പുസ്തക വെളിച്ചം
നാടോടി നാഗരികനായതി​െൻറ കഥ
  • പ്രഫ. എം. ഹരിദാസ്​
  • 11:05 AM
  • 09/9/2017

ജീവിതത്തിൽ നാം ഇന്ന്​ അനുഭവിക്കുന്ന സുഖസൗകര്യങ്ങളും അനുകൂലാവസ്​ഥകളും ശാസ്​ത്ര സാങ്കേതികവിദ്യയുടെ സംഭാവനയാണ്. ഇരുട്ടിനെ അകറ്റാൻ പ്രകാശമെത്തിച്ചതും നിമിഷനേരത്തിനിടയിൽ ബഹുദൂരം പിന്നിടാനായതും പകർച്ചവ്യാധികളെ ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്തതും ലോകത്തിലെ ഏതു ​േകാണിൽ നടക്കുന്ന സംഭവവും തത്സമയം ലോകമെങ്ങും കാണിക്കാനായതും മനുഷ്യരാശിയുടെ ആയുർദൈർഘ്യം 80ലെത്തിച്ചതും അന്യഗ്രഹങ്ങളിൽ പാദസ്​പർശമണ​ക്കാൻ മനുഷ്യനെ പ്രാപ്തനാക്കിയതും ശാസ്​ത്രത്തിെൻറ സിദ്ധിയാണല്ലോ. സാഹിത്യം, സംഗീതം, മതം, കായികവിനോദം തുടങ്ങി മറ്റൊരു മണ്ഡലത്തിനും ശാസ്​ത്രത്തെപ്പോലെ മനുഷ്യഭാഗധേയത്തെ മാറ്റിമറിക്കാനായിട്ടില്ല. മനുഷ്യവർഗത്തെ മാത്രമല്ല, ഭൂമിയിലെ ജീവജാലങ്ങളെ മുഴുവനും നശിപ്പിക്കാനുതകുന്ന ആയുധങ്ങൾ നിർമിച്ചുകൂട്ടിയതിനു പിറകിലും ശാസ്​ത്ര സാങ്കേതികവിദ്യ തന്നെയാണ് എന്ന വസ്​തുത നിഷേധിക്കാനാവില്ല. പ്രസ്​തുതവിപരീതഫലങ്ങളെ അതിജീവിക്കാൻ മനുഷ്യരാശിക്ക് കഴിയും എന്ന പ്രത്യാശയാണ് ശാസ്​ത്രസാങ്കേതികവിദ്യകളിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകുവാൻ മനുഷ്യരെ േപ്രരിപ്പിക്കുന്നത്. ഈ ശാസ്​ത്ര സാങ്കേതികവിദ്യകൾക്കുണ്ടായ വികാസപരിണാമങ്ങളുടെ ചരിത്രമാണല്ലോ മനുഷ്യപുരോഗതിയുടെ കഥ. നായാടിയും നാടോടിയുമായിരുന്ന മനുഷ്യൻ നാഗരികനായിത്തീർന്ന ആ കഥയാണ് കേരള ശാസ്​ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ. ആർ.വി.ജി. മേനോെൻറ ‘ശാസ്​ത്ര സാങ്കേതികവിദ്യകളുടെ ചരിത്രം’ എന്ന കൃതിയിലെ ഉള്ളടക്കം. ശാസ്​ത്രവിജ്​ഞാനം നേടിയ പണ്ഡിതന്മാർ പലരും ഉണ്ട്. എന്നാൽ, ആർജിച്ച പാണ്ഡിത്യം ശാസ്​ത്രാവബോധ
ത്തോടെ സാധാരണക്കാർക്കും സുഗ്രാഹ്യമായ ശൈലിയിൽ പ്രസന്നമധുരമായി ആവിഷ്കരിക്കാൻ കഴിവുള്ളവർ വിരളമാണ്. ആ വൈഭവം നേടിയ എഴുത്തുകാരിൽ പ്രമുഖനാണ്, മലയാളത്തിൽ നിരവധി ശാസ്​ത്രഗ്രന്ഥങ്ങൾ  രചിച്ചിട്ടുള്ള ഡോ. ആർ.വി.ജി. മേനോൻ. രണ്ടുലക്ഷം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മനുഷ്യരാശിയുടെ വികാസത്തിന് അടിസ്​ഥാനമായി മാറിയ ശാസ്​ത്രരംഗത്തെ വർത്തമാനങ്ങളാണ്​ 468 പേജുള്ള ഈ കൃതിയിൽ സംഗ്രഹിച്ച് പ്രതിപാദിച്ചിരിക്കുന്നത്. 
