സ്കൂൾ പച്ച
നമുക്ക് കളിച്ചുതുടങ്ങാം
  • ഫൈസ് തയ്യില്‍
  • 10:27 AM
  • 29/08/2016

കൊച്ചു ധ്യാനിന് ചെറുപ്പത്തില്‍ സ്പോര്‍ട്സിനോട് അത്രകണ്ട് താല്‍പര്യമൊന്നും തോന്നിയിരുന്നില്ല, ഗുസ്തിയെ ഏറെ സ്നേഹിച്ചിരുന്നുവെന്നല്ലാതെ. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാറായിരുന്ന പിതാവ് സമേശ്വര്‍ ദത്ത് സിങ് ഹോക്കി കളിക്കാറുണ്ടായിരുന്നെങ്കിലും ധ്യാന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നേയില്ല. പിന്നീടാണ് കൂട്ടുകാരോടൊപ്പം മരക്കൊമ്പൊടിച്ച് സ്റ്റിക്കാക്കിയും തുണിക്കഷണങ്ങള്‍ പൊതിഞ്ഞ് പന്താക്കിയും കുഞ്ഞു ധ്യാന്‍ ഹോക്കി കളിച്ചുതുടങ്ങിയത്. കളി തുടങ്ങിയപ്പോള്‍ ധ്യാന്‍ സിങ് ഹോക്കിയില്‍ തെളിഞ്ഞുതുടങ്ങി. അങ്ങനെയിരിക്കെയാണ്, ഒരിക്കല്‍ പിതാവിനൊപ്പം ഒരു ഹോക്കി മത്സരം കാണാന്‍ പുറപ്പെട്ടത്. ധ്യാന്‍ കളി കാണാനത്തെുമ്പോള്‍ ഒരു ടീം രണ്ട് ഗോളുകള്‍ക്ക് പിന്നിലാണ്. അപ്പോള്‍ അവന് ഒരു മോഹം, ‘അവര്‍ക്കൊപ്പം ഒന്നു കളിക്കണം’. സംഗതി പിതാവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആര്‍മി ഓഫിസറില്‍നിന്ന് അനുമതി വാങ്ങി നല്‍കി. കളി തുടങ്ങിയ ധ്യാന്‍ പിറകിലായിരുന്ന ടീമിന് നാലു ഗോളുകള്‍ സമ്മാനിച്ച് കളംവിട്ടു. ഇന്ത്യന്‍ കായികചരിത്രത്തിലെ ഒരു ഇതിഹാസത്തിന്‍െറ പിറവി അവിടെ തുടങ്ങുകയായിരുന്നു. ഹോക്കിയിലെ ഈ മിടുക്ക് കണ്ട് അവന് 16ാം വയസ്സില്‍തന്നെ പഞ്ചാബ് റെജിമെന്‍റില്‍ ശിപായിയായി ജോലി കിട്ടി. പട്ടാളത്തിലത്തെിയതോടെ സുബേദാര്‍ മേജര്‍ ബോല്‍ തിവാരിയായിരുന്നു ഹോക്കിയുടെ ശാസ്ത്രീയവശങ്ങളെക്കുറിച്ചും അതിന്‍െറ അടിസ്ഥാനവശങ്ങളെക്കുറിച്ചും പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്.  ഹോക്കിയിലെ അസാമാന്യ പ്രകടനം കണ്ട് കൂട്ടുകാര്‍ ധ്യാന്‍സിങ് എന്ന പേരിനൊപ്പം ചന്ദ് എന്നുകൂടി ചേര്‍ത്തു. അങ്ങനെ ഇന്ത്യന്‍ ഹോക്കിയിലെ ആ ചന്ദ്രതാരം പിറന്നു, ‘ധ്യാന്‍ ചന്ദ്’. 
