കാമറ കഥപറയുന്നു...
  • പി. സഫ്​വാൻ റാഷിദ്​
  • 03:13 PM
  • 17/17/2018

തുരുതുരാ മിന്നുന്ന കാമറക്കണ്ണുകൾ, നമ്മിലേക്ക്​ തന്നെ തിരിച്ചു​െവച്ച സെൽഫികൾ... എവിടെ നോക്കിയാലും ഫോ​േട്ടായെടുക്കുന്ന തിരക്കുകളാണല്ലോ? മൊബൈൽ ഫോണിലായും ഡിജിറ്റൽ കാമറകളിലായുമെല്ലാം സദാ നമ്മുടെ കൂടെയുള്ള കാമറക്കണ്ണുകൾക്കും നമ്മോട്​ ചിലത്​ പറയാനുണ്ട്​. അനശ്വരനിമിഷങ്ങളും ചരിത്രസംഭവങ്ങളും പകർത്തിവെച്ച കഥകളാണവ. സാ​േങ്കതികവിദ്യയുടെ വികാസത്തോടെ നമ്മളോരോരുത്തരും ഫോ​േട്ടാഗ്രാഫർമാരായി മാറിക്കഴിഞ്ഞു. ആഗസ്​റ്റ്​​ 19, ലോക ഫോ​േട്ടാഗ്രഫി ദിനമായിരുന്നു. ലോകചരിത്രത്തോടൊപ്പം സമാന്തരമായി സഞ്ചരിച്ച കാമറയുടെ വിശേഷങ്ങളെ മനസ്സിലേക്ക്​ പകർത്താം. 

കാമറ കഥ പറഞ്ഞുതുടങ്ങുന്നു
ഇറ്റാലിയൻ ഭൗതികശാസ്‌ത്രജ്ഞനായ ജാമ്പാറ്റിസ്​റ്റാ ഡെലാ പൊർറ്റായുടെ (1535-1615) വീട്ടിലെത്തിയ അതിഥികൾ ആ കാഴ്‌ച കണ്ട്​ പേടിച്ചരണ്ടു. മുറിക്കുള്ളിലെ ചുമരിൽ, ഏതാനും കൊച്ചുമനുഷ്യരുടെ പ്രതിരൂപങ്ങൾ തലകീഴായി നടക്കുന്നു! ഭീതിയിലായ അവർ  മുറിയിൽനിന്നു പുറത്തേ​േക്കാടി. മന്ത്രവാദക്കുറ്റം ആരോപിച്ച്‌ ഡെലാ പൊർറ്റായെ കോടതി കയറ്റുകയും ചെയ്‌തു! ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ രസകരമായ സംഭവങ്ങളൊന്നാണിത്​.
ഇരുട്ടുനിറഞ്ഞ ഒരു പെട്ടിയുടെയോ മുറിയുടെയോ ഉള്ളിലേക്ക്‌ ഒരു കൊച്ചു സുഷിരത്തിലൂടെ പ്രകാശം കടക്കുമ്പോൾ എതിർദിശയിലുള്ള പ്രതലത്തിൽ പുറത്തുള്ള വസ്‌തുവി​െൻറ തലകീഴായ പ്രതിബിംബം തെളിയുന്നു. യഥാർഥത്തിൽ, ഡെലാ പൊർറ്റായുടെ അതിഥികൾ കണ്ടത്‌ മുറിക്കു വെളിയിൽ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരുന്ന വ്യക്തികളെയായിരുന്നു. ആധുനിക കാമറയുടെ പ്രാരംഭരൂപമായിരുന്ന കാമറ ഒബ്‌സ്‌ക്യുറയിലൂടെയായിരുന്നു ചിത്രം തെളിഞ്ഞിരുന്നത്​.  വാസ്​തവത്തിൽ ഇത്​ ഡെലാ പൊർറ്റായുടെ കണ്ടുപിടിത്തമായിരുന്നില്ല. എ.ഡി 1015ല്‍ തന്നെ അറബ് പണ്ഡിതനും ശാസ്​ത്രജ്ഞനുമായ ഇബ്ന്‍ അല്‍  ഹെയ്തം സൂചിക്കുഴി  (pin hole camera) കാമറകളെക്കുറിച്ച്​ സൂചിപ്പിച്ചിരുന്നു. പ്രകാശത്തെ അതിസൂക്ഷ്​മമായി നിരീക്ഷിച്ച അദ്ദേഹം തന്നെയാണ്​ സൂചിക്കുഴി കാമറ ആദ്യമായി നിർമിച്ചത്​. പ്രകാശത്തെ നിയന്ത്രിക്കാന്‍ സൂചിക്കുഴി പോലുള്ള ഒരു കുഞ്ഞുദ്വാരം മാത്രമുള്ള കാമറകളായിരുന്നു ഇവ. ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തി​െൻറ വ്യക്തത കൂടുമെന്ന്​ അദ്ദേഹം കണ്ടെത്തി. ​ഇരുണ്ട അറ എന്നർഥം വരുന്ന ‘കാമറ ഓബ്സ്‌ക്യൂറ’ എന്ന ലാറ്റിൻ വാക്കിൽനിന്നാണ്​ കാമറ എന്ന വാക്കി​െൻറ ഉത്ഭവം.

