ജൈവ വൈവിധ്യങ്ങൾ
  • കാർത്തിക സുധീർ
  • 02:31 PM
  • 21/21/2018

എന്താണ് ജൈവവൈവിധ്യം? ഒരു ആവാസവ്യവസ്​ഥയിൽ എത്രതരം ജീവജാലങ്ങൾ കാണപ്പെടുന്നു എന്നതാണ്  ജൈവവൈവിധ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ജൈവികമായ വൈവിധ്യം എന്ന വാക്ക്​ ലോപിച്ചാണ്​ ജൈവവൈവിധ്യം എന്ന വാക്കുണ്ടായത്. ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങൾ, വ്യത്യാസങ്ങൾ, പ്രത്യുൽപാദന രീതികൾ, ജനിതകഘടനയിൽ വരുന്ന അവസ്​ഥാന്തരങ്ങൾ, ആവാസവ്യവസ്​ഥകൾ, രൂപം എന്നിവയുടെ ആകത്തുകയാണ്​ ജൈവവൈവിധ്യം

ജീവജാലം എന്ന വാക്ക് കേൾക്കുമ്പോൾ എന്തൊക്കെ കൂട്ടുകാർക്ക് ഓർമവരും. മനുഷ്യനും സസ്യങ്ങളും മൃഗങ്ങളുമെല്ലാം അതിൽ വരില്ലേ? ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതൽ ഒരു മില്ലിമീറ്ററിെൻറ പത്തുലക്ഷത്തിലൊന്നു വലുപ്പമുള്ള മൈക്കോപ്ലാസ്​മ വരെ ഇതിൽ വരും. അപ്പോൾ എന്താണ് ജൈവവൈവിധ്യം? ഒരു ആവാസവ്യവസ്​ഥയിൽ എത്രതരം ജീവജാലങ്ങൾ കാണപ്പെടുന്നു എന്നതാണ്  ജൈവവൈവിധ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങൾ, വ്യത്യാസങ്ങൾ, പ്രത്യുൽപാദന രീതികൾ, ജനിതകഘടനയിൽ വരുന്ന അവസ്​ഥാന്തരങ്ങൾ, ആവാസവ്യവസ്​ഥകൾ, രൂപം എന്നിവയുടെ ആകത്തുകയാണ്​ ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്​ഥയും ഇതിൽപ്പെടും. ജൈവവൈവിധ്യം മൂലം ലഭിക്കുന്ന നേട്ടങ്ങളെ ഇക്കോവ്യൂഹ സേവനങ്ങൾ എന്നാണ്​ വിളിക്കുന്നത്. ആഹാരം, വസ്​ത്രം, ഔഷധം, തടി, ഇന്ധനം, വായു, ജലം എന്നിവയും നമുക്ക് നൽകുന്നത് ഈ ജൈവവൈവിധ്യങ്ങളാണ്. ജൈവവൈവിധ്യം കൊണ്ടുള്ള ഗുണങ്ങൾ അഥവാ മൂല്യങ്ങൾ എന്തൊക്കെയാണ്? സസ്യങ്ങളുടെ ധാന്യങ്ങൾ, പഴവർഗങ്ങൾ, കായകൾ, കിഴങ്ങുകൾ, ഇലകൾ, പൂക്കൾ എന്നിവ നമുക്ക് ഉപയോഗിക്കാം. മരുന്നുകൾ, കറകൾ, ചായങ്ങൾ എന്നിവക്കും സസ്യങ്ങളെ ഉപയോഗിക്കാം. ജന്തുക്കളായാലോ? ഇറച്ചി, പാൽ, മുട്ട, കൊഴുപ്പ്, തോൽ, തുകൽ, കൊമ്പുകൾ എന്നിവ. മരുന്നിനും ജന്തുക്കളെ ആശ്രയിക്കുന്നു. കൃഷിക്കും മറ്റു ജോലികൾക്കും മൃഗങ്ങളെ ഉപയോഗിക്കുന്നു. ആൻറിബ​േയാട്ടിക്കുകൾ, വിവിധ ഭക്ഷ്യവസ്​തുക്കൾ, മദ്യം എന്നിവക്ക്​ പൂപ്പലുകളെയും സൂക്ഷ്മജീവികളെയും ഉപയോഗിക്കുന്നുണ്ട്. സസ്യങ്ങളിൽ പരാഗണം നടത്തുന്നത് പ്രാണികളും മൃഗങ്ങളും ശലഭങ്ങളും പക്ഷികളും ഒക്കെയാണ്. പരാഗണം നടന്നതുകൊണ്ടാണല്ലോ നമുക്ക് ഭക്ഷിക്കാൻ കായും പഴങ്ങളു​െമാക്കെ കിട്ടുന്നത്. ഇപ്പോൾ ജൈവവൈവിധ്യം ഇല്ലാതായാൽ എന്തുസംഭവിക്കുമെന്ന് മനസ്സിലായില്ലേ​?
 

