നാളറിവ്
കൺഫ്യൂഷനായല്ലോ...
  • ശരത്​ലാൽ തയ്യിൽ
  • 11:47 AM
  • 02/12/2019

ഡിസംബർ 2 
കമ്പ്യൂട്ടർ സാക്ഷരതാദിനം 


കമ്പ്യൂട്ടർ ഉപയോഗിക്കാത്തവരായി ആരെങ്കിലുമുണ്ടോ. സ്​കൂളുകളിൽ ചെറിയ ക്ലാസുകൾ മുതൽക്കേ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നുണ്ട്. വിവരസാങ്കേതിക വിദ്യ (Information Technology) പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിഷയമാണ്. അതുകൊണ്ടുതന്നെ നമ്മളെല്ലാവരും കമ്പ്യൂട്ടർ സാക്ഷരത നേടിയവരാണെന്നു പറയാം. 

സാക്ഷരത എന്നു പറഞ്ഞാൽ എന്താണെന്ന് അറിയാമല്ലോ. എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനുമുള്ള കഴിവിനെയാണ് സാധാരണ സാക്ഷരത എന്നു പറയുന്നത്. ഇതേപോലെ, കമ്പ്യൂട്ടർ ഉപയോഗിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമുള്ള അറിവ് ഒരാൾക്കുണ്ടെന്ന് സൂചിപ്പിക്കുന്ന പദമാണ് കമ്പ്യൂട്ടർ സാക്ഷരത. ഡിസംബർ രണ്ടാം തീയതിയാണ് ലോക കമ്പ്യൂട്ടർ സാക്ഷരതാദിനമായി ആചരിക്കുന്നത്. ഇന്ത്യ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഐ.ടി കമ്പനിയായ എൻ.ഐ.ഐ.ടിയാണ് കമ്പ്യൂട്ടർ സാക്ഷരതാദിനം എന്ന ആശയം 2001ൽ മുന്നോട്ടുവെച്ചത്. വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട പഠനമികവും വളർച്ചയുമാണ് ഈ ദിനാചരണത്തിലൂടെ നടപ്പാക്കാൻ അവർ ലക്ഷ്യമിട്ടത്. കമ്പ്യൂട്ടറുകൾ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്തതായി മാറിയ ഇന്നത്തെ കാലത്ത് കമ്പ്യൂട്ടർ സാക്ഷരതക്ക്​ ഏറെ പ്രാധാന്യമുണ്ട്. 

കമ്പ്യൂട്ടർ പ്രവർത്തനം പഠിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക പദങ്ങൾ മനസ്സിലാക്കൽ.

ഇൻറർനെറ്റ് 
ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകളെ പരസ്​പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു ശൃംഖലയാണ് ഇൻറർനെറ്റ്. ഇതുവഴി നമുക്ക് വിവരങ്ങൾ കൈമാറ്റം ചെയ്യാനും ആശയവിനിമയം നടത്താനുമെല്ലാം സാധിക്കും. 1969ൽ രൂപംകൊണ്ട അർപാനെറ്റ് (ARPANET) ആണ് ഇൻറർനെറ്റിെൻറ ആദ്യകാല രൂപം. ഇൻറർനെറ്റിെൻറ ഭാഗമാകുന്ന കമ്പ്യൂട്ടറുകൾ ഫോൺ ലൈനുകൾ, ഫൈബർ ഒപ്ടിക് ലൈനുകൾ, ഉപഗ്രഹങ്ങൾ, വയർലെസ്​ കണക്​ഷനുകൾ എന്നിവയിൽ ഏതെങ്കിലുമായി ബന്ധിപ്പിച്ചിരിക്കും. 

ഇൻട്രാനെറ്റ്
കോടിക്കണക്കിന് കമ്പ്യൂട്ടറുകൾ ഉൾപ്പെട്ട ആഗോള ശൃംഖലയാണ് ഇൻറർനെറ്റ് എന്നു പറഞ്ഞല്ലോ. ഇതിെൻറ ചെറിയ രൂപമാണ് ഇൻട്രാനെറ്റ്. ഒരു സ്​ഥാപനത്തിനുള്ളിലോ ഒരു കൂട്ടായ്മക്കുള്ളിലോ മാത്രമായി പരിമിതപ്പെടുത്തിയ നെറ്റ്​വർക്കാണിത്. വലിയ കമ്പനികൾക്കും സർവകലാശാലകൾക്കും മറ്റു സ്​ഥാപനങ്ങൾക്കുമെല്ലാം ഇത്തരം ഇൻട്രാനെറ്റുകൾ ഉണ്ടാവും. ജീവനക്കാർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുക, നിർദേശങ്ങൾ നൽകുക തുടങ്ങിയവ ഇൻട്രാനെറ്റിെൻറ ലക്ഷ്യങ്ങളാണ്.

