കാലം രാഷ്​ട്രപതി ഭരണം കേരളത്തിൽ നിലനിന്നു. ശേഷം ഒരു ഇടക്കാല തെരഞ്ഞെടുപ്പ്​ നടത്തി. അത്​ 1965 മാർച്ച്​ നാലിനായിരുന്നു. എന്നാൽ, ആർക്കും കേവല ഭൂരിപക്ഷം നേടാനാവാത്തതോടെ വീണ്ടും രാഷ്​ട്രപതി ഭരണം തുടരേണ്ടിവന്നു. 1967 മാർച്ചിൽ വീണ്ടും തെരഞ്ഞെടുപ്പ്​ നടന്നു. കമ്യൂണിസ്​റ്റ്​​ (മാർക്​സിസ്​റ്റ്​​) പാർട്ടിയുടെ നേതൃത്വത്തിലുള്ള ​െഎക്യമുന്നണി വിജയിച്ചു. അന്നുണ്ടായിരുന്നത്​ 133 നിയമസഭ മണ്ഡലങ്ങളായിരുന്നു. ഇതിൽ ബഹുഭൂരിപക്ഷം സീറ്റുകളും നേടിയായിരുന്നു വിജയം. അന്ന്​ മുസ്​ലിംലീഗ്​ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 
മാർച്ച്​ മൂന്നിന്​ മൂന്നാം കേരള നിയമസഭ രൂപവത്​കൃതമായി. ഇ.എം.എസി​െൻറ നേതൃത്വത്തിൽ 13 അംഗ മന്ത്രിസഭ മാർച്ച്​ ആറിന്​ അധികാരമേറ്റു. കമ്യൂണിസ്​റ്റ്​​ പാർട്ടിക്കൊപ്പമുണ്ടായിരുന്ന ഇന്ത്യൻ സോഷ്യലിസ്​റ്റ്​​ പാർട്ടിയുടെ ഡി. ദാമോദരൻ പോറ്റി സ്​പീക്കറായി. എം.പി. മുഹമ്മദ്​ ജാഫർഖാൻ ഡെപ്യൂട്ടി സ്​പീക്കറുമായി. കെ. കരുണാകരനായിരുന്നു പ്രതിപക്ഷ നേതാവ്. എന്നാൽ, ഘടകകക്ഷികളുമായുള്ള അഭിപ്രായവ്യത്യാസം കാലക്രമേണ വർധിച്ചതിനെ തുടർന്ന്​ 1969 ഒക്​ടോബർ 24ന്​ ഇ.എം.എസ്​ മന്ത്രിസഭ രാജിവെച്ചു. കാലാവധിയെത്തുന്നതിന്​ മുമ്പ്​ നിയമസഭ പിരിച്ചുവിടേണ്ടിവരുമെന്ന്​ കരുതിയെങ്കിലും ഒരാഴ്​ചക്കകം സി. അച്യുതമേനോ​െൻറ നേതൃത്വത്തിൽ ഇന്ത്യൻ കമ്യൂണിസ്​റ്റ്​​ പാർട്ടിയും മറ്റു മുന്നണികളുമടങ്ങിയ എട്ടംഗ മന്ത്രിസഭ അധികാരമേറ്റു. ഇ.എം.എസായിരുന്നു പ്രതിപക്ഷ നേതാവ്​. 
പ്രതിസന്ധികളെ തുടർന്ന്​ 1970 ജൂൺ 26ന്​ ഗവർണർ മൂന്നാം മന്ത്രിസഭയെയും പിരിച്ചുവിട്ടു. രണ്ടു മാസക്കാലം വീണ്ടും രാഷ്​ട്രപതി ഭരണം. മൂന്നാം കേരള നിയമസഭ ഇതി​നിടെ 211 ദിവസങ്ങൾ ​സമ്മേളിച്ച്​ 102 നിയമങ്ങൾ പാസാക്കിയിരുന്നു. 