കല്ലുകൾ കൂട്ടിയടിച്ചും അരണി കടഞ്ഞും തീയുണ്ടാക്കിയും ഭക്ഷണസമ്പാദനത്തിൽനിന്ന് ഭക്ഷ്യോൽപാദനത്തിലേക്ക് മാറിയും പടിപടിയായി കണ്ടെത്തിയ സാങ്കേതികവിദ്യകളുടെ സഹായമവലംബിച്ചാണ് പ്രാചീനമനുഷ്യൻ ഇന്നത്തെ ആധുനികമനുഷ്യനായി മാറിയത്. ആ വളർച്ചചരിത്രത്തിെൻറ നാഴികക്കല്ലുകളോരോന്നും ഗ്രന്ഥകർത്താവ് ഇവിടെ സരസമായി വിവരിച്ചിരിക്കുന്നു. ഭാരതീയ സംസ്​കൃതി, ചൈനീസ്​ സംസ്​കൃതി, ഗ്രീക്ക്–യൂറോപ്യൻ പൈതൃകം, റോമൻ പൈതൃകം, യൂറോപ്പിലെ മധ്യകാലഘട്ടം, യൂ​േറാപ്യൻ നവോത്ഥാനം എന്നിവയുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യയിലുണ്ടായ അഭിവൃദ്ധിയാണ് ആദ്യത്തെ എട്ട് അധ്യായങ്ങളുടെ ഉള്ളടക്കം. 
പ്രതിഭയുടെ നൂറ്റാണ്ട് (Century of Genius) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള 17ാം നൂറ്റാണ്ടിൽ ശാസ്​ത്രത്തിനുണ്ടായ അഭൂതപൂർവമായ വികാസമാണ് ഒമ്പതാം അധ്യായത്തിലെ പ്രതിപാദ്യം. ഐസക് ന്യൂട്ടൺ, വില്യം ഹാർവി, എഡ്മൻഡ് ഹാലി, പൈഥ
ഗോറസ്​ തുടങ്ങി ഒട്ടേറെ പ്രതിഭകൾ സജീവമായി പ്രവർത്തിച്ച കാലഘട്ടമായിരുന്നു അത്. ഗണിതം, ജ്യോതിശാസ്​ത്രം, പ്രകാശശാസ്​ത്രം, മെക്കാനിക്സ്​, ആർക്കിടെക്ചർ, രസതന്ത്രം, ജീവശാസ്​ത്രം എന്നിങ്ങനെ വിവിധ വൈജ്​ഞാനികമേഖലകളിൽ ആ കാലഘട്ടം വലിയ മുന്നേറ്റം കാഴ്ചവെച്ചു. വ്യവസായവിപ്ലവത്തെത്തുടർന്നുണ്ടായ മാറ്റങ്ങളെ പിന്തുടർന്ന് ആധുനികദശവരെ വിവിധ ശാഖകളിലുണ്ടായ പുരോഗതിയാണ് അവസാനത്തെ അഞ്ച് അധ്യായങ്ങളിൽ വിശകലനം ചെയ്യുന്നത്. ശാസ്​ത്രത്തിെൻറ ഈ വിജയഗാഥ മനുഷ്യാധ്വാനത്തിെൻറ വിജയഗാഥകൂടിയാണെന്ന് ഡോ. മേനോൻ സമർഥിക്കുന്നു. ആധുനികശാസ്​ത്രം മനുഷ്യവർഗത്തിനുമുന്നിൽ ഉയർത്തുന്ന വെല്ലുവിളികൾ ഇവിടെ സൂചിപ്പിക്കുന്നുണ്ട്. വികസനത്തെക്കുറിച്ചുള്ള ശരിയായ സമീപനത്തിലൂടെ മാത്രമേ ശാസ്​ത്രത്തിെൻറ വിപരീതഫലങ്ങളെ മറികടക്കാൻ കഴിയൂ. ശാസ്​ത്രത്തിെൻറ നിയന്ത്രണം വിപണിക്കോ രാഷ്​ട്രീയശക്​തികൾക്കോ വിട്ടുകൊടുക്കാതെ സാമൂഹികശക്​തികളുടെ ​കൈയിലേക്ക് എത്തിക്കുന്നതിന് സഹായകമായ വിദ്യാഭ്യാസം നൽകുന്നതിലാണ് ശ്രദ്ധ ഉൗന്നേണ്ടത് എന്ന നിഗമനത്തോടെയാണ് കൃതി അവസാനിപ്പിച്ചിരിക്കുന്നത്. പരാമർശവിധേയരായ ശാസ്​ത്രജ്​ഞരുടെയും യന്ത്രഭാഗങ്ങളുടെയും ചിത്രങ്ങളടക്കമാണ് കൃതി തയാറാക്കിയിരിക്കുന്നത് എന്നത് അതിനെ കൂടുതൽ ആകർഷകമാക്കുന്നു.

ജനനം: 1943 ഫെബ്രുവരി 17, വടക്കൻ പറവൂരിൽ
മുഴുവൻ പേര്: ആർ. വിജയഗോപാലമേനോൻ
പദവികൾ: വിവിധ ഗവ. എൻജിനീയറിങ്​ കോളജുകളിൽ അധ്യാപകൻ, പ്രിൻസിപ്പൽ, അനർട്ട് ഡയറക്ടർ, ശാസ്​ത്രസാഹിത്യ പരിഷത്ത് സംസ്​ഥാന പ്രസിഡൻറ്, ശാസ്​ത്രഗതി പത്രാധിപർ.
കൃതികൾ: അനേകം ശാസ്​ത്രലേഖനങ്ങൾ, ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തിലധികം കൃതികൾ.