ആദ്യ ക്ലിക്ക്​ 
1826ല്‍ ഫ്രഞ്ചുകാരനായ ജോസഫ് നീസ് ഫോര്‍ നീപ്സ് കാമറയിലേക്ക്​ വീഴുന്ന പ്രതിബിംബത്തി​െൻറ ചിത്രമെടുത്തത്​ വലിയ കുതിച്ചുചാട്ടത്തിന്​ വഴിയൊരുക്കി. അദ്ദേഹം ത​െൻറ എസ്​റ്റേറ്റ്‌ ബംഗ്ലാവി​െൻറ ജനാലയിൽ സ്ഥാപിച്ച കാമറ ഒബ്‌സ്‌ക്യുറക്കുള്ളിൽ, ബിറ്റുമിൻ പൂശിയ വെള്ളോടുകൊണ്ടുള്ള ഒരു പ്ലേറ്റ്‌ വെക്കുകയും എട്ടുമണിക്കൂർ നേരം അതിൽ പ്രകാശം വീഴാൻ അനുവദിക്കുകയും ചെയ്‌തു. ഒരു കെട്ടിടവും മരവും കളപ്പുരയും ഉൾപ്പെട്ട അവ്യക്തമായ ഒരു ചിത്രം അതിൽ പതിഞ്ഞു. ഇന്ന്​ നമുക്ക്​ കാണു​േമ്പാൾ അയ്യേ എന്ന്​ പറയാൻ തോന്നുന്ന ചിത്രമായിരുന്നെങ്കിലും ലോകചരിത്രത്തിലെ ആദ്യ ഫോ​േട്ടായായിരുന്നു അത്​. നീപ്​സ്​ ഹീലിയോഗ്രാഫ്​ എന്നറിയപ്പെടുന്ന ഇൗ പരീക്ഷണത്തിനായി അദ്ദേഹം പത്തുവർഷത്തോളം ചെലവഴിച്ചു. ആദ്യ ഫോ​േട്ടാ ​േപ്ലറ്റിൽ  പതിപ്പിക്കാനായി എട്ട്​ മണിക്കൂർ വേണ്ടിവെന്നു കേൾക്കു​േമ്പാൾ സെക്കൻഡിനുള്ളിൽ തന്നെ നിരവധി ഫോ​േട്ടാകൾ ക്ലിക്കുന്ന കൂട്ടുകാർക്ക്​ അത്ഭുതം തോന്നുന്നുണ്ടല്ലേ?
ഫ്രഞ്ചുകാരൻ തന്നെയായ ലൂയിസ്​ ഡാഗുറെ നീപ്​സി​െൻറ ഹീലിയോഗ്രാഫ്​ ​പ്രക്രിയ വികസിപ്പിച്ചു. സില്‍വര്‍ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റില്‍ ഒരു വസ്തുവി​െൻറ പ്രതിബിംബം കൃത്യമായി മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പിക്കുന്നതിനും പിന്നീട് കറിയുപ്പ് ലായനിയില്‍ കഴുകി പ്രതിബിംബം പ്ലേറ്റില്‍ സ്ഥിരമായി ഉറപ്പിക്കുന്നതിലും ഡാഗുറെ വിജയിച്ചു. ഇതോടെ ഫോ​േട്ടാഗ്രഫി ജനകീയമായിത്തുടങ്ങി.

