ക്ഷേമരാഷ്​ട്രം പിറക്കു​​േമ്പാൾ
  • അനിത എസ്​
  • 12:59 PM
  • 22/22/2018

ജനുവരി 26 റിപ്പബ്ലിക് ദിനം
 

സിന്ധുനദീതട സംസ്​കാരഭൂമിയായ ഇന്ത്യ നിരവധി പോരാട്ടങ്ങൾക്കും സാമൂഹിക സാംസ്​കാരിക മാറ്റങ്ങൾക്കും വിധേയമായിരുന്നു. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാനായി നടത്തിയ പോരാട്ടങ്ങളുടെ സ്​മരണ ഒാരോ അവസരത്തിലും നാം പുതുക്കാറുണ്ട്​. രാജ്യത്തി​െൻറ സാംസ്​കാരിക വൈവിധ്യം മറ്റേതു രാജ്യ​ത്തിലേക്കാൾ മഹത്തായതും പ്രശംസയർഹിക്കുന്നതുമാണ്. ബഹുസ്വരതയും സാംസ്​കാരിക വൈവിധ്യവും ഇന്ത്യയെ വേറിട്ടുനിർത്തുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ്​ ആധിപത്യം നിരവധി ചരിത്രപോരാട്ടങ്ങൾക്ക്​ വഴിവെച്ചു. ബ്രിട്ടീഷ്​ ഭരണത്തിൽനിന്നും മോചിതമായി ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക്​ രാജ്യമായതി​െൻറ ഒാർമപുതുക്കലാണ്​ ജനുവരി 26 റിപ്പബ്ലിക്​ ദിനം. 1947 ആഗസ്​റ്റ്​ 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽവന്നത് 1950 ജനുവരി 26 നാണ്. 1950 മുതൽതന്നെ രാജ്യം വിപുലമായാണ്​ റിപ്പബ്ലിക്​ ദിനം ആഘോഷിച്ചുപോരുന്നത്​. 