നാലാം ​കേരള നിയമസഭ
1970 ഒക്​ടോബർ നാലിന്​ അച്യുതമേനോ​െൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി. ഒക്​ടോബർ 22ന്​ നടന്ന പ്രഥമ നിയമസഭ യോഗത്തിൽ മുസ്​ലിംലീഗിലെ കെ. മൊയ്​തീൻകുട്ടി സ്​പീക്കറായും ആർ.എസ്​. ഉണ്ണി ഡെപ്യൂട്ടി സ്​പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്​. നമ്പൂതിരിപ്പാടായിരുന്നു പ്രതിപക്ഷ നേതാവ്​. 1976ൽ കേരള കോൺഗ്രസിലെ ടി.എസ്​. ജോൺ സ്​പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 
അച്യുതമേനോൻ 1977 മാർച്ച്​ 25 വരെ കേരളം ഭരിച്ചു. ആറര വർഷം തുടർച്ചയായി ഭരിച്ച അദ്ദേഹത്തി​െൻറ മന്ത്രിസഭ ആദ്യമായി കാലാവധി പൂർത്തിയാക്കിയ സഭയായി അറിയപ്പെടുന്നു. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച മുഖ്യനും അച്യുതമേനോനാണ്​. 322 ദിവസങ്ങളിലായി സമ്മേളിച്ച നിയമസഭയിൽ 226 നിയമങ്ങൾ പാസാക്കി. 

അഞ്ചാം കേരള നിയമസഭ
1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ കെ. കരുണാകര​െൻറ നേതൃത്വത്തിൽ അഞ്ചാം മന്ത്രിസഭയും അധികാരത്തിലേറി. സ്​പീക്കറായി ചാക്കീരി അഹമ്മദ്കുട്ടിയും ഡെപ്യൂട്ടി സ്പീക്കറായി പി.കെ. ഗോപാലകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാട്​ തന്നെയായിരുന്നു പ്രതിപക്ഷ നേതാവ്. എന്നാൽ, വെറും ഒരുമാസത്തെ ഭരണത്തിനുശേഷം രാജിവെച്ചു. 1977 മാർച്ച്​ 25ന്​ അധികാരത്തിലേറി ഏപ്രിൽ 25ന്​ ഇറങ്ങി. ഏറ്റവും ദൈർഘ്യം കുറഞ്ഞ മന്ത്രിസഭയെന്ന റെക്കോഡ്​ അദ്ദേഹത്തിനാണ്​. പ്രമാദമായ രാജൻ കേസുമായി ബന്ധപ്പെട്ട കോടതിവിധിയെ തുടർന്നായിരുന്നു രാജി. 
ഏപ്രിൽ 27ന്​ എ.കെ. ആൻറണി അധികാരത്തിലേറി. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ആൻറണി. എന്നാൽ, കാലാവധി പൂർത്തിയാകും മുമ്പ്​ 1978 ഒക്​ടോബർ  27ന്​ രാജിവെക്കേണ്ടിവന്നു. ഒക്​ടോബർ 29ന്​ ഇന്ത്യൻ കമ്യൂണിസ്​റ്റ്​​ പാർട്ടി പി.കെ. വാസുദേവൻ നായരുടെ നേതൃത്വത്തിൽ പുതിയ കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലേറി. 1979ന്​ അദ്ദേഹവും രാജിവെച്ചൊഴിഞ്ഞു. 1979ൽ സി.എച്ച്.​ മുഹമ്മദ്​ കോയ മുഖ്യമന്ത്രിയായി അധികാരമേറ്റു. ആറു​ മന്ത്രിമാർ മാത്രം ഉണ്ടായിരുന്ന ഇൗ മന്ത്രിസഭ 1979 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞു. ഏറ്റവും കുറവ്​ കാലം മുഖ്യമന്ത്രിയായ വ്യക്തിയും അതോടെ സി.എച്ച്​. മുഹമ്മദ്​ കോയയായി. 1977 മുതൽ 1979 വരെ കേരളം ഭരിച്ചത്​ നാലു മുഖ്യമന്ത്രിമാർ എന്ന അപൂർവ സംഭവത്തിനാണ്​ മലയാളികൾ സാക്ഷ്യംവഹിച്ചത്​. കേരള ഭരണം ഒരിക്കൽക്കൂടി രാഷ്​ട്രപതി ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക്​ നീങ്ങി. ഇൗ വർഷത്തോടെയായിരുന്നു നിയമസഭ മണ്ഡലങ്ങളുടെ എണ്ണം 140 തൊട്ടത്. 143 ദിവസം സമ്മേളിച്ച നിയമസഭ 87 നിയമങ്ങളാണ്​ നിർമിച്ചത്​. നാലു​ മുഖ്യന്മാരുടെ നേതൃത്വത്തിൽ 30​ മന്ത്രിമാരാണ് ഇൗ കാലയളവിൽ​ കേരളം ഭരിച്ചത്​. 

