സ്കൂൾ പച്ച
തുടങ്ങണം, ഒന്നിൽനിന്ന്​...
 • ആഷിഖ്​ മുഹമ്മദ്​
 • 03:14 PM
 • 29/05/2019

മധ്യവേനലവധിക്കാലത്തെ കളിയാഘോഷങ്ങൾക്ക് വിരാമമിട്ട് പുത്തൻ പ്രതീക്ഷകളുമായി കൂട്ടുകാർ പുതിയ അധ്യയന വർഷത്തിലേക്ക് ഒരുങ്ങുകയാണല്ലേ. എത്ര പെട്ടെന്നാണല്ലേ വേനലവധി തീർന്നത്! രാവിലെ നേര​േത്ത എഴുന്നേൽ​േക്കണ്ട, സ്‌കൂളിൽ പോ​േകണ്ട, ഹോം വർക്കി​െൻറ പിരിമുറുക്കം ഇല്ല, കളിചിരിയുടെ അവധിക്കാലം. പക്ഷേ, ജീവിതത്തിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും പഠിച്ചെടുത്തത്​ കൂട്ടുകാർ ഇൗ അവധിക്കാലത്തായിരിക്കും. നീന്തൽ, സൈക്കിൾ ഓടിക്കാൻ പഠിക്കൽ അങ്ങനെ ജീവിതത്തിലെ പ്രായോഗിക പരീക്ഷകൾ അധികവും പാസാവുന്നത് ഈ അവധിക്കാലങ്ങളിലാണ്. ഇനി അവക്കെല്ലാം ചെറുതായൊന്ന് ബൈ പറയണം. ചുവരുകൾ ചായമടിച്ചും പരിസരം വൃത്തിയാക്കിയും തോരണങ്ങൾ തൂക്കിയും സ്‌കൂളുകൾ നമ്മെ സ്വീകരിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്​കൂൾ തുറക്കുംമു​േമ്പ നമുക്കും ഒന്നൊരുങ്ങാം...

ഉത്സവമാകട്ടെ പ്രവേശനം
രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞാണ് കുട്ടികൾ സ്‌കൂളിലേക്കെത്തുന്നത്. ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളാകട്ടെ രക്ഷിതാക്കളുടെ അടുത്തുനിന്ന് ആദ്യമായി മാറിനിൽക്കുന്നവരാവും. അവരെ മുതിർന്ന കുട്ടികൾ സ്നേഹത്തോടെ സ്‌കൂൾ അന്തരീക്ഷത്തിലേക്ക് ക്ഷണിക്കട്ടെ. ഒന്നാം ക്ലാസിൽ മാത്രമല്ല എല്ലാ ക്ലാസിലും പ്രവേശനോത്സവം വേണം. അവധിക്കാലത്തെ കുട്ടികളുടെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരമാകട്ടെ അന്ന്. യാത്രകൾ, കളികൾ അങ്ങനെയുള്ള  അനുഭവങ്ങൾ പങ്കുവെക്കാം. ചെറു സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും വേണം.

ഉറക്കത്തിൽ കാര്യമുണ്ട്​ 
സ്‌കൂൾ തുറക്കുന്ന ആദ്യ ദിവസംതന്നെ മഴയും പെയ്യും, അതാണല്ലോ ശീലം. അതുകൊണ്ടുതന്നെ മൂടിപ്പുതച്ചുറങ്ങാൻ എല്ലാവർക്കും വലിയ ഇഷ്​ടമായിരിക്കും. സമയം തെറ്റിയുള്ള ഉറക്കം ആ ദിവസത്തി​െൻറ താളം തെറ്റിക്കും. അതുകൊണ്ട്, നേര​േത്ത ഉറങ്ങി നേര​േത്ത ഉണരാൻ ശീലിക്കാം. കുറഞ്ഞത് എട്ടുമണിക്കൂർ ഉറക്കം വേണം. കിടക്കയിൽനിന്ന്​ ചാടി എഴുന്നേൽക്കാതെ കണ്ണ് തുറന്നു പതിയെ എഴുന്നേൽക്കാൻ പഠിക്കാം.