ഇന്ത്യ റിപ്പബ്ലിക്കാകു​േമ്പാൾ
‘റിപ്പബ്ലിക്​’ എന്നാൽ ‘ക്ഷേമരാഷ്​ട്രം’ എന്നാണ്​ അർഥം. ‘റെസ്​ പബ്ലിക്ക’ എന്ന ലാറ്റിൻ പദത്തിൽനിന്നാണ്​ ഇൗ വാക്ക്​ രൂപപ്പെട്ടത്​. ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്​ട്രമായത് റിപ്പബ്ലിക്​ ദിനത്തിനാണ്​. ആഗസ്​റ്റ്​ 15ന് ബ്രിട്ടീഷുകാരിൽനിന്ന്​ ​സ്വാതന്ത്ര്യം നേടിയെങ്കിലും സ്വന്തമായ ഭരണഘടന അന്നുണ്ടായിരുന്നില്ല. 1935ലെ ഗവൺമെൻറ്​ ഓഫ് ഇന്ത്യ ആക്ട് പരിഷ്കരിച്ചുകൊണ്ടാണ് അന്ന് ഭരണം നടന്നിരുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും ജനങ്ങളിലേക്കെത്താന്‍ സ്വന്തമായ ഭരണഘടന തയാറാ​േക്കണ്ടത്​ രാജ്യത്തി​െൻറ ആവശ്യമായിവന്നു. അതിനാൽ, ഭരണഘടന തയാറാക്കാനായി 1947 ആഗസ്​റ്റ്​ 29ന് ഒരു കമ്മിറ്റി രൂപവത്​കരിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ജോർജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണത്തലവൻ. സി. രാ‍ജഗോപാലാചാരിയായിരുന്നു ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ. 
1946ലെ കാബിനറ്റ്‌ മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടന നിർമാണസഭയെയായിരുന്നു (കോൺസ്​റ്റിറ്റുവൻറ്​ അസംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു ഈ സഭ. സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽനിന്നും അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ 299 ആയി ചുരുങ്ങി. 1946 ഡിസംബർ ഒമ്പതിനായിരുന്നു സഭയുടെ ഉദ്ഘാടനയോഗം. 1949 നവംബർ 26 വരെ സഭ പ്രവർത്തിച്ചു. ഡോ. സച്ചിദാനന്ദ സിൻഹയായിരുന്നു സഭയുടെ താൽക്കാലിക ചെയർമാൻ. 1946 ഡിസംബർ 11ന്​ ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡൻറായി തിരഞ്ഞെടുത്തു. ബി.എൻ. റാവു ആയിരുന്നു സഭയുടെ നിയമോപദേഷ്​ടാവ്.
ഭരണഘടനയുടെ ഒരു കരടുരൂപം 1947 നവംബര്‍ നാലിന് കമ്മിറ്റി അന്നത്തെ തിരഞ്ഞെടുക്കപ്പെട്ട അസംബ്ലിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണഘടനയുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അസംബ്ലി തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മേളിച്ചു. ഒടുവില്‍ കരടുരൂപത്തില്‍നിന്ന്​ ചില മാറ്റങ്ങളോടെ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 395 ആര്‍ട്ടിക്കിളുകളും എട്ടു ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് അസംബ്ലി അംഗീകരിച്ചത്. 1950 ജനുവരി 24നായിരുന്നു ഇത്. രണ്ടു ദിവസത്തിനുശേഷം ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. ആദ്യ രാഷ്​ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒപ്പിട്ടു. അങ്ങനെ 1950 ജനുവരി 26ന് ഇന്ത്യ ജനാധിപത്യ സ്വതന്ത്ര പരമാധികാര രാഷ്​ട്രപദവിയിലേക്ക് വന്നു. അതായത്, ഒരു റിപ്പബ്ലിക്കായി ഇന്ത്യ മാറി. ജനങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്ന ഭരണത്തലവന്മാരാല്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ഭരണം നടത്തുന്ന രാജ്യമെന്നർഥം. ഇന്ത്യ റിപ്പബ്ലിക്​ ദിനമായി ജനുവരി 26 തിരഞ്ഞെടുക്കാൻ മറ്റൊരു കാരണമുണ്ട്​. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത്​ 1929 ഡിസംബർ 31ന്​ ​ലാഹോറിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺ​ഗ്രസ്​ സമ്മേളനം ‘പൂർണസ്വരാജ്യ’മാണ്​ നമുക്ക്​ വേണ്ടതെന്ന്​ പ്രഖ്യാപിച്ചു. 1930 ജനുവരി 26ന്​ ആ പ്രഖ്യാപനം ഒൗദ്യോഗികമായി പുറത്തുവിട്ടു. ഇൗ സ്​മരണ നിലനിർത്താൻകൂടിയാണ്​​ ജനുവരി 26 തിരഞ്ഞെടുത്തത്​. 