ജൈവവൈവിധ്യ ദിനം
എല്ലാവർഷവും ​േമയ് 22നാണ് ലോകമെമ്പാടും ജൈവവൈവിധ്യ ദിനം ആഘോഷിക്കുന്നത്. ഐക്യരാഷ്​ട്രസഭയുടെ പൊതുസഭ 1993 മുതലാണ് അന്താരാഷ്​ട്ര ജൈവവൈവിധ്യദിനം ആചരിക്കാൻ തീരുമാനിച്ചത്.                                                                                          തുടക്കത്തിൽ ഡിസംബർ 29 ആയിരുന്നു ആ ദിനം. 2000 മുതൽ അത് ​േമയ് 22 ആക്കി നിശ്ചയിച്ചു. ആഗോളവ്യാപകമായി ജൈവവൈവിധ്യത്തിെൻറ പ്രാധാന്യത്തെയും അതിെൻറ നഷ്​ടം വരുത്തുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവത്​കരിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഐക്യരാഷ്​ട്രസഭയിലെ പരിസ്​ഥിതി സമിതി നിർണയിച്ച ലോകത്തിലെ 17 േശ്രഷ്ഠ ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ആസ്​ട്രേലിയ, ബ്രസീൽ, ചൈന, കൊളംബിയ, കോംഗോ, എക്വഡോർ, ഇന്തോ​േനഷ്യ, മഡഗാസ്​കർ, മലേഷ്യ, മെക്സികോ, ന്യൂഗിനി, പെറു, ഫിലിപ്പീൻസ്​, ദക്ഷിണാഫ്രിക്ക, വെനി​േസ്വല എന്നിവയാണ് മറ്റു ജൈവവൈവിധ്യകേന്ദ്രങ്ങൾ.

 ഹോട്ട് സ്​പോട്ടുകൾ
ജൈവവൈവിധ്യത്തിന്​ സംരക്ഷണം നൽകുന്നതിനായി ഉഷ്ണ, സമശീതോഷ്ണ മേഖലാ വനങ്ങളെ ജൈവവൈവിധ്യ കലവറ അഥവാ ഹോട്ട് സ്​പോട്ടുകൾ എന്ന രീതിയിൽ തിരിച്ചിട്ടുണ്ട്. ലോക ജൈവവൈവിധ്യത്തി​െൻറ 0.5 ശതമാനം തനതു സസ്യങ്ങൾ ഈ ഭാഗത്തുണ്ടായിരിക്കണം, ആകെ സസ്യവിഭാഗങ്ങളിൽ 70 ശതമാനം നഷ്​ടപ്പെട്ടിരിക്കണം എന്നീ വ്യവസ്​ഥകളാണ് ഇതിനുള്ളത്. 1988ൽ ഇംഗ്ലീഷ് ജീവശാസ്​ത്രകാരൻ ഡോ. നൊർമൻ മിയേഴ്സ്​ ആണ് ഈ ആശയം ആവിഷ്കരിച്ചത്. ഇതനുസരിച്ച്​ ലോകത്ത് 36 ജൈവവൈവിധ്യ കലവറകളുണ്ട്​. ഇന്ത്യയിൽ പശ്ചിമഘട്ടവും പൂർവഹിമാലയൻ പ്രദേശവും ഹോട്ട്സ്​പോട്ടുകളാണ്. 
 

