കായികം
ട്രാക്കും ഫീൽഡും ചരിത്രം രചിച്ച വർഷം
  • അമീർ സാദിഖ്​
  • 11:20 AM
  • 01/01/2018

കായികമേഖലക്കും സംഭവബഹുലമായ വർഷമായിരുന്നു 2017. ബോൾട്ടി​െൻറ വിരമിക്കലും ലോക ഫുട്​ബാളിൽ ബഹുമതികൾ വാരിക്കൂട്ടി ​ക്രിസ്​റ്റ്യാനോയുടെ കുതിപ്പും ഫിഫ ലോകകപ്പിലെ ഇന്ത്യൻ യുവനിരയുടെ ആദ്യ ഗോളും ബാഡ്​മിൻറണിലെ സ്വപ്​നതുല്യമായ നേട്ടങ്ങളുമൊ​െക്കയായി സർവത്രമേഖലയിലും എന്തെങ്കിലുമൊക്കെ ഒാർക്കാൻ നൽകിയാണ്​ ഇൗ വർഷം പടിയിറങ്ങുന്നത്​.

ട്രാക്കിൽ ബോൾട്ടില്ല
ഭൂമിയിലെ വേഗരാജാവ്​ ഉസൈൻ ബോൾട്ട്​ ട്രാക്കിനോട്​ വിടവാങ്ങിയ വർഷമാണിത്​. ലണ്ടനിലെ ലോക അത്​ലറ്റിക്​ മീറ്റിലായിരുന്നു ബോൾട്ട്​ ബൂട്ട​ഴിക്കാൻ തീരുമാനിച്ചത്​. ബോൾട്ടി​െൻറ പ്രധാന ഇനമായ നൂറ്​ മീറ്ററിൽ പരിക്കുപറ്റി പുറത്തു പോവേണ്ടിവന്ന ബോൾട്ടിനു മുന്നിൽ വിജയിയായ ഗാറ്റ്​ലിൻ മുട്ട്​ കുത്തി ആദരവ്​ കാട്ടിയത്​ നിറമുള്ള കാഴ്​ചയായി.

ക്രിസ്​റ്റ്യാനോയുടെ വർഷം
മെസ്സിയെ പിന്തള്ളി ഫുട്​ബാൾ ലോകത്തെ  ബഹുമതികളെല്ലാം പോർച്ചുഗലി​െൻറ സൂപ്പർ താരം ക്രിസ്​റ്റ്യാനോയിലേക്ക്​ പോകുന്ന കാഴ്​ചക്കും 2017 സാക്ഷിയായി. ഫിഫയുടെ മികച്ച ഫുട്​ബാളറും കൂടെ ബാലൻ ഡി ഒാറും നേടി ഞെട്ടിച്ചു.  

ലോകകപ്പും ഇന്ത്യയുടെ ഗോളും
ഫിഫയുടെ അണ്ടർ 17 ഫുട്​ബാൾ ലോകകപ്പ്​ ഇന്ത്യയിൽ നടക്കുക എന്ന ചരിത്രപരമായ സംഭവത്തിനൊപ്പം ലോകകപ്പിൽ ഗോളടിക്കുക കൂടി ചെയ്​തതോടെ ഇന്ത്യൻ ഫുട്​ബാൾ രംഗത്തു കൂടി പുതിയ പ്രതീക്ഷകൾ മുളച്ച വർഷമാണ്​ കടന്ന്​ പോകുന്നത്​. ജിക്​സൺ സിങ്ങാണ്​ ഇന്ത്യക്കുവേണ്ടി ആ ചരിത്രഗോൾ ഹെഡറിലൂടെ നേടിയത്​. ലോകകപ്പ്​ സ്​പെയിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടാണ്​ സ്വന്തമാക്കിയത്​.  

കോൺഫെഡറേഷൻ ജർമനിക്ക്​
ഫിഫ ലോകകപ്പ് നേടിയ ജർമൻ ടീം ചിലിയെ തകർത്ത്​ കോൺഫെഡറേഷൻ കപ്പ്​ കൂടി നേടുന്ന കാഴ്​്​ചക്കും സാക്ഷിയായ വർഷമാണിത്. ഫ്രാൻസും ലോകകപ്പിന്​ പുറമേ ​േകാൺഫെഡറേഷൻ കപ്പ്​ നേടിയ ടീമാണ്​.

