സ്കൂൾ പച്ച
കുമയോണിലെ നരഭോജികൾ
  • ആഷിഖ്​ മുഹമ്മദ്​
  • 12:16 PM
  • 22/08/2019

ഗ്രാമത്തിൽ പുലിയിറങ്ങിയപ്പോൾ അതിനെ പിടിക്കാൻ രംഗത്തെത്തുന്ന വാറുണ്ണിയെയും മുരുകനെയുമെല്ലാം നാം സിനിമകളിൽ കണ്ടിട്ടുണ്ട്. അബദ്ധങ്ങളിലൂടെ വിജയം സ്വന്തമാക്കുന്ന രസികനായ വേട്ടക്കാരൻ ശിക്കാരി ശംഭുവിനെക്കുറിച്ച്‌ നമ്മൾ വായിച്ചിട്ടുമുണ്ട്. എന്നാൽ, നമ്മുടെ യഥാർഥ ജീവിതത്തിലും സാഹസികരായ നിരവധി വേട്ടക്കാർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. അവരിലൊരാളായിരുന്നു ഇന്ത്യ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കടുവ വേട്ടക്കാരനായ, ബ്രിട്ടീഷ് ഇന്ത്യൻ പൗരത്വമുള്ള ജിം കോർബറ്റ്. കാടറിഞ്ഞ്​ വേട്ടയാടിയിരുന്ന ഈ ചങ്ങാതി ഒന്നാന്തരം എഴുത്തുകാരനുംകൂടിയായിരുന്നു. അദ്ദേഹത്തി​െൻറ വേട്ടക്കഥകൾ തനിമ ഒട്ടും ചോർന്നുപോവാതെ വായനക്കാരിലെത്തിയിട്ടുമുണ്ട്. 
നരഭോജികളായ പുലികളുടെയും കടുവകളുടെയും അന്തകൻ എന്ന നിലയിലാണ് കോർബറ്റ് ഏറെ പ്രശസ്തനായത്. ബ്രിട്ടീഷ് ഭരണകാലത്ത് ഉത്തരാഖണ്ഡിലെ കുമയോൺ (Kumaon Division) ഗ്രാമത്തിലെ ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തുന്നവരെ ടെമ്പിൾ ടൈഗേഴ്‌സ് എന്നറിയപ്പെട്ടിരുന്ന കടുവകൾ ആക്രമിക്കാറുണ്ടായിരുന്നു. ഭീതിയിലാഴ്ന്നിരുന്ന ആ ദേശത്തി​െൻറ രക്ഷകനായി മാറിയത് ജിം കോർബറ്റ് ആണ്. മാത്രമല്ല, ചമ്പാവത്, രുദ്രപ്രയാഗ് എന്നിവിടങ്ങളിലെ നരഭോജിക്കടുവകളെയും കൊന്നത് അദ്ദേഹമായിരുന്നു. കേവലം വിനോദത്തിനു വേണ്ടിയുള്ള വേട്ടകളായിരുന്നില്ല അവയൊന്നും. മനുഷ്യവാസ പ്രദേശങ്ങളിൽ ഇറങ്ങുന്ന നരഭോജിക്കടുവകളെ ഇല്ലാതാക്കാൻ ഭരണകൂടത്തെ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തി​െൻറ ലക്ഷ്യം.
പരിക്കുമൂലം സ്വാഭാവികമായ ഇരതേടൽ സാധ്യമല്ലാത്ത കടുവ, വാർധക്യംമൂലം ഇര തേടാൻ കഴിയാത്ത കടുവ, ആവാസവ്യവസ്ഥയുടെ തകർച്ചമൂലം കാടിറങ്ങുന്ന കടുവ, ഇവയെല്ലാമാണ് മനുഷ്യനെ ആക്രമിക്കുന്നതെന്നും, ഈ മൂന്നു സന്ദർഭങ്ങളിലും ഏറ്റവും എളുപ്പം കിട്ടുന്നത് മനുഷ്യനെയാണെന്നുമാണ് കോർബറ്റ് പറയുന്നത്. നരഭോജി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിൽ സ്വയം തമ്പടിച്ച് അദ്ദേഹം ദൗത്യം ആരംഭിക്കും. തുടർന്ന് കടുവയുടെ രീതികളെല്ലാം മനസ്സിലാക്കിയാണ് വേട്ട. കടുവയുടെ പാദങ്ങളുടെ മണ്ണിൽ പതിഞ്ഞ അടയാളങ്ങളിൽനിന്ന്​ അതി​െൻറ പ്രായം, വലുപ്പം എന്നിവയെല്ലാം മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കാടിനെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും അഗാധ അറിവുള്ള അദ്ദേഹം ഷാർപ് ഷൂട്ടർകൂടിയായിരുന്നു. 1907നും 1946നും ഇടയിലായി 33 നരഭോജി കടുവകളെ അദ്ദേഹം വേട്ടയാടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 1941നു ശേഷം  വേട്ട മതിയാക്കി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും വന്യജീവി സംരക്ഷണത്തി​െൻറ പ്രചാരണത്തിലും അദ്ദേഹം ശ്രദ്ധാലുവായി. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിലകൊള്ളുന്ന ജിം കോർബറ്റ് ദേശീയോദ്യാനത്തിന് ആ പേര് നൽകിയത് അദ്ദേഹത്തി​െൻറ സ്മരണാർഥമാണ്. സ്വന്തം ജീവൻപോലും പണയംവെച്ച് അമ്പെയ്തും നിറയൊഴിച്ചും നരഭോജി കടുവകളെ  വകവരുത്തിയ അദ്ദേഹം എഴുതിയ ‘മാൻ ഈറ്റേഴ്‌സ് ഓഫ് കുമയോൺ’ (Man-Eaters of Kumaon) എന്ന പുസ്തകം ഇന്നും ഏറെ വായിക്കപ്പെടുന്ന ഒന്നാണ്.