ആറാം കേരള നിയമസഭ
ഇ.കെ. നായനാരുടെ നേതൃത്വത്തിൽ 1980 ജനുവരി 21ന്​ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കമ്യൂണിസ്​റ്റ്​​ (മാർക്​സിസ്​റ്റ്​​) പാർട്ടി കേരളത്തിൽ അധികാരത്തിൽ വന്നു. ജനുവരി 25ന്​ ആറാം കേരള നിയമസഭ രൂപവത്​കരിച്ചു. നായനാർ മുഖ്യമന്ത്രിയായി പതിനേഴംഗ മന്ത്രിസഭ അധികാരത്തിലേറി. കെ. കരുണാകരനായിരുന്നു ​പ്രതിപക്ഷ നേതാവ്​. ഫെബ്രുവരി 15ന്​ എ.പി. കുര്യനെ സ്​പീക്കറായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്​പീക്കർ എം.ജെ. സകറിയയായിരുന്നു. 22 മാസക്കാലം നീണ്ട നായനാർ മന്ത്രിസഭ 1981 ഒക്​ടോബർ 20ന്​ രാജിവെച്ചു. കേരളം വീണ്ടും രാഷ്​ട്രപതി ഭരണത്തിന്​ കീഴിൽ. ഇത്തവണ കേരള നിയമസഭ പിരിച്ചുവിട്ടില്ല. കെ. കരുണാകര​െൻറ നേതൃത്വത്തിൽ 1981 ഡിസംബർ 28ന്​ പുതിയ മന്ത്രിസഭ അധികാരമേറ്റു. ഫെബ്രുവരി ഒന്നിന്​ എ.പി. കുര്യൻ സ്​പീക്കർ സ്ഥാനമൊഴിഞ്ഞു. തുടർന്ന്​ എ.സി. ജോസ്​ സ്​പീക്കറായി. 70​ അംഗങ്ങൾ ഭരണപക്ഷത്തും 70​ അംഗങ്ങൾ പ്രതിപക്ഷത്തുമെന്ന അവസ്​ഥയുണ്ടായ സാഹചര്യമായിരുന്നു അന്ന്. എന്നാൽ, ഒരംഗം ഭരണപക്ഷത്തിനുള്ള പിന്തുണ പിൻവലിച്ചതോടെ രണ്ടര മാസക്കാലം നീണ്ടുനിന്ന കരുണാകരൻ മന്ത്രിസഭയും 1982 മാർച്ച്​ 17ന്​ രാജിവെച്ചു. വീണ്ടും കേരള ഭരണം രാഷ്​ട്രപതിക്ക്​. കേരളപ്പിറവിക്ക്​ ശേഷം എട്ടാം തവണയായിരുന്നു കേരളനാട്​ രാഷ്​ട്രപതി ഭരിക്കുന്നത്. 112 ദിവസങ്ങളിലായാണ്​ ആറാം കേരള നിയമസഭ സമ്മേളിച്ചത്​. അതിൽ 47 നിയമങ്ങൾ മാത്രമായിരുന്നു നിർമിച്ചത്​. 