ഫിലിമുകൾ വരുന്നു
ഗ്ലാസ്​​േപ്ലറ്റുകളിൽ രാസവസ്​തുക്കൾ പുരട്ടിയ ഫോട്ടോഗ്രഫിക് പ്ലേറ്റിലാണ് ആദ്യകാലത്ത്​ ഫോ​േട്ടാ എടുത്തിരുന്നത്​.  ഇവ കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും ഏറെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായി ഒരിടത്ത്​ സ്ഥാപിച്ചിരുന്ന കാമറകളായിരുന്നു ഇവ. ഇത്​ പരിഹരിക്കാനുള്ള ​ശ്രമഫലമായിട്ടാണ്​ ഫിലിമുകൾ ഉത്ഭവിക്കുന്നത്​. രാസമാറ്റം സംഭവിക്കുന്ന വസ്തുക്കള്‍ പുരട്ടിയ പ്ലാസ്​റ്റിക് ചുരുളുകളാണ് ഫിലിം.  1888ൽ ജോർജ്‌ ഈസ്​റ്റ്​മാൻ, കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതും ഒരു ഫിലിംറോൾ ഇടാവുന്നതുമായ കൊഡാക്‌ പെട്ടിക്കാമറ കണ്ടുപിടിച്ചപ്പോൾ ആർക്കും ഫോട്ടോഗ്രാഫർ ആയിത്തീരാമെന്ന സ്ഥിതി വന്നു.

കാമറയും ഡിജിറ്റലാകുന്നു
ഡിജിറ്റൽ കാമറ 20ാം നൂറ്റാണ്ടിൽതന്നെ കണ്ടുപിടിച്ചിരുന്നെങ്കിലും സാർവത്രികമായത്​ 2000മാണ്ട്​ പിറന്നതിനുശേഷമാണ്​. ഫിലിമില്ലാത്ത കാമറയാണ്​ ഡിജിറ്റൽ കാമറ. ​പ്രതിബിംബം ഫിലിമിൽ പതിയുന്നതിന്​ പകരം ഡിജിറ്റൽ മെമ്മറികാർഡിൽ സൂക്ഷിക്കുന്നതാണ്​ ഇൗ കാമറകളുടെ രീതി. ഫിലിമിൽ പതിയുന്ന നെഗറ്റിവിനെ പോസിറ്റിവാക്കിയാണ്​ ആദ്യകാലങ്ങളിൽ ചിത്രങ്ങളെടുത്തിരുന്നത്​. എന്നാൽ, ഡിജിറ്റൽ കാമറകളിലെ  ചിത്രങ്ങൾ അനായാസം നമുക്ക്​ ലഭ്യമാകുന്നു. ഡിജിറ്റൽ കാമറകൾ വന്നതോടുകൂടി ഫോ​േട്ടാഗ്രഫി സാർവത്രികവും ചെലവുകുറഞ്ഞതുമായി മാറി. മൊബൈൽ ഫോണുകളും ഇതേ രീതിയാണ്​ പിന്തുടരുന്നത്​. 