പ്രകൃതി നടത്തം 
പ്രകൃതിയെയും അതിലുള്ള ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതിപ്രശ്നങ്ങൾ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്താലേ ആരോഗ്യകരമായ നിലനിൽപ്പുള്ളൂ. പരിസ്ഥിതി ദിനത്തിന് കാത്തുനിൽക്കാതെ ഇന്നുതന്നെ നമുക്ക് പ്രകൃതിക്കായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാം. ക്ലാസ് മുറികളിൽനിന്ന്​ ലഭിക്കാത്ത വിവരങ്ങളെയും വസ്തുക്കളെയും പ്രകൃത്യാലുള്ള ചുറ്റുപാടിൽ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും നമുക്കൊരു പ്രകൃതി നടത്തം സംഘടിപ്പിക്കാം. രക്ഷിതാക്കളുടെ നേതൃത്വത്തിൽ ആവണം ഓരോ യാത്രയും. കുട്ടികളുടെ നേതൃത്വത്തിൽ പരിസരപഠനവുമായി ബന്ധപ്പെട്ട ചാർട്ടുകൾ, മോഡലുകൾ, പവർ പോയൻറുകൾ, ശിൽപങ്ങൾ എന്നിവ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യാം. 

കഥകൾ പറയാം 
കൂട്ടുകാർക്കെല്ലാം കഥകൾ കേൾക്കാനും വായിക്കാനും വലിയ ഇഷ്​ടമല്ലേ? കഥ എഴുതുന്ന കൂട്ടുകാരും നമുക്കിടയിൽ കാണും. നാടോടിക്കഥകൾ, ഇതിഹാസ കഥകൾ അങ്ങനെ ഓരോരുത്തർക്കും അറിയാവുന്ന കഥകളെല്ലാം പരസ്പരം പങ്കുവെക്കാം. ക്ലാസ് മുറികളിലും ഈ ആശയം പിന്തുടരാം. 

ചോദ്യങ്ങളെ നേരിടാം 
വ്യത്യസ്തമായ വിഷയങ്ങളെയോ ആനുകാലിക വിവരങ്ങളെയോ കുറിച്ച് പരസ്പരം ചോദ്യങ്ങൾ ചോദിക്കാം. ശാസ്ത്രം, പരിസരപഠനം എന്നീ വിഷയങ്ങളിലെ അറിവ് വർധിപ്പിക്കുന്നതിന് ക്വിസ് പരിപാടികൾ ഏറെ പ്രയോജനമാവാറുണ്ട്. വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ സ്വയം തയാറാക്കാനും അതി​െൻറ ഉത്തരങ്ങൾ കണ്ടെത്താനുമുള്ള കഴിവ് ഇതിലൂടെ വളരുന്നു. ക്ലാസ്മുറികളിലേക്കും ഇതി​െൻറ സാധ്യത  കൊണ്ടുവരണം. ആഴ്ചയിൽ ഒരിക്കൽ ഒരിത്തിരി സമയം ഇതിനായി നീക്കിവെക്കാം. 

കടങ്കഥകൾ പറയാം 
ബുദ്ധിപരവും രസകരവുമായ വാമൊഴി രൂപമാണ് കടങ്കഥകൾ. അവ പറയുന്നതിൽ കുട്ടികളാണ് കൂടുതലും ഏർപ്പെടുന്നത്. ഒന്നിച്ചിരിക്കുമ്പോൾ ഒരു വിനോദമെന്ന നിലയിൽ കടങ്കഥകൾ പറയാം. മുത്തശ്ശിക്കഥകൾ കേൾക്കുന്നതുപോലെതന്നെ, കടങ്കഥകൾ പറയുന്നതും മനസ്സിന് ഉന്മേഷം പകരുന്നവയാണ്. ഉത്തരം ഊഹിക്കാവുന്ന നല്ലൊരു ചോദ്യമാണ് കടങ്കഥകൾ. ചോദ്യങ്ങൾക്കുത്തരം പറയാൻ കഴിയാതെ വരുമ്പോൾ അയാൾ കടം പറയണം. ശേഷം  ചോദ്യകർത്താവ് ഉത്തരം പറഞ്ഞു കൊടുക്കുകയും വേണം. കടങ്കഥകൾ ശേഖരിച്ച് ക്ലാസ് മുറികളിലെ ഒഴിവുസമയങ്ങളിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരങ്ങൾ സംഘടിപ്പിക്കാം.