ഏഴാം കേരള നിയമസഭ
രണ്ടു മാസക്കാലത്തെ രാഷ്​ട്രപതി ഭരണത്തിനുശേഷം 1982 മേയ്​ 19ന്​ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ -െഎ നേതൃത്വത്തിലുള്ള ​െഎക്യമുന്നണിക്ക്​ ഭൂരിപക്ഷം നേടാനായി. കെ. കരുണാകരൻ മുഖ്യമന്ത്രിയാവുന്ന മൂന്നാമത്തെ മന്ത്രിസഭ മേയ്​ 24ന്​ സത്യപ്രതിജ്ഞ ചെയ്​തു. ഇ.കെ. നായനാർ ആയിരുന്നു പ്രതിപക്ഷ നേതാവ്​. സ്​പീക്കറായി വക്കം പുരുഷോത്തമനും ഡെപ്യൂട്ടി സ്​പീക്കറായി ഹംസക്കുഞ്ഞും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 1984ൽ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന്​ വക്കം പുരുഷോത്തമൻ സ്​പീക്കർ സ്ഥാനം രാജിവെച്ചു. ശേഷം ഹംസക്കുഞ്ഞ്​ സ്​പീക്കറായും കൊരമ്പയിൽ അഹമ്മദ്​ ഹാജി ഡെപ്യൂട്ടി സ്​പീക്കറായും പ്രവർത്തിച്ചു. 1985 മാർച്ച്​ എട്ടിന്​ വി.എം. സുധീരൻ സ്​പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 1985 സെപ്​റ്റംബർ എട്ടിന്​ കേരള നിയമസഭയുടെ രജത ജൂബിലി സമുചിതമായി ആഘോഷിക്കപ്പെട്ടു. ഒരാഴ്​ചക്കാലം നീണ്ടുനിന്ന വലിയ പരിപാടി ഉദ്​ഘാടനം ചെയ്​തത്​ രാഷ്​ട്രപതി ഗ്യാനി സെയിൽ സിങ്ങായിരുന്നു. 1987ൽ കാലാവധി പൂർത്തിയാക്കിയ കെ. കരുണാകരൻ മാർച്ച്​ 25ന്​ തെരഞ്ഞെടുപ്പിനുശേഷം രാജിവെച്ചു. ഏഴാം നിയമസഭ 249 ദിവസം സമ്മേളിച്ചിരുന്നു.

എട്ടാം കേരള നിയമസഭ
1987 മാർച്ച്​ 23നാണ്​ എട്ടാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടന്നത്​. തെരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ മാർക്​സിസ്​റ്റ്​​ പാർട്ടി വിജയിച്ചു. മാർച്ച്​ 26ന്​ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്​റ്റ്​​ മ​ന്ത്രിസഭ അധികാരമേറ്റു. കെ. കരുണാകരനായിരുന്നു പ്രതിപക്ഷ നേതാവ്​. വർക്കല രാധാകൃഷ്​ണൻ സ്​പീക്കറായും ഭാർഗവി തങ്കപ്പൻ ഡെപ്യൂട്ടി സ്​പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. 1988 ആഗസ്​റ്റിൽ നിയമസഭയുടെ 30ാം വാർഷിക സമ്മേളനം ആഘോഷിച്ചു. ആഘോഷ പരിപാടികളിൽ നീലം സഞ്​ജീവ റെഡ്​ഡി പ​​െങ്കടുത്തിരുന്നു. 1991 ഏപ്രിൽ അഞ്ചിന്​ കാലാവധി പൂർത്തിയാക്കും മു​േമ്പ മന്ത്രിസഭ ഗവർണർ പിരിച്ചുവിട്ടു. 312 ദിവസം സമ്മേളിച്ച നിയമസഭയിൽ 129 ബില്ലുകൾ പാസാക്കി. 

