കായികം
കോഹ്ലിയും കൈഫും കൗമാര കിരീടങ്ങളും
  • കെ.പി.എം. റിയാസ്​
  • 10:25 AM
  • 08/01/2018

മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ് അവസാന അന്താരാഷ്​ട്ര മത്സരം കളിച്ച് രണ്ടു വർഷം കഴിഞ്ഞാണ് വിരാട് കോഹ്​ലി ദേശീയ ക്രിക്കറ്റ് ടീമിൽ അരങ്ങേറുന്നത്. കളിയുടെ കാര്യത്തിൽ ഇരുവർക്കും വ്യത്യസ്ത ശൈലികളാണെങ്കിലും തമ്മിലൊരു സാമ്യമുണ്ട്. ഇന്ത്യക്ക് ലോക കിരീടങ്ങൾ നേടിക്കൊടുത്തവരാണിവർ. വ്യക്തമായിപ്പറഞ്ഞാൽ അണ്ടർ 19 ലോകകപ്പ് വിജയങ്ങളിൽ നെടുനായകത്വം വഹിച്ച രണ്ടുപേർ. മൂന്നു തവണയാണ് ഇന്ത്യ കൗമാരകിരീടം നേടിയത്. 2000ത്തിൽ കൈഫിന് കീഴിൽ ആതിഥേയരായ ശ്രീലങ്കയെ ആറു വിക്കറ്റിന് തോൽപിച്ചു. യുവരാജ് സിങ്ങുമുണ്ടായിരുന്നു അന്നത്തെ ടീമിൽ. 2006ൽ പാകിസ്താനോട് ഫൈനലിൽ വീണു. രണ്ടാമത്തെ കപ്പ് 2008ൽ കോഹ്​ലിക്കു കീഴിൽ. മലേഷ്യയിൽ അരങ്ങേറിയ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 12 റൺസിനാണ് തോൽപിച്ചത്.  2012ൽ ഉന്മുക്ത് ചന്ദിെൻറ ഊഴമായിരുന്നു. ആസ്ട്രേലിയയെ അവരുടെ നാട്ടിൽ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് മൂന്നാം കിരീടം. 2016ൽ വീണ്ടും ഫൈനലിൽ പ്രവേശിച്ചെങ്കിലും വെസ്​റ്റിൻഡീസിനോട് അഞ്ചു വിക്കറ്റ് തോൽവി ഏറ്റുവാങ്ങി.
1988ലാണ് ആദ്യമായി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് നടന്നത്. ആതിഥേയരായ ആസ്ട്രേലിയയായിരുന്നു പ്രഥമ ജേതാക്കൾ. അടുത്തതിന് പ​േക്ഷ 10 വർഷം കാത്തിരിക്കേണ്ടിവന്നു. 1998 മുതൽ രണ്ടു വർഷം കൂടുമ്പോൾ കൗമാര ലോകപോരാട്ടം അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയും ആസ്ട്രേലിയയും മൂന്നു തവണ വീതം കിരീടം നേടിയിട്ടുണ്ട്. അണ്ടർ 19 ലോകകപ്പിെൻറ 12ാം എഡിഷന് ജനുവരി 13ന് ന്യൂസിലൻഡിൽ തുടക്കമാവും. അഭിഷേക് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം അവിടെ എത്തിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണ് പരിശീലകൻ.