പുസ്തക വെളിച്ചം
ചെങ്കോലും മരവുരിയും
  • പ്രഫ. എം. ഹരിദാസ്
  • 12:18 PM
  • 11/07/2016

നാടകത്തിനും (1958, അഴിമുഖത്തേക്ക്) നിരൂപണത്തിനും (1987 പ്രതിപാത്രം ഭാഷണഭേദം) കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുള്ള ഏക സാഹിത്യകാരനാണ് പ്രഫ. എന്‍. കൃഷ്ണപിള്ള. പ്രശ്നഭരിതമായ ജീവിത മുഹൂര്‍ത്തങ്ങള്‍ തെരഞ്ഞെടുത്ത്, യുക്തിഭദ്രമായ സംഭാഷണങ്ങളിലൂടെ സംഘര്‍ഷം സൃഷ്ടിച്ച് സാമൂഹികവിമര്‍ശം നടത്തുന്ന നാടകങ്ങള്‍ രചിച്ചതുവഴി അദ്ദേഹം മലയാളസാഹിത്യത്തിലും നാടകവേദിയിലും സ്ഥിരപ്രതിഷ്ഠ നേടി. പാശ്ചാത്യ സാഹിത്യത്തില്‍ ഇബ്സനുള്ള സ്ഥാനമാണ് മലയാളത്തില്‍ വിമര്‍ശകര്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. രാമായണ കഥയെ ആധാരമാക്കി ‘മുതിര്‍ന്ന കുട്ടികള്‍ക്കായി കൃഷ്ണപിള്ള 1956ല്‍ എഴുതിയ നാടകമാണ് ചെങ്കോലും മരവുരിയും’. രാമായണത്തിലെ വിച്ഛിന്നാഭിഷേക ഭാഗം (അഭിഷേകം മുടങ്ങല്‍) ആധാരമാക്കി രചിച്ച ഈ നാടകത്തില്‍ നാടകകൃത്ത് മൂലകൃതിയില്‍നിന്ന് കാര്യമായി വ്യതിചലിച്ചിട്ടില്ല. കൈകേയി പുത്രനായ ഭരതനും സുമിത്രാ പുത്രനായ ലക്ഷ്മണനും നാട്ടിലില്ലാത്ത സന്ദര്‍ഭത്തില്‍ ശ്രീരാമനെ അയോധ്യാപതിയാക്കി അഭിഷേകംചെയ്യാന്‍ ദശരഥ മഹാരാജാവ് തീരുമാനിക്കുന്നതാണ് സന്ദര്‍ഭം. കൈകേയിയുടെ ദാസിയായ മന്ഥര പട്ടാഭിഷേകം തടയണമെന്ന് തീരുമാനിക്കുകയും കൈകേയിയില്‍ ദുഷ്പ്രേരണ ചെലുത്തുകയും ചെയ്യുന്നു. മന്ഥരയുടെ ഉപദേശത്താല്‍ മനസ്സു ഭ്രമിച്ച കൈകേയി, ശ്രീരാമന്‍െറ പട്ടാഭിഷേകം നിര്‍ത്തിവെച്ച് ഭരതനെ രാജാവായി വാഴിക്കണം, രാമനെ 14 വര്‍ഷത്തേക്ക് വനവാസത്തിനയക്കണം എന്നീ വരങ്ങള്‍ ദശരഥനോട് ആവശ്യപ്പെടുന്നു. ദശരഥന്‍ പണ്ട് വാഗ്ദാനം ചെയ്തതായിരുന്നു രണ്ടുവരങ്ങള്‍ എന്നതിനാല്‍ ആ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ ദശരഥന് കഴിഞ്ഞില്ല. പ്രിയപുത്രനെ വേര്‍പിരിയുന്നതിന്‍െറ ദു$ഖം സഹിക്കാനാവാതെ, ദശരഥന്‍ ഹൃദയം തകര്‍ന്ന് മരിച്ചു. നാട്ടില്‍ തിരിച്ചത്തെി വിവരങ്ങളറിഞ്ഞ ഭരതന്‍, അമ്മയുടെ നേര്‍ക്ക് കയര്‍ത്തു