ക്ലബ്​ ഫുട്​ബാൾ ലോകകപ്പ്​ റയൽ മഡ്രിഡിന്​
ക്ലബ്​ ഫുട്​ബാൾ ലോകകപ്പ് നേടിയാണ്​ സ്​പാനിഷ്​ ടീം​ റയൽ മഡ്രിഡ്​ ഇൗ വർഷം അവസാനിപ്പിക്കുന്നത്​. ക്ലബ്​ ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡും റയലിനുണ്ട്​. ലാലിഗ, ചാമ്പ്യൻസ്​ ലീഗ്​, യുവേഫ, സ്​പാനിഷ്​ സൂപ്പർ കപ്പുകളടക്കം ഇൗ വർഷം അഞ്ച്​ കിരീടങ്ങളാണ്​ റയൽ ​നേടിയത്​. 
 

ബംഗാൾ ജൈത്രയാത്ര
32ാം സന്തോഷ്​ ട്രോഫി കിരീട​ം നേടി ഫുട്​ബാളിൽ ബംഗാളി​െൻറ കുതിപ്പായിരുന്നു 2017 ലെ മറ്റൊരു പ്രത്യേകത. ഫൈനലിൽ ഗോവക്കെതിരെയായിരുന്നു വിജയം​. 

​െഎ ലീഗിൽ ​െഎസ്വാൾ
ഒരു വടക്കു കിഴക്കൻ ടീം ആദ്യമായി ​െഎലീഗിൽ കിരീടം ചൂടുന്നതിന്​ സാക്ഷിയാകാനും 2017ന്​ ആയി. അയൽക്കാരായ ഷില്ലോങ്​ ലെജോങ്ങിനെ സമനിലയിൽ തളച്ചാണ്​ ആദ്യ കിരീട​ം നേടിയത്​. ​  

ടെസ്​റ്റിലും കുതിച്ച്​ ഇന്ത്യൻ പട
പതിവുപോലെ ക്രിക്കറ്റിൽ ഇന്ത്യക്ക്​ ഒാർമിക്കാനും അഭിമാനിക്കാനുമാകുന്ന വർഷം. തുടർച്ചയായി ഒമ്പത്​ ടെസ്​റ്റ്​ പരമ്പര വിജയിക്കുക എന്ന ​ഒാസീസ്​ ടീമി​െൻറ റെക്കോഡ്​ തകർക്കാൻ ഇന്ത്യക്ക്​ ഇനി ഒരു പരമ്പര കൂടി വിജയിച്ചാൽ മതി. ലങ്കക്കെതിരായ ടെസ്​റ്റ്​ പരമ്പരയാണ്​ ഇന്ത്യ ഇൗ വർഷാവസാനം നേടിയത്​. 

ചരിത്രം രചിച്ച്​ വനിതകളും
മിഥാലി രാജി​െൻറ ക്യാപ്​റ്റൻസിയിൽ ഇന്ത്യയുടെ പെൺമണികൾ ക്രിക്കറ്റ്​ ലോകകപ്പ്​ ഫൈനലിലെത്തിയ വർഷം. വർഷങ്ങളായി ക്രിക്ക​െറ്റന്നാൽ പുരുഷക്രിക്കറ്റായി ഒതുങ്ങിയിരുന്നിടത്തേക്കാണ്​ ക്രിക്കറ്റ്​ പ്രേമികളുടെ ശ്രദ്ധ മുഴുവൻ ക്ഷണിച്ച്​ വനിതകളുടെ പടയോട്ടം. മിഥാലിക്കും ജുലൻ ഗോസ്വാമിക്കും ഹർമൻ പ്രീത്​ കൗറിനും വ്യക്​തിഗത നേട്ടങ്ങൾ സ്വന്തമാക്കാനുമായി ഇൗ വർഷം. 