ഗവൺമെൻറ്​ ഒാഫ്​ ഇന്ത്യ ആക്​ട്​
ബ്രിട്ടീഷ്​ ഇന്ത്യയെ ഭരിക്കുന്നതിനുള്ള ബൃഹത്തും പരമവുമായ ഭരണഘടനാ ശ്രമത്തി​െൻറ ഫലമായ ഗവൺമെൻറ്​ ഒാഫ്​ ഇന്ത്യ ആക്​ട്​ ^1935 പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെയാണ്​ പ്രസ്​താവിച്ചത്​. ഒരു അയഞ്ഞ ഫെഡറൽ ചട്ടക്കൂട്​ കെട്ടിപ്പടുക്കുക, പ്രവിശ്യാതലത്തിൽ സ്വയംഭരണം നടപ്പാക്കുക, പ്രത്യേക നിയോജക മണ്ഡലങ്ങളിലൂടെ ന്യൂനപക്ഷ താൽപര്യങ്ങളെ സംരക്ഷിക്കുക എന്നിവ. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരുടെ നിലവിലുള്ള അവകാശങ്ങളെ സംരക്ഷിക്കുന്നതിലുള്ള ആശയക്കുഴപ്പം കാരണം നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ്​ ഇന്ത്യൻ കേന്ദ്ര ഭരണകൂടത്തെയും ഒന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഫെഡറൽ വ്യവസ്​ഥകൾ ഉടൻ നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല. എങ്കിലും 1937 ഫെബ്രുവരിയിൽ പ്രവിശ്യാ സ്വയംഭരണം യാഥാർഥ്യമാകുകയും തെര​െഞ്ഞടുപ്പ്​ നടത്തുകയും ചെയ്​തു. ബ്രിട്ടീഷ്​ പാർലമെൻറിൽ ഇന്ത്യക്കുവേണ്ടി പാസാക്കിയ ഏറ്റവും വലിയ നിയമമാണ്​ ഗവൺമെൻറ്​ ഒാഫ്​ ഇന്ത്യ ആക്​ട്​. ഇന്ത്യൻ ഭരണഘടന ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്​ ഇൗ നിയമത്തോടാണ്​. മൂന്നാംഘട്ട വട്ടമേശ സമ്മേളനത്തി​െൻറ അന്ത്യത്തിൽ പുറപ്പെടുവിച്ച ധവളപ​ത്രത്തി​െൻറ (1933) അടിസ്​ഥാനത്തിൽ പാസാക്കിയതാണ്​ ‘ഗവൺ​െമൻറ്​ ഒാഫ്​ ഇന്ത്യ ആക്​ട് 1935’. ഇൗ ആക്​ട്​ ഇന്ത്യയിൽ ഫെഡറൽ മാതൃകയിലുള്ള ഒരു ഭരണകൂടത്തിന്​ വ്യവസ്​ഥചെയ്​തു. വെല്ലിങ്​ടൺ പ്രഭു ആയിരുന്നു ഗവൺമെൻറ്​ ഒാഫ്​ ഇന്ത്യ ആക്​ട്​ പാസാക്കുന്ന സമയത്തെ വൈസ്രോയി. ഇതിൽ സംസ്ഥാനങ്ങൾക്ക്​ സമ്പൂർണ സ്വയംഭരണം വ്യവസ്​ഥചെയ്യുന്നു. ഇൗ നിയമത്തിലൂടെ പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കുകയും പകരം കേന്ദ്രീകൃത ഭരണ സംവിധാനം ആവിഷ്​കരിക്കുകയും ചെയ്​തു. 

മി​േൻറാ മോർലി ഭരണപരിഷ്​കാരം
മി​േൻറാ മോർലി ഭരണപരിഷ്​കാരത്തെ ‘ഇന്ത്യൻ കൗൺസിൽ ഒാഫ്​ ആക്​ട്​  1909’ എന്നും പറയുന്നു. മി​േൻറാ മോർലി പരിഷ്​കാരം നടപ്പാക്കിയത്​ ബ്രിട്ടീഷ്​ വൈസ്രോയി ആയിരുന്ന മി​േൻറാ പ്രഭു ആയിരുന്നു. പരിഷ്​കാരത്തിൽ പ്രധാന പങ്കുവഹിച്ച സ്​റ്റേറ്റ്​ സെക്രട്ടറി ജോൺ മോർലി ആണ്​. ഇവർ രണ്ടുപേരും ഒരുമിച്ച്​ പുതിയ നിയമ നിർമാണ സമിതി പരിഷ്​കരണ പദ്ധതി തയാറാക്കി.  ഇൗ ഭരണപരിഷ്​കാരത്തിലൂടെ ഭരണമേഖലയിൽ വൈസ്രോയിയുടെ എക്​സിക്യൂട്ടിവ്​ കൗൺസിലിലേക്ക്​ ഒരു ഇന്ത്യക്കാര​െനയും സെക്രട്ടറി ഒാഫ്​ സ്​റ്റേറ്റ് കൗൺസിലിലേക്ക്​ രണ്ട്​ ഇന്ത്യക്കാരെയും നിയമിച്ചു. കൂടാതെ, മുസ്​ലിം വിഭാഗങ്ങൾക്ക്​ പ്രത്യേക മണ്ഡലം അനുവദിച്ച ഭരണ പരിഷ്​കാരമാണ്​ മി​േൻറാ മോർലി ഭരണ പരിഷ്​കാരം. 1909ലെ മി​േൻറാ മോർലി ഭരണപരിഷ്​കാരവും 1919ലെ മൊഗേണ്ടു ^ചെംസ്​ ഫോർഡ്​ പരിഷ്​കാരവും 1935ലെ ഗവൺമെൻറ്​ ഒാഫ്​ ഇന്ത്യ ആക്​ടും അടിസ്​ഥാന നിയമമായി കണക്കാക്കിയിരുന്നു.    

