പുസ്തക വെളിച്ചം
കാലഹരണമില്ലാത്ത സ്വപ്​നങ്ങൾ
  • പ്രഫ. എം. ഹരിദാസ്​
  • 12:42 PM
  • 06/11/2017

വിശാലഹൃദയവും അതിരില്ലാത്ത ഭാവനയും സഹജീവികളോടുള്ള സ്നേഹവും ഉള്ളവർ കാണുന്ന സ്വപ്​നങ്ങളെല്ലാം അവരുടെ ജീവിതകാലത്തുതന്നെ സഫലമായിക്കൊള്ളണമെന്നില്ല. അനന്തര തലമുറകളിലേക്ക് കൈമാറുന്നതോടെ അവ കാലഹരണം വരാത്തവയായിത്തീരുന്നു എന്നതാണ് അവയുടെ ധന്യത. സമകാലിക കേരളത്തിൽ ഈ മട്ട് ധീരമൗലിക സ്വപ്നങ്ങൾ കാണാനുള്ള വിജ്ഞാനവും ചിന്താശേഷിയും കരുത്തും ആർജിച്ച അപൂർവം വ്യക്തികളിൽ ഒരാളായ ഡോ. എം.പി. പരമേശ്വര​െൻറ ആത്മകഥയുടെ ശീർഷകം ‘കാലഹരണമില്ലാത്ത സ്വപ്​നങ്ങൾ’ എന്നായത് അതിനാൽ ഏറെ അർഥവത്തായിട്ടുണ്ട്. ഗാന്ധിയൻ, മാർക്സിസ്​റ്റ്​, ന്യൂക്ലിയർ ശാസ്​ത്രജ്ഞൻ, ഗ്രന്ഥകാരൻ, ജനകീയ ശാസ്ത്രപ്രചാരകൻ എന്നീ വ്യക്തിത്വ രൂപങ്ങളുടെയെല്ലാം രസാവഹമായ കലർപ്പാണ് ഡോ. എം. പി എന്ന ആദ്യാക്ഷരങ്ങളിൽ കേരളത്തിലെ സാമൂഹിക-രാഷ്​ട്രീയ മണ്ഡലങ്ങളിൽ പ്രസിദ്ധനായ എം.പി. പരമേശ്വരൻ. തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽനിന്ന് പഠനമാരംഭിച്ച അദ്ദേഹം തിരുവനന്തപുരം ഗവ. എൻജിനീയറിങ്​ കോളജിൽനിന്ന് ബിരുദമെടുത്ത് ഇലക്ട്രിക്കൽ എൻജിനീയറായാണ് ജീവിതായോധനത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്.
പല സ്ഥലങ്ങളിൽനിന്നും ജോലി വാഗ്​ദാനം ഉണ്ടായിരുന്നു. പലതും പരീക്ഷിക്കുകയും ചെയ്തു. അവസാനം അേറ്റാമിക് എനർജി കമീഷനിൽ പരിശീലനം നേടിയശേഷം ബോംബെ  സെൻററിൽ ജൂനിയർ സയൻറിഫിക് ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. അധികംവൈകാതെ വിവാഹം കഴിച്ച് കുടുംബസ്ഥനാവുകയും ചെയ്തു. ചെയർമാൻ ഹോമി ജഹാംഗീർ ഭാഭയുടെ ശിപാർശയോടെ, മോസ്കോയിലേക്ക് ഉപരിപഠനത്തിനായി പോയതായിരുന്നു എം.പിയുടെ ജീവിതത്തിലെ പ്രധാന നാഴികക്കല്ല്. മോസ്കോ പവർ ഇൻസ്​റ്റിറ്റ്യൂട്ടിലായിരുന്നു ഗവേഷണപഠനം. റഷ്യയിലെ സാമൂഹിക സുരക്ഷ സംവിധാനവും അവിടത്തെ കുട്ടികളുടെ ചിരിക്കുന്ന മുഖങ്ങളും എം.പിയുടെ ഹൃദയം കവർന്നു. എന്നാൽ അധികാര കേന്ദ്രീകരണം, ഉപഭോഗഭ്രാന്ത്, റഷ്യൻ ഭാഷയുടെ വല്യേട്ടൻ മനോഭാവവും മേധാവിത്വവും മറ്റു സംസ്കാരങ്ങളിൽ സൃഷ്​ടിച്ച അസംതൃപ്തി, ജനപങ്കാളിത്തത്തോടുകൂടിയ ജനാധിപത്യത്തി​െൻറ അഭാവം തുടങ്ങി സോവിയറ്റ് രാഷ്​ട്രശരീരത്തിൽ അന്നേകണ്ട രോഗലക്ഷണങ്ങൾ ഭാവിയിലെ പതനത്തിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. തിരിച്ച് നാട്ടിൽവന്നപ്പോഴാണ് ആയിടെ രൂപംകൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെക്കുറിച്ച് അറിയുന്നത്. ത​െൻറ ഭാവി പ്രവർത്തനമണ്ഡലം അതാണെന്ന്  തിരിച്ചറിഞ്ഞ് അതി​െൻറ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തുടങ്ങി. ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും മലയാളഭാഷയെ ശക്തിപ്പെടുത്തുന്നതിനുംവേണ്ടി ആയിടെയാണ് എൻ.വി. കൃഷ്ണവാര്യർ ഡയറക്ടറായി ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട് തുടങ്ങിയത്. മിടുക്കരായ എഴുത്തുകാ​െരയെല്ലാം അദ്ദേഹം ഇൻസ്​റ്റിറ്റ്യൂട്ടിലെത്തിച്ചു.  