രഞ്​ജിയിൽ പ്രതീക്ഷ
ഡേവിഡ്​ വാട്​മോറി​െൻറ ശിക്ഷണത്തിൽ രഞ്​ജി ട്രോഫി കളിക്കാനിറങ്ങിയ കേരളം ചരിത്രത്തിലാദ്യമായി ക്വാർട്ടറിൽ കടന്നുകൂടിയ വർഷം കൂടിയാണ്​ 2017. സഞ്​ജുവും ജലജ്​ സക്​സേനയും സന്ദീപ്​ വാര്യരു​ം ബേസിൽ തമ്പിയുമൊക്കെ മികച്ചപ്രകടനം കാഴ്​ചവെച്ചപ്പോൾ ചരിത്രനേട്ടം കൈപ്പിടിയിലൊതുങ്ങുകയായിരുന്നു.  


​െഎ.പി.എൽ മുംബൈക്ക്​
പത്താം ​െഎ.പി.എൽ പൂരത്തിൽ മുംബൈയുടെ കുതിപ്പായിരുന്നു കണ്ടത്.​ ഫൈനലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെ തകർത്ത് ​െഎ.പി.എല്ലിൽ​ മൂന്നാം കിരീടം നേടി രോഹിത്​ ശർമ നയിച്ച മുംബൈ സംഘം. 

നേതൃമാറ്റങ്ങൾ
ബി.സി.സി.​െഎയുടെയും ഇന്ത്യൻ ടീമി​െൻറയും തലപ്പത്ത്​ വന്ന മാറ്റങ്ങളാണ്​ മറ്റൊരു പ്രധാനപ്പെട്ട കാര്യം. ബി.സി.സി.​െഎയുടെ പ്രസിഡൻറായിരുന്ന അനുരാഗ്​ ഠാകുറിനെ മാറ്റി വിനോദ്​ റായ് ഇടക്കാല അധ്യക്ഷനായ ഭരണസമിതിയും ​രൂപവത്​കരിച്ചു. ധോണി മാറി കോഹ്​ലി ഇന്ത്യൻ ക്യാപ്​റ്റനായതും നിർണായകമായി. മൂന്ന്​ ഫോർമാറ്റിലുമിപ്പോൾ ഇന്ത്യയെ നയിക്കുന്നത്​ കോഹ്​ലിയാണ്​. പരിശീലകസ്​ഥാനത്ത്​ നിന്ന്​ അനിൽ കുംബ്ലെയെ മാറ്റി രവി ശാസ്​ത്രി കോച്ചായ വർഷം കൂടിയാണ്​ 2017. 

ക്രിക്കറ്റിലെ വ്യക്​തിഗത നേട്ടങ്ങൾ
ഇന്ത്യൻ സ്​പിന്നർ ആർ. അശ്വി​െൻറ ഇൻറർനാഷനൽ ക്രിക്കറ്റർ ഒാഫ്​ ദി ഇയർ പുരസ്​കാര നേട്ടമായിരുന്നു ഇൗ വർഷത്തെ ​പ്രധാന വ്യക്​തിഗത നേട്ടങ്ങളിലൊന്ന്​. ഇൗ വർഷം 99 വിക്കറ്റുകളാണ്​ അശ്വിൻ നേടിയത്​. 54 ടെസ്​റ്റിൽ 300 വിക്കറ്റ്​ നേടുന്ന താരമെന്ന റെക്കോഡും അശ്വി​െൻറ​ പേരിൽ. ട്വൻറി20യിലെ അതിവേഗ സെഞ്ച്വറിയും (35 പന്തിൽ) ഏകദിനത്തിലെ മൂന്നാം ഇരട്ട സെഞ്ച്വറിയുമായി രോഹിത്​ ശർമ ഇൗ വർഷം റെ​േക്കാഡ്​പട്ടികയിൽ ഇടംപിടിച്ചപ്പോൾ ടെസ്​റ്റിലെ ആറാം ഇരട്ട ശതകം നേടി കോഹ്​ലിയും തിളങ്ങി. ഒരു ടെസ്​റ്റ്​ പരമ്പരയിൽ രണ്ട്​ ഇരട്ട ശതകം നേടുക എന്ന ​വിനോദ്​ കാംബ്ലിയുടെ റെക്കോഡിനൊപ്പവും ആറ്​ ഇരട്ട സെഞ്ച്വറി അക്കൗണ്ടിലുള്ള ഏക ക്യാപ്​റ്റനെന്ന പദവിയിലും കോഹ്​ലി എത്തി.