ചാടുന്നു. തിരിച്ചുവന്ന്, അധികാരമേല്‍ക്കണമെന്ന അപേക്ഷയുമായി ഭരതന്‍ രാമനെ വനത്തില്‍പോയി കണ്ടു. അച്ഛന്‍െറ വാക്ക് പാലിക്കുന്നതിനുവേണ്ടി 14 വര്‍ഷം വനത്തില്‍ കഴിയേണ്ടതാണ് തന്‍െറ ധര്‍മമെന്നും രാജ്യഭരണം ഭരതന്‍െറ ധര്‍മമാണെന്നും രാമന്‍ അനുജനെ ബോധ്യപ്പെടുത്തുന്നു. തലസ്ഥാനത്ത് കാല് കുത്തില്ളെന്നും ജ്യേഷ്ഠനെപ്പോലെ മരവുരിയുടുത്ത്, കായ്കനികള്‍ ഭക്ഷിച്ച്, തറയിലിരുന്ന്, സിംഹാസനത്തില്‍ ജ്യേഷ്ഠന്‍െറ മെതിയടികള്‍ സ്ഥാപിച്ചായിരിക്കും താന്‍ ഭരണം നടത്തുന്നതെന്നും ഭരതന്‍, രാമനെ അറിയിക്കുന്നു. സഹോദരസ്നേഹത്തിന്‍െറ ഈ തീവ്രതയാണ് നാടകാന്ത്യത്തെ ആകര്‍ഷകമാക്കുന്നത്. ശ്രീരാമന്‍ ചെങ്കോല്‍ ഉപേക്ഷിച്ച് മരവുരി അണിഞ്ഞു. ഭരതനാകട്ടെ,  ചെങ്കോല്‍ ഏന്തുന്നതോടൊപ്പം മരവുരിയും അണിഞ്ഞു.  ‘ചെങ്കോലും മരവുരിയും’ എന്ന നാടകശീര്‍ഷകത്തിന്‍െറ പ്രസക്തി അതാണ്. ദശരഥന്‍, രാമന്‍, ഭരതന്‍, ലക്ഷ്മണന്‍, കൗസല്യ, കൈകേയി, സീത, മന്ഥര എന്നീ കഥാപാത്രങ്ങള്‍ മാത്രമാണ് നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാമായണം വായിക്കുമ്പോള്‍ ഒട്ടും നാടകീയമായി തോന്നിപ്പിക്കുന്നതല്ല ഈ കഥാസന്ദര്‍ഭം. അത് പ്രമേയമായി സ്വീകരിച്ച് സംഘര്‍ഷപൂര്‍ണമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് കൃഷ്ണപിള്ളയിലെ നാടകകൃത്തിന്‍െറ കൃതഹസ്തത. അല്‍പം ദീര്‍ഘമെങ്കിലും അര്‍ഥസാന്ദ്രവും മൂര്‍ച്ചയേറിയതുമായ സംഭാഷണങ്ങളുള്ള ഈ നാടകം ഇന്നും രംഗാവതരണ യോഗ്യമാണ് എന്നതാണ് സത്യം.


   പ്രഫ. എന്‍. കൃഷ്ണപിള്ള -ജീവിത രേഖ
 ജനനം: 1916 സെപ്റ്റംബര്‍ 22, ചെമ്മരുതി, വര്‍ക്കല
      ജോലികള്‍, പദവികള്‍: യൂനിവേഴ്സിറ്റി കോളജില്‍ മലയാളം 
       പ്രഫസര്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്‍റ്.
 കൃതികള്‍: കൈരളിയുടെ കഥ, കന്യക, ബലാബലം, ഭഗ്നഭവനം,                 ദര്‍ശനം, കുടത്തിലെ വിളക്ക്...
പുരസ്കാരങ്ങള്‍: കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 
      വയലാര്‍ അവാര്‍ഡ്,  കേന്ദ്ര-കേരള സാഹിത്യ അക്കാദമി ഫെലോഷിപ്.
മരണം: 1988 ആഗസ്റ്റ് 10.