റിപ്പബ്ലിക്​ ദിന പരേഡിലെ മുഖ്യാതിഥി
1950 മുതൽ  റിപ്പബ്ലിക്​ ദിന പരേഡി​ൽ അതിഥികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 1950 മുതൽ 1954 വരെ ഡൽഹിയിൽതന്നെ വിവിധ സ്​ഥലങ്ങളിലായിരുന്നു പ്രധാന ആഘോഷങ്ങൾ. ഇർവിൻ സ്​​േറ്റഡിയവും കിങ്​സ്​വെയും ചെ​േങ്കാട്ടയും രാമലീല മൈതാനവുമെല്ലാം റിപ്പബ്ലിക്​ ദിന പരേഡിന്​ സാക്ഷിയായി. 1955 മുതലാണ്​ ആഘോഷ പരിപാടികൾ രാജ്​പഥിൽ നടത്താൻ തുടങ്ങിയത്​. രാജ്യത്തി​​െൻറ സാമ്പത്തിക രാഷ്​ട്രീയ നയതന്ത്ര താൽപര്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ അതിഥികളെ ക്ഷണിക്കാറ്​. 

സൈനിക പരേഡ്​
റിപ്പബ്ലിക്​ ദിവസത്തി​െൻറ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്താറുണ്ട്​​. സൈനിക പരേഡ് രാഷ്​ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കര, നാവിക, വ്യോമസേനകൾ അവരുടെ ഔദ്യോഗിക വേഷത്തിൽ പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തി​െൻറ പരമോന്നത നേതാവായ രാഷ്​ട്രപതി സേനയുടെ സല്യൂട്ട്​ സ്വീകരിക്കും. ഇതുകൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വ്യക്തമാക്കുന്ന വിവിധ പരിപാടികളും ഘോഷയാത്രയും ഈ പരേഡിൽ പ്രദർശിപ്പിക്കാറുണ്ട്​. ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കും. എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളും വർണവൈവിധ്യമാർന്ന സാംസ്​കാരിക ഘോഷയാത്രയിൽ പ​െങ്കടുക്കും. അതതു സംസ്ഥാനങ്ങളുടെ കലാപാരമ്പര്യവും തനതു സംസ്​കാരവും വിളിച്ചോതുന്നതായിരിക്കും ഘോഷയാത്ര. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തും. സ്കൂളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ഭാരതത്തി​െൻറ ദേശീയപതാക ഉയര്‍ത്താന്‍ പറ്റുന്ന രണ്ടു ദിവസങ്ങള്‍ സ്വാതന്ത്ര്യദിനമായ ആഗസ്​റ്റ്​ 15 ഉം റിപ്പബ്ലിക് ദിനമായ ജനുവരി 26ഉം ആണ്​​. 

സമാപന ചടങ്ങുകൾ (ബീറ്റിങ്​ റിട്രീറ്റ്​)
റിപ്പബ്ലിക്​ ആഘോഷങ്ങൾ അവസാനിക്കുന്നത്​ റിപ്പബ്ലിക്​ ദിനം കഴിഞ്ഞ്​ മൂന്നു ദിവസത്തിനുശേഷമാണ്​. അതായത്​, രാജ്യത്തെ റിപ്പബ്ലിക്​ ദിന ആഘോഷങ്ങൾ മൂന്നുദിനം നീണ്ടുനിൽക്കുന്നത​ാ​െണന്നർഥം. ജനുവരി 29 വൈകുന്നേരമാണ്​ പ്രൗഢഗംഭീരമായ സമാപന ചടങ്ങുകൾ നടക്കുക. ഇന്ത്യൻ വ്യോമ^നാവിക^കര സേനകൾ ഒരുമിച്ചാണ്​ സമാപന ചടങ്ങുകളിലും പ​െങ്കടുക്കുക.  സൈനിക പരേഡി​െൻറ മുഖ്യാതിഥി രാഷ്​ട്രപതി ആയിരിക്കും. മൂന്നുസേനകളിൽനിന്നും രാഷ്​ട്രപതി സല്യൂട്ട്​ സ്വീകരിക്കും. ദേശീയഗാനം ചൊല്ലിയശേഷം ദേശഭക്തിഗാനങ്ങളും അവതരിപ്പിക്കും. സൈനിക പരേഡിൽ വിവിധ സേനകളുടെ ബാൻഡ്​മേളവും മറ്റും ഉണ്ടാകും.  

