ചങ്ങലപൊട്ടിച്ച്​ സ്വാതന്ത്ര്യത്തിലേക്ക്​
  • ഷമീൽ സി.എം.ആർ
  • 05:46 PM
  • 14/08/2018

വിദേശികൾ ഇന്ത്യയിലെത്തിയത് കച്ചവടത്തിനായിരുന്നു. ആദ്യകാലത്ത്, ഇന്ത്യയിൽ കച്ചവടാധിപത്യം നേടുന്നതിനായി യൂറോപ്പുകാർ (പ്രധാനമായി പോർചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും) പരസ്പരം മത്സരിക്കുകയും യുദ്ധംചെയ്യുകയും ചെയ്തു. ഒടുവിൽ മേൽക്കൈ നേടിയത് ഇംഗ്ലീഷ് ഈസ്​റ്റ്​​ ഇന്ത്യ കമ്പനിയാണ്. 1757ലെ പ്ലാസി യുദ്ധത്തോടെ ഇംഗ്ലീഷ് ഈസ്​റ്റ്​​ ഇന്ത്യ കമ്പനി നാട്ടുരാജാക്കന്മാരെ നിഷ്കാസനം ചെയ്തുകൊണ്ട് നേരിട്ടു ഭരണം നടത്താൻ തുടങ്ങി. കമ്പനി ഭരണം, അന്നുവരെ നിലവിലുണ്ടായിരുന്ന സാമ്പത്തികക്രമം തകർക്കുകയും അതിരൂക്ഷമായ ചൂഷണം നടത്തുകയും ചെയ്തു. കർഷകർക്കും കൈത്തൊഴിൽ ചെയ്യുന്നവർക്കും തൊഴിലും വരുമാനവും നഷ്​ടപ്പെട്ടു. സമുദായങ്ങൾ ദരിദ്രരായി. വിദേശികളുടെ ഭരണത്തോട് അങ്ങനെ രൂക്ഷമായ അമർഷം ഉയർന്നുവന്നു.

1857 അല്ല; ഇനി 1817ലെ പൈക പ്രക്ഷോഭം
1857ലെ ശിപായി ലഹളയായിരുന്നു നമ്മളിതുവരെ ഒന്നാം സ്വാതന്ത്ര്യസമര പോരാട്ടമായി പഠിച്ചിരുന്നത്​. ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിൽനിന്ന്​ നാം ഇന്ന്​ ജീവിക്കുന്ന സ്വതന്ത്ര ഭാരതത്തിലേക്കുള്ള ചുവടുവെപ്പുകളിലെ പ്രധാന ഘട്ടമായി 1857​ലെ ലഹളയെ ഏറെ നാളുകൾ കരുതി. എന്നാൽ, ഇൗ വർഷം സ്വാതന്ത്ര്യദിനം ആഘോഷിക്കു​േമ്പാൾ അൽപം പിറകോട്ടുപോയി മറ്റൊരു പ്രക്ഷോഭം മുതൽ ചരിത്രത്തെ വായിക്കാം. 1817ല്‍ ഒഡിഷയില്‍ നടന്ന പൈക ബിദ്രോഹ എന്ന പ്രക്ഷോഭമാണ്​ ബ്രിട്ടീഷ്​ ഭരണത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ആദ്യ സംഘടിത പോരാട്ടം. ഇതിനെ ഒന്നാം സ്വാതന്ത്ര്യസമരമായി​ കേന്ദ്രസര്‍ക്കാർ അംഗീകരിച്ചു കഴിഞ്ഞു. സ്​കൂളുകളിലും കോളജുകളിലും ഇനിമുതല്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ ഇതായിരിക്കും പഠിപ്പിക്കുക. പൈക സമുദായത്തിലെ രാജാക്കന്മാര്‍ ഈസ്​റ്റ്​ ഇന്ത്യ കമ്പനിക്കുനേരെ നടത്തിയ സായുധസമരമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്.

ആ കഥ ഇങ്ങനെ
പൈക സമുദായത്തിന് ഗജപതി രാജാക്കന്മാർ പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിനു നൽകിയിരുന്നു. 1803ൽ ഈസ്​റ്റ്​ ഇന്ത്യ കമ്പനി ഒഡിഷ കീഴടക്കിയതോടെ കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കി. ഇത് പൈക സമുദായത്തെ അസ്വസ്ഥരാക്കി. പൈക രാജാവായ ബക്ഷി ജഗബന്ധുവി​െൻറ നേതൃത്വത്തിൽ കമ്പനിക്കെതിരെ സായുധലഹള ആരംഭിച്ചു. സമരത്തില്‍ കര്‍ഷകരും ആദിവാസികളും പങ്കെടുത്തിരുന്നു. ബ്രിട്ടീഷുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ജഗബന്ധുവടക്കം നിരവധി പേര്‍ ജയിലിലാകുകയും ചെയ്തു.