കൊഡാക്കിെൻറ പതനം
വൻകമ്പനികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനങ്ങളുടെ കൂട്ടത്തിലാണ്​ കൊഡാക്കിെൻറ സ്ഥാനം. ഫോട്ടോഗ്രഫിക് ഫിലിം നിർമാണ മേഖലയിലെ അതികായരായിരുന്നു അമേരിക്കൻ കമ്പനിയായ ഇൗസ്​റ്റ്​മാൻ കൊഡാക്​. ഫോട്ടോഗ്രഫിക് ഉപകരണങ്ങളുടെയും ഫിലിമി​െൻറയും നിര്‍മാണ, വിപണന, സേവന മേഖലകളിലേക്ക് 1889 ലാണ് ജോര്‍ജ് ഈസ്​റ്റ്​മാന്‍, അമേരിക്കന്‍ മള്‍ട്ടിനാഷനല്‍ കമ്പനിയായി ‘ഈസ്​റ്റ്​മാന്‍ കൊഡാക്കിനെ’ അവതരിപ്പിച്ചത്. ലോകമെമ്പാടും കൊഡാക്കിെൻറ ഫിലിമുകൾക്ക്​ വൻ ജനപ്രീതിയായിരുന്നു. 1976 ആകു​േമ്പാഴേക്കും അമേരിക്കയിലെ ഫോട്ടാഗ്രഫിക്​ ഫിലിംവിൽപനയിൽ 90 ശതമാനവും കൊഡാക്കി​േൻറതായിരുന്നു. 
1975ൽ തന്നെ കൊഡാക്കി​െൻറ ആര്‍ ആൻഡ്​ ഡി വിഭാഗം ആദ്യമായി ഡിജിറ്റല്‍ കാമറ രൂപകൽപന ചെയ്​തിരുന്നുവെങ്കിലും ഫിലിം കച്ചവടം കുറയുമെന്ന്​ കരുതി ഡിജിറ്റൽ കാമറരംഗത്തേക്ക്​ അവർ​ ഇറങ്ങിയില്ല. എന്നാൽ, പ്രധാന എതിരാളികളായിരുന്ന ജപ്പാനീസ്​ കമ്പനി  ‘ഫ്യൂജി ഫിലിംസ്’ കാലത്തിനനുസരിച്ച്​ തങ്ങളുടെ കച്ചവടതന്ത്രങ്ങൾ പരിഷ്​കരിച്ചു. ഫിലിം നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുപയോഗിച്ച് കോസ്മെറ്റിക്സ് നിർമാണത്തിലേക്കും ഫ്യൂജി കടന്നു. എല്‍.സി.ഡി ടി.വികളുടെ സ്ക്രീനില്‍ ഒട്ടിക്കുന്ന ഫിലിമി​െൻറ വിപണിയുടെ 100 ശതമാനവും ഫ്യൂജി കൈയടക്കി. ഫിലിം ഇല്ലാത്ത സാങ്കേതികവിദ്യ ഭാവിയിൽ വരുമെന്ന അവസ്ഥ മനസ്സിലാക്കി ഫിലിം വിലകുറച്ചു വിറ്റും ഫ്യൂജി പരമാവധി പണമുണ്ടാക്കി. എന്നാല്‍, ഇക്കാലമത്രയും ലോക ഫിലിം വിപണിയുടെ കുത്തക എന്നും തങ്ങള്‍ക്കുതന്നെയായിരിക്കുമെന്ന മിഥ്യാധാരണയില്‍ കൊഡാക്  സ്വയം നശിക്കുകയായിരുന്നു. 1990കളിൽ തന്നെ കച്ചവടം കുറഞ്ഞ കൊഡാക്​ 2000ത്തിനുശേഷം നഷ്​ടത്തിലായി മാറി. ഡിജിറ്റൽ കാമറരംഗത്ത്​ സോണിയും കാനനും ഉൾപ്പെടെയുള്ള കമ്പനികളും നേട്ടമുണ്ടാക്കി. സാ​േങ്കതികവിദ്യയും വിപണിയും മനസ്സിലാക്കി വൈവിധ്യങ്ങൾ ആവിഷ്​കരിക്കാത്തവർക്കുള്ള പാഠമാണ്​   120 വര്‍ഷത്തോളം വിപണിയില്‍ തേരോട്ടം നടത്തിയ കൊഡാക്കിെൻറ പതനം.