ബയോബ്ലിറ്റ്സ്​
ജൈവവൈവിധ്യ സംരക്ഷണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രദേശത്ത് കാണപ്പെടുന്ന സസ്യജന്തുജാലങ്ങളെ 24 മണിക്കൂർ വരെ നിരീക്ഷിച്ച് അവയുടെ ലിസ്​റ്റ്​ തയാറാക്കുന്ന നൂതന രീതിയാണ് ബയോബ്ലിറ്റ്സ്​. നഗരങ്ങളിലെ ജൈവവൈവിധ്യം മനസ്സിലാക്കാനും അവയുടെ നിരീക്ഷണത്തിൽ പൊതുജന സഹകരണം ഉറപ്പുവരുത്തുന്നതിനും ‘ബയോബ്ലിറ്റ്സ്’ എന്ന ആശയം ഏറെ സഹായകരമാകാറുണ്ട്. ഇത്തരം പരിപാടി സ്​കൂളിലോ സ്വന്തം പ്രദേശത്തോ കൂട്ടുകാർക്ക് സംഘടിപ്പിക്കാൻ കഴിയും. അധ്യാപകരുടെയും മാതാപിതാക്കളുടെയും വിദ്യാർഥികളുടെയുമെല്ലാം സഹായവും തേടാം. എങ്ങനെ സംഘടിപ്പിക്കാമെന്നതിനെക്കുറിച്ച് വായിക്കാൻ നാഷനൽ ജിയോഗ്രഫിയുടെ സൈറ്റിൽ നോക്കിയാൽ മതി. വെബ്​സൈറ്റ്​: https://www.nationalgeographic.org/projetcs/biobltiz/
 

ഇല്ലാതാകുന്നവർ
കണ്ടാൽ കോഴിയോട് സാദൃശ്യമുള്ള,  മനുഷ്യരോട് ഇണങ്ങുന്ന, പറക്കാനുള്ള ശേഷിയില്ലാത്തതിനാൽ ആരിൽനിന്നും രക്ഷപ്പെടാൻ സാധിക്കാത്ത പക്ഷിവർഗം. വായിക്കുമ്പോൾ താറാവാണെന്ന് തോന്നും അല്ലേ? എന്നാൽ പറഞ്ഞത് പതിനേഴാം നൂറ്റാണ്ടിനു മുമ്പ്​ ലോകത്ത് ഉണ്ടായിരുന്ന ഡോഡോ എന്ന പക്ഷിയെക്കുറിച്ചാണ്. പറക്കാൻ ശേഷിയില്ലാത്തതും ഉപദ്രവിക്കാത്തതുമായ ​േഡാഡോയെ രുചിക്കുറവ് ഉണ്ടായിട്ടും മനുഷ്യൻ വ്യാപകമായി ഭക്ഷണത്തിന് ഉപയോഗിച്ചതാണത്രേ വംശനാശത്തിലേക്ക് എത്തിച്ചത്. ചരിത്രരേഖയുള്ള ആദ്യത്തെ വംശനാശം നേരിട്ട ജീവിയെന്ന നിലയിലാണ് ഡോഡോ അറിയപ്പെടുന്നത്. ലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ട, നീക്കപ്പെടാൻ സാധ്യതയുള്ള യുനസ്​കോയുടെ റെഡ് ഡാറ്റാ ബുക്കിൽ ഇടം പിടിച്ച പക്ഷി–മൃഗാദികൾ, മത്സ്യങ്ങൾ, മരങ്ങൾ, സസ്യങ്ങൾ എന്നിവയിൽ ചിലത്​ പരിചയപ്പെടാം.
 