മറ്റു ചില പ്രാദേശിക മുന്നേറ്റങ്ങൾ
1857നു മുമ്പ്​ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശ ഭരണത്തിനെതിരായി പ്രാദേശിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇവയൊന്നും തന്നെ സംഘടിതസ്വഭാവം ഉള്ളവയായിരുന്നില്ല. ഈ മുന്നേറ്റങ്ങളെ വിദേശ ഭരണാധികാരികൾ എളുപ്പത്തിൽ അടിച്ചമർത്തി. ബംഗാളിൽ 1770കളിൽ നടന്ന സന്യാസി ലഹള, 1787ൽ ഗോവയിലെ തദ്ദേശീയർ പോർചുഗീസ് ഭരണത്തിന്​ എതിരായി നടത്തിയ മുന്നേറ്റം, 1830കളിൽ ബംഗാളിൽ ടിറ്റുമിർ നടത്തിയ മുന്നേറ്റം, കർണാടകയിലെ കിറ്റൂർ ലഹള, തമിഴ്‌നാട്ടിലെ പോളിഗാർ യുദ്ധങ്ങൾ, സന്താൾ പ്രക്ഷോഭം, സൗരാഷ്​ട്രയിലെ കച്ച് ലഹള എന്നിവ ഇതിന്​ ഉദാഹരണങ്ങൾ‌.  

1857
1857ൽ ബ്രിട്ടീഷ് ഈസ്​റ്റ്​ ഇന്ത്യ കമ്പനി ഭരണത്തിനെതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മധ്യേന്ത്യയിൽ പരക്കുകയും ചെയ്ത ഒരു സായുധസമരമാണിത്​. ശിപായി ലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു. 1857 മേയ് 10ന് മീറത്തിൽ തുടങ്ങി, വടക്കൻ ഗംഗാസമതലത്തിലും മധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം 1858 ജൂൺ 20ന് ഗ്വാളി​േയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു.  

ഇന്ത്യൻ നാഷനൽ കോൺഗ്രസ് 
ശിപായി ലഹളയെ തുടർന്നുള്ള ഇന്ത്യക്കാരുടെ രാഷ്​ട്രീയ ബോധത്തി​ലും ഇന്ത്യൻ പൊതുജനാഭിപ്രായ രൂപവത്​കരണത്തിലും വളർച്ചയുണ്ടായി. ദാദാഭായി നവറോജി 1867ൽ ഈസ്​റ്റ്​ ഇന്ത്യ അസോസിയേഷൻ രൂപവത്കരിച്ചു. സുരേന്ദ്രനാഥ് ബാനർജി 1876ൽ ഇന്ത്യൻ നാഷനൽ അസോസിയേഷൻ രൂപവത്കരിച്ചു. ബ്രിട്ടീഷ് സിവിൽ സർവിസിൽനിന്ന്​ വിരമിച്ച എ.ഒ. ഹ്യൂമി​െൻറ നിർദേശത്തെ തുടർന്ന്​ 1885ൽ 73 ഇന്ത്യൻ പ്രതിനിധികൾ ബോംബെയിൽ ഒത്തുചേർന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപവത്കരിച്ചു. ആദ്യകാലത്ത് കോൺഗ്രസി​െൻറ നേട്ടങ്ങൾ ശുഷ്കമായിരുന്നു. 

മറ്റു സംഘടിത മുന്നേറ്റങ്ങൾ
ഇന്ത്യൻ സമൂഹത്തിൽ പരിവർത്തനങ്ങൾ കൊണ്ടുവരുന്നതിൽ സ്വാമി ദയാനന്ദ് സരസ്വതി ആരംഭിച്ച ആര്യസമാജം, മറ്റുള്ളവരോടൊത്ത് രാജാറാം മോഹൻ റോയ് ആരംഭിച്ച ബ്രഹ്മസമാജം തുടങ്ങിയ സാമൂഹിക-മത സംഘടനകളുടെ പങ്ക് പ്രകടമായിരുന്നു. സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണ പരമഹംസൻ, ശ്രീ അരബിന്ദോ, സുബ്രമണ്യ ഭാരതി, ബങ്കിംചന്ദ്ര ചാറ്റർജി, സർ സയ്യിദ് അഹ്​മദ്​ ഖാൻ, രവീന്ദ്രനാഥ ടാഗോർ, ദാദാഭായി നവറോജി തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ഒരു പുനരുത്തേജനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആഗ്രഹം ഇന്ത്യക്കാരിൽ ശക്തമാക്കി.

ഇന്ത്യൻ ദേശീയതയുടെ ഉദയം
കോൺഗ്രസ് അംഗങ്ങളിൽ ആദ്യമായി ദേശീയതക്ക്​ ചൂടുപിടിക്കുന്നത്​ അവർക്ക്​ സർക്കാർ സമിതികളിൽ പ്രാതിനിധ്യം ലഭിക്കണമെന്നും ഇന്ത്യയുടെ ഭരണകാര്യങ്ങളിലും നിയമനിർമാണത്തിലും വോട്ട് വേണമെന്നുമുള്ള ചിന്ത വളർന്നപ്പോഴാണ്. കോൺഗ്രസ് അംഗങ്ങൾ തങ്ങളെ ബ്രിട്ടീഷ് ഭരണത്തോട് കൂറുള്ളവരായി കണ്ടു. എങ്കിലും, അവർക്ക് സാമ്രാജ്യത്തി​െൻറ ഭാഗമായി നിന്നുകൊണ്ടു തന്നെ തങ്ങളുടെ രാജ്യം ഭരിക്കുന്നതിൽ ക്രിയാത്മക പങ്ക് വേണം എന്ന് ആഗ്രഹമുണ്ടായി. ദാദാഭായി നവറോജി ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിച്ച് കോമൺസിലെ ആദ്യ ഇന്ത്യൻ അംഗമാവുകയും ചെയ്തത് ഇതി​െൻറ തുടക്കമാണ്​. 

