ചെകുത്താ​െൻറ പാത്രം
  • ആഷിഖ്​ മുഹമ്മദ്​
  • 11:33 AM
  • 06/02/2019

യാത്ര പോവുമ്പോൾ, പ്രത്യേകിച്ചും പ്രകൃതിയെ ആസ്വദിച്ചുള്ള യാത്രയാണെങ്കിൽ ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളച്ചാട്ടങ്ങൾ. വെള്ളച്ചാട്ടം കണ്ടാൽ അവിടെ നിർത്തി മെല്ലെ ഇറങ്ങി അവസാനം ഒരു കുളിയും പാസാക്കിയിട്ട് കയറുന്നവരാണ് മിക്കവരും.
എന്നാൽ, മധ്യഅമേരിക്കയിലെ മിനിസോട എന്ന സംസ്ഥാനത്തെ ഒരു വെള്ളച്ചാട്ടം സന്ദർശകരെ ആകർഷിക്കുക മാത്രമല്ല കുഴക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയെന്നോ? കുത്ത​െന താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പൊടുന്നനെ അ​പ്രത്യക്ഷമാകുന്നു! ജസ്​റ്റിസ് സി.ആർ. മാഗ്​നെ സ്​റ്റേറ്റ് പാർക്കിലൂടെ ഒഴുകുന്ന ബ്രൂലെ നദിയിലാണ് ഈ കൗതുകം, ബ്രൂലെ നദി ഇടക്കുവെച്ച്​ രണ്ടായിപ്പിരിഞ്ഞ് താഴേക്ക് പതിക്കുകയാണ് ചെയ്യുന്നത്. അവയിൽ ഒന്ന് സാധാരണ പോലെ താഴേക്ക് പതിക്കുകയും വീണ്ടും ഒഴുകുകയും ചെയ്യുന്നു, എന്നാൽ മറ്റൊന്നാകട്ടെ പാറക്കൂട്ടങ്ങൾക്കിടയിലുള്ള ചെറിയ കുഴിയിലേക്ക് പതിക്കുന്നു. ഇനിയാണ് ഏറെ രസകരം, കുഴിയിലേക്ക് വീഴുന്ന വെള്ളം പിന്നെ എങ്ങോട്ട് പോകുന്നുവെന്ന്​ അറിയാൻ സാധിക്കില്ല. കുഴിയിൽ വെള്ളം ഒഴുകുന്ന ചാലുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ല. എന്നാലോ കുഴി നിറഞ്ഞു കവിയുന്നുമില്ല. വെള്ളത്തെ അപ്രത്യക്ഷമാക്കുന്ന ഈ കുഴിക്ക് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേരാണ് ചെകുത്താ​െൻറ പാത്രം അഥവാ ഡെവിൾസ് കെറ്റിൽ.
നിരവധി ശാസ്ത്രജ്ഞന്മാർ ഇതി​െൻറ കാരണം കണ്ടെത്താൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ഇന്നും പിടികിട്ടാത്ത കൗതുകമാണ് ഈ വെള്ളച്ചാട്ടം. മിനിസോടയിലെ ഡിപ്പാർട്​മെൻറ് ഓഫ് നാച്വറൽ റിസോഴ്സസിലെ ശാസ്ത്രജ്ഞന്മാർ ഇവിടെ പരീക്ഷണം നടത്തിയിരുന്നു. അവരുടെ അഭിപ്രായത്തിൽ വെള്ളച്ചാട്ടത്തി​െൻറ മുകളിലുള്ള വെള്ളത്തി​െൻറയും താഴെയുള്ള വെള്ളത്തി​െൻറയും അളവ് തുല്യമാണെന്നാണ്. അതായത്, അപ്രത്യക്ഷമാകുന്ന വെള്ളം മറ്റേതോ വഴിയിലൂടെ താഴെ എത്തുന്നു എന്നർഥം. ഈ മാർഗം കണ്ടെത്താൻ വേണ്ടി വെള്ളത്തിൽ പ്രത്യേകതരത്തിലുള്ള നിറം കലർത്തി പരീക്ഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ.