പുസ്തക വെളിച്ചം
നാലുകെട്ടി​െൻറ 60 വർഷം
  • പ്രഫ. എം. ഹരിദാസ്​
  • 02:46 PM
  • 14/05/2018

ഭാരതീയ ജ്ഞാനപീഠജേതാവായ എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലായ ‘നാലുകെട്ട്’ പ്രസിദ്ധീകരിച്ചത് 1958 ആഗസ്​റ്റ്​ മാസത്തിലാണ്. നോവലിസ്​റ്റി​െൻറ 23ാം വയസ്സിലെഴുതിയ ഈ കൃതിയുടെ പ്രസിദ്ധീകരണം മലയാള നോവൽ മണ്ഡലത്തിൽ ഒരു പുത്തൻ താരോദയത്തി​െൻറ വിളംബരമായി മാറി. കേരള സാഹിത്യ അക്കാദമി ആ വർഷത്തെ മികച്ച നോവലിനുള്ള പുരസ്കാരം നൽകി നാലുകെട്ടിനെ  അനുമോദിച്ചു. കേരളീയ വാസ്തുശിൽപമനുസരിച്ച് പ്രത്യേക ശൈലിയിൽ നിർമിച്ചിരുന്ന പുരാതന സവർണഗൃഹങ്ങളാണ് നാലുകെട്ടുകൾ. മധ്യത്തിൽ വെളിച്ചം ലഭിക്കുന്ന നടുമുറ്റവും നാലു ദിശകളിലായി വടക്കിനി, തെക്കിനി എന്ന മട്ട് വിളിക്കപ്പെടുന്ന വാസസ്ഥലങ്ങളുമുള്ള കെട്ടിടങ്ങളായിരുന്നു അവ. സാമ്പത്തികസ്ഥിതി അനുസരിച്ച്, രണ്ട് നാലുകെട്ടുകൾ കൂട്ടിച്ചേർത്ത എട്ടുകെട്ടും നാല്​  നാലു കെട്ടുകൾ കൂട്ടിച്ചേർക്കപ്പെട്ട 16 കെട്ടുകളും തെക്കെ മലബാറിലും മറ്റും ഉണ്ടായിരുന്നു. ഫ്യൂഡലിസത്തി​െൻറ തകർച്ച, ഭൂപരിഷ്കരണനിയമം, ജന്മിത്വത്തി​െൻറ നാശം, കൂട്ടുകുടുംബ വ്യവസ്ഥയുടെ അധഃപതനം തുടങ്ങി കേരളത്തിലുണ്ടായ സാമൂഹിക, സാമ്പത്തിക, രാഷ്​ട്രീയ പരിവർത്തനത്തി​െൻറ പരിണതഫലമായി ഈ  കെട്ടിടസമുച്ചയങ്ങൾ മിക്കതും പൊളിച്ചുനീക്കപ്പെടുകയുണ്ടായി. ഈ ഗതി കൂടുതലും ബാധിച്ചത് നായർ സമുദായത്തെയായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥ അണുകുടുംബ വ്യവസ്ഥക്ക് വഴിമാറുന്നതി​െൻറ സ്വാഭാവിക പരിണാമംകൂടിയായിരുന്നു അത്. ഈ പരിവർത്തനത്തിന്  ബാല്യംതൊട്ടേ സാക്ഷ്യം വഹിക്കുകയും അതി​െൻറ തിക്തഫലങ്ങൾ കുറെയൊക്കെ നേരിട്ട് അനുഭവിക്കേണ്ടി വരുകയും ചെയ്ത  എം.ടിയുടെ ആത്മാംശവും ഭാവനയും ഇഴചേർന്നുണ്ടായതാണ് ‘നാലുകെട്ട്’ എന്ന നോവൽ. ഹൃദയരക്തംകൊണ്ട് രചിക്കപ്പെട്ട കൃതി എന്നൊക്കെ ന്യായമായും വിശേഷിപ്പിക്കപ്പെടാവുന്ന നോവലാണ് അത്.
ദക്ഷിണ മലബാറിലെ ഒരു നായർ തറവാട്ടിലെ അംഗമായ അപ്പുണ്ണിയുടെ ബാല്യം മുതൽ ഏതാണ്ട് 28 വയസ്സ് വരെയുള്ള കാലഘട്ടത്തി​െല കഥയാണ് കൃതിയുടെ ഇതിവൃത്തം. അപ്പുണ്ണിയുടെ വീക്ഷണത്തിലാണ് കഥ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ജ്യേഷ്ഠസഹോദര​െൻറ സമ്മതമില്ലാതെ, പകിടകളിക്കാരൻ കോന്തുണ്ണി നായരെ വിവാഹം കഴിച്ചതി​െൻറ പേരിൽ തറവാട്ടിൽനിന്ന് പുറത്താക്കപ്പെട്ട പാറുക്കുട്ടിയാണ് അപ്പുണ്ണിയുടെ അമ്മ. നായർ വീടുകളിൽ മുറ്റമടിച്ചും പാത്രം കഴുകിയും കഷ്​ടപ്പെട്ട് വീട്ടുവേല ചെയ്താണ് അവർ മകനെ വളർത്തുന്നത്. തറവാട്ടിൽ കാലുകുത്തുന്നതിനുള്ള അവകാശംപോലും അപ്പുണ്ണിക്ക് നിഷേധിക്കപ്പെട്ടിരുന്നു. കൂട്ടുകച്ചവടക്കാരനായ സെയ്താലിയുടെ വഞ്ചനയിലൂടെ കോന്തുണ്ണി നായർ കൊല്ലപ്പെടുന്നതോടെ ആ അമ്മയുടെയും മക​െൻറയും ജീവിതം തികച്ചും നിരാലംബമായി മാറി. വല്യമ്മാവൻ കഴുത്തിനു പിടിച്ച് തള്ളിയതോടെ അപ്പുണ്ണിക്ക് ജീവിതത്തിൽ എല്ലാത്തിനോടും വെറുപ്പായി. നിരപരാധിയായ അമ്മയെപ്പോലും അവൻ വെറുത്തു. അമ്മയുടെ നിസ്സഹായതയിൽ സഹായഹസ്തം നീട്ടിയ ശങ്കരൻ നായരെയും അവൻ ശത്രുക്കളുടെ പട്ടികയിൽപെടുത്തി. വല്യമ്മാവനോട് എതിരിട്ടിരുന്ന കുട്ടമ്മാമൻ മാത്രമാണ് അവന്​ അൽപമെങ്കിലും പിന്തുണയേകിയത്. എന്നാൽ, അവൻ ഒന്നാം നമ്പർ ശത്രുവായിക്കണ്ട സെയ്താലിക്കുട്ടി യാദൃച്ഛികമായി ജീവിതത്തിലേക്ക് കടന്നുവന്ന് ആത്മധൈര്യം പകർന്നുനൽകി ജീവിതത്തെ സുധീരം നേരിടാൻ കരുത്തുള്ളവനാക്കി അവനെ മാറ്റിയതാണ് കഥയിലെ സുപ്രധാന വഴിത്തിരിവായത്. സെയ്താലിയുടെ പിൻബത്തോടെ തറവാട്ടിൽ കയറിപ്പറ്റിയ അവന്​ അവിടെ ചില പ്രണയസമാന അനുഭവങ്ങൾ ഉണ്ടായെങ്കിലും, അമർഷം നുരയിട്ടുപൊന്തിയിരുന്ന ആ മനസ്സിൽ അത്തരം മൃദുലവികാരങ്ങൾക്ക് ഇടമുണ്ടായിരുന്നില്ല. വയനാട്ടിൽ പോയി ജോലി ചെയ്ത് സമ്പന്നനും സമർഥനുമായ യുവാവായി അപ്പുണ്ണി തിരിച്ചുവന്നപ്പോഴേക്കും വല്യമ്മാവ​െൻറയും തറവാടി​െൻറയും സ്വാഭാവികമായ പതനം സംഭവിച്ചുകഴിഞ്ഞിരുന്നു. മധുരമായ പ്രതികാരമെന്ന നിലയിൽ അമ്മാവനിൽനിന്ന് നാലുകെട്ട് വിലക്കുവാങ്ങിച്ച അപ്പുണ്ണി, അറിവില്ലായ്മകൊണ്ട് താൻ തള്ളിപ്പറഞ്ഞിരുന്ന അമ്മയെ അങ്ങോട്ട് ആനയിക്കുന്നിടത്താണ് നോവൽ  അവസാനിക്കുന്നത്. താൻ അകറ്റിനിർത്തിയിരുന്ന ശങ്കരൻ നായരെ അങ്ങോട്ട് ക്ഷണിച്ചുകൊണ്ടുവരുന്നതിനുള്ള  ഹൃദയവിശാലതയും അയാൾ അതിനകം ആർജിച്ചുകഴിഞ്ഞിരുന്നു. ഇപ്രകാരം ശാശ്വതമായ മാനുഷിക ഭാവങ്ങളുടെ സ്വാഭാവികമായ ആഖ്യാനം നിർവഹിക്കുന്ന കൃതി കൂടിയാണ് ‘നാലുകെട്ട്’ എന്നതുകൊണ്ടാണ് ആറു പതിറ്റാണ്ടിനുശേഷം ഇപ്പോഴും അത് മലയാളത്തിലെ കമനീയ കൃതികളിലൊന്നായി നിലനിൽക്കുന്നത്.
 

