നാളറിവ്
നമുക്ക്​ പുസ്​തകം നുണയാം...
 • പി. സഫ്​വാൻ റാഷിദ്​
 • 11:16 AM
 • 02/04/2018

ഏപ്രിൽ 2 ലോക ബാലപുസ്​തക ദിനം

‘‘നിനക്കിച്ചാച്ചനുണ്ടോ?’’
‘‘ഒണ്ടാരുന്നു’’
‘‘എന്നിട്ട്?’’
‘‘എങ്ങാണ്ടോ പൊയ്ക്കളഞ്ഞു.’’
‘‘എന്തിനാണ് പോയത്?’’
‘‘എനിക്ക് ഒരു കുട മേടിച്ചോണ്ടു തരാമെന്നു പറഞ്ഞു പോയതാ...’’ ലില്ലി രണ്ടു കൈകൊണ്ടും കണ്ണുകൾ തിരുമ്മിക്കരഞ്ഞു.
മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ നോവലിൽനിന്നുള്ള ഭാഗമാണിത്​. ഇത്​ വായിച്ചവരാരും ലില്ലിയെയും ബോബിയെയും മറക്കാനിടയില്ല. ഗള്ളിവർ, ടോ​േട്ടാചാൻ, മൗഗ്ലി, ഉണ്ണിക്കുട്ടൻ ഇങ്ങനെ കൂട്ടുകാരുടെ മനസ്സു നിറച്ച എത്രയെത്ര കഥാപാത്രങ്ങളാണുള്ളതല്ലേ. മൊബൈൽ ഗെയിമും ടി.വി കാർട്ടൂണുമെല്ലാം കുറച്ചു​കാലത്തേക്ക്​ മാറ്റിവെച്ച്​ ഇൗ അവധിക്കാലത്ത്​ നമുക്ക്​ കുറച്ച്​ പുസ്​തകങ്ങൾ വായിച്ചാലോ? ‘വായിച്ചാലും വളരും വായിച്ചില്ലേലും വളരും, പക്ഷേ, വായിച്ചാല്‍ വിളയും, വായിച്ചില്ലേല്‍ വളയും’ എന്നല്ലേ നമ്മുടെ കുഞ്ഞുണ്ണിമാഷ്​ പറഞ്ഞിട്ടുള്ളത്​.

ലോക ബാലപുസ്​തക ദിനം
ഡാനിഷ്​ എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ് ക്രിസ്​റ്റ്യൻ ആൻ‌ഡേഴ്സ​െൻറ ജന്മദിനമായ ഏപ്രിൽ രണ്ടാണ്​ ലോക ബാലപുസ്​തക ദിനാഘോഷത്തിന്​ തിരഞ്ഞെടുത്തത്​. ‘The International Board on Books for Young People’ (IBBY) എന്ന സംഘടനയാണ് ലോക ബാലപുസ്​തക ദിനാഘോഷത്തിന്​ നേതൃത്വം നൽകുന്നത്​. 1967 മുതൽ ലോക ബാലപുസ്​തക ദിനാഘോഷം സംഘടിപ്പിച്ചുവരുന്നുണ്ട്​. 2018ലെ ലോക ബാല പുസ്​തക ദിനാഘോഷം IBBY ലാത്​വിയ ആണ്​ സംഘടിപ്പിക്കുന്നത്​.
എച്ച്​.സി. ആൻ‌ഡേഴ്സൻ എന്ന ഹാൻസ് ക്രിസ്​റ്റ്യൻ ആൻ‌ഡേഴ്സൻ കവിയും ബാലസാഹിത്യകാരനുമാണ്​. ‘ദ സ്​റ്റഡ്ഫാസ്​റ്റ്​ ടിൻ സോൾജ്യർ’, ‘ദ സ്നോ ക്വീൻ’, ‘ദ ലിറ്റിൽ മെർമെയ്ഡ്’, ‘തംബലിന’, ‘ദ ലിറ്റിൽ മാച്ച് ഗേൾ’, ‘ദ അഗ്ലി ഡക്ലിങ്​’ എന്നിവയാണ്‌ പ്രധാന കൃതികൾ. ബാലസാഹിത്യത്തിലെ സമഗ്ര സംഭാവനക്ക്​ ഇൻറർനാഷനൽ ബോർഡ്​ ഒാൺ ബുക്​സ്​ ഫോർ യങ്​ പീപ്​ൾ (International Board on Books for Young People) ഹാന്‍സ് ക്രിസ്​റ്റ്യന്‍ ആന്‍ഡേഴ്സൻ അവാര്‍ഡ് നൽകിവരുന്നു.


