നാളറിവ്
കൊതുകുകൾ കൊലയാളികളാകു​​േമ്പാൾ
  • 02:27 PM
  • 23/04/2018

ഏപ്രിൽ 25 ^ലോക മലേറിയ ദിനം

പ്രത്യേകതരം കൊതുകുകൾ പകർത്തുന്ന രോഗമാണ് മലേറിയ അഥവാ മലമ്പനി. അനോഫിലിസ്​ വിഭാഗത്തിൽപെടുന്ന കൊതുകുകളാണ് രോഗവാഹകർ. ഏകകോശ ജീവികളായ ഫൈലം േപ്രാട്ടോസോവ വിഭാഗത്തിലെ പ്ലാസ്​മോഡിയം ജനുസ്സിലുള്ള ഒരുതരം പരാദങ്ങളാണ് രോഗകാരണം. ഈ പരാദങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തത്തിൽ എത്തിപ്പെടുകയും അവിടെവെച്ച് പെരുകുകയും ചെയ്യുന്നതോടെയാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. രോഗമുള്ളയാളെ അനോഫിലിസ്​ വിഭാഗത്തിൽപെട്ട കൊതുക് കടിക്കുകയും രക്തത്തിലൂടെ ഈ പരാദങ്ങൾ കൊതുകിലൂടെ അടുത്ത വ്യക്തിയിലേക്ക് എത്തുകയും അവിടെവെച്ച് പെരുകുകയും ചെയ്യുമ്പോൾ പുതിയൊരാൾകൂടി രോഗത്തി​െൻറ പിടിയിലാകുന്നു

ഒരുകാലത്ത്​ മനുഷ്യരാശിയെ ഭയത്തി​െൻറ മുൾമുനയിൽ നിർത്തിയ രോഗമാണ്​ ​മലേറിയ അഥവാ മലമ്പനി. എന്നാൽ, വൈദ്യശാസ്​ത്രത്തി​െൻറ മുന്നേറ്റത്തോടെ ഫലപ്രദമായ മരുന്നുകൾ  വികസിപ്പിക്കാനും രോഗത്തെ നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ട്​. എങ്കില​​ും, സൂക്ഷ്​മത പുലർത്തിയില്ലെങ്കിൽ എളുപ്പത്തിൽ പിടിപെടുകയും കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മരണകാരണമായി തീരുകയും ചെയ്യുന്ന രോഗമാണിത്​. രോഗത്തി​െൻറ ഗൗരവം കണക്കിലെടുത്ത്​ ലോകാരോഗ്യ സംഘടന മലേറിയ നിയന്ത്രണത്തിനായി വൻതോതിലുള്ള പ്രതിരോധ^ബോധവത്​കരണ പരിപാടികളാണ്​ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്​. 
1951ൽ ലോകാരോഗ്യ സംഘടന ഏഷ്യൻ രാജ്യങ്ങളിൽ മലമ്പനി നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ തുടക്കംകുറിച്ചെങ്കിലും രോഗനിർമാർജനം ഒരു ആഗോളലക്ഷ്യമായി അംഗീകരിക്കുന്നതും പ്രഖ്യാപിക്കുന്നതും 1955ലാണ്​. തുടർന്നാണ്​ എല്ലാ വർഷവും ഏപ്രിൽ 25ന്​ ലോക മലേറിയ ദിനമായി ആചരിക്കുന്നത്​. 

പരാദങ്ങള്‍ അഞ്ചുതരം

മലേറിയ രോഗം പരത്തുന്ന പരാദങ്ങളെ അഞ്ചായി വേര്‍തിരിച്ചിട്ടുണ്ട്. 

1. പ്ലാസ്മോഡിയം ഫാല്‍സിപാരം (Plasmodium falciparum) എന്ന പരാദം 
തലച്ചോറിനെ ബാധിക്കുന്ന ഏറ്റവും മാരകമായ മലമ്പനി (Cerebral malaria) ഉണ്ടാക്കുന്നു. 
2. പ്ലാസ്മോഡിയം നോവേല്‍സി (Plasmodium knowlesi) എന്ന പരാദം കുരങ്ങുകളിലാണ് രോഗം കൂടുതലായി പരത്തുന്നതെങ്കിലും ഇവ മനുഷ്യരിലും മലമ്പനി ഉണ്ടാക്കാം. 
3. പ്ലാസ്മോഡിയം വിവാക്സ് (Plasmodium vivax ).
4. പ്ലാസ്മോഡിയം ഒവൈല്‍ (Plasmodium ovale).
5. പ്ലാസ്മോഡിയം മലേറിയ (Plasmodium malaria)