മിതവാദവും തീവ്രവാദവും
1907ൽ കോൺഗ്രസ് രണ്ടായി പിരിഞ്ഞു. തീവ്രവാദം എന്നു വിശേഷിപ്പിക്കപ്പെട്ട നിലപാടുകളായിരുന്നു ബാലഗംഗാധര തിലകി​േൻറത്. ജനങ്ങൾ ബ്രിട്ടീഷ് രാജിനെ നേരിട്ട് ആക്രമിക്കണം എന്നും ബ്രിട്ടീഷ് ആയ എല്ലാ വസ്തുക്കളും ഉപേക്ഷിക്കണമെന്നും തിലക് ആവശ്യപ്പെട്ടു. ഉയർന്നുവരുന്ന പൊതുജന നേതാക്കളായ ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവർ ഇതേ നിലപാടുകൾ പുലർത്തുകയും തിലകിനെ അനുകൂലിക്കുകയും ചെയ്തു. ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ് ഷാ മേത്ത, ദാദാഭായി നവറോജി തുടങ്ങിയവർ നയിച്ച മിതവാദികൾ അനുനയങ്ങൾക്കും രാഷ്​ട്രീയ സംവാദത്തിനും വേണ്ടിയുള്ള ആവശ്യത്തിൽ ഉറച്ചു നിലകൊണ്ടു. 1906ൽ കോൺഗ്രസിൽ പൊതുജനങ്ങൾക്ക് അംഗത്വമുണ്ടായിരുന്നില്ല. തിലകിനും അദ്ദേഹത്തി​െൻറ അനുയായികൾക്കും കോൺഗ്രസിൽനിന്ന്​ നിർബന്ധിതമായി വിട്ടുപോകേണ്ടിവന്നു.

ബംഗാൾ വിഭജനം ^1905
1905ൽ അന്നത്തെ വൈസ്രോയിയും ഗവർണർ ജനറലും ആയിരുന്ന കഴ്സൺ പ്രഭു (1899-1905) ബംഗാൾ സംസ്ഥാനത്തി​െൻറ വിഭജനത്തിന്​ ഉത്തരവിട്ടു. ബംഗാളിലെ ഹിന്ദു ബൗദ്ധികസമൂഹം തദ്ദേശീയ, ദേശീയ രാഷ്​ട്രീയത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഈ വിഭജനം ബംഗാളികളെ പ്രകോപിപ്പിച്ചു. സർക്കാർ ഇന്ത്യൻ ജനതയുടെ അഭിപ്രായം കണക്കിലെടുത്തില്ലെന്നു മാത്രമല്ല, ഈ നടപടി ബ്രിട്ടീഷ് സർക്കാറിെൻറ വിഭജിച്ചു ഭരിക്കുക എന്ന നയത്തി​െൻറ പ്രതിഫലനമായും കാ‍ണപ്പെട്ടു. തെരുവുകളിൽ വ്യാപകമായ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബംഗാൾ വിഭജനക്കാലത്ത് പുതിയ സമരമാർഗങ്ങൾ സ്വീകരിക്കപ്പെട്ടു. ഇത് സ്വദേശി, ബോയ്ക്കോട്ട് പ്രസ്ഥാനങ്ങളിലേക്ക്​ നയിച്ചു. 1857ലെ കലാപത്തിനുശേഷം ബ്രിട്ടീഷ് വിരുദ്ധ വികാരം ഏറ്റവും ശക്തമായത് കോൺഗ്രസ് നയിച്ച ബ്രിട്ടീഷ് വസ്തുക്കളുടെ ബഹിഷ്​കരണത്തി​െൻറ കാലത്തായിരുന്നു.