ബാലസാഹിത്യം ഇന്ത്യയിൽ
പത്തൊമ്പതാം നൂറ്റാണ്ടിൽ കൽക്കത്തയിൽ സ്​കൂൾ ഒാഫ്​ ബുക്ക്​ സൊസൈറ്റി സ്​ഥാപിച്ചുകൊണ്ട്​ ക്രിസ്ത്യൻ മിഷനറിമാരാണ്​ ഇന്ത്യയിൽ ബാലസാഹിത്യ പ്രസാധനം ആരംഭിക്കുന്നത്​. തുടർന്ന്​ രാജാ ശിവപ്രസാദ്​ ഹിന്ദിയിലും ഇൗശ്വർ ചന്ദ്ര വിദ്യസാഗർ, രവീന്ദ്രനാഥ ടാഗോർ എന്നിവർ ബംഗാളിയിലും ബൊഹാരിലാൽപുരി പഞ്ചാബിയിലും ബാലപുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി. 1957ൽ കാര്‍ട്ടൂണിസ്​റ്റ്​ ശങ്കര്‍ ചില്‍ഡ്രന്‍സ് ബുക്ക്​ ട്രസ്​റ്റ്​ കമ്പനി എന്ന പബ്ലിഷിങ് കമ്പനി സ്ഥാപിച്ചതോടെ മികച്ച പുസ്​തകങ്ങൾ പുറത്തിറങ്ങാൻ തുടങ്ങി. വിഷ്​ണുശർമയുടെ പഞ്ചതന്ത്രം കഥകൾ ലോകത്തിലെത്തന്നെ ആദ്യത്തെ ബാലകഥാസമാഹാരമാണെന്ന്​ കരുതപ്പെടുന്നു.

ബാലസാഹിത്യം മലയാളത്തിൽ 
മലയാള ഭാഷയിലെ ആദ്യ ബാലസാഹിത്യ കൃതി ഏതെന്നതിന്​ കൃത്യമായ ഉത്തരമില്ല. ഇംഗ്ലീഷില്‍നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടതും രചയിതാവിനെക്കുറിച്ച് സൂചനകളില്ലാത്തതുമായ ‘ചെറുപൈതങ്ങള്‍ക്കുപകാരമായുണ്ടായതാ’ണ് ബാലസാഹിത്യത്തിലെ പ്രഥമസംരംഭം എന്ന്​ കരുതുന്നു. 1824ലാണിത് പ്രസിദ്ധീകരിച്ചത്. 1860ല്‍ ഗുണ്ടര്‍ട്ട് വിദ്യാര്‍ഥികള്‍ക്കായി ‘പാഠമാല’ പ്രസിദ്ധീകരിച്ചു. വൈക്കത്ത് പാച്ചുമൂത്തത് രചിച്ച ‘ബാലഭൂഷണം’ ഈ ശ്രേണിയിലെ ആദ്യകാല സംഭാവനയാണ്. ഡോ. കുഞ്ചുണ്ണിരാജ, കെ. രാഘവൻ പിള്ള, എരുമേലി പരമേശ്വരൻ ‍പിള്ള എന്നിവരൊക്കെ കുഞ്ചന്‍നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന്​ മലയാള ബാലസാഹിത്യത്തിലെ ആദ്യ സ്ഥാനം നല്‍കുന്നു. 1866ല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തിരുവിതാംകൂര്‍ പാഠപുസ്തക കമ്മിറ്റിയുടെ ഓണററി മെംബറായി ചുമതലയേറ്റതോടെ കുട്ടികള്‍ക്കായി അദ്ദേഹം അനേകം കവിതകളും കഥകളും രചിച്ചു. ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. ഇത്​ മലയാള ബാലസാഹിത്യത്തിനു വലിയ  അടിത്തറയൊരുക്കി. മാത്യു എം. കുഴിവേലിയെപ്പോലുള്ളവരും ബാലസാഹിത്യ ചരിത്രത്തില്‍ കാര്യമായി ഇടപെട്ടു.
മലയാളത്തിലെ മികച്ച എഴുത്തുകാരെല്ലാം ബാലസാഹിത്യരചന നിര്‍വഹിച്ചിട്ടുണ്ട്. സംസ്കൃതാതിപ്രസരമുള്ള കാവ്യങ്ങള്‍ രചിച്ച ഉള്ളൂരും ആശയഗാംഭീര്യമുള്ള കൃതികളെഴുതിയ ആശാനും വള്ളത്തോളും എന്നുവേണ്ട, ജി. ശങ്കരപ്പിള്ളയും പി. കുഞ്ഞിരാമൻനായരും വയലാറും ഒ.എന്‍.വി കുറുപ്പും സുഗതകുമാരിയും ഒക്കെ കുട്ടികള്‍ക്കായി മധുരകാവ്യങ്ങള്‍ രചിച്ചു. 1950^1960കളിൽ വളരെ ചുരുക്കം എഴുത്തുകാരേ മലയാള ബാലസാഹിത്യത്തിനുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് മാലി. 
അമ്പാടി ഇക്കാവമ്മ, ലളിതാംബിക അന്തർജനം, നന്തനാർ, മാലി, കുഞ്ഞുണ്ണി മാഷ്, പി. നരേന്ദ്രനാഥ്, സി.ജി. ശാന്തകുമാർ‌, അഷിത, സുമംഗല, പ്രഫ. എസ്. ശിവദാസ്, സിപ്പി പള്ളിപ്പുറം, കെ.വി. രാമനാഥൻ, ദേവപ്രകാശ്, സുഭാഷ് ചന്ദ്രൻ, എം.കെ. മനോഹരൻ, കെ.ബി. ശ്രീദേവി, കെ. തായാട്ട്, കെ. ശ്രീകുമാർ, ചേപ്പാട് ഭാസ്കരൻ നായർ, ആർ. ഗോപാലകൃഷ്ണൻ, ആർ. ശ്രീലേഖ, ഇ.വി. കൃഷ്ണപിള്ള തുടങ്ങിയവരെല്ലാം കുട്ടികൾക്കായി ശ്രദ്ധേയ രചനകൾ നിർവഹിച്ചവരാണ്​.