കൊക്കോ ഡി മെർ
തെങ്ങും പനയും ഒന്നായത് സങ്കൽപിക്കാമോ? അത്തരമൊരു സസ്യമാണ് കൊക്കോ ഡി മെർ. ഭൂമിയിലെ അപൂർവ സസ്യങ്ങളിൽ ഒന്നായ ഈ സസ്യം ഇരട്ടത്തെ​െങ്ങന്നും അറിയപ്പെടുന്നു.  ഇന്ത്യൻ മഹാസമുദ്രത്തിലെ സെഷൽസ്​ ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവും ഉള്ളത്. 1768ലാണ്  ഇതിനെ ആദ്യം കണ്ടെത്തിയത്. അതും ഏകദേശം 5000 വൃക്ഷങ്ങൾ മാത്രം, ശ്രീലങ്ക, മാലദ്വീപ്, തായ്​ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്.
ഇതി​െൻറ തേങ്ങക്ക്​ 15.40 കി.ഗ്രാം ഭാരമുണ്ടാകും. സസ്യ​േലാകത്തെ ഏറ്റവും ഭാരം കൂടിയ ഫലമാണിത്. രണ്ടു തേങ്ങകൾ ചേർത്തുെവച്ചതുപോലെയാണ് രൂപം. തേങ്ങ മൂക്കാൻ 67 വർഷവും മുളയ്ക്കാൻ രണ്ടു വർഷവും വേണം. പെൺമരങ്ങൾ ഏകദേശം 100 വർഷം കഴിഞ്ഞാലേ കായ്ക്കുകയുളളൂ. ഇന്ത്യയിലുള്ള ഒരേയൊരു ഇരട്ടത്തെങ്ങുള്ളത് ഹൗറയിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ്​ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലാണ്. 1998ലാണ് ആദ്യമായി പൂവിട്ടത്. 
 

ഗോൾഡൻ ട്രീ ഫേൺ
600 വർഷം മുമ്പ്​ ​േലാകത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയ മരമാണ് ഗോൾഡൻ ട്രീ ഫേൺ /സുവർണ പന്നൽ വൃക്ഷം; അതായത് ദിനോസറുകളുടെ കാലത്ത്. ദിനോസറുകൾ നശിച്ചു പോയെങ്കിലും ഈ മരം അക്കാലത്തുണ്ടായ മഹാനാശത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്നുവെന്നതാണ് ഇതിെൻറ പ്രത്യേകത. സമുദ്രനിരപ്പിൽനിന്ന് 600 മുതൽ 1000 മീറ്റർ ഉയരത്തിലുള്ള പ്രദേശത്താണ് സുവർണ പന്നൽ വൃക്ഷം കാണപ്പെടുക. ഇന്ത്യയുടെ തെക്കും വടക്കു കിഴക്കൻ പ്രദേശങ്ങൾ, ശ്രിലങ്ക, നേപ്പാൾ മുതൽ മ്യാന്മർ വരെ, തായ്​ലൻഡ്, ലാവോസ്​, വിയറ്റ്നാം, മലയ, മധ്യ സുമാത്ര, പശ്ചിമ ജാവ എന്നിവിടങ്ങളിലെ ഈർപ്പമുള്ള മലനിരകളിലുമാണ് ഇന്ന് ഇവയുള്ളത്. ഒറ്റത്തടിയായി വളരുന്ന ഇവയുടെ ഉയരം അഞ്ചു മീറ്ററിൽ അധികമാണ്. കടുത്ത വേനലിലും ഭൗമോപരിതലത്തിലെ ജലസാന്നിധ്യം നിലനിർത്തുന്നതും ഇലകളിൽ സംഭരിച്ച വെള്ളം വേനൽക്കാലത്ത് തിരികെ മണ്ണിലേക്ക് തിരിച്ചുവിടുകയാണ് ഇവയുടെ രീതി. 
 

