പഠനമുറി
ചെറിപ്പൂക്കൾ വിരിയും നാട് 
  • ആഷിഖ് മുഹമ്മദ് 
  • 11:02 AM
  • 30/11/2019

മഞ്ഞു മാറി വെയിൽ വരുന്നൊരു കാലം, എങ്ങും പൂക്കൾ നിറയുന്ന വസന്തകാലം. മാവ് പൂക്കുന്ന, വാക പൂക്കുന്ന, നമ്മുടെ നാട്ടിൻപുറങ്ങളിൽ കുയിലുകൾ പാടുന്ന, പ്രകൃതിയൊന്നാകെ അണിഞ്ഞൊരുങ്ങിനിൽക്കുന്ന സമയം. ജപ്പാൻകാർക്ക് വസന്തമെന്നാൽ ചെറിപ്പൂക്കൾ വിരിയും സമയമാണ്. പ്രമുഖ ജാപ്പനീസ് കവി കൊബായാഷി ഇസ്സയുടെ പ്രശസ്തമായ ഹൈക്കു ഉണ്ട്. അതിങ്ങനെയാണ്; ‘നമുക്ക് ചെറിപ്പൂക്കളുടെ ചുവട്ടിലേക്ക് പോകാം, അവിടെ നമുക്ക് പ്രിയപ്പെടാത്തവരായി ആരുമില്ല’. അതായത് എല്ലാവരെയും ഒരുപോലെ ചേർത്തുനിർത്തുന്ന ഒരേയൊരു വികാരം അത് ജപ്പാനിലെ ചെറി മരങ്ങളുടെ പൂക്കാലമാണ്.
ജപ്പാനിലെ പ്രശസ്തമായ മരമാണ് സാകുറ. ചെറി ബ്ലോസം എന്നാണ്​ സാകുറ മരങ്ങളുടെ പുഷ്‌പകാലം അറിയപ്പെടുന്നത്. കൃത്യമായ മാസവും ദിവസവും നോക്കിയല്ല ജപ്പാനിൽ വസന്തകാലാരംഭം. സാകുറ മരത്തിൽ കുറഞ്ഞത് അഞ്ച് പുഷ്പമെങ്കിലും പൂക്കണം. എന്നാലേ ചെറി ബ്ലോസം ആരംഭിച്ചതായി സർക്കാർ ഔദ്യോഗികമായി അറിയിക്കൂ. സാധാരണഗതിയിൽ മാർച്ച്  അവസാനം മുതൽ ​േമയ്വരെയാണ് പൂക്കളുടെ വസന്തം. അസാധാരണ സൗന്ദര്യമാണ് ചെറിപ്പൂക്കൾക്ക്. ജപ്പാൻകാരുടെ മണ്ണി​െൻറയും വിണ്ണി​െൻറയും അലങ്കാരം മാത്രമല്ല, അവരുടെ സംഗീതത്തിലും സംസാരത്തിലും സിനിമയിലും സൗഹൃദത്തിലും ചെറിപ്പൂക്കൾ പൂത്തുനിൽക്കുന്നുണ്ട്. ക്രിംസൺ, പിങ്ക് തുടങ്ങിയ നിറങ്ങളിലുള്ള ചെറിപ്പൂക്കൾ ജപ്പാൻ നഗരത്തി​െൻറ മനോഹാരിത പതിന്മടങ്ങാക്കുന്നു. നമ്മുടെ കണ്ണുകൾക്ക് കുളിർമ നൽകുന്ന വ്യത്യസ്തമായ ഈ അനുഭൂതിക്ക് ഒരു പേര് വരെയുണ്ട് ജാപ്പനീസ് ഭാഷയിൽ, ‘ഹനാമി’. പുഷ്പങ്ങളുടെ അപാരമായ സൗന്ദര്യം ആസ്വദിക്കുന്ന പരമ്പരാഗതമായ സമ്പ്രദായമാണ് ഹനാമി.
ജപ്പാനിലെ ടോക്യോ, ക്യോട്ടോ, ഒസാകാ എന്നീ നഗരങ്ങളിലാണ് സാകുറ മരങ്ങൾ പതിവായി പുഷ്പിക്കാറുള്ളത്. ഭക്ഷണപദാർഥങ്ങളിലും അവശ്യവസ്തുക്കളിലും എന്നുവേണ്ട സകലതിലും ഒരു പ്രതീകമായി ഇവിടെ ചെറിപുഷ്പങ്ങൾ നിലകൊള്ളുന്നു. യാമസാക്കുറ, യാസാക്കുറ, ഷിദാറെസാക്കുറ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന നിരവധി ചെറിപുഷ്പങ്ങൾ ജപ്പാനിലുണ്ട്. യാസാക്കുറക്ക് സാധാരണഗതിയിൽ വലിയ പൂക്കളാവും ഉണ്ടാവുക. ഷിദാറെസാക്കുറയാകട്ടെ വീപ്പിങ് ചെറി അഥവാ ‘വിതുമ്പുന്ന ചെറി’ എന്ന പേരിലാണറിയപ്പെടുന്നത്. അവ എപ്പോഴും പൊഴിഞ്ഞുകൊണ്ടേയിരിക്കും. മരങ്ങളുടെ പരിചരണത്തിനായി വസന്തകാലത്ത് സർക്കാർ പ്രത്യേക ജീവനക്കാരെ നിയമിക്കാറുണ്ട്. ചിലയിടങ്ങളിലാവട്ടെ പട്ടാളംവരെ കാവൽ നിൽക്കും. രാത്രികളിൽ ദീപാലംകൃതമായ പൂമരങ്ങളെ നിങ്ങൾക്കവിടെ കാണാം. ജലാശയങ്ങളുടെ തീരത്തും മറ്റുമുള്ള സാകുറ മരങ്ങൾ രാത്രി വെളിച്ചത്തിൽ കാണേണ്ട കാഴ്ച തന്നെയാണ്. ചെറി ബ്ലോസം ഫെസ്​റ്റിവൽ കാണാൻ വിദേശികളുൾപ്പെടെയുള്ള നിരവധി വിനോദ സഞ്ചാരികൾ ജപ്പാനിലേക്ക് എല്ലാ വർഷവും എത്താറുണ്ട്.