കേരള സംസ്​ഥാന ബാലസാഹിത്യ ഇൻസ്​റ്റിറ്റ്യൂട്ട്​
കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി കേരള സർക്കാറിെൻറ സാംസ്​കാരിക വകുപ്പിനു​ കീഴിൽ 1981ൽ കേരള സംസ്​ഥാന ബാലസാഹിത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ സ്​ഥാപിച്ചു. സാംസ്​കാരിക വകുപ്പ്​ മന്ത്രി എ.കെ. ബാലൻ ചെയർമാനായ സ്​ഥാപനത്തി​െൻറ ഇപ്പോഴത്തെ ഡയറക്​ടർ പള്ളിയറ ശ്രീധരൻ ആണ്​. ബാലമാസികയായ ‘തളിര്​’ പ്രസിദ്ധീകരിക്കുന്നത്​ കേരള സംസ്​ഥാന ബാലസാഹിത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ആണ്​. മലയാള ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്​കാരങ്ങളും എഴുത്തുകാർക്കും ചിത്രകാരന്മാക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു. എല്ലാവർഷവും സാംസ്കാരിക വകുപ്പിനുവേണ്ടി തിരുവനന്തപുരം പുസ്തകമേള നടത്തുന്നതും കുട്ടികൾക്കായി  വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനമത്സരം നടത്തുന്നതും ഇൻസ്​റ്റിറ്റ്യൂട്ട്​ ആണ്​. 
 

കുട്ടികൾക്കായി ചില പുസ്​തകങ്ങൾ

 • മാൽഗുഡി ഡെയ്​സ്​

ആ​ർ​.കെ. നാരായണൻ എന്ന ഇന്ത്യൻ ഇംഗ്ലീഷ്​ എഴുത്തുകാരന്​ ലോകപ്രശസ്​തി നൽകിയ പുസ്​തകമാണ്​ മാൽഗുഡി ഡെയ്​സ്​. തെക്കേ ഇന്ത്യയിലെ സാങ്കൽപിക പട്ടണമായ മാൽഗുഡിയെ കേന്ദീകരിച്ചുള്ള കഥകൾ ഏറെ ആരാധകരെ സൃഷ്​ടിച്ചു. 1943ൽ ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് ആണ് മാൽഗുഡി ഡെയ്​സ്​ പ്രസിദ്ധീകരിച്ചത്. മാൽഗുഡിയും സ്വാമിനാഥനും കൂട്ടുകാരനും എല്ലാം തലമുറകൾക്കതീതമായി ഇന്നും നിലനിൽക്കുന്നു. 1982ൽ ഇത്​ ഇന്ത്യക്ക്​ പുറത്തേക്കും പ്രസിദ്ധീകരിച്ചു. മാൽഗുഡി എന്ന സാങ്കൽപിക ഗ്രാമത്തി​െൻറ പശ്ചാത്തലത്തിൽ 29 നോവലുകളും നിരവധി ചെറുകഥകളും ആർ.കെ. നാരായണൻ എഴുതി. 1906ൽ മദ്രാസിൽ (ചെ​െന്നെ) ജനിച്ച ആർ.കെ 2001ൽ അന്തരിച്ചു. 1986ൽ ശങ്കർ നാഗ് സംവിധാനം ചെയ്​ത  മാൽഗുഡി ഡെയ്സ് എന്ന ടെലിവിഷൻ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോയി കുരുവിളയാണ്​ ഇൗ പുസ്​തകം മലയാളത്തിലേക്ക്​ മൊഴിമാറ്റിയത്​.