ചരിത്രം പകർത്തിയൊഴിച്ച ​​െഫ്രയിമുകൾ 
ഒരൊറ്റ ക്ലിക്കുകൊണ്ട്​ ചരിത്രത്തി​െൻറ ശേഷിപ്പായ, കാലത്തെ അതിജീവിച്ച, ലോകത്തെ നൊമ്പരപ്പെടുത്തിയ ഒരുപാട്​ ചിത്രങ്ങളുണ്ട്​. അവയിൽ ചിലത്​ കൂട്ടുകാർക്കായി പരിചയപ്പെടുത്തുന്നു

അജ്ഞാതനായ ടാങ്ക്​മാൻ 1989
ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 1989 ഏപ്രിൽ 15നും ജൂൺ നാലിനുമിടയിൽ നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളും‍ അതിനെ തുടർന്ന്​ സമരക്കാരായ വിദ്യാർഥികൾക്കുനേരെ കമ്യൂണിസ്​റ്റ്​ ഭരണകൂടം നടത്തിയ ടിയാനെൻമെൻ സ്ക്വയർ കൂട്ടക്കൊല എന്നപേരിൽ പിൽക്കാലത്തറിയപ്പെട്ട കൂട്ടക്കൊലയുമുൾപ്പെട്ടതാണ്‌ 1989ലെ ടിയാൻമെൻ സ്ക്വയർ പ്രക്ഷോഭം. വെടിയുതിർക്കാൻ തയാറായി വരുന്ന ചൈനീസ്​ ടാങ്കുകൾക്കുമുന്നിൽ ധീരനായി നെഞ്ചുവിരിക്കുന്നയാളുടെ ചിത്രം ലോകപ്രശസ്​​തി നേടി. ചിത്രത്തിൽ കാണുന്നതാരാണെന്നോ പിന്നീട്​ എന്ത്​ സംഭവിച്ചുവെന്നോ വ്യക്തമല്ല. അഞ്ചോളം ഫോ​േട്ടാഗ്രാഫർമാർ സമാനദൃശ്യം പകർത്തിയിരുന്നു. ​ടൈം മാഗസിൻ ലോകത്തെ സ്വാധീനിച്ച 100 ചിത്രങ്ങളിൽ ഉൾപ്പെടുത്തിയ മുകളിലെ ചി​ത്രം പകർത്തിയത്​ അമേരിക്കക്കാരനായ ജെഫ്​ വൈഡ്​നർ ആണ്​.

അതിജീവനത്തി​െൻറ ഫാൻ കിം ഫുക് 1972
അമേരിക്കയുടെ വിയറ്റ്​നാം അധിനിവേശ കാലത്ത്​ ചാങ് ബാങ് ഗ്രാമത്തിലെ നാപാം ബോംബേറിൽനിന്ന്​ രക്ഷനേടാനായി ഒാടുന്ന ഫാൻ കിം ഫുക് (Phan Thi Kim Phuc) പ്രാണനും കൊണ്ടോടുന്ന ചിത്രം ഇന്നും ലോകം ചർച്ചചെയ്​തുകൊണ്ടിരിക്കുന്നു. ഒരൊറ്റ ക്ലിക്കുകൊണ്ട്​ വിയറ്റ്​നാം യുദ്ധത്തി​െൻറ മുഴുവൻ ഭീകരതയും ലോകത്തിനു​ മുന്നിൽ കാണിക്കാൻ ഫോ​േട്ടാ​ഗ്രാഫർക്കായി. കരഞ്ഞുകൊണ്ട് ഓടുന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ നിക് ഉട്ട്​​ പുലിറ്റ്സർ ബഹുമതിക്ക് (Pulitzer prize) അർഹനായി. കാലത്തെ അതിജീവിച്ച ഇൗ ചിത്രം വർത്തമാനകാലത്തും യുദ്ധവിരുദ്ധ സന്ദേശങ്ങൾക്കായി ഉപയോഗിക്കുന്നു. 

