സ്കൂൾ പച്ച
ചന്ദ്രോത്സവം
  • സുല്‍ഹഫ്
  • 12:43 PM
  • 18/07/2016

..ജൂലൈ 21, ചാന്ദ്രദിനം. അമ്പിളിയമ്മാവനെ മനുഷ്യന്‍ കാല്‍ക്കീഴിലാക്കിയിട്ട് 47 വര്‍ഷം. ചന്ദ്രനില്‍ കാലുകുത്തിയ ശേഷം നീല്‍ ആംസ്ട്രോങ് പറഞ്ഞതുപോലെ,. .‘മനുഷ്യനെ സംബന്ധിച്ചിടത്തോളം കേവലം ഒരു ചെറിയ കാല്‍വെപ്പ്. മനുഷ്യരാശിക്ക് വലിയ കുതിച്ചുചാട്ടം’, ...അതങ്ങനെതന്നെയായിരുന്നു. ഇന്നും ശാസ്ത്രജ്ഞര്‍ ഗവേഷണത്തിലാണ്, ചന്ദ്രന്‍െറ അജ്ഞാത മുഖം തേടി

 

അമേരിക്കക്കാരനായ നീല്‍ ആംസ്ട്രോങ് എന്ന ബഹിരാകാശ സഞ്ചാരിയാണ് ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയതെന്നറിയാത്ത ആരെങ്കിലുമുണ്ടാകുമോ? മനുഷ്യചരിത്രത്തില്‍ ഒരു പുതുയുഗത്തിന് തുടക്കമിട്ട ആ സംഭവം 1969 ജൂലൈ 21നായിരുന്നു.  ചാന്ദ്ര പ്രതലത്തിലിറങ്ങിയ ശേഷം അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: ‘മനുഷ്യനെ സംബന്ധിച്ചടത്തോളം കേവലം ഒരു ചെറിയ കാല്‍വെപ്പ്. മനുഷ്യരാശിക്കോ, വലിയ കുതിച്ചുചാട്ടവും’. യഥാര്‍ഥത്തില്‍ വലിയ കുതിച്ചുചാട്ടംതന്നെയായിരുന്നു അത്. ആംസ്ട്രോങ്ങിന് ശേഷം  മറ്റു 11 പേര്‍കൂടി ചന്ദ്രനിലിറങ്ങി. കൂടാതെ ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ നിരവധി ബഹിരാകാശ വാഹനങ്ങളും ഭൂമിയില്‍നിന്നയച്ചു. നമ്മുടെ ചാന്ദ്രയാന്‍ പദ്ധതിയൊക്കെ അക്കൂട്ടത്തില്‍പെടുന്നതാണ്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂനിയന്‍, ചൈന, ജപ്പാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും വിവിധ തരത്തിലുള്ള ബഹിരാകാശ വാഹനങ്ങള്‍ വിക്ഷേപിച്ച് ചാന്ദ്ര നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ പ്രചോദനമായത് നീല്‍ ആംസ്ട്രോങ്ങിന്‍െറ ആ യാത്രയായിരുന്നു. അതിനാലാണ് എല്ലാ വര്‍ഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. ബഹിരാകാശ യാത്രകള്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വരുത്തിയ ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് ഓര്‍ക്കാനും പഠിക്കാനുമുള്ള ദിനമാണ് ചാന്ദ്രദിനം. കൂടാതെ ജ്യോതിശാസ്ത്ര സംബന്ധമായ ശാസ്ത്രശാഖകളെ വിദ്യാര്‍ഥികളിലത്തെിക്കുക എന്നതും ഈ ദിനത്തിന്‍െറ ലക്ഷ്യത്തില്‍പെടുന്നു.  