 • ഒലിവർ ട്വിസ്​റ്റ്​

ചാൾസ്​ ഡിക്കൻസി​െൻറ ലോകപ്രശസ്​ത ഇംഗ്ലീഷ്​ നോവലാണ് ഒലിവർ ട്വിസ്​റ്റ്​.​ 1838 കാലഘട്ടത്തിലാണ് ആദ്യ കോപ്പി പ്രസിദ്ധീകരിച്ചത്. ഒലിവർ ട്വിസ്​റ്റ്​ എന്ന അനാഥ ബാല​െൻറ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മധ്യകാല ഇംഗ്ലണ്ടി​െൻറ സാമൂഹികാവസ്​ഥകളും ദുരിതങ്ങളും ദാരിദ്ര്യവുമെല്ലം ഡിക്കൻസ്​ വായനക്കാരിലെത്തിക്കുന്നു. അനാഥാലയത്തിൽനിന്നും രക്ഷപ്പെട്ട് വരുന്ന ഒലിവർ ഫാഗിൻ എന്ന കുപ്രസിദ്ധ മോഷ്​ടാവി​െൻറ കൂട്ടത്തിൽ എത്തിപ്പെടുകയും അവനെ ഫാഗിൻ മോഷണം പഠിപ്പിക്കുകയും ചെയ്യുന്നു. ബംബിൾ, ഫാഗിൻ, സൈക്സ്, നാൻസി, റോസി, ബ്രൗൺലോ തുടങ്ങിയവരും ഇതിലെ കഥാപാത്രങ്ങളാണ്. 

 • ടോട്ടോ-ചാൻ

ജാപ്പനീസ്​ ടെലിവിഷൻ പ്രതിഭയായ തെത്സുകോ കുറോയാനഗി എഴുതിയ ഗ്രന്ഥമാണ്​ ടോട്ടോ^ചാൻ, 1981ൽ പ്രസിദ്ധീകരിച്ച  ടോട്ടോചാൻ^ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ​ എന്നപുസ്​തകം  ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ ഗ്രന്ഥകാര​െൻറ ബാല്യകാല അനുഭവങ്ങളാണ്‌ വിവരിച്ചിരിക്കുന്നത്. ടോ​േട്ടാ^ചാൻ എന്ന വികൃതിപ്പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ വിദ്യാഭാസ സ​മ്പ്രദായത്തിന്​ പുതിയ മാനം നൽകുന്ന ഗ്രന്ഥം പല രാജ്യങ്ങളി​െലയും അധ്യാപന പരിശീലന കോളജുകളിൽ  പഠനവിഷയമാണ്. ‘ടോട്ടോ^ചാൻ, ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്ന പേരിൽ അൻ‌വർ അലി  ഈ പുസ്തകം മലയാളത്തിലേക്ക്​ വിവർത്തനം ചെയ്തിട്ടുണ്ട്.

 • റോബിൻസൺ ക്രൂസോ

ലോകസാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ്​ റോബിൻസൺ ക്രൂസോ.  ഇംഗ്ലീഷ് പത്രപ്രവർത്തകനും നോവലിസ്​റ്റും ലേഖകനുമായ ഡാനിയൽ ഡീഫോ ആണ് ഈ പ്രശസ്ത ഗ്രന്ഥത്തി​െൻറ കർത്താവ്​. 25 ഏപ്രിൽ 1719ലാണ്​ ഇൗ നോവൽ പുറത്തിറങ്ങിയത്​. ദ്വീപിൽ ഏകനായി അഞ്ചുവർഷത്തോളം ജിവിച്ച റോബിൻസൺ ക്രൂസോ എഴുതുന്ന ഒരു ഡയറിയുടെ രൂപത്തിലാണ്​ ഡീഫോ കഥപറയുന്നത്​. ഇൗ നോവൽ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്​.

 • ഉണ്ണിക്കുട്ട​െൻറ ലോകം

ഗ്രാമീണപശ്ചാത്തലമുള്ള കുടുംബത്തിലെ കൊച്ചുകുട്ടിയുടെ കാഴ്​ചപ്പാടിലൂടെ വിവരിക്കുന്ന ലളിതസുന്ദരനോവൽ. ഉണ്ണിക്കുട്ട​ൻ എന്ന ബാലനെ കേന്ദ്രകഥാപാത്രമാക്കിയ ഉണ്ണിക്കുട്ട​െൻറ ലോകം കൃതിയുടെ രചയിതാവ്​ നന്തനാർ ആണ്​.  ഉണ്ണിക്കുട്ട​െൻറ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നീ  കൃതികളുടെ സമാഹാരമാണ് ഉണ്ണിക്കുട്ട​െൻറ ലോകം. ഗൃഹാതുരത്വമുണർത്തുന്ന അനുഭൂതികൾ സമ്മാനിക്കുന്ന ഇൗ പുസ്​തകം വായിച്ചിരിക്കേണ്ട ഒന്നാണ്​.