ആ പേര് ഇന്ത്യന്‍ കായികലോകത്തിലെ ഇതിഹാസ സമാനമായ വാക്കാണ്. ഇന്ത്യക്ക് കായികരംഗത്ത് ഇത്രയധികം നേട്ടങ്ങള്‍ സമ്മാനിച്ച മറ്റൊരു പ്രതിഭയുണ്ടോയെന്നു സംശയമാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ദേശീയ കായികദിനമായി ധ്യാന്‍ ചന്ദിന്‍െറ ജന്മദിനം തെരഞ്ഞെടുത്തതും. ധ്യാന്‍ ചന്ദ് ജനിച്ച ആഗസ്റ്റ് 29 ആണ് നമ്മുടെ രാജ്യത്തിന്‍െറ കായികദിനം. കായികരംഗത്തെയും കായികതാരങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്‍െറ ലക്ഷ്യം. എല്ലാ വര്‍ഷവും ഈ ദിവസം ഡല്‍ഹിയിലെ രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍വെച്ചാണ് ഇന്ത്യയുടെ കായിക ബഹുമതികളായ ഖേല്‍രത്ന, അര്‍ജുന, ദ്രോണാചാര്യ പുരസ്കാരങ്ങള്‍ വിതരണം ചെയ്യാറ്. ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കള്‍ക്കും ആ ദിവസം ബഹുമതികള്‍ വിതരണം ചെയ്യും. ഇത്തവണ ആരെല്ലാമാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് കൂട്ടുകാര്‍ക്കറിയാമോ? 
ഖേല്‍രത്ന: പി.വി. സിന്ധു (ബാഡ്മിന്‍റണ്‍), സാക്ഷി മാലിക് (ഗുസ്തി), ദീപ കര്‍മാകര്‍ (ജിംനാസ്റ്റിക്സ്), ജിത്തു റായി ( ഷൂട്ടിങ്) ദ്രോണാചാര്യ: ബിശ്വേശ്വര്‍ നന്‍ഡി (ജിംനാസ്റ്റിക്സ്), നാഗപുരി രമേഷ് (അത്ലറ്റിക്സ്), സാഗര്‍ മല്‍ ദയാല്‍ (ബോക്സിങ്), രാജ്കുമാര്‍ ശര്‍മ (ക്രിക്കറ്റ്), എസ്. പ്രദീപ്കുമാര്‍ (നീന്തല്‍), മഹാബീര്‍ സിങ് (ഗുസ്തി) 
അര്‍ജുന അവാര്‍ഡ്: രജത് ചൗഹാന്‍ (അമ്പെയ്ത്ത്), ലളിത ബാബര്‍ (അത്ലറ്റിക്സ്), സൗരവ് കോത്താരി (ബില്യാര്‍ഡ്സ്), ശിവപ്പ (ബോക്സിങ്), അജിന്‍ക്യ രഹാനെ (ക്രിക്കറ്റ്), റാണി (ഹോക്കി), സുബ്രതാ പോള്‍ (ഫുട്ബാള്‍), വി.ആര്‍. രഘുനാഥ് (ഹോക്കി), ഗുര്‍പ്രീത് സിങ് (ഷൂട്ടിങ്), അപൂര്‍വി ചന്ദേല (ഷൂട്ടിങ്), സൗമ്യജിത്ത് ഘോഷ് 
(ടേബിള്‍ ടെന്നിസ്), വിനേഷ് പൊഗാട്ട് 
(ഗുസ്തി), അമിത് കുമാര്‍ (ഗുസ്തി), സന്ദീപ് സിങ് മാന്‍ (പാരാ അത്ലറ്റിക്സ്), വിരേന്ദര്‍ സിങ് (ഗുസ്തി).
ധ്യാന്‍ ചന്ദ് അവാര്‍ഡ്: സതി ഗീത 
(അത്ലറ്റിക്സ്), സില്‍വാനസ് ഡങ് 
ഡങ് (ഹോക്കി), രാജേന്ദ്ര പ്രഹ്ളാദ് ഷെല്‍കെ (തുഴച്ചില്‍).

