ടോപ്​സിയുടെ കണ്ണീർക്കഥ
  • ആഷിഖ്​ മുഹമ്മദ്​
  • 11:32 AM
  • 19/09/2019
ടോപ്​സി, മരണത്തിന്​ തൊട്ടുമുമ്പ്​

ഉത്സവപ്പറമ്പുകളിൽ  തിടമ്പേറ്റിയും ഘോഷയാത്രകളിൽ അണിനിരന്നും കാടോരങ്ങളിൽ തീറ്റതേടിയും നടക്കുന്ന ആനകളെ കൂട്ടുകാർ കണ്ടിട്ടുണ്ടാകും. നിരവധി തലയെടുപ്പുള്ള ആനകളുണ്ടായിട്ടുണ്ട്. ഗുരുവായൂർ കേശവനും ജംബോ എന്ന ആനയുമെല്ലാം അവയിൽ ചിലതുമാത്രം. എന്നാൽ, ടോപ്‌സി എന്ന പിടിയാന അവളുടെ ദുരിതജീവിതം കൊണ്ടാണ് പേരു നേടിയത്. തെക്കുകിഴക്കേ ഏഷ്യയിൽ എവിടെയോ ആണ് ടോപ്‌സിയുടെ ജന്മമെങ്കിലും അമേരിക്കയിലെ ‘Forepaugh’ എന്ന സർക്കസ് കമ്പനിയിലായിരുന്നു അവളുടെ ആദ്യകാല ജീവിതം. സർക്കസ് കൂടാരത്തിലെ മിന്നും താരമായിരുന്നുവെങ്കിലും കൊടിയ പീഡനം അവൾക്കവിടെ നേരിടേണ്ടിവന്നു. പരിശീലകർ അവളെ ഉപദ്രവിച്ചു. പീഡനം അസഹ്യമായതോടെ അവൾ തിരികെ ആക്രമിക്കാൻ തുടങ്ങി. മൂന്ന് പരിശീലകരുടെ ജീവനെടുത്തുകൊണ്ടായിരുന്നു അവളുടെ ആദ്യ പ്രതികാരം. പിന്നീട് വന്നയാളെയും അവൾ കൊന്നു. ഈ ഒരു സംഭവത്തോടെ അവളെ വിൽക്കാൻ സർക്കസ്​ കമ്പനി നിർബന്ധിതരായി. ആദ്യം Coney ദ്വീപിലെ Sea Lion  എന്ന അമ്യൂസ്‌മെൻറ്​ പാർക്കുകാർ ആണ് അവളെ വാങ്ങിയത്. പിന്നീട് Luna എന്ന പാർക്കുകാർക്ക് കൈമാറി. എന്നാൽ പാർക്കി​െൻറ നിർമാണപ്രവർത്തനങ്ങൾക്കുവേണ്ടിയായിരുന്നു അധികൃതർ അവളെ ഉപയോഗിച്ചത്. അവിടെയും പീഡനം. ക്രൂരത അതിരുവിട്ടപ്പോൾ അവളുടെ പരിശീലകനെ പൊലീസ് അറസ്​റ്റ്​ ചെയ്​ത്​ ലോക്കപ്പിലാക്കി. ടോപ്‌സിയും പരിശീലകനോടൊപ്പം സ്​റ്റേഷനിലേക്ക് കയറാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്​ടിച്ചിരുന്നത്രെ. ഈ സംഭവത്തോടെ പരിശീലക​െൻറ ജോലി പോവുകയും ചെയ്തു. അതോടെ ടോപ്‌സിയെ ആരും വാങ്ങാനോ നോക്കാനോ ഇല്ലാത്ത അവസ്ഥയായി. അവൾക്ക് ആഹാരം നൽകാൻ പാർക്കുകാർക്കും കഴിഞ്ഞിരുന്നില്ല. അവസാനം ടോപ്‌സിയെ അവർ കൊല്ലാൻ തീരുമാനിച്ചു. ഷോക്കടിപ്പിച്ചു കൊല്ലുക, അതായിരുന്നു അന്തിമ തീരുമാനം. Edison Electric Illuminating Company എന്ന സ്ഥാപനമായിരുന്നു അവളുടെ വധം ഏറ്റെടുത്തിരുന്നത്. 1903 ഡിസംബർ നാലാണ് അവർ അതിനായി തെരഞ്ഞെടുത്തത്. പ്രത്യേകം തയാറാക്കിയ ഒരിടത്ത് അവളെ കൊണ്ട് നിർത്തി. സ്​റ്റീൽ കൊണ്ട് നിർമിച്ച വടംകൊണ്ട് അവളെ ബന്ധിച്ചിരുന്നു. ഷോക്കേറ്റു മരിച്ചില്ലെങ്കിൽ വടം മുറുക്കി കൊല്ലാനായിരുന്നത്രെ ഇത്. ആളുകൾ നോക്കിനിൽക്കെ 6,600 വോൾട്ട് വൈദ്യുതി അവളുടെ ശരീരത്തിലേക്ക് പ്രവഹിപ്പിച്ചു. അങ്ങനെ അവൾ മണ്ണിൽ പിടഞ്ഞു വീണു. എന്നാൽ, മരിച്ചെന്ന്​ ഉറപ്പാക്കാൻ പത്തു മിനിറ്റോളം അവളുടെ കഴുത്തിൽ വടംകൊണ്ട് മുറുക്കിയിരുന്നു!