 • ഒരച്ഛന്‍ മകൾക്കയച്ച കത്തുകൾ 

കുട്ടികളുടെ പ്രിയങ്കരനും പ്രഥമപ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റു മകൾ ഇന്ദിര പ്രിയദർശിനിക്ക്​ 1928ൽ അയച്ച 30 കത്തുകളുടെ സമാഹാരമാണിത്​. ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനനുസൃതമായി പ്രവര്‍ത്തിക്കാനും പുസ്തകം പ്രേരകമാവുമെന്ന് ആമുഖത്തില്‍ ചാച്ചാജി വിവരിക്കുന്നു. കുട്ടികളുടെ ചിന്താശേഷിയെയും കാഴ്​ചപ്പാടിനെയും സ്വാധീനിക്കുന്ന ഇൗ പുസ്​തകം വായിക്കാൻ ശ്രമിക്കുമല്ലോ?

 • അഗ്​നിച്ചിറകുകൾ (Wings Of Fire)

മുൻ രാഷ്​ട്രപതിയും ശാസ്​ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്​ദുൽ കലാമി​െൻറ ആത്മകഥയാണ് അഗ്​നിച്ചിറകുകൾ. 1999ൽ ഇംഗ്ലീഷിൽ Wings Of Fire എന്നപേരിൽ പുറത്തിറങ്ങിയ ആത്മകഥ നിരവധി ഭാഷകളിലേക്ക്​ വിവർത്തനം ചെയ്​തിട്ടുണ്ട്​. കലാമി​െൻറ ജീവിതത്തിലെ ഉയർച്ച താഴ്​ചകളും അദ്ദേഹത്തി​െൻറ കഠിനാധ്വാനവും എല്ലാം ​പ്രതിപാദിപ്പിക്കുന്ന ഗ്രന്ഥം വായനക്കാർക്ക്​ പുതിയൊരു ഉൗർജം നൽകും.

 • ആലീസ് ഇന്‍ വണ്ടര്‍ലാൻഡ്​​

കുട്ടികളുടെ എക്കാല​െത്തയും ഇഷ്​ടകൃതിയാണ്​ ലൂയിസ്​ കരോളി​െൻറ ആലീസ്​ ഇൻ വണ്ടർലാൻഡ്​​​. 1865ൽ പുറത്തിറങ്ങിയ ഇത്​  200ന് മുകളില്‍ ഭാഷകളിലേക്ക് തര്‍ജമ ചെയ്​തിട്ടുണ്ട്. ഈ കൃതിയുമായി ബന്ധപ്പെട്ട് 50ഒാളം ചലച്ചിത്രങ്ങളും ടിവി സീരിയലുകളും നിർമിച്ചിട്ടുണ്ട്​. വിക്ടോറിയ രാജ്ഞിക്ക് ഏറ്റവും ഇഷ്​ടപ്പെട്ട പുസ്തകമായിരുന്നത്രെ ഇത്​. 
എ​െൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ
നമ്മുടെ രാഷ്​ട്രപിതാവ്​  മഹാത്മാ ഗാന്ധിയുടെ ആത്മകഥയാണ്‌ ‘എ​െൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ’. ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണിത്​. 1927ൽ ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തി​െൻറ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. 1925 മുതൽ 1929 വരെ ഗാന്ധിജി ത​െൻറ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്. മഹാത്മജിയുടെ ജീവിതത്തെ തൊട്ടറിയിക്കുന്ന ഇൗ പുസ്​തകം വായിക്കാൻ ശ്രമിക്കുമല്ലോ?

 • ഹാരിപോട്ടർ

ലോകത്ത്​ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്​തകങ്ങളി​െലാന്നാണ്​ ഹാരിപോട്ടർ. ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിങ്​ എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ്‌‌ ഹാരി പോട്ടർ. 1997ലാണ്​ ആദ്യ പതിപ്പ്​ പുറത്തിറങ്ങിയത്​. ഇത്​ ആസ്​പദമാക്കി നിരവധി സിനിമകൾ, വിഡിയോ ഗെയിമുകൾ, മറ്റു​ വിൽപനവസ്​തുക്കൾ എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്​. മികച്ച സാമ്പത്തിക ലാഭം നേടിയ പുസ്​തകം നോവലുകളിലെ അന്ധകാരം നിറഞ്ഞ രീതി മൂലം വിമർശനങ്ങളും നേരിട്ടിട്ടുണ്ട്​.
ഇവകൂടാതെ ഗള്ളിവേഴ്​സ്​ ട്രാവൽസ്​, ട്രഷർ ​െഎലൻഡ്​​, പിനാക്യോ, ലിയോ ടോൾ​സ്​റ്റോയിയുടെ കഥകൾ, കുഞ്ഞുണ്ണിമാഷി​െൻറ കൃതികൾ, ചെണ്ട, പറയിപെറ്റ പന്തിരുകുലം, മാലിരാമായണം തുടങ്ങി നിരവധി പുസ്​തകങ്ങളുണ്ട്​. കൂട്ടുകാർ അധ്യാപകരുടെ സഹായത്തോടെ ലൈബ്രറികളിൽനിന്ന്​ പുസ്​തകങ്ങൾ കണ്ടെത്തി വായിക്കാൻ ശ്രമിക്കുമല്ലോ...