കണ്ടെത്തിയത്​ ഇന്ത്യയിൽ; 
മരണം കൂടുതൽ ആഫ്രിക്കയിൽ

1897ൽ സെക്കന്ദരാബാദിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന പ്രമുഖ ശാസ്​ത്രജ്​ഞനായ സർ റൊണാൾഡ് റോസ് ആണ്​ അനോഫിലിസ് സ്​റ്റിഫൻസി എന്നയിനം പെൺകൊതുകുകളുടെ ആമാശയ ഭിത്തിയിൽനിന്ന്​ പ്ലാസ്മോഡിയത്തി​െൻറ ഊസിസ്​റ്റുകളെ (Oocysts) വേർതിരിച്ചെടുത്തത്. 
മലമ്പനി ബാധിച്ച രോഗികളെ കടിച്ച കൊതുകുകളെ പരിശോധിക്ക​ുക വഴിയാണ്​ ഇൗ പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള സുപ്രധാന കണ്ടുപിടിത്തം അദ്ദേഹം നടത്തിയത്​. 1880ൽ ഫ്രഞ്ച് പട്ടാളത്തിൽ ഡോക്​ടറായി ജോലിചെയ്​തിരുന്ന ലാവേരൻ ആണ്​ പ്ലാസ്മോഡിയം എന്ന പരാദത്തെ കണ്ടെത്തിയതും മലമ്പനിയുണ്ടാക്കുന്നത്​ ഇൗ പരാദങ്ങളാണെന്ന് തിരിച്ചറിഞ്ഞതും. 
ആഫ്രിക്കയിലെ അൽജിയേഴ്​സിൽ വെച്ചായിര​ുന്നു ഇത്​. ലാവേര​െൻറ കണ്ടുപിടിത്തത്തി​െൻറ ചുവടുപിടിച്ചാണ്​ സർ റൊണാൾഡ് റോസ് ​െകാതുകുകളിൽ പരീക്ഷണം നടത്തി രോഗം പകരുന്നത്​ എങ്ങനെയെന്ന്​ കണ്ടെത്തിയത്​. ഭൂമധ്യരേഖയോടു​ ചേർന്ന്​ സ്​ഥിതിചെയ്യുന്ന രാഷ്​ട്രങ്ങളിലാണ്​ മലമ്പനി കൂടുതലായി ക​ണ്ടുവരുന്നത്​. അതുകൊണ്ടുതന്നെ ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളാണ്​ രോഗഭീഷണി കൂടുതലായി നേരിടുന്നത്​.

​രോഗിയുടെ ശരീരത്തിൽ സംഭവിക്കുന്നത്​
രോഗിയെ കടിച്ച കൊതുക്​ മറ്റൊരാളെ കടിക്കു​േമ്പാൾ കൊതുകി​െൻറ ഉമിനീരിലൂടെ രക്തത്തിലെത്തുന്ന പരാദങ്ങൾ കടിയേറ്റ വ്യക്തിയുടെ കരളി​െൻറ കോശങ്ങളിൽ പ്രവേശിക്കുകയും അവിടെ അവ പെരുകുകയും ചെയ്യുന്നു. തുടർന്ന്​ കരളി​െൻറ കോശം നശിക്കുമ്പോൾ അത്‌ പരാദങ്ങളെ പുറത്തുവിടുന്നു. പിന്നീട്​ ഇവ വ്യക്തിയുടെ രക്തത്തിലെ ചുവപ്പു രക്താണുക്കളെ ആക്രമിക്കാൻ തുടങ്ങുകയും അവിടെ പെരുകുകയും ചെയ്യുന്നു. അങ്ങനെ മലമ്പനി പരാദങ്ങൾ ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു ചുവന്ന രക്താണു നശിക്കുമ്പോൾ, വീണ്ടും അത്‌ പരാദങ്ങളെ പുറത്തുവിടുകയും അത്‌ കൂടുതൽ ചുവപ്പു രക്താണുക്കളെ ആക്രമിക്കുകയും ചെയ്യും. ഇതോടെ വ്യക്തി രോഗബാധിതനാകുന്നു. ചുവപ്പു രക്താണുക്കളുടെ ആക്രമണവും അവയുടെ നാശവും തുടർന്നുകൊണ്ടേയിരിക്കും. ഓരോ പ്രാവശ്യവും ചുവപ്പു രക്താണുക്കൾ നശിക്കുന്നതനുസരിച്ച് രോഗത്തി​െൻറ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നു.