ഒമ്പതാം കേരള നിയമസഭ
ഒമ്പതാം കേരള നിയമസഭയിലേക്ക്​ തെര​ഞ്ഞെടുപ്പ്​ നടന്നത്​ 1991 ജൂൺ 12നായിരുന്നു. കെ. കരുണാകര​െൻറ നേതൃത്വത്തിലുള്ള ​െഎക്യ ജനാധിപത്യമുന്നണി ഭൂരിപക്ഷം നേടി അധികാരമേറ്റു. ജൂൺ 24നായിരുന്നു സത്യപ്രതിജ്ഞ. പി.പി. തങ്കച്ചൻ നിയമസഭ സ്​പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നാരായണക്കുറുപ്പ്​ ​െഡപ്യൂട്ടി സ്​പീക്കറായി. ഇൗ മന്ത്രിസഭയുടെ കാലത്ത്​ രണ്ടു പ്രതിപക്ഷ നേതാക്കൾ മാറിമാറി വന്നു. 1991 മുതൽ 92 വരെ ഇ.കെ. നായനാരും 1992 മുതൽ 1996 വരെ വി.എസ്​. അച്യുതാനന്ദനുമായിരുന്നു പ്രതിപക്ഷ നേതാവ്​. 1995 മാർച്ച്​ 16ന്​ കെ. കരുണാകരൻ രാജിവെക്കുകയും മാർച്ച്​ 22ന്​ എ.കെ. ആൻറണി മുഖ്യമന്ത്രിയാകുകയും ചെയ്​തു. മന്ത്രിസഭ പുനർരൂപവത്​കരണത്തി​െൻറ ഭാഗമായി സ്​പീക്കറായ പി.പി. തങ്കച്ചൻ രാജിവെക്കുകയും തേറമ്പിൽ രാമകൃഷ്​ണൻ ആ സ്ഥാനത്തേക്ക്​ വരുകയും ചെയ്​തു. 264 ദിവസമാണ്​ ഇൗ മന്ത്രിസഭയുടെ കാലത്ത്​ നിയമസഭ സമ്മേളിച്ചത്​. അതിൽ 84 ബില്ലുകൾ പാസാക്കുകയുണ്ടായി. ഇൗ മ​ന്ത്രിസഭയുടെ കാലത്താണ്​ ആദ്യമായി ബജറ്റ്​ പ്രസംഗവും ഗവർണറുടെ നയപ്രസംഗവും റെക്കോഡ്​ ചെയ്​ത്​ സംപ്രേഷണം ചെയ്യപ്പെട്ടത്​.

പത്താം കേരള നിയമസഭ
1996 ഏപ്രിൽ 27നാണ്​ പത്താം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കി ഇടതു ജനാധിപത്യ മുന്നണി വിജയിച്ചു. മേയ്​ 20ന്​ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ പത്താം മന്ത്രിസഭ അധികാരമേറ്റു. എ.കെ. ആൻറണിയായിരുന്നു പ്രതിപക്ഷ നേതാവ്​. എം. വിജയകുമാർ സ്​പീക്കറായ​പ്പോൾ സി.എ. കുര്യൻ ഡെപ്യൂട്ടി സ്​പീക്കറായി നിയമിതനായി. ഇൗ കാലത്തായിരുന്നു ഇന്ത്യൻ രാഷ്​ട്രപതിയായ ആദ്യ മലയാളി കെ.ആർ. നാരായണനെ സഭ ആദരിച്ചത്​. 1997 സെപ്​റ്റംബർ 18ന്​ അദ്ദേഹം അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയും ചെയ്​തു. നിയമസഭയുടെ പുതിയ കെട്ടിടത്തി​െൻറ ഉദ്​ഘാടനം നിർവഹിച്ചതും 1998 മേയ്​ 22ന്​ കെ.ആർ. നാരായണനായിരുന്നു. 1998 ജൂൺ 29നാണ്​ സെക്ര​േട്ടറിയറ്റിൽ​െവച്ച്​ അവസാന നിയമസഭ സമ്മേളനം നടന്നത്​. പുതിയ കെട്ടിടത്തിൽ 1998 ജൂൺ 30നായിരുന്നു സമ്മേളനം ആദ്യമായി നടന്നത്​. 2001 ഫെബ്രുവരി 24ന്​ ഉപരാഷ്​ട്രപതി കിഷൻകാന്ത്​ നമ്മുടെ പഴയ നിയമസഭ മന്ദിരം ചരിത്ര സ്​മാരകമായി രാഷ്​ട്രത്തിന്​ സമർപ്പിച്ചു. 268 ദിവസം ​സമ്മേളിച്ച 10ാം നിയമസഭ 104 ബില്ലുകളാണ്​ പാസാക്കിയത്​. 