നിഗൂഢതയൊളിപ്പിച്ച അഫ്​ഗാൻ പെൺകുട്ടി 1984
 
ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ ചിത്രം മൊണാലിസയോട്​ താരതമ്യപ്പെടുത്താവുന്ന വിധം വിവരാണീത ഭാവങ്ങൾ നിറഞ്ഞതായിരുന്നു സ്​റ്റീവ് മക്കറി (Steve McCurry) പകർത്തിയ അഫ്​ഗാൻ പെൺകുട്ടിയുടെ ചിത്രം.  സോവിയറ്റ് യൂനിയ​െൻറ അഫ്ഗാൻ അധിനിവേശകാലത്ത്​ നാഷനൽ ജ്യോഗ്രഫി മാഗസിനായി ചിത്രങ്ങൾ പകർത്തിയ സ്​റ്റീവ് മക്കറി  1984ൽ​  അഫ്ഗാനിലെ ഒരു അഭയാർഥി ക്യാമ്പിൽ നിന്നാണ് 12 വയസ്സുകാരി ശർബത് ഗുലയുടെ ഈ മരതകപ്പച്ച നിറമുള്ള കണ്ണുകൾ ഒപ്പിയെടുത്തത്​. ശർബത്​ഗുലയുടെ നിഗൂഢത നിറഞ്ഞ മുഖവും വിവരിക്കാനാവാത്ത ഭാവവും ലോകമെങ്ങും ചർച്ചചെയ്യപ്പെട്ടു. 

ഇന്നും വേട്ടയാടുന്ന സുഡാൻ ചിത്രം 1994
ഒരൊറ്റ ചിത്രം സൗത്ത്​ ആഫ്രിക്കൻ ഫോ​േട്ടാഗ്രാഫറായ കെവിൻ കാർട്ടറുടെ ജീവിതം മാറ്റിമറിച്ചു. പുലിറ്റ്​സർ പുരസ്​കാരമടക്കമുള്ള ഉന്നത ബഹുമതികളും പ്രശംസകളും ഒരുവശത്തും മനുഷ്യത്ത്വവിരുദ്ധതയുടെ ചിത്രമെന്ന വിമർശനങ്ങൾ മറുവശത്തുമെത്തിയതോടെ കെവിൻ കാർട്ടർ ശരിക്കും പ്രതിരോധത്തിലായി. ഭക്ഷണപ്പൊതിക്കായി അവശനിലയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കുഞ്ഞും പിറകിൽ ത​െൻറ ഇരയെയും കാത്തിരിക്കുന്ന ഒരു കഴുകനുമടങ്ങിയ ചിത്രം 1993ൽ സുഡാനിൽ നിന്നാണ്​ കാർട്ടർ പകർത്തിയത്​. മനസ്സിൽ നൊമ്പരമുണർത്തുന്ന ചിത്രം ലോകമെങ്ങും ​ശ്രദ്ധിക്കപ്പെട്ടു. എല്ലാവർക്കും അറിയേണ്ടിയിരുന്നത്​ ചിത്രത്തി​െൻറ തുടർസംഭവങ്ങളായിരുന്നുവെങ്കിലും കാർട്ടർക്ക്​ വിശദീകരണങ്ങളുണ്ടായിരുന്നില്ല. ജനങ്ങളുടെ നിരന്തര ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മുമ്പിൽ ഉത്തരംമുട്ടിയ കാർട്ടർ 1994 ജൂലൈ 27ന് ആത്മഹത്യ ചെയ്തു.

