പുസ്തക വെളിച്ചം
ജി. കുമാരപിള്ളയുടെ കവിത
  • പ്രഫ. എം. ഹരിദാസ്
  • 05:47 PM
  • 22/08/2016

ആധുനിക മലയാള കവിതാ വിശകലനങ്ങളില്‍ പലപ്പോഴും വിട്ടുപോകുന്ന ഒരു പേരാണ് പ്രഫ. ജി. കുമാരപിള്ളയുടേത്. അതിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. 61 വര്‍ഷം ദീര്‍ഘിച്ച കാവ്യോപാസനാ വേളയില്‍ (‘എന്‍െറ അമ്മ’ എന്ന ആദ്യ കവിത പ്രസിദ്ധീകരിച്ചത് 1938ല്‍; അവസാന കവിതയായ ‘സംസ്കാരത്തിനു മുമ്പ്’ 1999ലും) 210ല്‍ താഴെ കവിതകള്‍ മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയന്‍, മദ്യവിരുദ്ധ പ്രവര്‍ത്തകന്‍, അധ്യാപകന്‍, ചിന്തകന്‍, പ്രഭാഷകന്‍, സാഹിത്യ വിമര്‍ശകന്‍ തുടങ്ങി അനേകം ഭാസുര മുഖങ്ങളുള്ള ആ ബഹുമുഖ പ്രതിഭയുടെ ഒരു മുഖം മാത്രമാണ് കവിയുടേത് എന്നതായിരിക്കാം മറ്റൊരു കാരണം. കുമാരപിള്ളയുടെ മുഴുവന്‍ കവിതകളും ഉള്‍പ്പെടുത്തി ‘ജി. കുമാരപിള്ളയുടെ കവിതകള്‍’ എന്നപേരില്‍ ഒരു കൃതി കേരള സാഹിത്യ അക്കാദമി 2015ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഴുവന്‍ കവിതകളുടെയും രചനാവര്‍ഷം രേഖപ്പെടുത്തുന്നതില്‍ കവി കാണിച്ച ശുഷ്കാന്തി, കവിതയുടെ വികാസ പരിണാമങ്ങള്‍ മനസ്സിലാക്കുന്നതിന് വളരെ സഹായകമാണ്. കവിയായ കെ.വി. ബ്രസിയാണ് അക്കാദമിക്കുവേണ്ടി കവിതകള്‍ സമാഹരിച്ചത്.
ഇരുപതാം നൂറ്റാണ്ട് രണ്ടാം പകുതിയിലെ മലയാള കവിതയുടെ രൂപഭാവ പരിവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങളുടെ പ്രാതിനിധ്യം കുമാരപിള്ളയുടെ രചനകള്‍ക്ക് അവകാശപ്പെടാം. അടിസ്ഥാനപരമായി അദ്ദേഹം ഒരു കാല്‍പനികനാണ്. ചങ്ങമ്പുഴ കാലഘട്ടത്തില്‍ എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്‍െറ കവിതകളില്‍ രമണീയ പ്രകൃതിഭാവങ്ങളിലുള്ള താല്‍പര്യം, പ്രണയവര്‍ണങ്ങള്‍, വൈകാരികത, സ്വപ്നാഭിമുഖ്യം, ആത്മനിഷ്ഠത, ലളിത കോമള പദാവലി തുടങ്ങിയ കാല്‍പനിക ചേരുവകള്‍ എല്ലാമുണ്ട്. പക്ഷേ, ആ നിലപാടുതറയില്‍നിന്ന് തെന്നിമാറി, സമകാലിക കവിതയില്‍ സംജാതമായ വികാസത്തെ ഉള്‍ക്കൊള്ളാന്‍ കുമാരപിള്ളയുടെ കവിതക്ക് കഴിഞ്ഞു. സൗന്ദര്യത്തിന് പിറകിലെ ദാര്‍ശനിക മൗനം അന്വേഷിക്കുന്ന ശീലം അദ്ദേഹത്തിന് ആരംഭത്തിലേ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമര പങ്കാളിത്തത്തില്‍നിന്ന് സ്വന്തമാക്കിയ നിര്‍വൃതിദായകങ്ങളായ അനുഭവങ്ങള്‍ക്ക് അദ്ദേഹം കാവ്യരൂപം നല്‍കിയപ്പോള്‍ ചരിത്ര വസ്തുതകളും വ്യക്തികളും അതില്‍ ചേക്കേറി. ഓര്‍മക്കുറിപ്പുകളായി മറ്റുള്ളവര്‍ ചെംപനിനീരും ചെന്താമരയും നിരത്തുമ്പോള്‍ തനിക്ക് വെക്കാനുള്ളത് കേവലം തീണ്ടാനാഴിപ്പൂക്കളാണെന്ന് (മുക്കുറ്റി) അദ്ദേഹം സൂചിപ്പിക്കുന്നു, (ഓര്‍മക്കുറിപ്പുകള്‍ എന്ന കവിത) ചുവപ്പിന്‍െറ സൗന്ദര്യത്തെക്കുറിച്ച്
‘വെറ്റില തിന്നു ചുവന്നൊരു ചുണ്ടുകള്‍
ചത്തെിപ്പൂവുകള്‍, കാടുകള്‍ തോറും...
പൂവിന്‍ പൂവ് പൊതിഞ്ഞൊരു വാകകള്‍...’ 
എന്നും
(കവിത: ചുവപ്പിന്‍െറ ലോകം) നേര്‍രേഖക്കുണ്ടാകുന്ന വളവുകളെക്കുറിച്ച് ‘ഗാനത്തിന്‍ ലയത്തില്‍ തന്‍ വീണയെ ചുംബിക്കുന്നോ
രോമലിന്‍ കഴുത്തിന്‍െറ സൗമ്യമാം കുനിവിലും
വേലിയില്‍ ചുറ്റിപ്പറ്റിത്തഞ്ചമായ് പടര്‍ന്നേറും
പാവലിന്‍ നനുത്തോരു പൂവള്ളിച്ചുരുളിലും (കവിത: വളവുകള്‍) 
എന്നും വ്യാമുഗ്ധനാകുന്ന കവിയാണ് കുമാരപിള്ള. എന്നാല്‍, ജനന മരണങ്ങളുടെ യാദൃച്ഛികത്വത്തെക്കുറിച്ച് എഴുതുമ്പോള്‍ ദാര്‍ശനിക ചിന്തയുടെ സോപാനമേറുന്ന ഗഹനരചനയായി കവിതയെ മാറ്റിത്തീര്‍ക്കാനും അദ്ദേഹത്തിന് വൈഭവമുണ്ട് (എത്ര യാദൃച്ഛികം എന്ന കവിത). അത്യാധുനികതയുടെ ഭാഗമായി അയ്യപ്പപ്പണിക്കരാണ് നോണ്‍സെന്‍സ് കവിതകള്‍ എന്നു വിളിക്കപ്പെട്ട സോപഹാസ കവിതകള്‍ക്ക് തുടക്കം കുറിച്ചത്. ആ വിഭാഗത്തില്‍ പെടുത്താവുന്ന ‘കൂരായണീയം’, കായംകുളം’ തുടങ്ങി നിരവധി രചനകളില്‍ നര്‍മത്തില്‍ പൊതിഞ്ഞ് സാമൂഹിക വിമര്‍ശം എങ്ങനെ നടത്താമെന്ന് കുമാരപിള്ള കാട്ടിത്തന്നിട്ടുണ്ട്. സമകാലിക സംഭവങ്ങളോടും ചിന്താധാരകളോടും സാമൂഹിക ബോധമുള്ള ഒരു കാല്‍പനിക കവിയുടെ പ്രതികരണങ്ങളുടെ മുഖദര്‍ശനം ഈ സമാഹാരം വായനക്കാര്‍ക്ക് കാഴ്ചവെക്കുന്നു.