ഇടവിട്ടുള്ള പനി​ പ്രധാന ലക്ഷണം
വിറയലോടുകൂടിയ കടുത്ത പനി, വിട്ടുമാറാത്ത തലവേദന, ശരീരവേദന, ശരീരം വിയർക്കൽ, ഓക്കാനം, ഛർദി, പ്ലീഹയുടെ വലുപ്പം വർധിക്കൽ, രക്തത്തിൽ ബിലിറുബിൻ വർധിച്ച്​ തൊലി മഞ്ഞനിറമാകുക, രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം വർധിക്കുക, സന്ധി വേദന, വിളര്‍ച്ച, മൂത്രത്തി​െൻറ നിറംമാറ്റം തുടങ്ങിയവയാണ്​ പ്രധാന ലക്ഷണങ്ങൾ. ഭൂരിപക്ഷം രോഗികളിലും ഇടവിട്ടുള്ള പനിയും ചിലരിൽ വിട്ടുമാറാത്ത പനിയും കാണപ്പെടും.
പൊതുവെ ലക്ഷണങ്ങളും ചികിത്സയും സമാന സ്വഭാവമുള്ളതാണെങ്കിലും മലേറിയ പലതരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിൽ മാരകമായ സെറിബ്രൽ മലേറിയ തലച്ചോറിൽ വീക്കമുണ്ടാക്കുകയും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യുന്നു. ഇൗ അവസ്​ഥയിൽ രോഗിക്ക്​ കണ്ണുകൾ രണ്ടും ഒരേ ദിശയിൽ നീക്കാൻ കഴിയാതെവരു​കയോ അബോധാവസ്​ഥയിലാവുകയോ ചെയ്യാം. 
ഇവയിൽ ഏ​തെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ വിദഗ്​ധ ചികിത്സ തേടേണ്ടതാണ്​. ദൂരയാത്രക്കു ശേഷവും മലേറിയ രോഗം പരിസരത്ത്​ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിലും പനി വന്നാൽ പ്രത്യേകം ശ്രദ്ധിക്കണം.


പേരിട്ടത്​ ഇറ്റലിക്കാർ
രണ്ടു നൂറ്റാണ്ടു മുമ്പ്​ ഇറ്റലിയിലുള്ളവരാണ്​ രോഗത്തിന്​ മലേറിയ എന്ന്​ പേരിട്ടത്​. ചതുപ്പു നിലങ്ങൾക്ക്​ സമീപം താമസിക്കുന്നവരിൽ രോഗബാധ കൂടുതലായി കാണപ്പെട്ടതിനെ തുടർന്ന്​ രോഗകാരണം ചതുപ്പുനിലങ്ങളിലെ മാലിനമായ വായുമൂലമാണെന്ന്​ തെറ്റിദ്ധരിച്ചായിരുന്നു പേരിടൽ നടന്നത്​. മലിനമായ വായു  bad air അഥവാ mal air എന്നീ പദങ്ങൾ സം​േ​യാജിപ്പിച്ചാണ്​ Malaria എന്ന പേരുണ്ടായത്​. 