ചൊല്ലിപ്പഠിക്കാം പഴഞ്ചൊല്ലുകൾ 
പഴഞ്ചൊല്ലുകൾ നമ്മുടെ സാമൂഹികജീവിതത്തി​െൻറ ഭാഗമാണ്. തലമുറകളിൽനിന്ന്​ തലമുറകളിലേക്ക് പകർന്നുകിട്ടിയതാണവ. ഗ്രൂപ്പുകളായിത്തിരിഞ്ഞ് നമുക്ക് പഴഞ്ചൊല്ല് ശേഖരിക്കാം. ശേഷം ക്ലാസ് മുറികളിലോ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലോ പഴഞ്ചൊല്ല് വിശേഷങ്ങൾ പങ്കുവെക്കാം. ഓരോ പഴഞ്ചൊല്ലി​െൻറയും വ്യാഖ്യാനങ്ങൾ കണ്ടെത്തുകയും വേണം. ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം നടത്തി പഴഞ്ചൊല്ലി​െൻറ മൂല്യം നിലനിർത്തുകയും ചെയ്യാം. ചാർട്ടുകളിൽ എഴുതി ക്ലാസിൽ പ്രദർശിപ്പിക്കാം. 

സ്‌കോളർഷിപ്പിന് തയാറെടുക്കാം 
വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് കുട്ടികൾക്കായി സംസ്ഥാന സർക്കാറും കേന്ദ്ര ഗവൺമെൻറും വിവിധ സ്കോളർഷിപ് പരീക്ഷകൾ നടത്താറുണ്ട്. സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒരു കൈത്താങ്ങായും പ്രതിഭാശാലികൾക്കുള്ള പ്രോത്സാഹനമായും വിവിധതരം സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. എൽ.എസ്.എസ് (നാലാം ക്ലാസ്), യു.എസ്.എസ് (ഏഴാം ക്ലാസ്), എൻ.എം.എം.എസ് (എട്ടാം ക്ലാസ്), എൻ.ടി.എസ്.ഇ, ഇൻസ്പയർ അവാർഡ് എന്നിവ അത്തരം പരീക്ഷകളാണ്. 
ഈ മേഖലകളിൽ തിളങ്ങുന്നതിനായി ഓരോ പരീക്ഷയുടെയും നിബന്ധനകൾ, സിലബസ്, മുൻവർഷത്തെ ചോദ്യപേപ്പറുകൾ തുടങ്ങിയവ ശേഖരിച്ച് ആദ്യമേതന്നെ ശ്രമിച്ചുതുടങ്ങാം.

ദിനാചരണങ്ങൾ സംഘടിപ്പിക്കാം 
ഓരോ ദിനാചരണവും ഒരോർമപ്പെടുത്തലാണ്. നമുക്ക് മുന്നിലുള്ള ഓരോ ദിവസവും ഏതെങ്കിലും വ്യക്തി, സംഭവം, ആശയം തുടങ്ങിയവയെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളാണ്. അവ വെറും ചടങ്ങുകൾ മാത്രമാക്കാതെ പലവിധ പ്രവർത്തനങ്ങളിലൂടെ ആചരിക്കാം. വര, എഴുത്ത്, ക്വിസ്, പ്രസംഗം, പോസ്​റ്റർ നിർമാണം, ജാഥ, സാമൂഹിക സേവനപ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം തുടങ്ങി ഉചിതമായ പ്രവർത്തനങ്ങൾ ചെയ്യാം. 

വായിച്ചു വളരാം 
അവധിക്കാലത്ത് ഇത്ര പുസ്തകം വായിച്ചു എന്ന റെക്കോഡ് രേഖപ്പെടുത്തുകയല്ല വേണ്ടത്. ഇനി മുന്നോട്ടുള്ള ജീവിതത്തിലെന്നും തുണയാവുന്ന മറ്റൊരു ശീലത്തിന് തുടക്കമിടുകയാണ് എന്ന തിരിച്ചറിവോടെ വായനശീലം ആർജിക്കണം. സ്‌കൂൾ തുറന്നതിനുശേഷം പുസ്തകങ്ങളുടെ വിശേഷങ്ങൾ കൂട്ടുകാരോട് പങ്കുവെക്കുകയും വേണം. പ്രാദേശിക ലൈബ്രറികൾ പ്രയോജനപ്പെടുത്താവുന്ന കാര്യമാണ്. പത്രവായനയും വേണം. ഇംഗ്ലീഷ് പത്രങ്ങളും വായിക്കാം. ഭാഷ വികസിപ്പിക്കാനുള്ള നല്ലൊരു മാർഗമാണത്. പത്രവായനയുടെ തുടർച്ചയായി പത്ര ക്വിസും സംഘടിപ്പിക്കാം. പത്രം വായിച്ച്​ പരസ്പരം അറിവുകൾ ഒരു പുസ്‌തകത്തിൽ രേഖപ്പെടുത്തുകയും ചെയ്യാം. സ്‌കൂൾ തുറന്നാലും ഈ പദ്ധതി പ്രോത്സാഹിപ്പിക്കാം. 

