ടെലിസ്‌കോപ്പ്
ചന്ദ്രനിൽ തമ്പടിക്കുമോ?
  • ഇല്ല്യാസ്​ പെരിമ്പലം
  • 02:30 PM
  • 19/08/2019

അന്യഗ്രഹയാത്രകൾക്കുള്ള ഇടത്താവളമായി ചന്ദ്രനെ ഉപയോഗപ്പെടുത്താമെന്ന് ശാസ്​ത്രജ്ഞന്മാർ പറയുന്നു. ഇത് തികച്ചും 
ഭ്രാന്തമായ ഒരു വീമ്പുപറച്ചിലല്ലേ?

നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായ മനുഷ്യ​െൻറ ചില ഭ്രമകൽപനകൾ പിന്നീട് യാഥാർഥ്യമായി മാറിയിട്ടുണ്ട്. ഉദാഹരണമായി, 1865ൽ ജൂൾസ്​ വെർണെ എന്ന ഫ്രഞ്ച് സാഹിത്യകാരൻ രചിച്ച ‘ഫ്രം എർത്ത് ടു ദ മൂൺ’ എന്ന സയൻസ്​ ഫിക്​ഷൻ നോവൽ പ്രസിദ്ധീകരിച്ച്​ 104 
കൊല്ലങ്ങൾ കഴിഞ്ഞാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങുന്നത്. പ്രശസ്​ത ഒാസ്​ട്രിയൻ സിനിമ നിർമാതാവായിരുന്ന ഫ്രിറ്റ്സ്​ ലാങ് 1929ൽ നിർമിച്ച സയൻസ്​ ഫിക്​ഷൻ സിനിമയാണ് വുമൺ ഇൻ ദ മൂൺ. മനുഷ്യൻ ആദ്യ റോക്കറ്റ് നിർമിക്കുന്നതിന് ദശാബ്​ദങ്ങൾ മുമ്പാണ് ഈ സിനിമ റിലീസ്​ ചെയ്​തത്. ഇതൊക്കെവെച്ചു നോക്കുമ്പോൾ വിദൂരഭാവിയിൽ ചൊവ്വയിലേക്ക് യാത്ര നടത്തുക, അതിന് ഇടത്താവളമായി ചന്ദ്രനെ ഉപയോഗപ്പെടുത്തുക എന്നിവയൊന്നും ഒട്ടും അസംഭവ്യമല്ല.
ചൊവ്വായാത്രക്കൊരുങ്ങുന്ന മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യാത്രാവേളയിൽ ഉപയോഗിക്കാൻ വേണ്ട വെള്ളം കൊണ്ടുപോകലാണ്. നാസയുടെ ആളില്ലാത്ത പേടകങ്ങൾ ചൊവ്വയിലേക്ക് സഞ്ചരിച്ചെത്താൻ ഇപ്പോൾ ഏഴു മാസം സമയമെടുക്കുന്നുണ്ട്. മടക്കയാത്രകൂടി പരിഗണിക്കുമ്പോൾ മനുഷ്യ​െൻറ ചൊവ്വായാത്ര 14 മാസം നീണ്ടുനിൽക്കുന്നതാകും. 