ഒന്നാം ലോകയുദ്ധം
ഒന്നാം ലോകയുദ്ധ കാലത്ത് ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുവേണ്ടി ലഹള പൊട്ടിപ്പുറപ്പെടുമെന്ന് ബ്രിട്ടീഷുകാർ ഭയപ്പെട്ടു. എന്നാൽ, അതുവരെ കാണാത്ത തരത്തിൽ ബ്രിട്ടനു നേരെ സന്മനസ്സും വിധേയത്വവും കാണിക്കുകയായിരുന്നു മുഖ്യധാരാ രാഷ്​ട്രീയ നേതൃത്വം ചെയ്തത്. വിഭവങ്ങളും ഭടന്മാരെയും ധാരാളമായി ഇന്ത്യ ബ്രിട്ടീഷ് യുദ്ധമുന്നണിയിലേക്ക്​ സംഭാവനചെയ്തു. ഏകദേശം 13 ലക്ഷം ഇന്ത്യൻ സൈനികരും തൊഴിലാളികളും യൂറോപ്പ്, ആഫ്രിക്ക, മധ്യപൂർവ ദേശം എന്നിവിടങ്ങളിലെ യുദ്ധമുന്നണികളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യൻ സർക്കാറും രാജാക്കന്മാരും വലിയ അളവിൽ ധാന്യങ്ങളും പണവും വെടിക്കോപ്പുകളും യുദ്ധത്തിനായി അയച്ചു. 
ഒന്നാം ലോകയുദ്ധത്തിനുശേഷം യുദ്ധത്തിൽ പരിക്കേറ്റവരുടെ ഭീമമായ സംഖ്യയും വർധിച്ച പണപ്പെരുപ്പവും ഉയർന്ന നികുതിനിരക്കും വ്യാപകമായ പകർച്ചവ്യാധിയും യുദ്ധകാലത്ത് വാണിജ്യം തടസ്സപ്പെട്ടതും ഇന്ത്യയിലെ മനുഷ്യക്കെടുതികൾ വർധിപ്പിച്ചു. ഇന്ത്യൻ ഭടന്മാർ ബ്രിട്ടീഷ് ഭരണത്തെ പരാജയപ്പെടുത്താനായി ഇന്ത്യയിലേക്ക്​ ആയുധങ്ങൾ ഒളിച്ചുകടത്തി. കോൺഗ്രസിലെ മിതവാദി, തീവ്രവാദി സംഘങ്ങൾ തങ്ങളുടെ അനൈക്യങ്ങൾ മറന്ന് ഒരു ഐക്യമുന്നണിയായി മാറി. 1916ൽ കോൺഗ്രസും മുസ്​ലിംലീഗും തമ്മിൽ ലഖ്​നോ ഉടമ്പടി എന്നപേരിൽ താൽക്കാലികമായ ഒരു സഖ്യം ഉണ്ടാക്കി.

ഗാന്ധി ഇന്ത്യയിൽ 
ദക്ഷിണാ​ഫ്രിക്കയിലെ വർണവിവേചന സമരങ്ങളിൽ ഒരു പ്രധാന നേതാവായിരുന്നു ഗാന്ധി. സമരങ്ങളിൽ ഗാന്ധിജി സത്യഗ്രഹം എന്ന ആശയം ശക്തമായ സമരമാർഗമാക്കി. ആഫ്രിക്കയിലെ സമരങ്ങളുടെ അവസാനം അടിച്ചമർത്തൽ നിയമങ്ങൾ പിൻ‌വലിക്കപ്പെട്ടു. ഇരുപതോളം വർഷം ഇന്ത്യക്ക്​ പുറത്തായിരുന്ന ഗാന്ധിക്ക്​ ഇന്ത്യൻ രാഷ്​ട്രീയം അപരിചിതമായിരുന്നു. ഇന്ത്യയിൽ എത്തിയ ഗാന്ധി ഒരു രാഷ്​ട്രത്തിനു വേണ്ടിയല്ല, മറിച്ച് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ട ഒരു ഏകീകൃതമായ വാണിജ്യോന്മുഖമായ ഭൂഭാ‍ഗത്തിനുവേണ്ടിയാണ് ശബ്​ദമുയർത്തിയത്. വിദേശികൾ കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്​ ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. ഇന്ത്യൻ നേതാവും കോൺഗ്രസിലെ തലമുതിർന്ന നേതാവുമായ ഗോപാലകൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി. ആദ്യകാലത്ത് പല കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യക്കാർക്കും ഗാന്ധിയുടെ അഹിംസ മാർഗത്തിലൂടെയുള്ള നിസ്സഹകരണത്തിൽ ഊന്നിയുള്ള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി. പഞ്ചാബിൽ റൗലറ്റ് ആക്ടിന്​ എതിരെയുള്ള പ്രതിഷേധങ്ങളിൽ ഗാന്ധി സത്യഗ്രഹ സമരമാർഗം ഉപയോഗിച്ചപ്പോൾ ലക്ഷക്കണക്കിനു സാധാരണക്കാരെ ആകർഷിക്കാനുള്ള ഗാന്ധിയുടെ കഴിവ് പരക്കെ ബോധ്യമായി.

ജാലിയൻ‌വാലാബാഗ് കൂട്ടക്കൊല
റൗലറ്റ്​ ആക്​ടിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ 1919 ഏപ്രിൽ 13ന്​ പഞ്ചാബിലെ അമൃത്​സറിൽ നടന്ന ജാലിയൻ‌വാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു. ബ്രിട്ടീഷ് സൈനിക കമാൻഡറായ ബ്രിഗേഡിയർ-ജനറൽ റെജിനാൾഡ് ഡയർ ഈ മൈതാനത്തി​െൻറ പ്രധാന കവാടം തടഞ്ഞുവെച്ച്​ സൈനികരോട് 5,000ത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ആജ്ഞാപിച്ചു. സംഭവത്തിൽ ആയിരത്തിലധികം പേർ മരിച്ചു.