പാഫിയോ പീഡലം ഡ്രൂറി
സർപ്പസൗന്ദര്യമുള്ള ഓർക്കിഡ് ഇനമാണ് പാഫിയോ പീഡലം ഡ്രൂറി. ഇതിെൻറ പൂവിന് തല ഉയർത്തിപ്പിടിച്ച സർപ്പത്തിെൻറ ആകൃതിയാണ്. തണുപ്പുകാലത്ത് പൂക്കുന്ന സ്വഭാവം, കൂടുതൽ നാൾ വാടാതെ നിൽക്കാനുള്ള കഴിവ്, ആറ് സെൻറി മീറ്റർ വരെ വലുപ്പവും സ്വർണനിറങ്ങളുള്ള ദളങ്ങളുടെ മധ്യഭാഗത്ത് മെറൂൺ നിറത്തിൽ കട്ടിയുള്ള വരകളുമുള്ള പാഫിയോ പീഡിലം ഡ്രൂറി, ഓർക്കിഡ് േപ്രമികൾക്കിടയിൽ ഏറെ കീർത്തിയുള്ളതാണ്​. കേരളത്തിൽ അഗസ്​ത്യമലയിലാണ് ഇവ കാണപ്പെടുന്നത്. 1865ൽ ജെ.എ. ബ്രൗൺ എന്നയാളാണ് ഈ ഓർക്കിഡിനെ അഗസ്​ത്യമലയിൽ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് കേണൽ ഡ്രൂറി ഇതിനെക്കുറിച്ചു പുറംലോകത്തെ അറിയിച്ചു. ലേഡീസ്​ സ്ലിപ്പർ ഓർക്കിഡ് എന്നുകൂടി അറിയപ്പെടുന്നു. ഫെബ്രുവരി മുതലാണ്​ പൂവിടാൻ തുടങ്ങുന്നത്. അത് ജൂൺവരെ നിൽക്കുകയും ചെയ്യും.
 

പിഗ്​മി ആന
ലോകത്ത്​ വെറും 1500 എണ്ണം മാത്രം അവശേഷിക്കുന്ന, ആഫ്രിക്കൻ കാടുകളിൽ മാത്രം കാണപ്പെടുന്നവയാണ് പിഗ്​മി ആനകൾ. പത്തടി ഉയരമുള്ള ഈ ആനയുടെ ഭാരം 450 കിലോയാണ്. വലിയ ചെവികളും നീളംകൂടിയ വാലും നേരെയുള്ള കൊമ്പുകളുമാണ് ഇവയുടെ പ്രത്യേകത. ജനിതകപരമായി ഏഷ്യൻ ആനകളിൽ ഏറ്റവും വ്യത്യസ്​തതപുലർത്തുന്ന ഈ ഇനം, പുതിയ ഗവേഷണങ്ങൾ പ്രകാരം ജാവാ ദ്വീപിൽ പണ്ട് ജീവിച്ചിരുന്ന ഏഷ്യൻ ആനയാണെന്നാണ് പറയപ്പെടുന്നത്. ഇവയെ കൂടാതെ ചൈനയിൽ ഉണ്ടായിരുന്ന ഇളം പിങ്ക് നിറത്തിലുള്ള കൊമ്പുകളോടുകൂടിയ ചൈനീസ്​ ആന (Elephas maximus rubridens), സിറിയ, ഇറാൻ, അഫ്ഗാനിസ്​താൻ എന്നിവിടങ്ങളിലുണ്ടായിരുന്ന, ഏഷ്യൻ ആനകളിലെ ഏറ്റവും വലിയ ഇനമായിരുന്ന, സിറിയൻ ആന (Elephas maximus asurus) എന്നീ ഇനങ്ങൾ അന്യംനിന്ന ഏഷ്യൻ ആനകളിലെ ഇനങ്ങളാണ്.
 

സുവർണ തവള
ആഗോളതാപനത്തിെൻറ ആദ്യ ഇരയെന്ന് കണക്കാക്കപ്പെടുന്ന ജീവിയാണ് സുവർണ തവള. കോസ്​റ്ററീകയിലെ കോട വനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് മാത്രം കാണപ്പെട്ടിരുന്ന ഈ മനോഹര ജീവിയെ 1966ലാണ് ആദ്യമായി കണ്ടെത്തിയത്. ഒരുകാലത്ത് മുപ്പതിനായിരത്തോളം സുവർണ തവളകൾ ആ കാട്ടിൽ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ആഗോളതാപനത്തിെൻറ ഫലമായി കാട്ടിലെ ഈർപ്പം കുറഞ്ഞതാണ് ആ ജീവിയെ നാശത്തിലേക്ക് തള്ളിവിട്ടത്. 1987^88 ലെ എൽനിനോ പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടി. അവസാനമായി ഒരു സുവർണ തവളയെ മനുഷ്യൻ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1989 മേയ് 15നാണ്. 
 

