എന്റെ പേജ്
കുറുപ്പ്​ സാറും പ്രസംഗകയും...
  • കെ.ആർ. മീര
  • 12:11 PM
  • 10/06/2019

സ്കൂളിൽ ഒഴിവു സമയത്തെ ഒളിച്ചുകളിയുടെ തിമിർപ്പിൽ ഓടിക്കയറിയത് ശിവരാമ കുറുപ്പ് സാറി​െൻറ മുന്നിലായിരുന്നു. കളിയാവേശത്തിൽ വിയർപ്പിൽ മുങ്ങി നിൽക്കുന്ന പത്തു വയസ്സുകാരിയോട് പ്രസംഗമത്സരത്തിന് പേരുകൊടുക്കാൻ നിർദേശം. മനസ്സില്ലാ മനസ്സോടെ കളിക്ക് പാതിവഴിയിൽ സുല്ല് പറഞ്ഞ് പ്രസംഗവേദിയിലേക്ക് നടന്നു. ആദ്യമായി ഒരു മത്സരത്തിൽ പങ്കെടുക്കുന്ന അമ്പരപ്പൊന്നുമില്ലാതെ കെ.ആർ. മീരയെന്ന അഞ്ചാം ക്ലാസുകാരി ‘പൊതുമുതൽ നശിപ്പിക്കുന്ന പ്രവണതകൾക്കെതിരെ കുട്ടികൾക്ക് ചെയ്യാൻ കഴിയുന്നത്’ എന്ന വിഷയത്തിൽ കത്തിക്കയറി. അധ്യാപക​െൻറ നിർദേശം പാലിക്കാൻ അന്നാദ്യമായി സ്​​േറ്റ​ജിൽ കയറിയ കുഞ്ഞു മീര പ്രസംഗവേദിയിലെ സ്ഥിരം താരങ്ങളായ ചേച്ചിമാരെ മറികടന്ന് രണ്ടാംസ്ഥാനവും നേടി. അന്ന് അഞ്ച് മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ഒന്നിച്ചാണ് മത്സരം. അതൊരു തുടക്കമായിരുന്നു. അടുത്ത വർഷം വമ്പൻമാരെ വാക്കുകൊണ്ട് തറപറ്റിച്ച് ഒന്നാമതായ മീരയെയും കൂട്ടി ശിവരാമ കുറുപ്പ് മാഷ് ജില്ലാ കലോത്സവത്തിലേക്ക് വണ്ടി കയറി. മാഷി​െൻറ തെരഞ്ഞെടുപ്പ് വെറുതെയായിരുന്നില്ല. പ്രായത്തിലും രൂപത്തിലും പിന്നിലായിരുന്ന മീര പ്രസംഗത്തിൽ ജില്ലയിലും ഒന്നാമതായി. അതൊരു തുടക്കമായിരുന്നു. വരികൾക്കും വാക്കുകൾക്കും പ്രസംഗത്തിനെക്കാൾ ഒഴുക്കും ദൃഢതയും വന്നു. കൈയിൽ കിട്ടിയ പുസ്തകങ്ങളെല്ലാം വായനമുറിയിലെത്തിച്ചു. പകരം കവിതകളും കഥകളും മുറിയിൽനിന്നിറങ്ങി  വന്നു.  കെ.
ആർ. മീരയെന്ന ഗുൽമോഹർ വായനക്കായി പൂത്തുനിന്നു...


അധ്യാപക നിർമിതികൾ
നല്ലൊരു സമൂഹത്തെ സൃഷ്​ടിക്കലാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് തിരിച്ചറിഞ്ഞ അധ്യാപകരാണ് കെ.ആർ. മീരയെന്ന എഴുത്തുകാരിയെ നിർമിച്ചത്. തിരിഞ്ഞുനോട്ടങ്ങളിൽ അവരോട് കടപ്പെട്ടിരിക്കുന്നു. എന്നും റോൾ മോഡലായിരുന്ന രാമചന്ദ്രൻ ഉണ്ണിത്താൻ സാർ, മലയാളം പഠിപ്പിച്ച വിജയമ്മ ടീച്ചറും മാത്യൂസ് സാറും, എഴുത്തിൽ വസന്തമുണ്ടെന്ന് പ്രവചിച്ച പുഷ്പവല്ലി ടീച്ചർ, അരയന്നത്തിനെ ബോർഡിൽ വരച്ച് പകർത്താൻ ആവശ്യപ്പെട്ട ഡ്രോയിങ് സാർ, മുഖം വാടിയാൽ എന്തു പറ്റിയെന്ന് പറഞ്ഞ് ചേർത്തുപിടിക്കുന്ന പേരുകൾക്ക് പ്രസക്തിയില്ലാത്ത നിരവധി മാഷൻമാരും ടീച്ചർമാരും... 
കുട്ടികളിൽ ആത്മവിശ്വാസവും മതിപ്പും നിറക്കുന്നതിൽ അധ്യാപകർ വിജയിക്കുമ്പോഴാണ് ഒരു തലമുറ ഇവിടെ അടയാളപ്പെടുന്നത്.