വേൾഡ് വൈഡ് വെബ് (www)
കമ്പ്യൂട്ടർ നെറ്റ്​വർക്കുകളിലെ നിരവധി വെബ് പേജുകളുടെ ശേഖരമാണ് വേൾഡ് വൈഡ് വെബ്. 1989ൽ ടിം ബേണേഴ്സ്​ ലീയാണ് വേൾഡ് വൈഡ് വെബ് കണ്ടുപിടിക്കുന്നത്. പല സ്​ഥലങ്ങളിലായി നിരവധി കമ്പ്യൂട്ടറുകളിലായി കിടക്കുന്ന വെബ് പേജുകളെ ഇൻറർനെറ്റ് വഴി പരസ്​പരം ബന്ധപ്പെടുത്തിയിരിക്കുന്നു. ഇൻറർനെറ്റിലൂടെ ഒറ്റ ക്ലിക്കിൽ ലോകത്തെ മുഴുവൻ വിരൽത്തുമ്പിലെത്തിക്കാൻ സഹായിക്കുന്നത് വേൾഡ് വൈഡ് വെബ് ആണ്. ഗൂഗ്​ൾ ഉൾപ്പടെ എല്ലാ വെബ് ബ്രൗസറുകളും വേൾഡ് വൈഡ് വെബിനു കീഴിലാണ് പ്രവർത്തിക്കുന്നത്. 

എച്ച്.ടി.എം.എൽ (HTML)
വെബ്സൈറ്റുകൾ തയാറാക്കുന്നതിനുള്ള ഒരു സാങ്കേതിക ഭാഷയാണ് എച്ച്.ടി.എം.എൽ. ഹൈപർ ടെക്​സ്​റ്റ്​ മാർക്കപ്പ് ലാംഗ്വേജ് എന്നാണ് പൂർണരൂപം. വെബ്സൈറ്റുകളുടെ ഉള്ളടക്കവും ഘടനയും രൂപവും തീരുമാനിക്കുന്നത് എച്ച്.ടി.എം.എൽ വഴിയാണ്. എഴുത്ത്, ചിത്രങ്ങൾ, ശബ്്ദം തുടങ്ങി ഒരു വെബ്സൈറ്റിൽ എന്തൊക്കെ കാര്യങ്ങൾ വേണമെന്ന് നമുക്ക് എച്ച്.ടി.എം.എൽ വഴി തീരുമാനിക്കാൻ കഴിയും. 

എച്ച്.ടി.ടി.പി (HTTP)
ഹൈപർ ടെക്​സ്​റ്റ്​ ട്രാൻസ്​ഫർ േപ്രാട്ടോകോൾ എന്നതി​െൻറ ചുരുക്കപ്പേരാണ് എച്ച്.ടി.ടി.പി. ഇൻറർനെറ്റിലൂടെ വിവരങ്ങൾ കൈമാറാനുള്ള ഒരു നയമാണിത്. 

വെബ് സർവറുകൾ
നമ്മൾ ഇൻറർനെറ്റിൽ തിരയുന്ന വെബ്സൈറ്റുകൾ സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിനെയാണ് സർവർ എന്നു വിളിക്കുന്നത്. ഈ സർവറുകളിൽനിന്നാണ് ടെക്​സ്​റ്റുകൾ, ഗ്രാഫിക്സുകൾ, ശബ്​ദവിഡിയോകൾ മുതലായവ അടങ്ങിയ ഫയലുകൾ നമ്മുടെ കമ്പ്യൂട്ടറിലെ ബ്രൗസറിലേക്കെത്തുന്നത്. ഏറെ ശേഷികൂടിയ കമ്പ്യൂട്ടറുകളാണ് സർവറുകളായി പ്രവർത്തിക്കുന്നത്. സർവർ നിശ്ചലമാവുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് നമുക്ക് വെബ്സൈറ്റുകൾ ലഭിക്കാൻ തടസ്സം നേരിടുന്നത്. 