ഫോസ്സ
ആഫ്രിക്കയിലെ മഡഗാസ്​കർ ദ്വീപിൽ മാത്രം കണ്ടുവരുന്ന മൃഗമാണ് ഫോസ്സ. ചെറിയ പുലിയുടെ രൂപം, നായയുടേതുപോലുള്ള മൂക്ക്, കുടുംബമാകട്ടെ കീരിയുടെയും. മഡഗാസ്​കറിലെ ഏറ്റവും വലിയ മാംസഭോജിയാണ് ഫോസ്സ. ഒന്നുമുതൽ ആറു വരെ കുട്ടികൾ ഉണ്ടാവും ഫോസ്സക്ക്. ലീമർ എന്ന മൃഗം, പക്ഷികൾ, ചെറിയ സസ്​തനികൾ എന്നിവയൊക്കെ ഫോസ്സയുടെ ആഹാരമാണ്. ഫോസ്സയുടെ മാംസം മനുഷ്യർ ഭക്ഷിക്കാറുണ്ട്. 15 വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്. വനങ്ങൾ ഇല്ലാതാകുന്നതുകൊണ്ട് ഇവയുടെ നിലനിൽപ്​ ഏറെ അപകടത്തിലാണ്.
 

പറക്കും കുറുക്കൻ
ചിറകു വിരിച്ചാൽ ഒന്നരമീറ്റർ നീളം വരുന്ന ഭീമൻ വവ്വാലുകളാണ് പറക്കും കുറുക്കൻ. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കാണുന്നത്. മനുഷ്യ​െൻറ വേട്ടമൂലം ഇന്ന് പറക്കും കുറുക്കൻ അതിജീവനത്തിെൻറ പാതയിലാണ്. വിത്തുവിതരണത്തിനും പരാഗണത്തിനും സഹായിക്കുന്ന ഭീമൻ വവ്വാലുകൾക്ക് മഴക്കാടുകളുടെ ആവാസവ്യവസ്​ഥ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുണ്ട്. ഈ സസ്​തനികൾ പ്രധാനമായും മലേഷ്യയിലും ഇന്തോനേഷ്യയിലും തായ്​ലൻഡിലുമാണ് കാണപ്പെടുന്നത്. ഒരു രാത്രി 60 കിലോമീറ്റർ വരെ പറക്കുന്ന ഇവ നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കുന്നതായി ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ, വലിയ സസ്​തനികളിൽ ലോകത്തേറ്റവുമധികം ഭീഷണി നേരിടുന്ന ജീവിയാണിത്. വേട്ടയും വനനാശവുമാണ് ഇവയെ നിലനിൽ​പിെൻറ വക്കിലേക്ക് തള്ളിവിട്ടത്. മലേഷ്യയിൽ പ്രതിവർഷം 22,000 വവ്വാലുകളെ വേട്ടയാടുന്നു. നിയമവിരുദ്ധമായി വേട്ടയാടപ്പെടുന്നവയുടെ എണ്ണം ഇതിലേറെ വരും. മലേഷ്യാ ഉപദ്വീപിൽ കൂടിയാൽ 5,00,000 പറക്കും കുറുക്കന്മാരേ അവശേഷിക്കുന്നുള്ളൂവെന്നാണ് കണക്ക്.
 