ബാഡ്​മിൻറണിലെ താരങ്ങൾ 
ബാഡ്​മിൻറണിൽ ലോക റാങ്കിങ്ങിൽ രണ്ടാം സ്​ഥാനത്ത്​ കയറുകയും ഫ്രഞ്ച്​, ഡെന്മാർക്​, ഇന്തോനേഷ്യൻ, ആസ്​​േട്രലിയൻ ഒാപൺ കിരീടങ്ങൾ നേടുകയും ചെയ്​ത് ഇന്ത്യയുടെ ശ്രീകാന്ത്​ തിളങ്ങിയ വർഷമാണിത്​. സൂപ്പർ സീരീസുകളിലെല്ലാം ശ്രീകാന്ത്​ ഫൈനലിലെത്തി എന്ന ​നേട്ടം ​വേറെയും. സിംഗപ്പൂർ ഒാപണും തായ്​ലൻഡ്​​ ഒാപണും നേടി സായ്​ ​പ്രണീതും യു.എസ്​ ഒാപൺ നേടിയ മലയാളികൂടിയായ എച്ച്​.എസ്​ പ്രണോയിയും 2017 ലെ താരങ്ങൾ തന്നെ. ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നഷ്​ടമാക്കി വെള്ളിയിലൊതുങ്ങി പി.വി. സിന്ധുവും ഇന്ത്യയുടെ അഭിമാനമായി. 

ടെന്നിസ്​ കോർട്ടിലെ 2017
ഇന്ത്യക്ക്​ ഇൗ വർഷം ആഹ്ലാദിക്കാൻ വകനൽകി രോഹൻ ബൊപ്പണ്ണ ആദ്യ ഗ്രാൻഡ്​സ്ലാം കിരീടം ചൂടി. ഫ്രഞ്ച്​ ​ഒാപൺ മിക്​സഡ്​​ ഡബിൾസിലാണ്​ താരം കിരീടം നേടിയത്​.
2016ൽ ഫെഡററും നദാലും റാങ്കിങ്ങിൽ കാര്യമായി നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നില്ല. നദാൽ ഒന്നാമനും ഫെഡറർ രണ്ടാമനുമായാണ് ഇൗ വർഷമവസാനിപ്പിക്കുന്നത്​. 2012 ലെ വിംബിൾഡണിന്​​ ശേഷം ഫെഡറർ ആദ്യ ഗ്രാൻഡ്​സ്ലാം കിരീടവും ഇൗ വർഷം നേടി. 
ആസ്​േട്രലിയൻ ഒാപണിൽ എതിരാളിയായി വന്നതാക​െട്ട റാഫേൽ നദാലും. ഇൗ വർഷത്തെ വിംബിൾഡൺ കിരീടവും ഫെഡററിനായിരുന്നു. ഏഴ്​ കിരീടങ്ങളാണ് 36 കാരനായ​ ഫെഡ്​ എക്​സ്​പ്രസ്​ ഇൗ വർഷം നേടിയത്.​ ഫ്രഞ്ച്​ ഒാപണും യു.എസ്​ ഒാപണുമടക്കം ആറ്​ കിരീടനേട്ടങ്ങളുമായി സ്​പാനിഷ്​ താരം നദാലും അക്കൗണ്ട്​ നിറച്ചു. വനിതവിഭാഗത്തിലാക​െട്ട സെറീന വില്യംസ്​ ആസ്​േട്രലിയൻ ഒാപണും യെലേന ഒസ്​റ്റാപെൻ​േകാ ഫ്രഞ്ച്​ ഒാപണും ഗാർബിൻ മുഗരിസ വിംബിൾഡണും സ്ലൊ​വാനി സ്​റ്റീഫൻസ്​ യു.എസ്​ ഒാപണും നേടി. 
സീഡില്ലാത്ത ഒസ്​റ്റാപെൻ​േകായുടെ കിരീടനേട്ടമായിരുന്നു ഇൗ വർഷത്തെ നിർണായകനേട്ടം. സി​േമാണ ഹാലപിനെയായിരുന്നു അവർ കീഴ്​പ്പെടുത്തിയത്​. മിക്​സഡ്​ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസയുടെ സഖ്യം ഫൈനലിൽ പരാജിതരാകുന്നതിനും സാക്ഷിയായി.