ഗവേഷണസ്ഥാപനത്തിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ  എം.പിയും ഇൻസ്​റ്റിറ്റ്യൂട്ടിലെത്തി. തിരുവനന്തപുരത്തെത്തിയപ്പോൾ പരിഷത്തിലും കമ്യൂണിസ്​റ്റ്​ പാർട്ടി പ്രവർത്തനങ്ങളിലും സജീവമായി. മനസ്സിൽ കൊണ്ടുനടന്നിരുന്ന സ്വപ്നങ്ങൾ പലതും പരിഷത്തിലൂടെ പ്രാവർത്തികമാക്കാൻ തുടങ്ങിയത് അക്കാലത്താണ്. സജീവമായ ആ ഘട്ടം കഴിഞ്ഞ് വീണ്ടും ബോംബെയിലെത്തി. കമ്യൂണിസ്​റ്റ്​ പാർട്ടി ആരംഭിക്കാൻ പോകുന്ന പ്രസിദ്ധീകരണ വിഭാഗത്തി​െൻറ ചുമതലയേൽക്കുന്നതിന്​ അ​േറ്റാമിക് കമീഷനിലെ ജോലി രാജിവെച്ച് മുഴുവൻസമയ പാർട്ടി പ്രവർത്തകൻ ആകണമെന്ന നിർദേശം ഇ.എം.എസിൽനിന്ന് ഉണ്ടായത് അക്കാലത്താണ്. കമീഷനിലെ എൻജിനീയർമാരുടെ സാമൂഹിക പ്രതിബദ്ധതയില്ലായ്മയും അസുഖകരമായ തൊഴിൽ അന്തരീക്ഷവും മടുപ്പ്​ സൃഷ്​ടിക്കാൻ തുടങ്ങിയ അവസരമായിരുന്നു അത്. എന്നാൽ, ഉയർന്ന ശമ്പളവും  പ്രമോഷൻ സാധ്യതയുമുള്ള പദവി ഉപേക്ഷിച്ച് മുഴുവൻസമയ രാഷ്​ട്രീയ പ്രവർത്തകൻ ആവുന്നതിനെ പലരും എതിർത്തു. പക്ഷേ, അവരുടെ  ഉപദേശങ്ങൾ തള്ളിക്കളഞ്ഞ എം.പി ബാർക്കിൽനിന്ന് രാജിവെക്കുകയും ചിന്ത പബ്ലിക്കേഷ​െൻറ ചുമതലക്കാരനാവുകയും ചെയ്തു. വിശ്വസിക്കുന്ന രാഷ്​ട്രീയകക്ഷിക്ക് വേണ്ടിയുള്ള വലിയ ത്യാഗമായിരുന്നു അത്. എന്നാൽ അതേ രാഷ്​ട്രീയകക്ഷി, വികസനം സംബന്ധിച്ച് വ്യത്യസ്തമായ ആശയങ്ങൾ പ്രകടിപ്പിച്ചുവെന്ന വിഷയത്തിൽ അച്ചടക്കലംഘനത്തിന് എം.പിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. പക്ഷേ, എം.പി പാർട്ടി സഹയാത്രികനായി ജീവിതം തുടരാനാണ് നിശ്ചയിച്ചത്. പരിഷത്ത്, ഭാരതീയ ജ്ഞാൻ വിജ്ഞാൻ സമിതി, നാഷനൽ ലിറ്റററി മിഷൻ, ഒാൾ ഇന്ത്യ പീപ്​ൾസ് സയൻസ് നെറ്റ്​വർക്​ എന്നിവയുടെയെല്ലാം നേതൃപദവികൾ വഹിച്ച് ഇന്ത്യയിലും വിദേശത്തും നിരന്തരം യാത്രചെയ്തുകൊണ്ടുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. ഈ തിരക്കിട്ട ജീവിതത്തിന് ആരോഗ്യപ്രശ്നങ്ങളാൽ വേഗം കുറക്കേണ്ടിവന്ന അവസ്ഥയിലാണ് 82ാം വയസ്സിൽ അദ്ദേഹം ആത്മകഥ പ്രസിദ്ധീകരിച്ചത്. സത്യസന്ധമായി പൊതുപ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ജീവിതത്തിൽ മാതൃകയാക്കാവുന്നതാണ് അദ്ദേഹത്തി​െൻറ ജീവിതം. ഭാവിയെക്കുറിച്ചുള്ള  നിരവധി സ്വപ്നങ്ങൾ പങ്കുവെക്കുന്നുവെന്നതുകൊണ്ട് ഈ കൃതിയുടെ പ്രസക്തി കാലം ചെല്ലുന്തോറും വർധിച്ചുകൊണ്ടേയിരിക്കും.

ഡോ. എം.പി. പരമേശ്വരൻ 
ജനനം: 1935 ജനുവരി 18, ഒറ്റപ്പാലത്തിനടുത്ത് ത്രാങ്ങാലി ദേശത്തെ 
മടങ്ങർളി ഇല്ലം
പദവികൾ: അറ്റോമിക് എനർജി കമീഷനിൽ എൻജിനീയർ, ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട് എഡിറ്റർ, ചിന്ത പബ്ലിക്കേഷൻസിൽ എഡിറ്റർ
കൃതികൾ: നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ, വിവർത്തനങ്ങൾ
പുരസ്കാരങ്ങൾ: വൈജ്ഞാനിക സാഹിത്യത്തിനും ബാലസാഹിത്യത്തിനും കേരള സാഹിത്യ അക്കാദമി അവാർഡ്, നവസാക്ഷര പുസ്തകത്തിനുള്ള അവാർഡ്