നിസ്സഹകരണ പ്രസ്ഥാനങ്ങൾ
മോഹൻദാസ് കരംചന്ദ് ഗാന്ധി 1915ൽ ഇന്ത്യൻ രാഷ്​ട്രീയത്തിൽ എത്തിയതിനു ശേഷമാണ്​ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്​ പുതിയ ദിശാബോധം ലഭിച്ചത് എന്നുവേണമെങ്കിൽ പറയാം. നിസ്സഹകരണ പ്രസ്ഥാനങ്ങളായിരുന്നു ഗാന്ധിയുടെ ആദ്യ ആയുധങ്ങൾ. ആദ്യ സത്യഗ്രഹ പ്രസ്ഥാനം ജനങ്ങളോട് ബ്രിട്ടീഷ് തുണിത്തരങ്ങൾക്കു പകരമായി ഖാദി ഉപയോഗിക്കാൻ ആഹ്വാനംചെയ്തു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാ‍പനങ്ങളും കോടതികളും ബഹിഷ്കരിക്കാനും സർക്കാർ ഉദ്യോഗങ്ങളിൽനിന്ന്​ രാജിവെക്കാനും നികുതി നൽകുന്നത് നിർത്താനും ബ്രിട്ടീഷ് പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്ഥാനം ജനങ്ങളോട് ആഹ്വാനം ചെയ്തു. 1919ൽ വന്ന ഗവൺമെൻറ്​ ഓഫ് ഇന്ത്യ ആക്ടിനെ സ്വാധീനിക്കാൻ താമസിച്ചുപോയെങ്കിലും വ്യാപകമായ ജനകീയ പിന്തുണ ഈ സമരത്തിനു ലഭിച്ചു. ഒടുവിൽ ചൗരി ചൗരാ സംഭവത്തെ തുടർന്ന് (ജനക്കൂട്ടം ഇതിൽ ഇരുപത്തിരണ്ട് പൊലീസുകാരെ കൊന്ന സംഭവം) ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം പിൻ‌വലിച്ചു. 1920ൽ കോൺഗ്രസ് പുനഃസംഘടിപ്പിക്കപ്പെട്ടു. കോൺഗ്രസ് പാർട്ടിയിൽ ഒരു പുതിയ തലമുറ നേതാക്കളുടെ ഉദയത്തിന്​ ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. സി. രാജഗോപാലാചാരി, ജവഹർലാൽ നെഹ്രു, വല്ലഭഭായി പട്ടേൽ, സുഭാഷ്ചന്ദ്ര ബോസ് തുടങ്ങിയവർ കോൺഗ്രസി​െൻറ നേതൃത്വത്തിലേക്കെത്തി. ഇവർ പിന്നീട് സ്വാതന്ത്ര്യസമരത്തി​െൻറ പ്രമുഖ വക്താക്കളായി മാറി. 

പൂർണസ്വരാജ്
സൈമൺ കമീഷൻ നിർദേശങ്ങൾ നിരാകരിച്ചതിനു ശേഷം 1928 മേയ് മാസത്തിൽ ബോംബെയിൽ സകല രാഷ്​ട്രീയ പാർട്ടികളുടെയും ഒരു സമ്മേളനം നടന്നു. ജനങ്ങൾക്കിടയിൽ പ്രതിരോധബോധം വളർത്തുകയായിരുന്നു ഈ സമ്മേളനത്തി​െൻറ ഉദ്ദേശ്യം. ഇന്ത്യക്ക്​ ഒരു ഭരണഘടന രചിക്കുന്നതിനായി മോത്തിലാൽ നെഹ്​റുവി​െൻറ കീഴിൽ ഡ്രാഫ്റ്റിങ്​ കമ്മിറ്റി രൂപവത്കരിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ കൽക്കട്ട സമ്മേളനം ബ്രിട്ടീഷ് സർക്കാറിനോട് ഡിസംബർ 1929ഓടെ ഇന്ത്യക്ക്​ ഡൊമിനിയൻ പദവി നൽകണം എന്ന്​ ആവശ്യപ്പെട്ടു. അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്ന മുന്നറിയിപ്പുനൽകി. ബ്രിട്ടനിൽനിന്ന്​ പൂർണമായി സ്വാതന്ത്ര്യം വേണം എന്ന ആവശ്യത്തിനു കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ പിൻബലമേറി. ജവഹർലാൽ നെഹ്​റുവി​െൻറ അധ്യക്ഷതയിൽ ചേർന്ന ചരിത്രപ്രധാനമായ ലാഹോർ സമ്മേളനത്തിൽ (1929) ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്രിട്ടീഷുകാരിൽനിന്ന്​ ഇന്ത്യക്ക്​ പൂർണ സ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ചു. രാജ്യവ്യാപകമായി പൊതു നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കാൻ കോൺഗ്രസ് പ്രവർത്തന കമ്മിറ്റിയെ ചുമതലപ്പെടുത്തി. 1930 ജനുവരി 26 പൂർണ സ്വരാജ് (സമ്പൂർണ സ്വാതന്ത്ര്യം) ദിവസമായി ഇന്ത്യയിലെമ്പാടും ആചരിക്കണം എന്ന് തീരുമാനിച്ചു. 