‘ഒരു കൊച്ചു മാധവിക്കുട്ടിയായി കാണാൻ ആഗ്രഹിക്കുന്നു’
സ്നേഹപൂർവം പുഷ്പവല്ലി ടീച്ചർ

പത്താം തരത്തിലെ ഓട്ടോഗ്രാഫിൽ പ്രിയ അധ്യാപികയെക്കൊണ്ട് അന്ന് ഇങ്ങനെ എഴുതിപ്പിച്ചത് എന്തുകൊണ്ടായിരിക്കുമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പക്ഷേ, ഒന്നുറപ്പുണ്ട്. കണ്ണിൽ മാത്രം നോക്കാതെ മനസ്സിൽ നോക്കി പഠിപ്പിക്കുന്നവരുടെ കൂട്ടത്തിൽ അവരുമുണ്ടായിരുന്നു.

രണ്ടര വയസ്സിൽ തുടങ്ങിയ സ്കൂൾ കാലം
ജീവിതത്തിലെ നല്ല ഓർമകൾക്ക് പേരാണ് സ്കൂൾ. അച്ഛനും അമ്മയും കോളജ് അധ്യാപകരായതിനാൽ അവർ ജോലിക്ക് പോകുന്നതിനാൽ തീരെ ചെറുതായപ്പോൾ തന്നെ സ്കൂളിൽ ചേർന്നു. രണ്ടര വയസ്സിലാണ് ശാസ്താംകോട്ടക്ക് സമീപമുള്ള ആഞ്ഞിലിമൂട് പള്ളി വക സ്കൂളിൽ ഇരുത്തിയത്. കുഞ്ഞായതിനാൽ അവിടെനിന്ന് കിട്ടിയ ലാളനയും സ്നേഹവും സ്കൂൾ എന്ന സംവിധാനത്തെത്തന്നെ മധുരമുള്ളതാക്കി മനസ്സിനോട് ചേർത്തുവെപ്പിച്ചു. കുറച്ചു മുതിർന്നപ്പോൾ വീടിനടുത്തുള്ള നഴ്സറി സ്കൂളിലേക്ക് മാറി. പിന്നീട് ശാസ്താംകോട്ട എം.എം.സി പബ്ലിക് സ്കൂളിലായി. കോളജ് അധ്യാപകരുടെ മക്കളായിരുന്നു ഏറെയും. അമ്മയാണ് വായന പരിചയപ്പെടുത്തിയത്. ക്ലാസിൽ ആക്​ടിവായതിനാൽ സ്കൂളുകൾ മാറിയാലും ലീഡർസ്ഥാനം മാറിയില്ല. മൂന്നാംതരം മുതൽ തനിച്ച് സ്കൂളിൽ പോകുമായിരുന്നു. 
അഞ്ചാം തരം മുതൽ കമ്പനാട് സ്കൂളിലേക്ക് മാറി.അച്ഛൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ഥാപനമായതിനാൽ ആ സ്കൂളിനോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു. ആ സ്നേഹമാണ് എന്നിലെ വ്യക്തിയെയും വായനയെയും എഴുത്തുകാരിയെയും വളർത്തിയത്. ഒരു സമൂഹത്തി​െൻറ വളർച്ച അവർക്ക് അവരുടെ സ്കൂളിനോടും അധ്യാപകരോടും തോന്നുന്ന സ്നേഹത്തിൽ നിക്ഷിപ്തമാണ്. 

 

തയാറാക്കിയത്​:

സന്ദീപ്​ ഗോവിന്ദ്​