ജീവിതരേഖ

  • എം.ടി. വാസുദേവൻ നായർ 
  • ജനനം: 1933 ജൂ​ൈല 15 പൊന്നാനി താലൂക്കിലെ കൂടല്ലൂർ 

നോവലിസ്​റ്റ്​, കഥാകൃത്ത്, പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡ
ൻറ്​, തുഞ്ചൻ സ്മാരക സമിതി ചെയർമാൻ, തിരക്കഥാകൃത്ത്, സിനിമാസംവിധായകൻ.

  • കൃതികൾ: അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം, വാനപ്രസ്ഥം, ഇരുട്ടി​െൻറ ആത്മാവ്, നോവലുകൾ, കഥാസമാഹാരങ്ങൾ, പഠനങ്ങൾ, യാത്രാവിവരണം, ഒട്ടേറെ തിരക്കഥകൾ.
  • പുരസ്കാരങ്ങൾ: ഭാരതീയ ജ്ഞാനപീഠ പുരസ്കാരം, എഴുത്തച്ഛൻ അവാർഡ്, കേന്ദ്ര^കേരള സാഹിത്യ അക്കാദമി അവാർഡ്​, വയലാർ അവാർഡ്, ഒ.എൻ.വി പുരസ്കാരം തുടങ്ങി നിരവധി. സംവിധാനത്തിനും തിരക്കഥക്കും ദേശീയ അവാർഡുകൾ, പത്മഭൂഷൺ