ദണ്ഡിയാത്രയും പൊതു നിസ്സഹകരണവും
ഗാന്ധിജി ത​െൻറ ദീർഘകാലത്തെ ഏകാന്തവാസത്തിൽനിന്ന്​ തിരിച്ചുവന്ന് ഏറ്റവും പ്രശസ്തമായ മുന്നേറ്റം നയിച്ചു. അഹ്​മദാബാദിലുള്ള ത​െൻറ ആശ്രമത്തിൽനിന്ന്​ ദണ്ഡിയിലേക്കുള്ള 400 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര 1930 മാർച്ച് 12നും ഏപ്രിൽ ആറിനും ഇടക്കാണ് നടത്തിയത്. ഈ പദയാത്ര ദണ്ഡിയാത്ര അഥവാ ഉപ്പുസത്യഗ്രഹം എന്ന് അറിയപ്പെടുന്നു. ദണ്ഡിയിൽവെച്ച് ബ്രിട്ടീഷുകാർ ഉപ്പിന്മേൽ ഏർപ്പെടുത്തിയ നികുതിയിൽ പ്രതിഷേധിച്ച്​ ഗാന്ധിയും ആയിരക്കണക്കിന്​ അനുയായികളും കടൽ വെള്ളത്തിൽനിന്ന്​ ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

ഗവൺമെൻറ്​ ഓഫ് ഇന്ത്യ ആക്ട്
ബ്രിട്ടീഷ് ഇന്ത്യയെ ഭരിക്കുന്നതിനുള്ള ബൃഹത്തും പരമവുമായ ഭരണഘടനാ ശ്രമത്തി​െൻറ ഫലമായായിരുന്നു ഗവൺമെൻറ്​ ഓഫ് ഇന്ത്യ ആക്ട് 1935. പ്രധാനമായും പല ലക്ഷ്യങ്ങളുണ്ടായിരുന്നു ഇതിന്. ഒരു അയഞ്ഞ ഫെഡറൽ ചട്ടക്കൂട് കെട്ടിപ്പടുക്കുക, പ്രവിശ്യാതലത്തിൽ സ്വയംഭരണം നടപ്പാക്കുക, പ്രത്യേക നിയോജക മണ്ഡലങ്ങളിലൂടെ ന്യൂനപക്ഷ താൽപര്യങ്ങളെ സംരക്ഷിക്കുക തുടങ്ങിയവ ഇതിൽപെടും. 

ദ്വിരാഷ്​ട്ര സിദ്ധാന്തം
മുസ്​ലിംലീഗി​െൻറ അധ്യക്ഷനായിരുന്ന മുഹമ്മദ്​ അലി ജിന്ന 1940ൽ ലാഹോറിൽ നടന്ന മുസ്​ലിംലീഗ് വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളെ ലാഹോർ പ്രമേയം അംഗീകരിക്കാൻ പ്രേരിപ്പിച്ചു. ഈ പ്രമേയം ഇന്ത്യയെ രണ്ട് പരമാധികാര രാഷ്​ട്രങ്ങളായി -ഒരു ഹിന്ദു രാഷ്​ട്രവും ഒരു മുസ്​ലിം രാഷ്​ട്രവുമായി- വേർതിരിക്കാൻ ആവശ്യപ്പെട്ടു. ഇത് ദ്വിരാഷ്​ട്ര സിദ്ധാന്തം എന്നും അറിയപ്പെടുന്നു. പാകിസ്താൻ എന്ന ആശയം 1930കളിലേ തന്നെ ഉന്നയിച്ചിരുന്നെങ്കിലും അന്ന് വളരെക്കുറച്ച് ജനങ്ങളേ അതിന്​ അനുകൂല നിലപാട് എടുത്തിരുന്നുള്ളൂ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം തുടക്കം മുതലേ പയറ്റുന്ന ബ്രിട്ടീഷുകാർ ഇക്കാര്യത്തിൽ ഏറെ സന്തുഷ്​ടരാവുകയും ചെയ്​തു. ശരിക്കും പറഞ്ഞാൽ അവരുടെ കുതന്ത്രങ്ങൾക്ക്​ ദിരാഷ്​ട്രത്തിലൂടെ ഇന്ത്യൻ ജനത ഇരകളാവുകയായിരുന്നു.

