ചൂളം വിളിയുടെ നാടുണ്ടങ്ങ്
  • എം. അരുൺ
  • 12:25 PM
  • 12/12/2018

‘ചൂളമടിച്ചു കറങ്ങി നടക്കും ചോലകുയിലിന് കല്യാണം’ ഇൗ  പാട്ട് കേൾക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ‍?.  ഇൗ പാട്ടൊക്കെ എന്ത്. ഒരു നാടുതന്നെ ചൂളമടിച്ച്​ സംസാരിക്കുന്ന ഒരു ഗ്രാമമുണ്ട് തുർക്കിയിൽ, പേര് കുസ്കോയ്. പേരിൽ തന്നെ അൽപ്പം കൂവലും കുറുകലുമുണ്ട്. സംശയിക്കേണ്ട പേരിൽ മാത്രമല്ല ഗ്രാമത്തിലെ സംസാര ഭാഷ തന്നെ ചൂളം വിളിയിലാണ്. ഇനി കുസ്കോയിയെ പറ്റി. കനാക്സി ജില്ലയിലാണ് കുസ്കോയ് സ്ഥിതി ചെയ്യുന്നത്. കുന്നും മലയും നിറഞ്ഞ ഭൂപ്രദേശമുള്ള ഒരു കൊച്ചു ഗ്രാമം, ആകെ ജനസംഖ്യ 10000.  ഗ്രാമീണർ ആശയങ്ങൾ കൈമാറുന്നതെല്ലാം പക്ഷി ഭാഷയിൽ (ചൂളം വിളി)  ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് സന്ദേശങ്ങൾ കൈമാറാൻ പോലും ഇൗ ഭാഷയിലൂടെ ഇവിടുത്തുകാർക്ക് സാധിക്കും. ഏതാണ്ട് 500 വർഷം തന്നെ പഴക്കമുള്ള ഭാഷയാണിത്. അതുകൊണ്ട് തന്നെ യുനെസ്കോയുടെ സാസ്കാരിക പൈതൃകങ്ങളുടെ പട്ടികയിൽ ഇടം നേടാൻ കുസ്കോയ്ക്ക് പ്രത്യേക കാരണം ഒന്നും വേണ്ടി വന്നില്ല. എന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ചയും പുതു തലമുറക്ക് ഭാഷയോടുള്ള താൽപര്യ കുറവും ഇൗ ഭാഷയെ പിന്നോട്ട് വലിക്കുന്നു. നിലവിൽ ഭാഷയറിയുന്ന അധികമാരും ഇപ്പോൾ കുസ്കോയിലില്ല. ഉള്ളവർക്ക് പ്രായാധിക്യം മൂലം ഒന്നും സാധിക്കുകയുമില്ല. ഭാഷയുടെ സംരക്ഷണാർഥം 2014 മുതൽ കുസ്കോയിൽ പ്രൈമറി സ്കൂൾ തലം മുതൽ ഇൗ ഭാഷ പഠിപ്പിക്കുന്നുണ്ടെങ്കിലും യുവ തലമുറക്ക് ഇൗ ഭാഷയോട് കാര്യമായ താൽപര്യമില്ലെന്നത് ഗ്രാമവാസികളെ സങ്കടത്തിലാക്കുന്നു.