ഭരണഘടന
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാഷ്​ട്രത്തി​െൻറ ഘടന നിർണയിക്കുകയും എപ്രകാരം പ്രവർത്തിക്കണമെന്ന്​ അനുശാസിക്കുകയും ചെയ്യുന്ന മൗലിക നിയമങ്ങളുടെ സമാഹാരമായാണ്​​ ഭരണഘടനയെ വിലയിരുത്തുന്നത്​.  ഭരണഘടനാനുസൃതമായി പുതിയ നിയമങ്ങൾ എപ്രകാരം നിയമിക്കണം, നടപ്പാക്കണം നിയമലംഘനം നടത്തുന്നവരെ എങ്ങനെ ശിക്ഷിക്കണം എന്നിവ ഭരണഘടനയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്​. ഭരണഘടനക്ക്​ സവിശേഷമായ ആറു അടിസ്​ഥാന തത്ത്വങ്ങളുണ്ട്​. ജനകീയ പരമാധികാരം. മൗലികാവകാശങ്ങൾ, രാഷ്​ട്ര നയ നിർദേശക തത്ത്വങ്ങൾ, സ്വതന്ത്ര നീതിന്യായ വ്യവസ്​ഥ, ഫെഡറൽസ​മ്പ്രദായം, കാബിനറ്റ്​ സ​മ്പ്രദായം എന്നിവ. രാജ്യത്തെ അടിസ്ഥാന രാഷ്​ട്രീയ തത്ത്വങ്ങളുടെ നിർവചനം, ഗവൺമെൻറ്​ സംവിധാനത്തി​െൻറ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗര​െൻറ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്​ട്ര ഭരണത്തിനായുള്ള നിർദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെക്കുന്നു. പരമാധികാര രാഷ്​ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടേത്​. ലോകത്തിലെ ഏറ്റവും ചെറിയതും എഴുതപ്പെട്ടിട്ടുള്ളതിൽ വെച്ച്​ ഏറ്റവും പഴക്കവുമുള്ള ഭരണഘടന അമേരിക്കയുടേതാണ്​.  ബ്രിട്ടന​​ും ഇ​സ്ര​േയലുമാണ്​ ലോകത്തിലെ അലിഖിത ഭരണഘടനയുള്ള പ്രധാനരാജ്യങ്ങൾ. ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ, ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും, എട്ടു പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോൾ, 444ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഇന്ത്യയുടേതുതന്നെ.

റിപ്പബ്ലിക്കുകൾ
പ്രത്യേക ഭരണഘടനക്ക്​ കീഴിൽ രാജ്യത്തെ ഭരണം നിർവഹിക്കുന്നതിനുള്ള രാഷ്​ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സ​മ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളാണ്​ റിപ്പബ്ലിക്കുകൾ. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്​ട്രത്തി​െൻറ അവിഭാജ്യ ഘടകമായി സംയോജിപ്പിക്കുന്ന ഫെഡറൽ സ​മ്പ്രദായത്തിലുള്ള രാഷ്​ട്രമാണ്​ ഇന്ത്യ. പൊതു തെരഞ്ഞെടുപ്പുകളിലൂടെ നിശ്ചിത കാലത്തിനുശേഷം സ്​റ്റേറ്റി​െൻറ അധികാരം പുതുക്കുന്നു. രാഷ്​ട്രത്തലവനായ പ്രസിഡൻറി​െനയും ഭരണത്തലവനായ ​പ്രധാനമന്ത്രിയെയും ജനങ്ങൾ ത​െന്ന തെരഞ്ഞെടുക്കുന്ന രീതി നിലനിൽക്കുന്ന രാജ്യങ്ങൾ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കാണ്​. 
 