മൂന്നു സഞ്ചാരികൾക്ക് ഇത്രയും കാലത്തേക്ക് എത്രമാത്രം വെള്ളം വേണ്ടിവരും! ഇത്രയും വെള്ളം ഭൂമിയിൽനിന്ന് കൊണ്ടുപോകാൻ മാത്രം കരുത്തുറ്റ ഒരു റോക്കറ്റ് നിർമിക്കുക ഇപ്പോൾ അസാധ്യമാണ്. എന്നാൽ, ചന്ദ്രനെ ചൊവ്വായാത്രക്കുള്ള ഇടത്താവളമായി ഉപയോഗപ്പെടുത്തിയാലോ? കാര്യങ്ങൾ താരതമ്യേന എളുപ്പമാകും. ചന്ദ്ര​െൻറ ദക്ഷിണ ധ്രുവമേഖലയിലെ ഗർത്തങ്ങളിൽ ഐസ്​ രൂപത്തിൽ ജലമുണ്ട്. ഗ്രഹാന്തരയാത്രകൾക്ക്​ ഇവിടെനിന്നും ജലം ശേഖരിച്ചുകൊണ്ടുപോകാനാകും. ഗുരുത്വാകർഷണശേഷി ഭൂമിയുടെ ആറിലൊന്ന് മാത്രമായതിനാൽ ചന്ദ്രനിൽനിന്നു വലിയ ജലശേഖരം ഉയർത്തിക്കൊണ്ടുപോവുക ഭൂമിയിൽനിന്നെന്നപോലെ തീർത്തും അസാധ്യമാവില്ല. ചന്ദ്രനിൽനിന്നു ഗ്രഹാന്തര യാത്രകൾ നടത്തുന്നതിെൻറ ആദ്യപടി അവിടെ സ്​ഥിരം കോളനികൾ സ്​ഥാപിക്കുകയാണ്. ഇതിനായി ഭൂമിയിൽനിന്ന്​ ഏതാനും ശാസ്​ത്രജ്ഞന്മാരും എൻജിനീയർമാരും തൊഴിലാളികളും അവിടെച്ചെന്ന് സ്​ഥിരതാമസം തുടങ്ങണം. 

ചൊവ്വായാത്രക്കുള്ള റോക്കറ്റും വാഹനവുമെല്ലാം അവിടെവെച്ചുതന്നെ നിർമിക്കണം. ഇതിെൻറ ഭാഗങ്ങൾ ഘട്ടംഘട്ടമായി വിവിധ യാത്രകളിലൂടെ ചന്ദ്രനിലെത്തിക്കാം. ചൊവ്വാവാഹനത്തിൽ കൊണ്ടുപോകാനുള്ള വെള്ളം ചന്ദ്രനിൽനിന്നെടുക്കാം. ഇത്​ വായിക്കുമ്പോൾ വീണ്ടും ഭ്രാന്തസങ്കൽപമായി തോന്നുന്നുണ്ടാവും. ഇത് സാധ്യമാണ് എന്ന് തിരിച്ചറിയാൻ അന്താരാഷ്​ട്ര ബഹിരാകാശനിലയത്തിെൻറ നിർമാണം എങ്ങനെയായിരുന്നു എന്ന് മനസ്സിലാക്കിയാൽ മതി. ഒരു വലിയ ഫുട്​ബാൾ ഗ്രൗണ്ടിെൻറ വലുപ്പമുള്ള ഇതിന് 420 മെട്രിക്​  ടൺ ഭാരമുണ്ട്. ഇത്രയും വലുപ്പവും ഭാരവുമുള്ള ഒരു വസ്​തുവിനെ ബഹിരാകാശത്ത്​  എത്തിച്ചത് എങ്ങനെയാണ്? അമ്പതിലധികം തവണ സ്​പേസ്​​ ഷട്ടിൽ യാത്രകളിലൂടെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ച് അവിടെവെച്ച് കൂട്ടിയോജിപ്പിച്ചാണ് അന്താരാഷ്​ട്ര ബഹിരാകാശനിലയം നിർമിച്ചത്. ഇത്തരത്തിൽ സുസജ്ജമായ ഒരു ബഹിരാകാശനിലയം സ്​ഥാപിക്കാൻ കഴിഞ്ഞ മനുഷ്യന് വിദൂരഭാവിയിലെങ്കിലും ചന്ദ്രനിൽ കോളനി സ്​ഥാപിക്കാനും അവിടെനിന്നു ചൊവ്വയിലേക്കു യാത്രചെയ്യാനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം. 
ബഹിരാകാശയാത്രകളുടെ പിതാവ് എന്നറിയപ്പെടുന്നയാളും റോക്കറ്റ് സാങ്കേതികവിദ്യയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനുമായ റഷ്യൻ ശാസ്​ത്രജ്ഞൻ സിയോൽകോവിസ്​കിയുടെ (1857-1935) വാക്കുകൾ പ്രസക്തമാണ്. ഭൂമി മാനവരാശിയുടെ ഒരു കളിത്തൊട്ടിലാണ്. പക്ഷേ, മനുഷ്യന് എന്നും തൊട്ടിലിൽ കഴിയാനാവില്ലല്ലോ.