പതിനൊന്നാം നിയമസഭ
2001 മേയ്​ 13ന്​ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ​െഎക്യ ജനാധിപത്യ മുന്നണി വിജയിച്ചു. എ.കെ. ആൻറണിയുടെ നേതൃത്വത്തിൽ 2001 മേയ്​ 17ന്​ പുതിയ മ​ന്ത്രിസഭ അധികാരമേറ്റു. വി.എസ്. അച്യുതാനന്ദനായിരുന്നു പ്രതിപക്ഷ നേതാവ്. വക്കം പുരുഷോത്തമന്‍ സ്പീക്കറായും എന്‍. സുന്ദരന്‍ നാടാര്‍ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേറ്റു. കേരള നിയമസഭയുടെ ഒൗദ്യോഗിക വെബ്​സൈറ്റായ www.keralaniyamasabha.org നിലവിൽവന്നത്​ ഇൗ മന്ത്രിസഭയുടെ കാലത്തായിരുന്നു. ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി, ഔദ്യോഗിക ഭാഷ കമ്മിറ്റി എന്നീ രണ്ടു സുപ്രധാന കമ്മിറ്റികള്‍ നിലവില്‍വന്നതും ഇക്കാലത്തായിരുന്നു. 2004 ആഗസ്​റ്റ്​​​ 29ന്​ എ.കെ. ആൻറണി രാജി​െവച്ചതി​െന തുടർന്ന്​ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. വക്കം പുരുഷോത്തമൻ മന്ത്രിയായതോടെ തേറമ്പിൽ രാമകൃഷ്​ണൻ സ്​പീക്കറായും ചുമതലയേറ്റു. 2005 ജൂലൈ എട്ടിന്​ നമ്മുടെ മുൻ രാഷ്​ട്രപതി എ.പി.ജെ. അബ്​ദുൽ കലാം നിയമസഭയെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചിരുന്നു. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും ഇക്കാലത്ത്​ നിയമസഭ സന്ദർശിച്ചു. നിയമസഭ ലൈബ്രറിയുടെ കമ്പ്യൂട്ടർവത്​കരണവും നിയമസഭ മ്യൂസിയത്തി​െൻറ ഉദ്​ഘാടനവും നടന്നതും 11ാം നിയമസഭയുടെ കാലത്ത്​. 257 ദിവസം സമ്മേളിച്ച 11ാം നിയമസഭയിൽ പാസാക്കിയത്​ 165 ബില്ലുകളായിരുന്നു. 

പന്ത്രണ്ടാം കേരള നിയമസഭ
2006 ഏപ്രിലിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സി.പി.​എമ്മി​െൻറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്​ മുന്നണി വിജയിച്ചു. 2006 മേയ് 13ന് പന്ത്രണ്ടാം കേരള നിയമസഭ രൂപവത്​കൃതമായി. മേയ്​ 24നായിരുന്നു ആദ്യ യോഗം. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഉമ്മൻ ചാണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ്​. കെ. രാധാകൃഷ്ണന്‍ സ്പീക്കറായും ജോസ് ബേബി ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. 
നിയമസഭയുടെ സുവര്‍ണ ജൂബിലിയാഘോഷം നടന്ന മന്ത്രിസഭയായിരുന്നു വി.എസി​േൻറത്. അന്ന്​ ആഘോഷങ്ങൾ ഉദ്​ഘാടനം ചെയ്​തത് 2007 ഏപ്രിൽ 27ന്​ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയയായിരുന്നു. 17 സെഷനുകളിലായി 253 ദിവസം സമ്മേളിച്ച പന്ത്രണ്ടാം നിയമസഭ പല സുപ്രധാന ബില്ലുകളടക്കം 139 ബില്ലുകൾ പാസാക്കി. 