നീല്‍ ആംസ്ട്രോങ്ങിന്‍െറ യാത്ര
നാസയുടെ അപ്പോളോ വാഹനത്തിലൂടെയാണ് മനുഷ്യര്‍ ചന്ദ്രനിലിറങ്ങിയത്. അപ്പോളോ 11 എന്ന ഉപഗ്രഹത്തിലായിരുന്നു ആംസ്ട്രോങ്ങിന്‍െറ യാത്ര. 1969 ജൂലൈ 16നാണ് വാഹനം വിക്ഷേപിച്ചത്. 20ന് (ഇന്ത്യന്‍ കലണ്ടറില്‍ ജൂലൈ 21) നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ ഈഗിള്‍ എന്ന ചാന്ദ്രപേടകത്തില്‍ ചന്ദ്രനിലെ ‘പ്രശാന്ത സമുദ്ര’ത്തിലിറങ്ങി. ഏകദേശം 151  മിനിറ്റ്  വാഹനത്തിനുപുറത്ത് പര്യവേക്ഷണങ്ങള്‍ നടത്തി. ഈ സമയത്ത്  മാതൃപേടകത്തില്‍ മൈക്കിള്‍ കോളിന്‍സ് ചന്ദ്രനെ പ്രദക്ഷിണംവെച്ചുകൊണ്ടിരുന്നു. ഇരുവരും  21.5 കിലോഗ്രാം പാറകളും ധൂളികളും ശേഖരിച്ച് ഭൂമിയിലത്തെിച്ചു. 21.5 മണിക്കൂര്‍ ചന്ദ്രനില്‍ ചെലവഴിച്ചതിനുശേഷമാണ് അവര്‍ മടങ്ങിയത്. 
ഈ യാത്രക്കുശേഷം അഞ്ച് വാഹനങ്ങള്‍ കൂടി മനുഷ്യനെയും വഹിച്ച് ചന്ദ്രനിലിറങ്ങി. അപ്പോളോ 12, 14, 15, 16, 17 എന്നിവയായിരുന്നു അവ. അപ്പോളോ 13 പരാജയപ്പെടുകയും ചെയ്തു. അപ്പോളോ 15ല്‍  ബാറ്ററികൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന നാലുചക്രമുള്ള ഒരു ജീപ്പുമുണ്ടായിരുന്നു. ആ  വാഹനം ചന്ദ്രോപരിതലത്തില്‍കൂടി ഓടി നിരവധി പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. പിന്നെ അപ്പോളോ 16ലും 17ലും ചാന്ദ്ര ജീപ്പുകള്‍ ഉള്‍പ്പെടുത്തി. 1972 ഡിസംബറിലായിരുന്നു അപ്പോളോ 17ന്‍െറ യാത്ര. അതിനുശേഷം, ഒരു മനുഷ്യനും ഇന്നുവരെ ചന്ദ്രനില്‍ പോയിട്ടില്ല. 
അപ്പോളോക്ക് മുന്നോടിയായി നാസ ആവിഷ്കരിച്ച രണ്ട് പദ്ധതികളായിരുന്നു സര്‍വേയറും ലൂനാര്‍ ഓര്‍ബിറ്ററും. അപ്പോളോ യാത്രക്കുള്ള മുന്നൊരുക്കങ്ങളാണ് അവ നടത്തിയത്. മറ്റൊരര്‍ഥത്തില്‍, പടിപടിയായാണ് മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുക എന്ന ദൗത്യം ശാസ്ത്രലോകം സാക്ഷാത്കരിച്ചത്. ആദ്യം കൃത്രിമോപഗ്രഹങ്ങള്‍ മാത്രം അയച്ചു. പിന്നെ, കൃത്രിമോപഗ്രഹങ്ങളില്‍ ചെറുവാഹനങ്ങള്‍ ഘടിപ്പിച്ച് വിക്ഷേപിച്ചു. ആ വാഹനങ്ങള്‍ ചന്ദ്രോപരിതലത്തില്‍ മണിക്കൂറുകളോളം ഓടി. തുടര്‍ന്ന്, ചന്ദ്രോപരിതലത്തിന്‍െറ ചിത്രങ്ങള്‍ പരിശോധിച്ചു. അതോടൊപ്പം ചന്ദ്രോപരിതലത്തിലെ മൂലകങ്ങളെയും മറ്റും കുറിച്ച് വിശദമായ പഠനം നടത്തി. അങ്ങനെ മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങാനുള്ള സ്ഥലങ്ങള്‍ നിര്‍ണയിച്ചു. ഇത്രയൊക്കെ ചെയ്തതിന് ശേഷമാണ് ആംസ്ട്രോങ്ങും സംഘവും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. 