നൊമ്പരമായി ​െഎലൻ കുർദി 2015
അഭയാർഥിജീവിതങ്ങളുടെയും സിറിയൻ ആഭ്യന്തരയുദ്ധത്തി​െൻറ കെടുതികളിലേക്കും ലോകത്തി​െൻറ ശ്രദ്ധതിരിഞ്ഞത്​ ​െഎലൻ കുർദിയെന്ന പിഞ്ചുബാല​െൻറ മരണചിത്രം പുറംലോകത്തെത്തി​യതോടെയാണ്​. യുദ്ധം കൊടുമ്പിരികൊണ്ട സിറിയയിൽനിന്ന്​ രക്ഷപ്പെടാനായി തുര്‍ക്കിയിലെത്തി ബോട്ടിലൂടെ മെഡിറ്റേറിയന്‍ കടലിലൂടെയുള്ള യാത്രക്കിടയിൽ മുങ്ങിമരിച്ച കുടുംബത്തിലെ കുഞ്ഞായിരുന്നു ​െഎലൻ കുർദി. വർണക്കുപ്പായവും കുഞ്ഞുഷൂസുമണിഞ്ഞ്​ കടൽതീരത്ത്​ മുഖമമർത്തി കിടന്നിരുന്ന ​െഎലൻ കുർദിയുടെ ദാരുണചിത്രം പകർത്തിയത്​ നിലോഫർ ഡെമിർ എന്ന തുർക്കിഷ്​ വനിതാ ഫോ​േട്ടാ ജേണലിസ്​റ്റ്​ ആയിരുന്നു. 

മായാതെ ഭോപ്പാൽ പെൺകുട്ടി 1984
ലോകത്തിലെത്തന്നെ ഏറ്റവും വലിയ വ്യവസായിക ദുരന്തങ്ങളിലൊന്നായ 1984 ഡിസംബർ രണ്ടിലെ ​േഭാപ്പാൽ ദുരന്തത്തി​െൻറ നേർചിത്രമായിരുന്നു ഇത്​.  അമേരിക്കൻ കമ്പനിയായ യൂനിയൻ കാർബൈഡ്​ എന്ന കീടനാശിനി നിർമാണശാലയി​െല മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെ തുര്‍ന്ന് വാതകം അന്തരീക്ഷത്തിലേക്ക്​ വ്യാപിക്കുകയായിരുന്നു. വിഷവാതകം ശ്വസിച്ച്​ പതിനായിരത്തോളം പേരാണ്​ മരിച്ചത്. സ്വതന്ത്ര ഇന്ത്യയെ ഏറ്റവും മുറിവേൽപ്പിച്ച സംഭവങ്ങളിലൊന്നായ ഭോപ്പാൽ ദുരന്തത്തി​െൻറ ​പ്രതീകമായി ഇൗ ചിത്രവും നിലകൊള്ളുന്നു. ലോകപ്രശസ്​ത ഇന്ത്യൻ ഫോ​േട്ടാഗ്രാഫർ രഘുറായ്​ ആയിരുന്നു ചിത്രം പകർത്തിയത്​.

ഉദിച്ചുയരുന്ന ഭൂമി 1968
1968 ഡിസംബർ 24ലെ ക്രിസ്​മസ്​ രാവിലാണ്​ അപ്പോളോ-8 ദൗത്യത്തിൽ ബഹിരാകാശശാസ്ത്രജ്ഞനായ വില്യം ആൻഡേഴ്സൻ ചന്ദ്രനിൽ ഉദിച്ചുവരുന്ന ഭൂമിയുടെ അതിമനോഹരമായ ഈ ചിത്രം പകർത്തിയത്​! പ്രശസ്ത ഫോട്ടോഗ്രാഫർ ഗാലൻറോവൽ (Galen Rowell) ഈ ഫോട്ടോയെ വിശേഷിപ്പിച്ചത് ‘The most influential environmental photograph ever taken.’ എന്നായിരുന്നു.

നൂൽ നൂൽക്കുന്ന ബാപ്പുജി 1946
ഇന്ത്യയിൽ ഇന്നും ഏറ്റവും ഉപയോഗിക്കുന്ന ചിത്രങ്ങളിലൊന്നാണിത്​. ഇന്ത്യൻ ദേശീയതയുടെ പ്രതീകമായും സ്വാതന്ത്ര്യസമര പ്രതീകമായുമെല്ലാം ഇൗ ചിത്രത്തെ കണക്കാക്കുന്നു. 1946ൽ അമേരിക്കൻ വനിതാ ​േ​ഫാ​േട്ടാഗ്രാഫറായ  മാര്‍ഗരറ്റ് ബൂര്‍ക വൈറ്റാണ്​ ഇൗ ബ്ലാക്ക്​ ആൻഡ്​​ വൈറ്റ്​ ചിത്രം പകർത്തിയത്​. ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 ചിത്രങ്ങൾ തെരഞ്ഞെടുത്തപ്പോൾ ഇൗ ചിത്രവും ഇടം പിടിച്ചിരുന്നു.

