നാളറിവ്
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്​
  • ജിഷ നമ്പൂതിരി
  • 12:23 PM
  • 01/11/2018


നവംബർ ഒന്നിന് നമ്മുടെ ഇൗ കൊച്ചുസംസ്ഥാനത്തിന് 62 വയസ്സ് തികയുകയാണ്. 1956ൽ ഇതേ ദിവസമാണ് മദ്രാസ് സംസ്ഥാനത്തിെൻറ ഭാഗമായിരുന്ന കേരളം ഒരു സ്വതന്ത്ര സംസ്ഥാനമായി മാറിയത്. അതിന് മുമ്പ്... എന്നുപറഞ്ഞാൽ ഒരു നൂറുകൊല്ലം മുമ്പ് കേരളം എങ്ങനെയായിരുന്നുവെന്ന് കൂട്ടുകാർ ഒാർത്തുനോക്കിയിട്ടുണ്ടോ? കമ്പ്യൂട്ടറുകളില്ലാത്ത, ടെലിവിഷനില്ലാത്ത, മൊബൈൽ ഫോണുകളില്ലാത്ത എന്തിന് സാധാരണ ഫോണുകളുമില്ലാത്ത, ബൈക്കുകളില്ലാത്ത, സിനിമ തിയറ്ററുകളില്ലാത്ത ഒരു കേരളം. അന്ന് എങ്ങനെയായിരുന്നു നമ്മുടെ പൂർവികർ ജീവിച്ചിരുന്നത്? അക്കാലത്തെ എഴുത്ത്, വായന, അച്ചടി തുടങ്ങിയ കാര്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിച്ചുനോക്കം...

നാരായവും പേനയും
ആദ്യം പണ്ടുള്ളവർ എങ്ങനെയാണ് എഴുതിയിരുന്നത്​ എന്നുനോക്കാം. കടലാസ് നമ്മുടെ നാട്ടിൽ എത്തുന്നതിനു മുമ്പ് പനയോലകൾ ഉണക്കി മുറിച്ച് അതിൽ ഇരുമ്പാണിപോലെ കൂർത്ത നാരായം എന്നു പേരുള്ള സാധനംകൊണ്ടാണ് എഴുതിയിരുന്നത്. എഴുത്തോല എന്നായിരുന്നു ഇതിെൻറ പേര്. ആദ്യകാലത്തെ സാഹിത്യസൃഷ്​ടികളും സന്ദേശങ്ങളും ഭരിക്കുന്നവരുടെ ഉത്തരവുകളും എല്ലാം ഇത്തരം എഴുത്തോലകളിലാണ് കുറിച്ചിരുന്നത്. വളരെ പ്രധാനപ്പെട്ടതും ദീർഘകാലം നിലനിൽക്കേണ്ടതുമായ കാര്യങ്ങൾ പിന്നീട് ചെപ്പേട് എന്നു വിളിക്കുന്ന ചെമ്പുതകിടുകളിൽ ആലേഖനം ചെയ്തുതുടങ്ങി. ഇതിനിടയിലാണ് കടലാസിെൻറ രംഗപ്രവേശനം. ഇതോടെ കടലാസിൽ പക്ഷികളുടെ തൂവൽ മഷിയിൽ മുക്കി എഴുതുന്ന രീതി സാർവത്രികമായി. അങ്ങനെയാണ് എഴുതാൻ ഉപയോഗിക്കുന്ന വസ്തുവിന് ‘തൂലിക’ എന്ന് പേരുവന്നത്. 
കുറേക്കാലം പക്ഷികളുടെ തൂവലുകൾ മുക്കി എഴുതിവന്നപ്പോഴാണ് സ്​റ്റിൽ പേനകൾ വരുന്നത്. നമ്മളിപ്പോൾ ഉപയോഗിക്കുന്ന പേനയുടെ രൂപത്തിൽ ചെത്തിയുണ്ടാക്കിയ മരത്തടികൊണ്ടുള്ള ചെറിയ കോലിെൻറ തുമ്പിൽ ലോഹത്തിെൻറ മുന അഥവാ നിബ് ഘടിപ്പിച്ചായിരുന്നു സ്​റ്റിൽ പേനകൾ നിർമിച്ചിരുന്നത്. 