ചികിത്സിച്ചുമാറ്റാം എളുപ്പത്തിൽ
തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ മുഴുവനായി ചികിത്സിച്ചുമാറ്റാവുന്ന രോഗമാണ്​ ഇന്ന്​ മലേറിയ. ആദ്യകാലത്ത്​ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഇൗ രോഗത്തിന്​ നിരവധി മരുന്നുകൾ ലഭ്യമാണ്​. രക്തപരിശോധനയിലൂടെ രോഗം സ്​ഥിരീകരിച്ചുകഴിഞ്ഞാൽ ചികിത്സയും വിശ്രമവുംകൊണ്ട്​ ​രോഗത്തെ എളുപ്പത്തിൽ അതിജീവിക്കാം. ക്വിനൈൻ, ക്ലോറോക്വിൻ, ഡോക്സിസൈക്ലിൻ, മെഫ്ലോക്വിൻ, പ്രൈമാക്വിൻ, പ്രൊഗ്വാനിൽ, സൾഫാഡോക്സിൻ, പൈറിമെത്തമിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ, ആർതെമിസ്സിനിൻ എന്നിവയാണ്​ പ്രചാരത്തിലുള്ള മര​ുന്നുകൾ. രോഗത്തി​െൻറ സ്വഭാവവും കാഠിന്യവും അനുസരിച്ചാണ്​ മരുന്നുകൾ നിശ്ചയിക്കുന്നത്​. 
കൊതുകിനെ തുരത്തലാണ്​ പ്രധാനം
രോഗപ്രതിരോധത്തിന്​ വാക്​സിനുകൾ ലഭ്യമല്ലാത്തതിനാൽ രോഗം വരാതെ സൂക്ഷിക്കുകയാണ്​ ​പ്രധാന മാർഗം. ഇതിനായി രോഗം പരത്തുന്ന കൊതുകുകളെ നിർമാർജനം ചെയ്യുകയാണ്​ ആദ്യപടി. പരിസരപ്രദേശങ്ങളിൽ മലേറിയ രോഗത്തി​െൻറ സാന്നിധ്യമുണ്ടായാൽ വ്യാപകമായി കൊതുകു നശീകരണം നടത്തുക, രോഗിയെ നിർബന്ധമായും പ്രത്യേക കൊതുകുവലക്കുള്ളിലാക്കുക, മറ്റുള്ളവരും കൊതുകുവല ഉപയോഗിക്കുക, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുനാശിനികൾ തളിക്കുക, കുറ്റിക്കാടുകളിലും മറ്റും ഫോഗിങ്​ നടത്തുക തുടങ്ങിയവയാണ്​ രോഗം പടരാതിരിക്കുന്നതിനുള്ള മാർഗങ്ങൾ. 
മലമ്പനി ബാധിത പ്രദേശങ്ങളിൽ പോകുന്നവർക്ക്, താൽക്കാലിക പ്രതിരോധത്തിനായി മലമ്പനിക്കെതിരായ മരുന്നുകൾ പ്രതിരോധ മരുന്നായി നൽകുന്ന (Prophylactic treatment) രീതിയും നിലവിലുണ്ട്​. 

​േപടിപ്പെടുത്തുന്ന കണക്കുകൾ
ലോകാരോഗ്യ സംഘടന 2016ൽ പുറത്തുവിട്ട കണക്കുകളനുസരിച്ച്​ ആഗോളതലത്തിൽ 216 ദശലക്ഷം പേർക്ക്​ ​മലേറിയ ബാധിക്കുന്നു. ഇതിൽ 4,45,000 പേർ മരണത്തിന്​ കീഴടങ്ങുന്നു. രോഗംമൂലം സംഭവിക്കുന്ന മൊത്തം മരണത്തി​െൻറ 90 ശതമാനവും ആഫ്രിക്കയിലെ സഹാറ മരുഭൂമിക്ക്​ ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ഉണ്ടാവുന്നത്​. ആഫ്രിക്കയിൽ മാത്രം ഓരോ മിനിറ്റിലും ഒരു കുട്ടി മലമ്പനിമൂലം മരിക്കുന്നുവെന്നാണ്​ കണക്ക്​. ഒാരോ വർഷവും രോഗനിയന്ത്രണത്തിനും ചികിത്സക്കുമായി 2.7 ദശലക്ഷം അമേരിക്കാൻ ഡോളർ അഥവാ ഏകദേശം 1,760 കോടി രൂപയാണ്​ ലോകവ്യാപകമായി ചെലവിടുന്നത്​.

ഗർഭിണികളും കുഞ്ഞുങ്ങളും 
പ്രായമേറിയവരും സൂക്ഷിക്കണം

ഗർഭിണികളും കുഞ്ഞുങ്ങളും പ്രായമേറിയവരും രോഗം ബാധിച്ചാൽ ഉടൻ വിദഗ്​ധ ചികിത്സ തേടണം. ഗർഭിണികളിൽ രോഗംമൂലം ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിക്കാനും കുഞ്ഞിന്​ ക്രമാതീതമായി ഭാരം കുറയാനും ജനിച്ച് ഒരുവർഷത്തിനകം മരിക്കാനും കാരണമാകാറുണ്ട്. കുട്ടികളെയും വാർധക്യത്തിലുള്ളവരെയും രോഗം ബാധിച്ചാൽ അത്‌ മാരകമായേക്കാം.