 

രാജ്യത്തെ യുവസമൂഹത്തില്‍ കായിക അവബോധം വളര്‍ത്തുന്നതിനും അവരുടെ കായികശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദേശീയ കായികദിനം ആചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ കായികമത്സരങ്ങളുടെ പ്രാധാന്യം ഉറപ്പാക്കുകയെന്നതാണ് ഈ ദിവസത്തിന്‍െറ പ്രധാന പ്രത്യേകത. പല വിദ്യാലയങ്ങളും ഈ ദിവസം കായികമത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ദേശീയ കായികദിനാചരണംകൊണ്ട് രാഷ്ട്രത്തിന്‍െറ കായികപരവും മാനസികവുമായ അഭിവൃദ്ധിയെ പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള ചിന്തകളാണ് സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരേണ്ടത്. കാരണം, ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള തലമുറക്കേ രാഷ്ട്രപുരോഗതിയില്‍ മികച്ച പങ്കു വഹിക്കാനാവൂ... 
മനുഷ്യന്‍െറ ശാരീരികവും മാനസികവുമായ സമഗ്രവികസനമാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമിടുന്നത്. കൂട്ടുകാരുടെ ശാരീരികമായ കഴിവ് വളര്‍ന്നുവരുമ്പോള്‍ മാത്രമേ മാനസികവും വൈകാരികവുമായ വിമോചനം ലഭ്യമാവൂ. ഒരുപാട് വിഷയങ്ങള്‍ പഠിക്കുകയും പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ ശാരീരികക്ഷമത വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായേ തീരൂ. മാത്രവുമല്ല, കളികളിലൂടെ വളരേണ്ടുന്ന മാനസികമൂല്യങ്ങള്‍, സഹകരണബോധം, ധൈര്യം, ഐക്യം, സ്നേഹം, സഹനം എന്നിവയും കായികപ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ലഭിക്കൂ. ശരീരത്തെ ആരോഗ്യത്തോടെ പരിപാലിക്കാനുള്ള സാഹചര്യവും കായികപ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്നു. 
പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്കുള്ള മറ്റു പല നേട്ടങ്ങളും കൂട്ടുകാര്‍ക്ക് കളികളിലൂടെ ലഭിക്കും. ടീമുകളായി കളിക്കുമ്പോള്‍ ഒരു സംഘത്തില്‍ എങ്ങനെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാമെന്നും വിജയത്തിലേക്ക് കൂട്ടായി എങ്ങനെ പ്രവര്‍ത്തിക്കാമെന്നുമാണ് പഠിക്കുന്നത്. ഒപ്പം അച്ചടക്കവും കൂട്ടുകാരുടെ സ്വഭാവത്തില്‍ സ്വായത്തമാകുന്നു. നേതൃഗുണമാണ് മറ്റൊരു നേട്ടം. കളികളിലുണ്ടാകുന്ന പരാജയങ്ങള്‍, കൂട്ടുകാര്‍ക്ക് പരാജയത്തെ നേരിടാനുള്ള ധൈര്യവും പകരും. 
സ്പോര്‍ട്സ് കൊണ്ട് എത്രയേറെ നേട്ടങ്ങളാണ് കൂട്ടുകാര്‍ക്കുണ്ടാവുന്നതല്ളേ? അങ്ങനെയെങ്കില്‍ പഠനത്തോടൊപ്പം നമുക്ക് കളികളും പഠിച്ചുതുടങ്ങിയാലോ? ഇത്തവണത്തെ ദേശീയ കായികദിനം അതിനുള്ള തുടക്കമാവട്ടെ... 

 

കൂട്ടുകാര്‍ക്ക് ഏറെ പരിചിതമായ ഒട്ടേറെ കളികളുണ്ട്. ക്രിക്കറ്റ്, ഫുട്ബാള്‍, ബാസ്കറ്റ്ബാള്‍, വോളിബാള്‍, ടെന്നിസ്, ചെസ്, ബാഡ്മിന്‍റണ്‍ അങ്ങനെയങ്ങനെ... എന്നാല്‍, പേരുകൊണ്ടുമാത്രം അറിയുന്ന, അത്ര പരിചിതമല്ലാത്ത ചില കളികളില്ളേ. ഈ കായികദിനത്തില്‍ അവയെ പരിചയപ്പെട്ടാലോ...
 