ജയൻറ്​ ആൻറ്​​ ഈറ്റർ
ലോകത്തിലെ ഏറ്റവും വലിയ ഉറുമ്പുതീനിയാണ് തെക്കേ അമേരിക്കയിൽ കാണുന്ന ജയൻറ്​ ആൻറ് ഈറ്റർ. ദിനംപ്രതി മുപ്പതിനായിരം ഉറുമ്പുകളെയെങ്കിലും ഇവ അകത്താക്കും. ഉറുമ്പുതീനിയുടെ നാവിൽ പശപോലുള്ള ഒരു സ്രവം ഉണ്ട്. ഉറുമ്പ്പുറ്റിനകത്തേക്ക് നാവ് ഇടുമ്പോൾ ഉറുമ്പുകൾ നാവിൽ ഒട്ടിപ്പിടിക്കും. സ്ലോത്ത് എന്ന ജീവിയുടെയും ഈനാമ്പേച്ചിയുടെയും കുടുംബക്കാരാണ് ഈ ഉറുമ്പുതീനി. പല രാജ്യങ്ങളിലും തോലിന് വേണ്ടി ഇവയെ വേട്ടയാടുന്നത് പതിവാണ്. പതിനാറു മുതൽ 20 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. 100 മുതൽ 120 സെൻറി മീറ്റർ വരെ നീളമുണ്ടാവും ഇവക്ക്. 40 മുതൽ 50 കിലോ ഭാരവും ഉണ്ടാവും. പല്ലുകളില്ല. പ​േക്ഷ, നാവിന് രണ്ടടിയോളം നീളമുണ്ടാവും. പ്രധാന ഭക്ഷണം ഉറുമ്പുകൾതന്നെ.
 

അരാപൈമ
ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നായ അരാപൈമ (Arapaima gigsa) ആമസോൺ നദിയിലാണ് ജീവിക്കുന്നത്. ഈ മത്സ്യഭീമൻ പൂർണ വളർച്ചയെത്തിയാൽ ഏകദേശം 200 കിലോയോളം ഭാരവും മൂന്നു മീറ്ററിൽ കൂടുതൽ നീളവും വെക്കും. ചെറുമീനുകളാണ് പ്രധാന ഭക്ഷണമെങ്കിലും തീരങ്ങളിൽ ഇരതേടി നടക്കുന്ന ചെറുപക്ഷികളെയും തരം കിട്ടിയാൽ അകത്താക്കും. നദിയുടെ ആവാസവ്യവസ്​ഥയിലും തദ്വാര സ്വഭാവത്തിലുമുണ്ടായ മാറ്റങ്ങളും അമിതമായ വേട്ടയാടലും ഈ മീനുകളുടെ എണ്ണത്തിൽ ഭീമമായ തോതിൽ കുറവുണ്ടാക്കിയിട്ടുണ്ട്.
 

ഇന്ത്യൻ ബസ്​റ്റാർഡ്
ഇന്ത്യക്ക് ദേശീയപക്ഷി ഇല്ലാതിരുന്ന കാലത്ത് ഡോ. സാലിം അലി നിർദേശിച്ചത് ‘േഗ്രറ്റ് ഇന്ത്യൻ ബസ്​റ്റാർഡ്’ എന്ന പക്ഷിയെയായിരുന്നു. ഇന്ത്യയിലും പാകിസ്​താനിലുമായി പുൽമേടുകളെന്ന ഒരേതരം ജീവപരിസരത്തെ ആവാസമാക്കുന്ന ഒരേയൊരു പക്ഷി എന്ന സവിശേഷതയും ഇവക്കുണ്ട്.  പക്ഷേ, പരിചയമില്ലാത്ത പേര് എന്ന നിലയ്ക്ക് ‘േഗ്രറ്റ് ഇന്ത്യൻ ബസ്​റ്റാർഡി’ന് ആ സ്​ഥാനം ലഭിച്ചില്ല. ലോകത്ത് ഇന്നുള്ള പറക്കാൻ കഴിയുന്നവയിൽ ഏറ്റവും ഭാരംകൂടിയ പക്ഷികളിലൊന്നാണ് ‘േഗ്രറ്റ് ഇന്ത്യൻ ബസ്​റ്റാർഡ്. ഇന്ത്യയിൽ ആകെ 250 പക്ഷികളേ ജീവിച്ചിരിക്കുന്നുള്ളൂ.