ഡെമോക്രാറ്റിക്​ റിപ്പബ്ലിക്​ 
ഡെമോക്രാറ്റിക്​ റിപ്പബ്ലിക്​  ഭരണകൂടത്തിൽ ജനാധിപത്യ രാജ്യങ്ങളുടെയും റിപ്പബ്ലിക്​ രാജ്യങ്ങളുടെയും തത്ത്വങ്ങൾ അടിസ്​ഥാനമാക്കി നില​െകാള്ളുന്ന രാജ്യങ്ങളാണ്​. കമ്യൂണിസ്​റ്റ്​ രാജ്യങ്ങളും മറ്റു കോളനി രാജ്യങ്ങളും ഇൗ രീതിയിലാണ്​ ഭരണം നടത്തുന്നത്​. രണ്ടു വ്യത്യസ്​തങ്ങളായ തത്ത്വങ്ങള​ുടെ അടിസ്​ഥാനമൂല്യങ്ങൾ മാത്രം ഉൾക്കൊണ്ടുള്ള ഭരണഘടനയാണ്​ ഇൗ രാജ്യങ്ങളുടേത്​. എല്ലാ അധികാരങ്ങളും രാജ്യത്തെ തദ്ദേശീയമായ ജനങ്ങൾക്കും പ്രതിനിധികൾക്കും ലഭിക്കുന്ന ഭരണകൂടസംവിധാനമാണ്​ ഡെമോക്രാറ്റിക്​ റിപ്പബ്ലിക്​. ഡെമോക്രാറ്റിക്​ റിപ്പബ്ലിക്​ രാജ്യങ്ങൾക്ക്​ ഉദാഹരണങ്ങൾ: പീപ്​ൾസ്​ ഡെമോക്രാറ്റിക്​ റിപ്പബ്ലിക്​ ഒാഫ്​ അൾജീരിയ, ഡെമോക്രാറ്റിക്​^ റിപ്പബ്ലിക്​ ഒാഫ്​ കോം​ഗോ, ലാവോസ്​, നേപ്പാൾ.

കോൺസ്​റ്റിറ്റ്യൂഷനൽ റിപ്പബ്ലിക്​
രാഷ്​ട്രത്തലവൻ, ഉദ്യോഗസ്​ഥർ എന്നിവ​െ​ര ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നു. എക്​സിക്യൂട്ടിവ്​, ലെജി​േസ്ലറ്റിവ്​, ജുഡീഷ്യൽ അധികാരങ്ങൾ, വ്യത്യസ്​ത വ്യക്​തികൾ കൈകാര്യം ചെയ്യും. ഭരണാധികാരികൾ തെരഞ്ഞെടുക്കപ്പെടുന്നവരാണ്​. അധികാര കാലം നിയമത്തി​െൻറ പരിധിയിലാണ്​. കോൺസ്​റ്റിറ്റ്യൂഷനൽ റിപ്പബ്ലിക്​ രാജ്യങ്ങളിൽ റിപ്പബ്ലിക്​, എക്​സിക്യൂട്ടിവ്​, ലെജി​േസ്ലറ്റിവ്​, ജുഡീഷ്യൽ എന്നീ അധികാരകേന്ദ്രങ്ങൾ വിവിധങ്ങളായി പ്രവർത്തിക്കുന്നു. ഘാന, ഹോണ്ടുറസ്​ തുടങ്ങിയ രാജ്യങ്ങൾ കോൺസ്​റ്റിറ്റ്യൂഷനൽ റിപ്പബ്ലിക്​ സ​മ്പ്രദായം പിന്തുടർന്നുപോരുന്നു. 