ഏഷ്യയുടെ ചാന്ദ്ര യാത്രകള്‍
അപ്പോളോ യാത്രക്കുശേഷം സോവിയറ്റ് യൂനിയന്‍ ഇതിനായി ചില ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. പിന്നീട്, അമേരിക്ക കഴിഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഈ മേഖലയില്‍ കാര്യമായി ശ്രദ്ധ ചെലുത്തിയത്. ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പദ്ധതികള്‍ എടുത്തുപറയേണ്ടതാണ്. 1990ലാണ് ജപ്പാന്‍ ആദ്യമായി ചാന്ദ്രപര്യവേക്ഷണത്തിലേര്‍പ്പെടുന്നത്. ഹിറ്റെന്‍ എന്ന ബഹിരാകാശ പേടകമായിരുന്നു അത്. പക്ഷേ, അത് പരാജയപ്പെട്ടു.  2007ല്‍ ജപ്പാന്‍ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ സെലിനേ വിക്ഷേപിച്ചു. ചന്ദ്രന്‍െറ ഉദ്ഭവത്തെയും പരിണാമത്തെയും കുറിച്ചു പഠിക്കുന്നതിനു പുറമേ ചന്ദ്രന്‍െറ പ്രതലസവിശേഷതകള്‍ മനസ്സിലാക്കുക എന്നതും സെലിനേയുടെ ലക്ഷ്യമായിരുന്നു. സെലിന 2 വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ് ജപ്പാന്‍. ചന്ദ്രോപരിതലത്തില്‍ സ്വയം ഓടിക്കാന്‍ ശേഷിയുള്ള റോവറുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും സെലിനെ 2 വിക്ഷേപിക്കപ്പെടുക. ചാന്ദ്രപര്യവേക്ഷണത്തിലേര്‍പ്പെട്ട ഏഷ്യയില്‍നിന്നുള്ള രണ്ടാമത്തെ രാഷ്ട്രമാണ് ചൈന. 2007ല്‍ ചൈനയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചാങ് യാഥാര്‍ഥ്യമായി. 2017ല്‍ ചാങ് 5 വിക്ഷേപിക്കുന്നുണ്ട് ചൈന.  
ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചാന്ദ്രയാന്‍. 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്‍ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. മനുഷ്യനിയന്ത്രിതമല്ലാത്ത ഈ പേടകത്തിന്‍െറ മുഖ്യലക്ഷ്യം ചന്ദ്രോപരിതലത്തിന്‍െറ നിരീക്ഷണമായിരുന്നു. പി.എസ്.എല്‍.വി ഇ 11 എന്ന റോക്കറ്റാണ് ചാന്ദ്രയാനെയും വഹിച്ച് കുതിച്ചുയര്‍ന്നത്. നവംബര്‍ എട്ടിന് വാഹനം ചന്ദ്രന്‍െറ പരിക്രമണപഥത്തില്‍ പ്രവേശിക്കുകയും പഠന-നിരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നവംബര്‍ 12ന് ചന്ദ്രോപരിതലത്തിന്‍െറ 100 കിലോമീറ്റര്‍ വരെ അരികിലത്തെിയ ചാന്ദ്രയാന്‍  നവംബര്‍ 14ന്, അതിന്‍െറ മുഖ്യ പേലോഡായ (നിരീക്ഷണോപകരണം) മൂണ്‍ ഇംപാക്ട് പ്രോബിനെ (എം.ഐ.പി) വാഹനത്തില്‍നിന്ന് വേര്‍പെടുത്തി ചന്ദ്രനിലിടിച്ചിറക്കി. 29 കി.ഗ്രാം ഭാരമുള്ള എം.ഐ.പി ചന്ദ്രനിലെ ഷാക്ക്ള്‍ടണ്‍ ഗര്‍ത്തത്തില്‍ കൃത്യതയോടെ  പതിച്ചു. പതിക്കുന്നതിനിടയില്‍ എം.ഐ.പി എടുത്തയച്ചുതന്ന ദൃശ്യങ്ങള്‍ ചാന്ദ്രപ്രതലത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ നമുക്ക് നല്‍കി. 
ചന്ദ്രന്‍െറ ഭ്രമണപഥത്തില്‍ പ്രവേശിച്ച ചാന്ദ്രയാന്‍ ആദ്യത്തെ 75 ദിവസങ്ങള്‍ക്കകം ഭൂമിയുടെയും ചന്ദ്രന്‍െറയും ഉള്‍പ്പെടെ 40,000ത്തോളം ചിത്രങ്ങളാണ് പകര്‍ത്തിയത്. അതായത്, ദിനംപ്രതി 535 ചിത്രങ്ങള്‍ വീതം അതു ഭൂമിയിലേക്കയച്ചുകൊണ്ടിരുന്നു.  

