നാളറിവ്
ചരിത്രത്തിൽ ഇൗ വാരം
  • അബു ദേവാല
  • 11:07 AM
  • 29/01/2018

ജനുവരി 30:
മഹാത്മാഗാന്ധി കൊല്ലപ്പെട്ടു.

1948 ജനുവരി 30ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മോഹൻദാസ് കരംചന്ദ് ഗാന്ധി നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു. ഇന്ത്യയുടെ ‘രാഷ്​ട്രപിതാവ്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധിജി ശ്രദ്ധേയനായി. മഹാത്മാ, ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട്​ ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർഥം ഐക്യരാഷ്​ട്രസഭ അന്നേ ദിവസം അന്താരാഷ്​ട്ര അഹിംസാ ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 30
സി. സുബ്രഹ്മണ്യം ജന്മദിനം

രാഷ്​ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്ന സി. സുബ്രഹ്മണ്യം 1910 ജനുവരി 30ന് കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചിക്ക് അടുത്താണ്​ ജനിച്ചത്. കോളജ് ദിനങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരായ നിസ്സഹകരണ പ്രസ്ഥാനത്തി​െൻറ സജീവ അംഗമായിരുന്നു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ അദ്ദേഹം തടവിലാക്കപ്പെട്ടു. കേന്ദ്ര മന്ത്രിസഭയിൽ ധനകാര്യ^പ്രതിരോധ മന്ത്രിയായിരുന്നിട്ടുണ്ട്​. ഹരിത വിപ്ലവം നടപ്പിലാക്കുന്നതിൽ 1998ൽ ഭാരതത്തി​െൻറ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരത് രത്ന അവാർഡ് അദ്ദേഹത്തിനു ലഭിച്ചു.

ഫെബ്രുവരി 1
കൽപന ചൗള ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു

ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചൗള. 2003 ജനുവരി 16ന് കൽപന രണ്ടാം തവണ ബഹിരാകാശത്തേക്കു പറന്നുയർന്നു. ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. പതിനേഴു ദിവസത്തെ ഗവേഷണങ്ങൾക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറി. കൽപനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു. ഹരിയാനയിലെ കർണാലിലാണ് കൽപന ജനിച്ചത്. കർണാലിലെ ടഗോർബാൽ നികേതനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1982ൽ പഞ്ചാബ് എൻജിനീയറിങ് കോളജിൽനിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. പഞ്ചാബ് എൻജിനീയറിങ് കോളജിൽനിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കൽപന. ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കൽപന ആർളിംഗ്ടണിലെ ടെക്സാസ് സർrകലാശാലയിൽ ചേർന്നു. ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്​ധ്യം നേടി. 1995-ൽ നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തിൽ അംഗമായതോടെ ത​െൻറ എക്കാലത്തെയും സ്വപ്നമായ ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകൾ കൽപനയ്ക്കു മുമ്പിൽ തുറന്നു. 

ഫെബ്രുവരി 2 
ജി. ശങ്കരക്കുറുപ്പ് അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത കവിയും ഉപന്യാസകാരനും സർവകലാശാല അധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ്     1978 ഫെബ്രുവരി രണ്ടിന് (പ്രായം 76) അന്തരിച്ചു. 1901 ജൂൺ മൂന്നിന് ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ജോലിയിൽ പ്രവേശിച്ചു. 1937ൽഎറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി നിയമിക്കപ്പെട്ടു. കേരളസാഹിത്യഅക്കാദമി പ്രസിഡൻറ്​, കേന്ദ്ര സാഹിത്യഅക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനംഅനുഷ്​ഠിച്ചു. സൂര്യകാന്തി (1945), നിമിഷം (1945), ഓടക്കുഴൽ (1950), പഥിക​െൻറപാട്ട് (1955), വിശ്വദർശനം (1960), മൂന്നരുവിയും ഒരു പുഴയും (1963), ജീവനസംഗീതം (1964), സാഹിത്യകൗതുകം (3 വാല്യങ്ങൾ 1968), പൂജാപുഷ്പം ( 1969), എന്നിവ അദ്ദേഹത്തിെൻറ കൃതികളാണ്. ഉപന്യാസങ്ങൾ: ഗദ്യോപഹാരം (1947), മുത്തുംചിപ്പിയും (1958), ബാലകവിതാസമാഹാരങ്ങൾ ഓലപ്പീപ്പി, കാറ്റേവാകടലേവാ, ഇളംചുണ്ടുകൾ, വാർമഴവില്ലേ. ആത്മകഥ: ഓർമ്മയുടെഓളങ്ങൾ
1961ൽ കേരളസാഹിത്യഅക്കാദമി അവാർഡ്, 1963ൽ കേന്ദ്ര സാഹിത്യഅക്കാദമിഅവാർഡ് എന്നിവ അദ്ദേഹത്തിെൻറ വിശ്വദർശനം എന്ന കൃതിക്ക്​ ലഭിച്ചു. ‘1965’-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന്​ ജ്ഞാനപീഠംലഭിച്ചത്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം

ഫെബ്രുവരി 4
ലോക അർബുദദിനം

എല്ലാ വർഷവും ഫെബ്രുവരി നാല്​ ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കുമായി 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ദി ഇൻറർനാഷനൽ യുണിയൻ എഗൈൻസ്​റ്റ്​ കാൻസർ’ (The International Union Against Cancer: UICC), ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.