നാളറിവ്
ചരിത്രത്തിൽ ഈ വാരം
  • അബു ദേവാല
  • 12:21 PM
  • 12/02/2018

ഫെബ്രുവരി 12
എബ്രഹാം ലിങ്കൺ ജന്മദിനം

അമേരിക്കൻ ഐക്യനാടുകളുടെ 16-ാം പ്രസിഡൻറാണ് എബ്രഹാം ലിങ്കൺ. 1809 ഫെബ്രുവരി 12-ന് അമേരിക്കൻ ഐക്യനാടുകളിലെ കെൻറക്കി(Kentucky) സംസ്ഥാനത്ത് ജനിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു ലിങ്കൺ. 1860ൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡൻറ്​ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡൻറായിരുന്നു ലിങ്കൺ. അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, പോസ്​റ്റ്​മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡൻറായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്1863-ലെ വിമോചന വിളംബരം അഥവാ Emancipation Proclamation. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിളംബരം. 1865 ഏപ്രിൽ 14 വെള്ളിയാഴ്​ച വാഷിങ്ടൺ, ഡി.സിയിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡൻറും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡൻറുമാണ് അബ്രഹാം ലിങ്കൺ.

ഫെബ്രുവരി 13
ഇന്ത്യയുടെ വാനമ്പാടി ജനിച്ചു

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സരോജിനി നായിഡു സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന സരോജിനി നായിഡു ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ (ഉത്തർപ്രദേശ്). സരോജിനി നായിഡുവി​െൻറ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു. എന്നാൽ അന്താരാഷ്​ട്ര വനിതാദിനം  മാർച്ച് 8-നാണ്.    1905-ൽ ആദ്യ കവിതാ സമാഹാരമായ ‘ദ് ഗോൾഡൻ ത്രെഷോൾഡ്’ (The Golden Threshold) പ്രസിദ്ധപ്പെടുത്തി, ദി ബ്രോക്കൺ വിങ്​(The Broken Wing), ദി ഫെതർ ഓഫ് ദി ഡോൺ (The Feather of the Dawn) എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു. കവിതയുടെ ഉപാസകയായ ഇവർ ‘ഇന്ത്യയുടെ വാനമ്പാടി’ എന്നാണ് അറിയപ്പെടുന്നത്. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജി ‘ഭാരതകോകിലം’ എന്ന പേരും നൽകിയിട്ടുണ്ട്.

ഫെബ്രുവരി 14
ബാബർ ജനിച്ചു

മുഗൾസാമ്രാജ്യത്തി​െൻറ സ്ഥാപകനാണ് ബാബർ. യഥാർഥപേര് സഹീറുദ്ദീൻ മുഹമ്മദ്.     ഇന്ത്യയിൽ ഏറ്റവും കൂടുതൽകാലം നിലനിന്ന മുസ്​ലിം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച മുഗൾസാമ്രാജ്യം. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ കലയിലും സാഹിത്യത്തിലും അങ്ങേയറ്റം തൽപരനായിരുന്നു. ബാബറി​െൻറ മരണശേഷം അദ്ദേഹത്തി​െൻറ പുത്രൻ ഹുമയൂൺ ആണ്​ സാമ്രാജ്യത്തിൽ ശക്തമായ ഭരണക്രമം സ്ഥാപിച്ചത്. 

ഫെബ്രുവരി 15 
ഗലീലിയോ ഗലീലിയുടെ ജന്മദിനം

ഗലീലിയോ ഗലീലി ഭൗതികശാസ്ത്രജ്ഞൻ, വാനനിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. ഇറ്റലിയിലെ പിസ്സയിൽ 1564-ൽ ജനിച്ച ഗലീലിയോ ഒരു ഗണിതജ്ഞനായ കച്ചവടക്കാര​െൻറ മകനാണ്​. ‘ചാരക്കണ്ണാടി’ (spyglass) എന്ന് അറിയപ്പെട്ടിരുന്ന ദൂരദർശിനി (Telescope) ഗലീലിയോ പരിഷ്കരിച്ച്​ മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈസംഭവം എന്നോർക്കണം. ദൂരദർശിനി ഉപയോഗിച്ച്​ നിരീക്ഷണംനടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആണ്​. നിരീക്ഷണം, പരീക്ഷണം, ഗണിതവത്​കരണം -ഇവയാണ് ശാസ്ത്രത്തി​െൻറ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായികാട്ടിക്കൊടുത്തത് ഗലീലിയോആണ്. ‘പ്രപഞ്ചംരചിക്കപ്പെട്ടിരിക്കുന്നത് ഗണിത സമവാക്യങ്ങളാലാണെന്ന് അദ്ദേഹംപ്രസ്താവിച്ചു. 1637ാടുകൂടി അദ്ദേഹത്തി​െൻറ കാഴ്​ചനശിച്ചു. 1638 മുതൽ വിൻസെൻസിയോ വിവിയാനി എന്നയാൾ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തി​െൻറ ആദ്യജീവചരിത്രം രചിച്ചതും വിവിയാനിയാണ്. 1642ൽ മഹാനായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു.

ഫെബ്രുവരി 15 
യൂട്യൂബ് പ്രവർത്തനമാരംഭിച്ചു

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇൻറർനെറ്റ് വീഡിയോ ഷെയറിങ്​ വെബ്സൈറ്റാണ് യൂട്യൂബ്. യൂട്യൂബിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക്​ വീഡിയോ മറ്റുള്ളവരുമായി പങ്കുവെക്കാൻ കഴിയുന്നു. 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന -വ്യാപാരകമ്പനിയിൽ ജോലിചെയ്തിരുന്ന എതാനുംപേർ ചേർന്നാണ്​ യൂട്യൂബിന്​ രൂപംകൊടുത്തത്. കാലിഫോർണിയയിലെ സാൻബ്രൂണൊ അസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ഈ വെബ്​ സേവന കമ്പനി അഡോബ് ഫ്ലാഷ്​ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ്​ പ്രവർത്തിക്കുന്നത്. വീഡിയോഖണ്ഡങ്ങൾ, സംഗീതം, ടെലിവിഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം ഈവെബ്സൈറ്റ്​ വഴിപങ്കുവെക്കപ്പെടുന്നുണ്ട്.