 • കാലത്തെ അതിജീവിച്ച ഇൗസോപ്പ്​ കഥകൾ

ആമയും മുയലും, പൂച്ചക്ക്​ ആരു മണികെട്ടും, കാക്കയും കുറുക്കനും, കിട്ടാത്ത മുന്തിരി പുളിക്കും തുടങ്ങിയ കഥകൾ വായിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ഇൗ കഥകളുടെ​െയാക്കെ ഉപജ്​ഞാതാവ്​ ഇൗസോപ്പ്​ ആണെന്ന്​ പലർക്കും അറിയുന്നുണ്ടാവില്ല. ആരാണീ ഇൗസോപ്പ്​?
പുരാതന ഗ്രീസി​െല സാമോസ്​ പട്ടണത്തിൽ ജീവിച്ചിരുന്ന മഹാപ്രതിഭയായിരുന്നു ഇൗസോപ്പ്​. ബി.സി 620ൽ ആണ്​ അദ്ദേഹത്തി​െൻറ ജനനം എന്ന്​ കരുതുന്നു. അരിസ്​റ്റോട്ടിൽ, പ്​ളൂ​ട്ടാർക്ക്​, ഹെറോഡോട്ടസ്​ തുടങ്ങിയ മഹാരഥന്മാരുടെ കുറിപ്പുകളിൽ ഇൗസോപ്പിനെക്കുറിച്ച്​ സൂചനകളുണ്ട്​. ഗ്രീക്ക്​ നാടകപ്രതിഭ ​േസാ​േഫാക്ലിസി​െൻറ യൂറാപ്പീസ്​ നാടകത്തിൽ ഇൗസോപ്പു കഥകളെക്കുറിച്ചുള്ള സൂചനകാണാം. ഇവയുടെയെല്ലാം സഹായത്തോടെയാണ്​ ഇൗസോപ്പി​െൻറ ഏകദേശ ജീവചരിത്രം രൂപപ്പെടുത്തിയിട്ടുള്ളത്​്​. ആഫ്രിക്കയിലെ ഇത്യോപ്യയിൽനിന്ന്​ ഇൗജിപ്​ത്​ വഴി ഗ്രീസിലെത്തിയ അടിമയാണ്​ ഇൗസോപ്പെന്നും വാദങ്ങളുണ്ട്​.
ഇൗസോപ്പ്​ കഥകൾ എന്ന്​ അറിയപ്പെടുന്നവയെല്ലാം ഒരുവ്യക്തിയുടെ സംഭാവനയല്ല എന്നും വാദമുണ്ട്​. ഇൗസോപ്പു കഥകളുടെ യഥാർഥ ​ൈകയെഴുത്തു ​​പ്രതികൾ ഒന്നും കണ്ടെടുത്തിട്ടില്ലാത്തതിനാൽ ഇൗ വാദങ്ങളെല്ലാം അങ്ങനെതന്നെ നിൽക്കുന്നു. എന്തായാലും ഇൗസോപ്പ്​ കഥകൾ ഇന്നും ലോകമെമ്പാടുമുള്ള വായനക്കാർക്ക്​ പ്രിയങ്കരമായി നിൽക്കുന്നു. ഇൗസോപ്പ്​ കഥകളെ ലോകമെമ്പാടും പ്രചരിപ്പിച്ചതിൽ കത്തോലിക്കാ മിഷനറിമാർക്ക്​ വലിയ പങ്കുണ്ട്​.

 • പഞ്ചതന്ത്രം 

ലോക ബാലസാഹിത്യശാഖയിലെ ആദ്യ കഥാസമാഹാരമാണ്​ പഞ്ചതന്ത്രം കഥകൾ എന്ന്​ കരുതുന്നു. ബി.സി 300നോടടുത്ത്​ രചിക്കപ്പെട്ട പഞ്ചതന്ത്രത്തി​െൻറ രചയിതാവ്​ വിഷ്ണുശര്‍മയാണ്. മിത്രഭേദം (കൂട്ടുകാരെ ഭിന്നിപ്പിക്കല്‍), മിത്രസംപ്രാപ്തി (കൂട്ടുകാരെ സമ്പാദിക്കല്‍), കാകോലുകീയം (കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം), ലബ്​ധപ്രണാശം (കൈയിലുള്ളത് നഷ്​ടപ്പെടല്‍), അപരീക്ഷിതകാരിതം (വിവേകശൂന്യ പ്രവൃത്തി) എന്നിങ്ങനെ അഞ്ചുഭാഗങ്ങളുള്ളതിനാലാണ് ഇതിന് പഞ്ചതന്ത്രം കഥകള്‍ എന്ന പേരുവന്നത്. പല ലോകഭാഷകളിലേക്കും പഞ്ചതന്ത്രം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ഒരാള്‍ രചിച്ചതല്ലെന്നും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണെന്നും വാദമുണ്ട്.

മലയാളത്തിലെ ചില ബാലസാഹിത്യകാരന്മാർ

അമ്പാടി ഇക്കാവമ്മ, ലളിതാംബിക അന്തർജനം, നന്തനാർ, മാലി, കുഞ്ഞുണ്ണിമാഷ്, പി. നരേന്ദ്രനാഥ്, സി.ജി. ശാന്തകുമാർ‌, സുമംഗല, പ്രഫ. എസ്. ശിവദാസ്, സിപ്പി പള്ളിപ്പുറം, കെ.വി. രാമനാഥൻ, ദേവപ്രകാശ്, സുഭാഷ് ചന്ദ്രൻ, എം.കെ. മനോഹരൻ, കെ.ബി. ശ്രീദേവി, കെ. തായാട്ട്, കെ. ശ്രീകുമാർ, ചേപ്പാട് ഭാസ്കരൻ നായർ, ആർ. ഗോപാലകൃഷ്ണൻ, ആർ. ശ്രീലേഖ, ഇ.വി. കൃഷ്ണപിള്ള തുടങ്ങിയവരെല്ലാം കുട്ടികൾക്കായി ശ്രദ്ധേയ രചനകൾ നിർവഹിച്ചവരാണ്​.

 • മാലി 

മലയാളത്തിലെ പ്രശസ്​തനായ ബാലസാഹിത്യകാരനായിരുന്നു മാലി. 1914 ഡിസംബർ ആറിന്​ തിരുവനന്തപുരത്ത്​ ജനിച്ചു. വി. മാധവൻ നായർ എന്നാണ്​ മുഴുവൻ പേര്​. 50ലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളിൽ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. 1970ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1988ൽ കൈരളി ചിൽഡ്രൻസ്‌ ബുക്‌ ട്രസ്‌റ്റി​െൻറ ബാലസാഹിത്യ അവാർഡും ലഭിച്ചു. 1994ൽ അന്തരിച്ചു.

പ്രധാന കൃതികൾ: ഉണ്ണികളേ കഥ പറയാം, ഉണ്ണികൾക്ക്​ ജന്തുകഥകൾ, ഉണ്ണിക്കഥകൾ, മാലി രാമായണം, മാലി ഭാഗവതം, സർക്കസ്, കിഷ്കിന്ധ.

 • നന്തനാർ

നന്തനാർ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന പി.സി. ഗോപാലൻ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനിച്ചു. ‘ആത്മാവി​െൻറ നോവുകൾ’ എന്ന നോവൽ 1963ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. കഠിനമായ ദാരിദ്ര്യത്തിലൂടെയായിരുന്നു അദ്ദേഹത്തി​െൻറ ബാല്യം കടന്നുപോയത്. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച നന്തനാരുടെ പലകൃതികളിലും ഇതി​െൻറ ആത്മാംശം കടന്നുവന്നിട്ടുണ്ട്. അദ്ദേഹം 48ാം വയസ്സിൽ ആത്മഹത്യചെയ്യുകയായിരുന്നു.

കൃതികൾ: ആത്മാവി​െൻറ നോവുകൾ, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ട​െൻറ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്കൂളിൽ, മഞ്ഞക്കെട്ടിടം, ഉണ്ണിക്കുട്ടൻ വളരുന്നു, ആയിരവല്ലിക്കുന്നി​െൻറ താഴ്വരയിൽ.

 • സിപ്പി പള്ളിപ്പുറം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാ‍രനാണ് സിപ്പി പള്ളിപ്പുറം. 1943 ​േമയ് 18ന്​ എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ച ു. 1966 മുതൽ പള്ളിപ്പുറം സെൻറ്​ മേരീസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ഇപ്പോഴ​ും ബാലസാഹിത്യരംഗത്ത്​ സജീവമായ ഇദ്ദേഹത്തിന്​ നിരവധി പുരസ്​കാരങ്ങൾ ലഭിച്ചിട്ടുണ്ട്​.  1988ൽ ചെണ്ട എന്ന കൃതിക്ക് ബാലസാഹിത്യത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. കുഞ്ഞുണ്ണിമാഷി​െൻറ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി’ എന്ന പുസ്തകത്തിന് 2010ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം ലഭിച്ചിട്ടുണ്ട്​.

പ്രധാനകൃതികൾ: ചെണ്ട, പൂരം, അപ്പൂപ്പൻ‌താടിയുടെ സ്വർഗയാത്ര, ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി, ചന്ദനപ്പാവ, മയിലും മഴവില്ലും ‘കാട്ടിലെ കഥകൾ’

 • സുമംഗല

കുട്ടികൾക്കായി ശ്രദ്ധേയ രചനകൾ നിർവഹിച്ച സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്​ 1934 ​േമയ് 16ന്​ പാലക്കാട് ജില്ലയിൽ ജനിച്ചു. കുട്ടികൾക്കുവേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും രചിച്ചു. കേരള സാഹിത്യഅക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്​ എന്നിവ ലഭിച്ചിട്ടുണ്ട്​. കൃതികൾ: പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ.