വെബ് ബ്രൗസറുകൾ
വേൾഡ് വൈഡ് വെബിൽനിന്ന്​ നമ്മൾ ആവശ്യപ്പെടുന്ന വെബ്സൈറ്റുകൾ നമ്മുടെ കമ്പ്യൂട്ടറിൽ എത്തിക്കുന്ന ആപ്ലിക്കേഷനുകളാണ് വെബ് ബ്രൗസറുകൾ. നമ്മൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളെ ബ്രൗസർ കാട്ടിത്തരും. അതുവഴി വെബ്സൈറ്റിൽ പ്രവേശിക്കാനും സാധിക്കും. ഗൂഗ്​ൾ േക്രാം, ഫയർഫോക്സ്​, സഫാരി മുതലായവ വെബ് ബ്രൗസറുകൾക്ക് ഉദാഹരണമാണ്. 

സെർച്ച് എൻജിൻ
സെർച്ച് എൻജിനും ബ്രൗസറും ഒന്നാണെന്ന് കരുതുന്നവരുണ്ട്്. എന്നാൽ, ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. മറ്റ് വെബ്സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കുന്ന വെബ്സൈറ്റുകൾ മാത്രമാണ് സെർച്ച് എൻജിൻ. ഗൂഗ്​ൾ സെർച്ച്, ബിങ്​ തുടങ്ങിയവ സെർച്ച് എൻജിനുകളാണ്. എന്നാൽ, മറ്റൊരു വെബ്സൈറ്റിെൻറ സർവറുമായി കണക്ട് ചെയ്യാനും വെബ്സൈറ്റ് ദൃശ്യമാക്കാനും ബ്രൗസർ കൂടിയേ തീരൂ. 

പോർട്ടൽ 
വെബ് പോർട്ടലുകൾ എന്നു കേട്ടിട്ടില്ലേ. പലവിധ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന പോർട്ടലുകൾ ഉണ്ട്. ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ഒരുമിച്ച് നൽകുന്ന വെബ്സൈറ്റാണ് പോർട്ടൽ എന്നറിയപ്പെടുന്നത്. കേരള സർക്കാറിെൻറ വെബ് പോർട്ടലാണ് kerala.gov.in എന്നത്. ഈ പോർട്ടലിൽ സർക്കാറിെൻറ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് പുറമേ ഓരോ വകുപ്പുകളുടെ വെബ്സൈറ്റിലേക്കും പ്രവേശിക്കാൻ സാധിക്കും. 

യു.ആർ.എൽ (URL)
യൂനിഫോം റിസോഴ്സ്​ ലൊക്കേറ്റർ എന്നതിെൻറ ചുരുക്കപ്പേരാണ് യു.ആർ.എൽ. ഒരു വെബ് പേജിെൻറ വിലാസമാണ് യു.ആർ.എൽ എന്നു പറയാം. അതിനാൽ വെബ് അഡ്രസ്​ എന്നും യു.ആർ.എല്ലിനെ വിളിക്കുന്നു. വെബ്സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ മിക്ക ബ്രൗസറുകളും മുകൾ ഭാഗത്തായി യു.ആർ.എൽ കാണിക്കാറുണ്ട്. http://www.madhyamam.com എന്നതാണ് മാധ്യമം ഓൺലൈൻ വെബ്സൈറ്റിെൻറ യു.ആർ.എൽ. യു.ആർ.എൽ സെർച്ച് ചെയ്താൽ നമുക്ക് ലക്ഷ്യമിടുന്ന വെബ്സൈറ്റിലെത്താൻ സാധിക്കും. 

വെബ് ഡൊമെയ്ൻ
നമ്മൾ ഉപയോഗിക്കുന്ന ഏതൊരു വെബ്സൈറ്റിെൻറയും ഇൻറർനെറ്റിലെ വിലാസം ഒരു ഡൊമെയ്ൻ ആണ്. ഡൊമെയ്ൻ നെയിം സിസ്​റ്റം (ഡി.എൻ.എസ്​) നിബന്ധനകൾക്കനുസൃതമായാണ് ഒരു ഡൊമെയ്ൻ തയാറാക്കുന്നത്. ഡൊമെയ്ൻ തയാറാക്കുന്ന വെബ്സൈറ്റുകൾ വഴി നമുക്ക് ഇഷ്​ടപ്പെട്ട ഡൊമെയ്ൻ പേരുകൾ രജിസ്​റ്റർ ചെയ്യാൻ സാധിക്കും.

