ഡൂഡെ, എന്താണീ ഗൂഗ്​ൾ ഡൂഡിൽ?
  • എം. അരുൺ
  • 11:38 AM
  • 05/5/2018

പെട്ടെന്നൊരു ദിവസം ഗൂഗ്​ൾ തുറന്നവർ ആശ്ചര്യപ്പെട്ടു.  ലോഗോയുടെ സ്ഥാനത്ത് മലയാളത്തി​െൻറ പ്രിയ എഴുത്തുകാരി കമല സുറയ്യയുടെ ചിത്രം. ആദ്യമാദ്യം കാര്യം മനസ്സിലാകാതെ പലരും കുഴങ്ങിയെങ്കിലും പിന്നെ പിന്നെ കാര്യം പിടികിട്ടിത്തുടങ്ങി. സംഭവം ഗൂഗ്​ൾ ഡൂഡിലാണ്. ഡൂഡിലോ‍? അതെന്തോന്ന് സാധനം. ഡൂഡിൽ, ഡൂഡിൽ എന്ന് പറയുന്നതല്ലാതെ സംഭവം പലർക്കും അത്ര ദഹിച്ചില്ല.  ഇനിയിപ്പോ അങ്ങ​െനയൊരു സംശയം വേണ്ട. ഇതത്ര വലിയ സംഭവമല്ല എന്നാൽ, അത്ര ചെറുതുമല്ല. 
അപ്പോൾ പറഞ്ഞുവന്നതിതാണ് എന്താണ് ഗൂഗ്​ൾ ഡൂഡിൽ‍?

 ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർഥം ഗൂഗിളി​െൻറ പ്രധാന താളിലെ (ഹോം പേജ്) ലോഗോയിൽ വരുത്തുന്ന താൽക്കാലിക പരിഷ്കരണങ്ങളാണ് ഗൂഗ്​ൾ ഡൂഡിൽ (Google Doodle) എന്ന പേരിൽ അറിയപ്പെടുന്നത്. ഗൂഗിളി​െൻറ സ്ഥാപകരായ സെർഗി ബ്രിൻ, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിലി​െൻറ നിർമാതാക്കൾ.1998ൽ ബേണിഗ് മാൻ ഫെസ്​റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡിൽ. 2000ൽ ബാസ്​റ്റിൽ ഡേയുടെ ഡൂഡിൽ നിർമിക്കാൻ ഡെന്നിസ് ഹവാങ് എന്ന ഡിസൈനറെ ചുമതലപ്പെടുത്തി. അതിനുശേഷം ഗൂഗ്​ൾ തന്നെ ഡൂഡിലേഴ്സ് എന്ന പേരിൽ ഗൂഗിളി​െൻറ കീഴിൽ ഒരു വിഭാഗത്തെ സജ്ജമാക്കി. നിലവിൽ കാണുന്ന ഡൂഡിലുകൾ അവരാണ് നിർമിക്കുന്നത്.
ആദ്യകാല ഡൂഡിലുകൾ ചലിക്കാത്തവയും ആനിമേഷനുകളില്ലാത്തവയുമായിരുന്നു. 2010ൽ ഐസക് ന്യൂട്ട​െൻറ സ്മരണാർഥം ഇറങ്ങിയ ഡൂഡിലാണ് ആദ്യ ആനിമേഷൻ ഡൂഡിൽ. 
ഇതിലുള്ള ഹൈപ്പർലിങ്കുകൾ പൊതുവെ ഡൂഡിലുമായി ബന്ധമുള്ള പേജുകളിലേക്കാണ് തിരിച്ചുവിടുന്നത്. 2014ത്തിലെ കണക്ക് പ്രകാരം ഗൂഗിൾ 2000ൽ പരം ഡൂഡിലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾക്ക് അനുസൃതമായി അതത് രാജ്യങ്ങളിലെ ഗൂഗ്​ൾ ഡൂഡിൽ വ്യത്യസ്തരീതിയിൽ കാണപ്പെടാറുണ്ട്. അപ്പോൾ ഇതാണ് ഡൂഡെ ഗൂഗ്​ൾ ഡൂഡിൽ.... ഇനി അറിയില്ലെന്ന് മാത്രം പറയരുത്.