പാർലമെൻററി റിപ്പബ്ലിക്​
തെരഞ്ഞെടുപ്പിലൂ​െട രാഷ്​ട്രത്തലവനെ തിരഞ്ഞെടുക്കുന്നു. രാഷ്​ട്രത്തലവന​ും ഭരണത്തലവനും വ്യത്യസ്​ത വ്യക്തികളായിരിക്കും. പാർലമെൻറ്​ തെരഞ്ഞെടുക്കുന്ന ഭരണത്തലവനാണ്​ കൂടുതൽ അധികാരങ്ങൾ. ജർമനി, ഗ്രീസ്​, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ പാർലമെൻററി റിപ്പബ്ലിക്​ സ​മ്പ്രദായം പിന്തുടരുന്നു.                                            

ഫെഡറൽ റിപ്പബ്ലിക്​
റിപ്പബ്ലിക്കൻ സ​മ്പ്രദായമുള്ള രാജ്യങ്ങൾ കൂടുതലും ഇൗ രീതിയിലുള്ള ഭരണ സ​മ്പ്രദായമാണ്​. സംസ്​ഥാന ഗവൺമെൻറുകളുടെ സംയുക്​ത ഭരണംനടക്കുന്ന, റിപ്പബ്ലിക്കൻ രൂപത്തിലുള്ള കേന്ദ്രഗവൺമെൻറ്​ ഉൾപ്പെടുന്ന സംവിധാനമാണ്​ ഫെഡറൽ റിപ്പബ്ലിക്​.
ജനങ്ങൾക്ക്​ കൂടുതൽ അവകാശങ്ങളും അധികാരങ്ങളുമുള്ള ഭരണ സ​മ്പ്രദായമാണിവിടെ. അതായത്​ ജനാധിപത്യ രാജ്യങ്ങൾ. ഒരു ഫെഡറൽ റിപ്പബ്ലിക്കി​െൻറ അധികാരഘടനയിൽ പ്രാദേശിക സർക്കാരുകളും ദേശീയ ഗവൺമെൻറും ഉൾക്കൊള്ളുന്നു. പല രാജ്യങ്ങൾക്കും ഫെഡറൽ റിപ്പബ്ലിക്കൽ ഗവൺമെൻറ് ഉണ്ട്.  
ഉദാഹരണമായി റിപ്പബ്ലിക്​ ഓഫ് ഇന്ത്യ, റിപ്പബ്ലിക്​ ഓഫ് ഓസ്ട്രിയ, ഫെഡറൽ റിപ്പബ്ലിക്​ ഓഫ് ബ്രസീൽ, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്​ ഓഫ് എത്യോപ്യ, ഫെഡറൽ റിപ്പബ്ലിക്​ ഓഫ് ജർമനി, തുടങ്ങിയവ.

പീപ്​ൾസ്​ റിപ്പബ്ലിക്
പൊതു തെരഞ്ഞെടുപ്പില്ലാത്ത ജനാധിപത്യരീതി പിന്തുടരുന്ന രാജ്യങ്ങളാണ്​ പീപ്​ൾസ്​ റിപ്പബ്ലിക്​. ഒന്നാം ലോകയുദ്ധത്തിനുശേഷം ചില യൂറോപ്യൻ പ്രദേശങ്ങളാണ്​ ആദ്യമായി പീപ്​ൾസ്​ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത്​. കമ്യൂണിസമോ സോഷ്യലിസമോ പിന്തുടർന്നു​േപാന്ന രാജ്യങ്ങളാണ്​​ പീപ്​ൾസ്​ റിപ്പബ്ലിക്​ സ്വീകരിച്ചത്​. സോവിയറ്റ്​ യൂനിയൻ, പീപ്​ൾസ്​ റിപ്പബ്ലിക്​ ഒാഫ്​ ചൈന എന്നിവ അക്കാലത്ത്​ പീപ്​ൾസ്​ റിപ്പബ്ലിക്​ രീതി സ്വീകരിച്ചുപോന്നു. 

ഇസ്​ലാമിക റിപ്പബ്ലിക്​
ഇസ്​ലാമിക നിയമം അടിസ്​ഥാനമാക്കിയുള്ള ഭരണമാണ്​ ഇസ്​ലാമിക്​ റിപ്പബ്ലിക്​ രാജ്യങ്ങൾ പിന്തുടരുന്നത്​. ഇവയുടെ പേരിനുമുന്നിൽ ഇസ്​ലാമിക്​ റിപ്പബ്ലിക്​ എന്ന്​ ഒൗദ്യോഗികമായി ചേർത്തിരിക്കുന്നു.