നേതാജി സുഭാഷ് ചന്ദ്ര ബോസ്
കോൺഗ്രസി​െൻറ അധ്യക്ഷനായി 1937ലും 1939ലും സുഭാഷ് ചന്ദ്രബോസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസിൽ അഭിപ്രായം സ്വരൂപിക്കാൻ ശ്രമിച്ചതിനു ശേഷം അദ്ദേഹം കോൺഗ്രസിൽനിന്ന്​ 1939ൽ രാജിവെച്ച്​ ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി സ്ഥാപിച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സർക്കാർ സുഭാഷ് ചന്ദ്രബോസിനെ കൽക്കട്ടയിൽ 1940ൽ വീട്ടുതടങ്കലിലാക്കി. എങ്കിലും, യുദ്ധം ഏഷ്യയിലും യൂറോപ്പിലും അതി​െൻറ ഏറ്റവും രക്തരൂഷിതമായ ഘട്ടത്തിലൂടെ കടന്നുപോവുന്ന സമയത്ത് സുഭാഷ് ചന്ദ്രബോസ് തടവിൽനിന്ന്​ രക്ഷപ്പെട്ട്​ അഫ്ഗാനിസ്​താനിലൂടെ ജർമനിയിലെത്തി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തോടു പോരാടാൻ അച്ചുതണ്ട് ശക്തികളുടെ സഹായം അഭ്യർഥിച്ചു. ജർമനിയിൽ റോമലി​െൻറ ഇന്ത്യൻ യുദ്ധത്തടവുകാരെ അണിനിരത്തി അദ്ദേഹം ഫ്രീ ഇന്ത്യ ലീജിയൺ സ്ഥാപിച്ചു. ഇതിൽനിന്നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തോടു പോരാടാൻ ഒരു സ്വാതന്ത്ര്യ സേനയെ രൂപവത്കരിക്കണം എന്ന ബോസി​െൻറ ആശയത്ത​ി​െൻറ ആവിർഭാവം. യുദ്ധത്തി​െൻറ നിലകൾ യൂറോപ്പിൽ മാറിയപ്പോൾ ബോസ് ജാപ്പനീസ് തെക്കേ ഏഷ്യയിലേക്ക്​ പോയി. ഇവിടെ അദ്ദേഹം പ്രവാ‍സത്തിൽനിന്ന്​ താൽക്കാലിക സ്വതന്ത്ര ഇന്ത്യൻ സർക്കാറായി ആസാദ് ഹിന്ദ് ഗവൺമെൻറ്​​ രൂപവത്​കരിച്ചു. ഇന്ത്യൻ യുദ്ധത്തടവുകാരെയും തെക്കുകിഴക്കേ ഏഷ്യയിലെ ഇന്ത്യൻ പ്രവാസികളെയും ‍ഒന്നിച്ചുചേർത്ത് ജാപ്പനീസ് സൈന്യത്തി​െൻറ സഹായത്തോടെ ഇന്ത്യൻ നാഷനൽ ആർമി രൂപവത്കരിച്ചു. ഇന്ത്യയിൽ യുദ്ധസന്നദ്ധമായ ഒരു സൈന്യമായി എത്തി ജനങ്ങളുടെ ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പിൽനിന്ന്​ മുതലെടുത്ത് ഇന്ത്യൻ സൈനികരെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ബ്രിട്ടീഷ് ഭരണകൂടത്തെ പരാജയപ്പെടുത്തുകയുമായിരുന്നു ഇന്ത്യൻ നാഷനൽ ആർമിയുടെ ലക്ഷ്യം. ബ്രിട്ടീഷ് സൈന്യം ഉൾപ്പെട്ട സഖ്യകക്ഷി സേനയോട് ബർമയിലും അസമിലും അരകാൻ വനങ്ങളിൽവെച്ചും ഐ.എൻ.എ പോരാടി. ഐ.എൻ.എ ജാപ്പനീസ് 15ാം കരസേനയോടൊത്ത് ഇം‌ഫാലിനെയും കൊഹിമയെയും ഉപരോധിച്ചു. യുദ്ധകാലത്ത് അന്തമാൻ-നികോബാർ ദ്വീപുകൾ ജാപ്പനീസ് സൈന്യം പിടിച്ചടക്കി ഐ.എൻ.എയുടെ നിയന്ത്രണത്തിൽ ഏൽപിച്ചു.
ഐ.എൻ.എ സൈന്യത്തിന്​ അവശ്യസാധനങ്ങൾ എത്തിക്കുന്നതിലുള്ള തടസ്സങ്ങൾ, പരിശീലനത്തി​െൻറ കുറവ്, ആവശ്യത്തിനു പിന്തുണയില്ലായ്മ, ജപ്പാൻകാരിൽനിന്ന്​ ലഭിച്ച മോശം യുദ്ധോപകരണങ്ങൾ, വിഭവങ്ങൾ എന്നീ കാരണങ്ങൾകൊണ്ട് ഐ.എൻ.എ തങ്ങളുടെ ശ്രമങ്ങളുടെ അന്ത്യത്തിൽ പരാജയപ്പെട്ടു. ബോസി​െൻറ മരണത്തെക്കുറിച്ചുള്ള ഊഹങ്ങൾ ആസാദ് ഹിന്ദ് പ്രസ്ഥാനത്തി​െൻറ അവസാനമായി കരുതപ്പെടുന്നു. ജപ്പാ​െൻറ പരാജയത്തെ തുടർന്ന് ഐ.എൻ.എ സൈനികരെ ഇന്ത്യയിലേക്ക്​ കൊണ്ടുവന്നു. ഇവരിൽ പലരിലും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. എങ്കിലും അപ്പോഴേക്കും ബോസി​െൻറ ധീരമായ പ്രവർത്തനങ്ങളും യുദ്ധശ്രമങ്ങളും ഇന്ത്യയിലെ പൊതുജനങ്ങൾക്കിടയിൽ പ്രിയങ്കരമായി. 