സ്​റ്റിൽ പേനകളുടെ പരിഷ്കരിച്ച പതിപ്പാണ് മഷിപ്പേനകൾ അഥവാ ഫൗണ്ടൻ പേനകൾ. മഷിക്കുപ്പിയിൽ നിബ് മുക്കിയാണ് സ്​റ്റിൽ പേനകൾകൊണ്ട് എഴുതിയിരുന്നതെങ്കിൽ മഷിപ്പേനകളിൽ മഷി നിറക്കാനുള്ള ഒരു ഭാഗം ഉണ്ടാകും. എഴുതിത്തീരുന്നതിനനുസരിച്ച് മഷി നിറക്കാമെന്നതും എവിടേക്ക് വേണമെങ്കിലും എളുപ്പത്തിൽ കൊണ്ടുപോകാമെന്നതുമായിരുന്നു മഷിപ്പേനകളുടെ ഗുണം. ദീർഘകാലം മഷിപ്പേനകളുടെ കാലമായിരുന്നു. പലതരത്തിലുള്ള നിബുകളും മറ്റുമായി മഷിപ്പേനകളുടെ നിരവധി മാതൃകകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. 
ഇതിനുശേഷമാണ് പേനകളുടെ ലോകത്ത് വിപ്ലവം സൃഷ്​ടിച്ച ബാൾപേനകളുടെ വരവ്. ഫൗണ്ടൻ പേനയിൽ ഉപയോഗിക്കുന്നതിൽനിന്ന് വ്യത്യസ്തമായി കട്ടികൂടിയ മഷി ഒരു നേർത്ത ലോഹക്കുഴലിലൂടെ കടത്തിവിട്ട് കുഴലിെൻറ അറ്റത്ത് ഘടിപ്പിച്ചിട്ടുള്ള എല്ലാവശത്തേക്കും ഉരുളുന്ന വളരെ ചെറിയ ലോഹഗോളമാണ് മഷി കടലാസിലേക്ക് പടർത്തുന്നത്. വായുവുമായുള്ള സമ്പർക്കത്തോടെ മഷി അതിവേഗത്തിൽ ഉണങ്ങും. ഇൗ സാേങ്കതികവിദ്യ പരിഷ്കരിച്ചാണ് ജെൽപേനകളും മറ്റും ഇന്ന് വിപണിയിലുള്ളത്. ഇതിനു പുറമെയാണ് ഫൈബർ അറ്റങ്ങളുള്ള മാർക്കർ പേനകളും സ്കെച്ച് പേനകളും.

താളിയോലകൾ
കരിമ്പനയുടെ ഒാല ആവശ്യാനുസരണം മുറിച്ച് പുഴുങ്ങിയശേഷം വെയിലിൽ ഉണക്കിയാണ് ആദ്യകാലത്ത് താളിയോലകൾ നിർമിച്ചിരുന്നത്. ഇതിലാണ് നാരായം എന്ന കൂർത്ത ഇരുമ്പാണികൊണ്ട് എഴുതിയിരുന്നത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ഇൗ രീതിയിലാണ് അധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയത്. എഴുത്തച്ഛൻ ഉപയോഗിച്ചുവെന്ന് കരുതുന്ന എഴുത്താണി തിരൂരിലെ തുഞ്ചൻപറമ്പിൽ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അധ്യാത്മരാമായണം മാത്രമല്ല, ആദ്യകാലത്തെ അനേകം കൃതികളും രേഖകളും മറ്റു ഗ്രന്ഥങ്ങളും ഇത്തരത്തിൽ എഴുതിയതാണ്. മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുേമ്പാൾ ഇവ കാണാവുന്നതാണ്. പ്രത്യേക പ്രക്രിയയിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന താളിയോലകൾ നൂറ്റാണ്ടുകളെ അതിജീവിക്കുന്നവയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

ലോഹത്തകിടുകൾ
താളിയോലകൾക്കു ശേഷമാണ് എഴുതി സൂക്ഷിക്കാനുള്ള ഉപാധിയായി ലോഹത്തകിടുകൾ രംഗത്തുവരുന്നത്. ഇതിൽ ചെപ്പേട് എന്നു വിളിക്കുന്ന ചെമ്പുതകിടുകളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. മറ്റു ലോഹങ്ങളും നേർത്ത തകിടുകളാക്കി എഴുതാൻവേണ്ടി ഉപയോഗിച്ചിരുന്നു. സ്വർണവും തങ്കവും വരെ ഇതിൽ ഉൾപ്പെടും. അങ്ങനെയാണ് ‘തങ്കലിപികളാൽ എഴുതപ്പെട്ട’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഉണ്ടായത്.