 • കുഞ്ഞുണ്ണി മാഷ്​

ചെറുകവിതകളിലൂടെ കുട്ടികൾക്ക്​ പ്രിയങ്കരനായ കുഞ്ഞുണ്ണി മാഷ്​ 1927 മേയ് 10ന് തൃശൂർ ജില്ലയിൽ ചാവക്കാടിനടുത്ത്, പള്ളിപ്രം എന്ന ഗ്രാമത്തിൽ ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് ത​െൻറ ജീവിതത്തി​െൻറ സിംഹഭാഗവും കോഴിക്കോട്ടാണ് ​െചലവഴിച്ചത്. കേരള സാഹിത്യ അക്കാദമി അവാർഡ് (1974, 1984), സംസ്ഥാന ബാലസാഹിത്യ അവാർഡ് (1982) എന്നിവ ലഭിച്ചിട്ടുണ്ട്​. 2006ൽ അന്തരിച്ചു. 

കൃതികൾ: കുഞ്ഞുണ്ണിമാഷും കുട്ട്യോളും, കുട്ടികളുടെ നിഘണ്ടു, നമ്പൂതിരി ഫലിതങ്ങള്‍, കുട്ടേട്ടന്‍, കുഞ്ഞുണ്ണിക്കവിതകള്‍ കഥകള്‍ ( രണ്ട് വാല്യം), എന്നിലൂടെ, കുഞ്ഞുണ്ണിക്കവിതകള്‍, കിലുകിലുക്കാംപെട്ടി, കുട്ടിപ്പെൻസിൽ, അക്ഷരത്തെറ്റ്​, കുഞ്ഞുണ്ണി രാമായണം. 

 • പി. നരേന്ദ്രനാഥ്​

മലയാളത്തിലെ മികച്ച ഒരുപിടി ബാലസാഹിത്യരചനകൾ നിർവഹിച്ച പി. നരേന്ദ്രനാഥ്​ 1934ൽ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് നെല്ലായ എന്ന ഗ്രാമത്തിൽ ജനിച്ചു. 18ാം വയസ്സിൽതന്നെ ആദ്യകൃതിയായ നുറുങ്ങുന്ന ശൃംഖലകൾ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ബാലസാഹിത്യകൃതിയായ വികൃതിരാമന്​ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതികൾക്ക് ഹിന്ദി, തമിഴ് പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. 1991 നവംബർ മൂന്നിന്​ അന്തരിച്ചു.

കൃതികൾ: നുറുങ്ങുന്ന ശൃംഖലകൾ (നാടകം), പറയിപെറ്റ പന്തിരുകുലം, ബാലസാഹിത്യം, കുഞ്ഞിക്കൂനൻ, വികൃതിരാമൻ, അന്ധഗായകൻ, ഉണ്ടത്തിരുമേനി.

 • ഇ.വി. കൃഷ്ണപിള്ള

മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്​റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ള. 1894 സെപ്റ്റംബർ 16ന്​ അടൂരിൽ ജനിച്ചു. പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി (കെ. ഭാസ്കരൻ നായർ), ചന്ദ്രാജി (കെ. രാമചന്ദ്രൻ നായർ) എന്നിവർ മക്കളാണ്​. 1938 മാർച്ച്‌ 30-ന് 43ാം വയസ്സിൽ അന്തരിച്ചു.

ബാലസാഹിത്യകൃതികൾ: ഗുരുസമക്ഷം, ഭാസ്കരൻ, ബാലലീല, ഗുണപാഠങ്ങൾ, ശുഭചര്യ, സുഖജീവിതം.

 • അഷിത

തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ചു. ഡൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. ഇടശ്ശേരി പുരസ്കാരം (1986), അങ്കണം അവാർഡ്, തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, ലളിതാംബിക അന്തർജനം സ്മാരക സാഹിത്യ അവാർഡ് (1994), പത്മരാജൻ പുരസ്കാരം (2000) എന്നിവ നേടിയിട്ടുണ്ട്​. കുട്ടികൾക്കായി ശ്രദ്ധേയ രചനകൾ നിർവഹിച്ചിട്ടുണ്ട്​. 

പ്രധാന കൃതികൾ: വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, പദവിന്യാസങ്ങള്‍, റൂമിപറഞ്ഞ കഥകള്‍, മയില്‍പ്പീലി ദര്‍ശനം, നിലാവി​െൻറ നാട്ടില്‍, അമ്മ എന്നോട് പറഞ്ഞ നുണകള്‍, പറയാം നമുക്ക്​ കഥകൾ.