അപ്പോളോക്കു മുമ്പ്

```````````````````````````````````````

അപ്പോളോ വാഹനങ്ങള്‍ക്ക് മുമ്പുതന്നെ അമേരിക്കയും സോവിയറ്റ് യൂനിയനും ചന്ദ്രനിലേക്ക് ഒട്ടേറെ ബഹിരാകാശ വാഹനങ്ങള്‍ അയച്ചിട്ടുണ്ട്. 1959ല്‍ സോവിയറ്റ് യൂനിയന്‍ വിക്ഷേപിച്ച ലൂണ-2 ആണ് ചന്ദ്രനിലിറങ്ങിയ ആദ്യത്തെ കൃത്രിമോപഗ്രഹം.  ലൂണ-2 വിക്ഷേപിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ലൂണ-3 ഉം സോവിയറ്റ് വിക്ഷേപിച്ചു. ഭൂമിയില്‍നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രന്‍െറ മറുഭാഗത്തിന്‍െറ ചിത്രം ആദ്യമായി പകര്‍ത്തിയത് ലൂണ-3 ആയിരുന്നു. ഇതിനുശേഷമുള്ള രണ്ട് ലൂണ പദ്ധതികള്‍ പരാജയപ്പെട്ടു. 1966 ഫെബ്രുവരി മൂന്നിന് ചന്ദ്രനില്‍ ഇറങ്ങിയ ലൂണ-9 വാഹനത്തിന് മറ്റു സവിശേഷതകളുണ്ടായിരുന്നു. 100 കിലോഗ്രാം ഭാരമുള്ള ഒരു ചെറിയ വാഹനം ഇതില്‍നിന്ന് വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഏതാണ്ട് 1.6 കിലോമീറ്റര്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിച്ചു.  ഇതോടെയാണ് ഒരു പേടകത്തെ താങ്ങാനുള്ള ദൃഢത ചന്ദ്രോപരിതലത്തിനുണ്ടെന്ന് ശാസ്ത്രലോകത്തിന് മനസ്സിലായത്. 1966 മാര്‍ച്ച് 31ന് വിക്ഷേപിക്കപ്പെട്ട ലൂണ-10 എന്ന സോവിയറ്റ് പേടകമാണ് ആദ്യമായി ചന്ദ്രനെ പ്രദക്ഷിണംവെച്ച മനുഷ്യ നിര്‍മിത വാഹനം. ആഗസ്റ്റ് 24ന് വിക്ഷേപിക്കപ്പെട്ട ലൂണ-11 എന്ന ഉപഗ്രഹവും ചന്ദ്രനുചുറ്റും സഞ്ചരിച്ചു. ഈ രണ്ട് വാഹനങ്ങളിലും നിരവധി പരീക്ഷണോപകരണങ്ങള്‍ ഉണ്ടായിരുന്നു.  ഒക്ടോബര്‍ 22ന് വിക്ഷേപിക്കപ്പെട്ട ലൂണ-12 ചന്ദ്രോപരിതലത്തിന്‍െറ അനേകം ചിത്രങ്ങള്‍ എടുത്തയച്ചു. ഡിസംബര്‍ 21ന് വിക്ഷേപിക്കപ്പെട്ട ലൂണ-13 പ്രക്ഷുബ്ധ സമുദ്രത്തിലിറങ്ങുകയും മണ്ണ് പരിശോധിക്കുകയും സൂക്ഷ്മചിത്രങ്ങളെടുത്തയക്കുകയും ചെയ്തു.
ലൂണയുടെ വിജയത്തോടെയാണ് അമേരിക്കയുടെ നാസയും  ചാന്ദ്രയാത്രയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. അവരുടെ സര്‍വേയര്‍-1  1966 ജൂണ്‍ രണ്ടിന് ചന്ദ്രനില്‍ ഇറങ്ങി.  1967 ഏപ്രിലിനും 68 ജനുവരിക്കും ഇടയില്‍ എട്ട് സര്‍വേയര്‍ വാഹനങ്ങള്‍ വിജയകരമായി ചന്ദ്രനിലിറങ്ങി. ചന്ദ്രോപരിതലത്തിന്‍െറ നിരവധി സൂക്ഷ്മ ചിത്രങ്ങളെടുക്കാന്‍ ഇവക്കായി. സര്‍വേയര്‍ വിക്ഷേപണ കാലത്തുതന്നെ, നാസ ലൂനാര്‍ ഓര്‍ബിറ്റര്‍ എന്ന ശ്രേണി വാഹനങ്ങളും ചന്ദ്രനിലേക്കയച്ചിരുന്നു. 1966-68 കാലത്തായിരുന്നു ഇത്.