അച്ചടിശാലകൾ
ഇന്ന് നമ്മളെല്ലാം വായിക്കുന്ന പുസ്തകങ്ങളും പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വിവിധതരത്തിലുള്ള കടലാസുകളിൽ മികച്ചരീതിയിൽ കളർ ചിത്രങ്ങളോടെ അച്ചടിച്ചുവരുന്നവയാണ്. ശാസ്ത്രം വളരെയധികം മുന്നോട്ടുപോകുകയും സാേങ്കതികവിദ്യകൾ അനുദിനം പുതിയ കണ്ടെത്തലുകളുമായി കുതിക്കുകയും ചെയ്യുന്ന ഇന്നത്തെ കാലത്തിന് വളരെ മുമ്പുതന്നെ കേരളത്തിൽ അച്ചടിശാലകൾ ഉണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിലെ കൊച്ചി, കൊല്ലം, വൈപ്പിന്‍ കോട്ട, ചാലക്കുടിക്കടുത്തുള്ള അമ്പഴക്കാട് എന്നിവിടങ്ങളിലായി അച്ചടിശാലകൾ പ്രവർത്തിച്ചിരുന്നതായി ചരിത്രരേഖകളിൽ കാണാവുന്നതാണ്. വിദേശത്തുനിന്നെത്തിയ ക്രിസ്തുമത പ്രചാരകരാണ് ഇവിടെ അച്ചടിശാലകൾ സ്ഥാപിക്കാൻ മുൻകൈയെടുത്തത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ ഇവിടെ ക്രിസ്തുമത ഗ്രന്ഥങ്ങളാണ് അച്ചടിച്ചിരുന്നത്.
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തിനടുത്തുള്ള വൈപ്പിന്‍ കോട്ടയില്‍ 1602ല്‍ ജസ്വീറ്റുകള്‍ സുറിയാനി പ്രസ് സ്ഥാപിച്ച് മലയാളമല്ലാത്ത മതഗ്രന്ഥങ്ങള്‍ അച്ചടിച്ചിട്ടുള്ളതായി സൂചനയുണ്ടെങ്കിലും അച്ചടിച്ച ഗ്രന്ഥങ്ങളൊന്നും ഇന്ന് അവശേഷിക്കുന്നില്ല. അമ്പഴക്കാട്, കൊല്ലം, കൊച്ചി അച്ചടിശാലകളിലും ആദ്യം ഇതരഭാഷകളിലുള്ള ഗ്രന്ഥങ്ങളാണ് അച്ചടിച്ചിരുന്നത്. ബ്രിട്ടനിൽ നിന്നെത്തിയ ക്രിസ്തുമത പ്രചാരകന്‍ ​െബഞ്ചമിന്‍ ബെയ്‌ലി 1821ല്‍ കോട്ടയത്താരംഭിച്ച സി.എം.എസ് പ്രസ് ആണ് കേരളത്തിലെ ആദ്യത്തെ മലയാളം അച്ചടിശാല. ആദ്യത്തെ മലയാള പുസ്തകം ഇവിടെയാണ് അച്ചടിച്ചത്. മലയാളലിപി രൂപപ്പെടുത്തുന്നതിലും ബെയ്‌ലി പ്രധാന പങ്കുവഹിച്ചു.
