സ്കൂൾ പച്ച
ഞണ്ടുകളുടെ നാട്ടിൽ
  • ആഷിഖ്​ മുഹമ്മദ്​
  • 04:22 PM
  • 28/03/2019

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്മസ് ദ്വീപിന്​ സഞ്ചാരികൾക്കിടയിൽ പ്രിയമേറെയാണ്​. അതി​െൻറ കാരണമാണ്​ കൗതുകം, ഞണ്ടുകളാണ്​ ഇൗ ദ്വീപിലെ താരങ്ങൾ.  ജനസംഖ്യ 2500 മാത്രമുള്ള ദ്വീപിൽ പക്ഷേ, ലക്ഷക്കണക്കിന്​ ഞണ്ടുകളാണ്​ ഉള്ളത്​. വംശനാശം വന്നുകൊണ്ടിരിക്കുന്ന ചുവന്ന ഞണ്ടുകളാണ് ഇവിടത്തെ പ്രധാന ആകർഷണം. ‘ജിക്കാർകോഡിയ നതാലിസ്’ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ചെങ്കുപ്പായക്കാർ ഇണ ചേരുന്നതിനു വേണ്ടി കാടുകളിൽനിന്നും കടൽത്തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒക്ടോബർ^നവംബർ മാസങ്ങളിലാണ് ദ്വീപിന്​ ഭംഗികൂടുന്നത്​. റോഡിലൂടെ കൂട്ടമായി കടൽത്തീരത്തേക്കു പോവുന്ന ഈ ചങ്ങാതിമാരെ കണ്ടാൽ ചുവന്ന വലിയ പരവതാനി സഞ്ചരിക്കുന്നതു പോലെയിരിക്കും. ഞണ്ടി​െൻറ പ്രജനന കാലത്ത്​ ഇവിടത്തെ ഗതാഗതം പോലും വഴിതിരിച്ചുവിടും. അതുമാത്രമല്ല, അവയുടെ യാത്രക്ക്​ തടസ്സം വരാതിരിക്കാൻ വഴിയിൽ ഒരു ഫ്ലൈ ഓവർതന്നെ സർക്കാർ നിർമിച്ചിട്ടുണ്ട്. 
പടിഞ്ഞാറൻ ആസ്‌ട്രേലിയൻ സംസ്ഥാനമായ പെർത്തിൽനിന്ന് 2600 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. കടലിനടിയിൽനിന്ന് ഉയർന്നു നിൽക്കുന്ന 4500  അടി ഉയരമുള്ള അഗ്​നിപർവതത്തി​െൻറ മുകൾ വശമാണിത്​. 1643ലെ ക്രിസ്മസ് ദിനത്തിൽ ഈ ദ്വീപ് കണ്ടെത്തിയതിനു ശേഷം ഇന്നുവരെ ഈ അഗ്​നിപർവതം ശാന്തമായിരുന്നുവെന്ന് ഭൂഗർഭശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ഉഷ്ണമേഖലാപ്രദേശമായ ഈ  ദ്വീപ് ജൈവവൈവിധ്യത്താൽ സമ്പുഷ്​ടമാണ്. ഒരുകാലത്ത് നാലരക്കോടിയോളം ചുവന്ന ഞണ്ടുകൾ ഇൗ ദ്വീപിൽ വസിച്ചിരുന്നത്രെ, ഇന്നത് നേർപകുതിയായി കുറഞ്ഞു.
പ്രജനന കാലത്ത്​ കടൽത്തീരത്തെത്തുന്ന ആൺ ഞണ്ടുകൾ മണലിൽ കുഴികളുണ്ടാക്കാൻ തുടങ്ങും. പെൺ ഞണ്ടുകൾ മുട്ടയിടുന്നതും അടയിരിക്കുന്നതും ഈ കുഴികളിലാണ്. രണ്ടാഴ്ചയോളം അടയിരുന്നതിനു  ശേഷമാവും പെൺ ഞണ്ടുകൾ കാടുകയറുക. മുട്ട വിരിഞ്ഞതിനു ശേഷം കുറച്ചു നാൾ കുഞ്ഞുങ്ങൾ കടലിൽ തങ്ങുകയും, അതിനു ശേഷം വഴി തെറ്റാതെ കാടു കയറുകയും ചെയ്യുന്നു. ചെകിളകളാണ് ശ്വസനത്തിനു ഉപയോഗിക്കുകയെന്നതിനാൽ ഇവയുടെ ശരീരത്തിൽ സദാ സമയവും നനവ് ആവശ്യമാണ്. ശരീരോഷ്മാവ് കൂടിയാൽ ചുവന്ന ഞണ്ടുകൾ നശിച്ചു തുടങ്ങും, അതിനാൽതന്നെ വേനൽക്കാലങ്ങളിൽ ഇവ കഴിവതും  പുറത്തിറങ്ങാറില്ല. ഇലകളും കായ്‌കനികളും ചത്ത ഞണ്ടുകളും ഒച്ചുകളുമെല്ലാമാണ് ഈ ചങ്ങാതിയുടെ മുഖ്യാഹാരം. മനുഷ്യ​െൻറ അധിനിവേശവും ദ്വീപുകളിൽ കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഒരു തരം ഉറുമ്പി​െൻറ ആക്രമണവും പക്ഷേ ഈ ജീവിയുടെ നിലനിൽപിനെ സാരമായി ബാധിച്ചിട്ടുണ്ട്.
മനോഹരമായ കടൽത്തീരവും കുളിർമ നൽകുന്ന ഒത്തിരി കാഴ്ചകളും നൽകുന്ന ഈ ദ്വീപി​െൻറ 62 ശതമാനവും സർക്കാർ ദേശീയോദ്യാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഞണ്ടുകളുടെ പ്രജനന കാലത്തെ യാത്രയും, കടൽത്തീരവും കാണാൻ നിരവധി സഞ്ചാരികൾ ഇവിടേക്കെത്തുന്നുണ്ട്.