ബേസ്ബാള്‍

```````````````````

പതിനെട്ടാം നൂറ്റാണ്ടില്‍ വടക്കേ അമേരിക്കയിലാണ് ഈ കളി ആരംഭിച്ചത്.  ഒമ്പതു കളിക്കാര്‍ വീതമുള്ള രണ്ടു ടീമുകള്‍ ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്നതാണ് ബേസ്ബാള്‍. ബാള്‍ എറിയുന്ന ആളിനെ പിച്ചറെന്നും എതിര്‍ചേരിയിലെ ബാറ്റ്സ്മാനെ ബാറ്റര്‍ എന്നുമാണ് വിളിക്കുന്നത്. ക്രിക്കറ്റ് ബാളിന്‍െറ വലുപ്പമുള്ള പന്ത് മരംകൊണ്ട് നിര്‍മിച്ച ഉരുളന്‍തടിപോലെയുള്ള ബാറ്റുകൊണ്ട് അടിച്ച് റണ്‍ എടുക്കാന്‍ ശ്രമിക്കുന്നു. സമയപരിമിതിയില്ലാത്ത ഒമ്പത് ഇന്നിങ്സുകളുള്ള കളിയില്‍, ഓരോ ചേരിയുടെയും ഇന്നിങ്സ്, മൂന്ന് ബാറ്റര്‍മാര്‍ പുറത്തായാലാണ് അവസാനിക്കുന്നത്. 

ഗോള്‍ഫ്

````````````````

പലതരത്തിലുള്ള ദണ്ഡുകള്‍ (ക്ളബ്) ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ അടികളിലൂടെ പന്ത് ഗോള്‍ഫ് കോഴ്സിലെ കുഴികളില്‍ (ഹോള്‍) വീഴ്ത്തുക എന്നതാണ് ഈ കളിയുടെ രീതി. കളിസ്ഥലത്തിന് അടിസ്ഥാന ഘടനയില്ലാത്ത വളരെ കുറച്ച് പന്തുകളികളിലൊന്നാണ് ഗോള്‍ഫ്. ഇതിന്‍െറ കളിസ്ഥലങ്ങളെ ഗോള്‍ഫ് കോഴ്സുകള്‍ എന്നാണ് പറയുക. ഇവ ഓരോന്നിനും വ്യത്യസ്തമായ ഘടനയായിരിക്കും. മിക്കവാറും ഒമ്പത് മുതല്‍ 18 വരെ ഹോളുകളാണ് ഒരു ഗോള്‍ഫ് കോഴ്സില്‍ സാധാരണയായി ഉണ്ടാവുക.

റഗ്ബി

````````````````

വാര്‍വിക്ഷെയറിലെ റഗ്ബി സ്കൂള്‍ വികസിപ്പിച്ച ഫുട്ബാള്‍ രൂപമാണ് റഗ്ബി. റഗ്ബി യൂനിയന്‍, റഗ്ബി ലീഗ് എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ടുതരം റഗ്ബികളാണുള്ളത്. അമേരിക്കന്‍ ഫുട്ബാള്‍ എന്നും ഇതറിയപ്പെടുന്നു. 

ഖോ ഖോ

````````````````````````

ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണിത്. പന്ത്രണ്ട് പേരടങ്ങുന്ന ടീമാണ് ഖോ ഖോ കളിക്കുക. ഒമ്പതു പേര്‍ മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്. 

ടേബിള്‍ ടെന്നിസ്

```````````````````````````

രണ്ടോ നാലോ കളിക്കാര്‍ ഭാരം കുറഞ്ഞ പന്തും ചെറിയ ബാറ്റും പ്രത്യേകതരത്തില്‍ നിര്‍മിക്കപ്പെട്ട ഒരു മേശയും ഉപയോഗിച്ചാണ് ഇത് കളിക്കുക. ടെന്നിസുമായി ചില കാര്യങ്ങളില്‍ സാമ്യമുള്ളതുകൊണ്ടാണ് ടേബിള്‍ ടെന്നിസ് എന്ന് വിളിക്കുന്നത്. മേശയുടെ മധ്യത്തില്‍ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും (15 സെന്‍റിമീറ്റര്‍) ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്. സാധാരണയായി അഞ്ചോ മൂന്നോ ഗെയിമുകളില്‍ അധിഷ്ഠിതമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇവയില്‍ ഏറ്റവും കൂടുതല്‍ ഗെയിമുകള്‍ ജയിക്കുന്നയാളാണ് വിജയി.