തലമുറകൾക്ക്​ ഉത്തേജനമായി അലി 1965​
അമേരിക്കൻ ബോക്​സിങ്​ ഇതിഹാസം മുഹമ്മദലിയുടെ  അമൂല്യചിത്രം കായി​കലോക​ത്തുനിന്നുള്ള വിഖ്യാതചിത്രമായി പരിഗണിക്കപ്പെടുന്നു. 1965​ൽ​ മിയാമിയിലാണ്​ അമേരിക്കക്കാരൻ തന്നെയായ സോണി ലിസ്​റ്റണുമായുള്ള  അലിയുടെ വിഖ്യാതമത്സരം നടന്നത്​. അലിയുടെ ഇടിയേറ്റ്​ വീണുകിടക്കുന്ന ലിസ്​റ്റണെ നോക്കി വീണ്ടും പൊരുതാനായി വിളിക്കുന്ന അലിയുടെ ചിത്രം പകർത്തിയത്​ നീൽ ലീഫറാണ്​. 

നാഗസാക്കിയിലെ ‘കൂൺമേഘങ്ങൾ’ 1945 
1945 ആഗസ്​റ്റ്​ ഒമ്പതിന്​ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക പ്രയോഗിച്ച ആറ്റംബോംബ് ’ഫാറ്റ്​മാൻ’​ പ്രയോഗത്തിനുശേഷമുള്ള ദൃശ്യമാണിത്​. 80,000ത്തോളം പേരുടെ ജീവനെടുത്ത ബോംബ്​വർഷത്തിനുശേഷം അന്തരീക്ഷത്തിൽ കൂണാകൃതിയിൽ അടിഞ്ഞുകൂടിയ പുകയുടെ ദൃശ്യം വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഒാർമിക്കപ്പെടുന്നു. ​ബോംബ്​ വർഷത്തിനായി നിയോഗിക്ക​െപ്പട്ട അമേരിക്കൻ സംഘത്തിലുണ്ടായിരുന്ന ലെഫ്​റ്റനൻറ്​ ചാൾസ്​ ലെവിയാണ്​ ഇൗ ചിത്രം പകർത്തിയത്​.

പുലിറ്റ്​സർ: പത്രപ്രവർത്തകരുടെ ഒാസ്​കർ

പത്രപ്രവർത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ ​​ശ്രദ്ധേയനേട്ടങ്ങൾക്ക്​ നൽകപ്പെടുന്ന അമേരിക്കൻ പുരസ്​കാരമായ പുലിറ്റ്സറിന്​ പത്രപ്രവർത്തകരുടെ ഒാസ്​കർ എന്നും വിളിപ്പേരുണ്ട്​. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർ‌വകലാശാലയാണ്‌ നിയന്ത്രിക്കുന്നത്. 1917 ലാണ്​ ആദ്യ പുലിറ്റ്​സർ നൽകിയത്. ഇപ്പോൾ എല്ലാവർഷവും ഏപ്രിലിലാണ്‌ പുരസ്കാരം പ്രഖ്യാപിക്കപ്പെടുന്നത്. ഫോ​േട്ടാഗ്രഫി വിഭാഗത്തിൽ  പ​ുലിറ്റ്​സർ നൽകുന്ന പുരസ്​കാരം ഇൗ വിഭാഗത്തിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായതാണ്​. മ്യാന്മറിലെ റോഹിങ്ക്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയ റോയിട്ടേഴ്‌സിലെ ഇന്ത്യൻ ഫോട്ടോഗ്രാഫര്‍മാരായ ഡാനിഷ് സിദ്ദിഖി, അദ്​നാന്‍ അബിദി എന്നിവർ 2018ലെ മികച്ച ഫീച്ചർ ഫോ​േട്ടാക്കുള്ള പുരസ്​കാരം നേടിയിരുന്നു.