1836ല്‍ സ്വാതിതിരുനാള്‍ മഹാരാജാവിെൻറ ഭരണകാലത്ത് തിരുവനന്തപുരം സർക്കാർ പ്രസും 1865ല്‍ ഇവിടെ ലിത്തോഗ്രാഫിക് പ്രസും സ്ഥാപിച്ചു. പിന്നീട് നിരവധി പ്രസുകൾ രംഗത്തുവന്നു. 

മലയാള ലിപിയുടെ ചരിത്രം
 വട്ടെഴുത്തും കോലെഴുത്തുമാണ് മലയാള ഭാഷാലിപികളുടെ ആദ്യരൂപങ്ങൾ. ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് വട്ടെഴുത്ത്. വര്‍ഗാക്ഷരങ്ങള്‍ ഇല്ലാതിരുന്ന വട്ടെഴുത്തുലിപി ഇന്ത്യയിലെ ഏറ്റവും പ്രാചീന ലിപിയായ ബ്രാഹ്മിയുടെ രൂപഭേദം തന്നെയാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. തുഞ്ചത്ത് എഴുത്തച്ഛ​െൻറ കാലം വരെ നമ്മുടെ പൂർവികർ വട്ടെഴുത്താണ് ഉപയോഗിച്ചിരുന്നതെന്നും അത് തമിഴരുടെ അക്ഷരമാലയായതിനാല്‍ സംസ്കൃതാക്ഷരങ്ങള്‍ക്ക് ലിപികള്‍ ഉണ്ടായില്ലെന്നും ‘കേരളപാണിനീയ’ത്തില്‍ എ.ആര്‍. രാജരാജവര്‍മ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ് ഭാഷ എഴുതാന്‍ മാത്രമേ വട്ടെഴുത്തിന് കഴിഞ്ഞിരുന്നുള്ളൂ. കേരളം ഉള്‍പ്പെടെ പ്രദേശങ്ങളില്‍ പുരാതനകാലത്ത് കോടതിഭാഷയും ഔദ്യോഗികഭാഷയും തമിഴായിരുന്നതിനാലാണ് കാലക്രമേണ വട്ടെഴുത്ത് അംഗീകൃത ലിപിയായി മാറിയത്.
പിന്നീടുണ്ടായ ലിപിയാണ് കോലെഴുത്ത്. വട്ടെഴുത്തിനെപ്പോലെ ഇതിലും വര്‍ഗാക്ഷരങ്ങള്‍ ഇല്ലായിരുന്നു. കോല്‍ (എഴുത്താണി) കൊണ്ട് കോറിയുണ്ടാക്കുന്നതുകൊണ്ടോ കൂർത്ത മൂര്‍ച്ചയുള്ള വസ്തുക്കള്‍കൊണ്ട് കൊത്തിയുണ്ടാക്കുന്നതുകൊണ്ടോ ആവാം കോലെഴുത്ത് എന്ന പേരുവന്നത്. കോലെഴുത്തിന് കൊച്ചിയിലും മലബാറിലുമാണ് കൂടുതല്‍ പ്രചാരമുണ്ടായിരുന്നത്. വട്ടെഴുത്തിലും കോലെഴുത്തിലും വളരെയധികം സാമ്യങ്ങൾ കണ്ടെത്താനാവും. വ​െട്ടഴുത്തിൽ രേഖപ്പെടുത്തിയ അനേകം ശാസനങ്ങള്‍ ചരിത്രകാരന്മാർ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിെൻറ ആരംഭം വരെ മലബാറില്‍ ഇസ്​ലാംമത വിശ്വാസികൾ ഈ ലിപി ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. വര്‍ഗാക്ഷരങ്ങള്‍ ഇല്ലാത്തതിനാല്‍ വട്ടെഴുത്തും കോലെഴുത്തും തമിഴ് ലിപിയും ഒരേ കുടുംബത്തിൽപെട്ട അക്ഷരമാലയില്‍ നിന്നുതന്നെ വികസിച്ച് രൂപപ്പെട്ടതാണെന്ന് ഗവേഷകർ കരുതുന്നു.