ആശംസാകാർഡ് 
പുതിയ ക്ലാസുകളിലേക്ക് എത്തുമ്പോൾ മുമ്പ്​ നമ്മെ പഠിപ്പിച്ച അധ്യാപകരെ നമുക്ക് ഓർമയുണ്ടാവണം. അവർക്കു നൽകാനായി ആശംസാ കാർഡുകൾ തയാറാക്കാം. പുത്തൻ കാർഡുകൾ കടയിൽനിന്ന്​ വാ​േങ്ങണ്ട. കാർഡ് ബോർഡ്, വർണക്കടലാസുകൾ, കളർ പെൻസിലുകൾ എന്നിവയുണ്ടെങ്കിൽ നമുക്കും നിർമിക്കാവുന്നതേയുള്ളൂ.

കളികൾ  മറക്കരുതേ
പഠനത്തിനിടയിലും കൂട്ടുകാർക്കൊപ്പം കളിക്കാനും ചിരിക്കാനും ഒപ്പം നടക്കാനും സമയം കണ്ടെത്തണം. ചെസ്, ക്രിക്കറ്റ്, വോളിബാൾ, ഫുട്‍ബോൾ, ഓട്ടം, ചാട്ടം തുടങ്ങിയ മത്സരഇനങ്ങളിൽ സ്‌കൂൾതലം മുതൽ ദേശീയതലംവരെ മത്സരയിനങ്ങളുണ്ട്. അവയെക്കുറിച്ചുള്ള അറിവുകൾ അധ്യാപകരോടും രക്ഷിതാക്കളോടും മനസ്സിലാക്കി അവസരങ്ങൾ പ്രയോജനപ്പെടുത്താം.

ശുചിത്വം ശീലമാക്കണം 

 •  ചിട്ടയോടെയുള്ള ജീവിതശൈലിയുടെയും ശുചിത്വത്തി​െൻറയും നേട്ടങ്ങൾ ബോധ്യപ്പെട്ട് നന്മയുള്ള കുട്ടികളായി വേണം നമ്മൾ വളരാൻ. നമ്മുടെ ആരോഗ്യത്തിൽ ശുചിത്വം അനിവാര്യമായ പങ്കു വഹിക്കുന്നുണ്ട്. ശുചിത്വപരിപാലനത്തിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
 • രാവിലെയും രാത്രിയും ബ്രഷ് ചെയ്യുക 
 • ടോയ്‌ലറ്റ് ഉപയോഗത്തിനുശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക 
 • സ്‌കൂളിൽ നിന്നോ പുറത്തുപോയി വന്നാലോ കൈകാലുകൾ വൃത്തിയായി കഴുകുക 
 • ഭക്ഷണത്തിനു മുമ്പും ശേഷവും കൈ നന്നായി കഴുകുക
 • തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക 
 • പ്രഭാതഭക്ഷണം കൃത്യമായി കഴിക്കുക 
 • നഖം മുറിച്ച്‌ കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക

വിശേഷങ്ങൾ രക്ഷിതാക്കളും അറിയട്ടെ 
സ്‌കൂളിൽ ദിവസേന നടക്കുന്ന വിശേഷങ്ങളെല്ലാം മാതാപിതാക്കളോടും പറയാം. അവരും അറിയട്ടെ സ്‌കൂളിലെ കൂട്ടുകാരുടെ കുസൃതിയും തമാശകളും പഠനവുമെല്ലാം. ക്ലാസിലെ കൂട്ടുകാരെപ്പോലെ അവരെയും കൂട്ടുകാരാക്കിയാൽ ആത്മവിശ്വാസത്തോടെ പഠനത്തിൽ മുന്നേറാനാവും. മടികൂടാതെ കുട്ടികൾക്ക് എന്തും തുറന്നുപറയാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. ഇടക്കിടെ കുട്ടിയുടെ സ്‌കൂളിൽ പോയി വിവരങ്ങൾ അധ്യാപകരോട് ചോദിക്കുകയും ആവാം.