പതിമൂന്നാം കേരള നിയമസഭ
2011 ഏപ്രിൽ 13ന് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടി. മേയ് 14ന് വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ അധികാരം വിട്ടു. തുടർന്ന്​ ​പതിമൂന്നാം നിയമസഭ നിലവിൽവന്നു. കോൺഗ്രസ്​ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്​ മന്ത്രിസഭ 2011 മേയ്​ 18ന്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായി. സ്പീക്കറായി ജി. കാര്‍ത്തികേയനും ഡെപ്യൂട്ടി സ്പീക്കറായി എന്‍. ശക്തനും നിയമിതരായി. ഇൗ മന്ത്രിസഭയുടെ കാലത്ത്​ ഭക്ഷ്യ സിവിൽ സപ്ലൈസ്​ മന്ത്രിയായിരുന്ന ടി.എം. ജേക്കബ്​ അന്തരിച്ചതി​െന തുടർന്ന്​ ഉപതെരഞ്ഞെടുപ്പ്​ നടന്നു. അദ്ദേഹത്തി​െൻറ മകൻ അനൂപ്​ ജേക്കബായിരുന്നു മത്സരിച്ചത്​. അദ്ദേഹം വിജയിക്കുകയും 2012 ഏപ്രിൽ 12ന്​ മന്ത്രിസഭയിൽ അംഗമാവുകയും ചെയ്​തു. മഞ്ഞളാംകുഴി അലിയും അന്നേദിവസം മന്ത്രിസഭയിൽ അംഗമായി. സിനിമ-കായിക മന്ത്രിയായിരുന്ന കെ.ബി. ഗണേശ്കുമാര്‍ 2013 ഏപ്രിൽ രണ്ടിന്​ രാജിവെ​ച്ചൊഴിഞ്ഞതും കെ.പി.സി.സി പ്രസിഡൻറും എം.എല്‍.എയുമായ രമേശ് ചെന്നിത്തല 2014 ജനുവരി ഒന്നിന് ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റതും പതിമൂന്നാം മന്ത്രിസഭയിലെ നിർണായക മാറ്റങ്ങളായിരുന്നു. 2014 ഫെബ്രുവരി ആറുവരെ 10​ സെഷനുകളിലായി 145 ദിവസം സഭ സമ്മേളിച്ചിരുന്നു. 91 ബില്ലുകളാണ്​ ഇൗ കാലയളവിൽ പാസാക്കിയത്​.

പതിനാലാം കേരള നിയമസഭ
2016 മേയ്​ 16ന്​ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 85 എണ്ണത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചു. ആറു സ്വതന്ത്രർകൂടി പിന്തുണ നൽകിയതോടെ 91 സീറ്റുകളുമായി ​ പിണറായി വിജയ​െൻറ നേതൃത്വത്തിൽ എൽ.ഡി.എഫ്​ മുന്നണി അധികാരത്തിലേറി. രമേശ്​ ചെന്നിത്തലയാണ്​ പ്രതിപക്ഷ നേതാവ്​. പി. രാമകൃഷ്​ണൻ സ്​പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രിയായ 19 അംഗ മന്ത്രിസഭ രൂപവത്​കരിക്കപ്പെട്ടു. 2016 മേയ്​ 25നായിരുന്നു സത്യപ്രതിജ്ഞ. സി.പി.എം നേതൃത്വത്തിലുള്ള ആറാം മന്ത്രിസഭക്ക്​ സത്യവാചകം ചൊല്ലിക്കൊടുത്തത്​ ഗവർണർ പി. സദാശിവമായിരുന്നു. മൂന്നാം വർഷത്തിലേക്ക്​ നീങ്ങുന്ന പതിനാലാം മ​ന്ത്രിസഭയിലും ചില മാറ്റങ്ങൾ സംഭവിച്ചു. കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ 2016 ഒക്​ടോബർ 14ന്​ രാജിവെച്ചു. നമ്മുടെ ഗതാഗത മന്ത്രിയായ എ.കെ. ശശീന്ദ്രനും 2017 മാർച്ച്​ 26ന്​ രാജിവെച്ചു. ഇരുവരും പിന്നീട്​ തിരിച്ചെത്തുകയും ചെയ്​തു. നിലവിൽ 20 അംഗ മന്ത്രിമാരാണ്​ പിണറായി വിജയൻ മന്ത്രിസഭയിലുള്ളത്​.