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഇന്ത്യക്കാരെ രണ്ടാം ലോകയുദ്ധത്തിനയച്ചതിന്​ എതിരായും ഗാന്ധിയുടെ ‘ഇന്ത്യക്ക്​ ഉടൻ സ്വാതന്ത്ര്യം നൽകൂ’ എന്ന ആഹ്വാനത്തിന്​ പ്രതികരണമായും 1942 ആഗസ്​റ്റിൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം (ഭാരത് ഛോടോ ആന്തോളൻ) അഥവാ ആഗസ്​റ്റ്​ പ്രസ്ഥാനം. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കോൺഗ്രസ് പാർട്ടി 1939 സെപ്റ്റംബറിൽ നടന്ന പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാഷിസത്തിനെതിരെയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസാക്കി. പക്ഷേ, ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്. ബ്രിട്ടീഷ് സർക്കാർ സ്​റ്റാൻഫോർഡ് ക്രിപ്സിനു കീഴിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയച്ചു.  ഇത് ക്രിപ്സ് മിഷൻ എന്ന് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തിനിന്നും വൈസ്രോയിയിൽനിന്നും അധികാരം ക്രമേണ ​തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നിയമസഭക്കു നൽകുന്നതിനു പകരമായി കോൺഗ്രസിൽനിന്ന്​ യുദ്ധകാലത്ത് പൂർണ പിന്തുണ ഉറപ്പാക്കുന്ന വിധത്തിൽ ഒരു ഉടമ്പടിയിൽ എത്തുക എന്നതായിരുന്നു ഈ മിഷ​െൻറ ദൗത്യം. എങ്കിലും, സ്വയംഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർ‌വചിക്കാനോ ഈ കമീഷനു കഴിഞ്ഞില്ല. കമീഷൻ നൽകാൻ തയാറായ പരിമിത-ഡൊമിനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമീഷൻ പരാജയപ്പെട്ടു. സമ്പൂർണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാറിൽനിന്ന്​ വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ തടുത്ത്​ ബ്രിട്ടീഷ് സർക്കാറിനെ അനുനയത്തി​െൻറ പാതയിലേക്ക്​ കൊണ്ടുവരുകയായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തി​െൻറ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ആഗസ്​റ്റ്​ എട്ടിന്​ ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ ‘ഡുഓർ ഡൈ’ (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു (പിന്നീട് ഈ മൈതാനം ‘ആഗസ്​റ്റ്​ ക്രാന്തി മൈദാൻ^ആഗസ്​റ്റ്​ വിപ്ലവ മൈതാനം’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും, കോൺഗ്രസി​െൻറ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനുശേഷം 24 മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോകയുദ്ധത്തി​നുശേഷം ജയിലിൽ കഴിയേണ്ടിവന്നു.
1942 ആഗസ്​റ്റ്​ എട്ടിന്​ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമെന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്​ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുന്നു. രാജ്യമൊട്ടാകെ വൻതോതിൽ അറസ്​റ്റുകൾ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും അറസ്​റ്റ്​ ചെയ്തു. വലിയ പിഴകൾ ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിക്കടിച്ചു.
പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. രാജ്യത്തി​െൻറ പലഭാഗങ്ങളിലും ജനങ്ങളുടെ പല പ്രവൃത്തികളും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളിൽനിന്ന്​ വ്യതിചലിച്ചു. പ്രാദേശിക അധോലോക സംഘടനകൾ ഈ പ്രക്ഷോഭത്തി​െൻറ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും, 1943ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തി​െൻറ ശക്തി ക്ഷയിച്ചു.

സ്വാതന്ത്ര്യം, അധികാര കൈമാറ്റം
1947 ജൂൺ മൂന്നിന്​ ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായ ലൂയി മൗണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യയായും മറ്റൊന്ന്​ പാകിസ്താനായും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്​റ്റ്​ 14ന്​ പാകിസ്താൻ ഒരു പ്രത്യേക രാഷ്​ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്​റ്റ്​ 15ന്​ അർധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്​ട്രമായി. ഇതിനു പിന്നാലെ ഹിന്ദുക്കളും മുസ്​ലിംകളും സിഖ് മതസ്ഥരും തമ്മിൽ രക്തരൂഷിതമായ സംഘട്ടനങ്ങൾ നടന്നു. പ്രധാനമന്ത്രി നെഹ്​റുവും ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായി പട്ടേലും മൗണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവർണർ ജനറലായി തുടരാൻ ക്ഷണിച്ചു. 1948 ജൂണിൽ മൗണ്ട് ബാറ്റണിനു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൗത്യം പട്ടേൽ ഏറ്റെടുത്തു. ഭരണഘടന നിർമിക്കുന്ന ജോലി 1949 നവംബർ 26ന്​ നിയമസഭ പൂർത്തിയാക്കി. 1950 ജനുവരി രണ്ടിന്​ റിപ്പബ്ലിക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവിൽവന്നു. നിയമസഭ ഡോ. രാജേന്ദ്രപ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്​ട്രപതിയായി തെരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവർണർ ജനറൽ രാജഗോപാലാചാരിയിൽനിന്ന്​ അധികാരം ഏറ്റെടുത്തു. 1952ൽ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. 62 ശതമാനം സമ്മതിദാ‍നം ഈ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്​ട്രമായി.