.കോം, .ഇൻ (.com, .in) 
വെബ്സൈറ്റുകളുടെ ഡൊമെയ്ൻ നെയിമിെൻറ അവസാനം .com, .in, .org  എന്നിങ്ങനെയൊക്കെ കാണാറില്ലേ. ഇവയാണ് ഡൊമെയ്ൻ എക്സ്​റ്റൻഷനുകൾ. വാണിജ്യ ആവശ്യങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ഡൊമെയ്ൻ ആണ് .com. സ്​ഥാപനങ്ങളും സംഘടനകളും മറ്റും ഉപയോഗിക്കുന്ന ഡൊമെയ്ൻ ആണ് .org. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾക്ക് .edu  എന്ന ഡൊമെയ്ൻ ആണ് നൽകാറ്. ഇതുകൂടാതെ ഓരോ രാജ്യങ്ങൾക്കും പ്രത്യേക ഡൊമെയ്ൻ പേരുകൾ ഉണ്ട്. .in  എന്നതാണ് ഇന്ത്യയെ സൂചിപ്പിക്കുന്ന ഡൊമെയ്ൻ. .eu  യൂറോപ്യൻ യൂനിയ​െൻറ ഡോമെയ്ൻ ആണ്. .tv തുവാലു എന്ന രാജ്യത്തിെൻറ ഡൊമെയ്നെ സൂചിപ്പിക്കുന്നു. 

സമൂഹമാധ്യമങ്ങൾ
ഉപയോക്താക്കൾക്ക് തത്സമയം വിവരങ്ങൾ പങ്കുവെക്കാനും ആശയവിനിമയം നടത്താനും സാധ്യമാകുന്ന പ്രത്യേക വെബ് ആപ്ലിക്കേഷനുകളാണ് സമൂഹമാധ്യമങ്ങൾ. ഫേസ്​ബുക്ക്, വാട്സ്​ആപ്​, ട്വിറ്റർ മുതലായവ ഏറ്റവും പ്രചാരത്തിലുള്ള സമൂഹമാധ്യമങ്ങളാണ്. കമ്പ്യൂട്ടർ വഴിയും സ്​മാർട്ട് ഫോൺ വഴിയുമെല്ലാം നമുക്ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ടുകൾ തുറന്നാലാണ് മിക്ക സമൂഹമാധ്യമ വെബ്സൈറ്റുകളും ഉപയോഗിക്കാനാവുക. 

കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ
പ്രത്യേക ഉപയോഗങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയ സോഫ്​റ്റ്​വെയർ േപ്രാഗ്രാം ആണ് ആപ്ലിക്കേഷൻ. ആപ്​ എന്നും പൊതുവേ വിളിക്കപ്പെടുന്നു. മൊബൈലിനായി നിർമിച്ച ആപ്ലിക്കേഷനുകൾ മൊബൈൽ ആപ്​ എന്നറിയപ്പെടുന്നു. വേഡ് െപ്രാസസർ, സ്​െപ്രഡ് ഷീറ്റ് മുതലായവ കമ്പ്യൂട്ടറിലെ ആപ്ലിക്കേഷനുകളാണ്. വിഡിയോ ഗെയിമുകൾക്കും സമൂഹമാധ്യങ്ങൾക്കും മറ്റും പ്രത്യേകം പ്രത്യേകം ആപ്ലിക്കേഷനുകളുണ്ട്. 

ഐ.പി അഡ്രസ്​
ഐ.പി അഡ്രസ്​ അഥവാ ഇൻറർനെറ്റ് േപ്രാട്ടോകോൾ വിലാസം ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഉപകരണത്തിെൻറ പ്രത്യേക തിരിച്ചറിയൽ നമ്പറാണ്. നെറ്റ്​വർക്കിൽ ഉൾപ്പെട്ട ഉപകരണങ്ങൾ പരസ്​പരം തിരിച്ചറിയുന്നതും ആശയവിനിമയം നടത്തുന്നതും ഐ.പി അഡ്രസ്​ മനസ്സിലാക്കിയാണ്. ശൃംഖലയിലെ രണ്ട് ഉപകരണങ്ങൾക്ക് ഒരേ ഐ.പി അഡ്രസ്​ ഉണ്ടാവില്ല.