എന്റെ പേജ്
കാനറിപ്പക്ഷികൾ...
  • ആഷിഖ്​ മുഹമ്മദ്​
  • 10:49 AM
  • 30/12/2019

കാനറി എന്ന പദം കേൾക്കുമ്പോൾ നമ്മിൽ പലർക്കും ആദ്യം ഓർമവരുക പെലെ, റൊണാൾഡോ , നെയ്‌മർ തുടങ്ങിയ ബ്രസീലിയൻ താരങ്ങളെയായിരിക്കും. ഒരുപ​േക്ഷ കാനറിയെന്ന് നമ്മൾ ആദ്യമായി കേട്ടതും ബ്രസീലിയൻ ഫുട്ബാളിലൂടെയായിരിക്കും. ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപാണ് കാനറി. മഡ്രിഡിൽനിന്ന് 80 കിലോമീറ്ററും സ്‌പെയിനിൽനിന്ന് 30 കിലോമീറ്ററും അകലെ അത്​ലാൻറിക്  സമുദ്രത്തിലാണ് കാനറി സ്ഥിതിചെയ്യുന്നത്. 15ാം നൂറ്റാണ്ടിൽ സ്‌പെയിൻകാർ കാനറി ദ്വീപുകൾ ആക്രമിച്ചുകീഴടക്കിയിരുന്നു. അവരവിടെ മനോഹരമായി പാടുകയും മനുഷ്യനോട് അതിവേഗം ഇണങ്ങുകയും ചെയ്യുന്ന ഒരുകൂട്ടം പക്ഷികളെ കണ്ടെത്തി. കാനറി ദ്വീപിലെ പക്ഷികളായതിനാൽ അവരതിനെ കാനറിപ്പക്ഷികൾ എന്നു വിളിച്ചു. 
നല്ല പാട്ടുകാരാണ് കാനറിപ്പക്ഷികൾ. പാടിപ്പറക്കുന്ന ഈ ചങ്ങാതിമാർ ഇണചേരുന്ന കാലമായാൽ പാട്ടുനിർത്തും. ആ സമയം അവയുടെ തലച്ചോറിലെ പാടാൻ സഹായിക്കുന്ന ചില പ്രത്യേക കോശങ്ങൾ നശിച്ചുപോകുന്നതാണ് കാരണം. ഇണചേരുന്ന കാലം കഴിഞ്ഞാൽ ഈ കോശങ്ങൾ തലച്ചോറിൽ പുതുതായി ഉണ്ടാവുകയും ചെയ്യും. തുടർന്ന് കക്ഷി വീണ്ടും പാടാൻ തുടങ്ങുന്നു. ആൺ കാനറിപ്പക്ഷികളാണ് ഇങ്ങനെ  സംഗീതം പൊഴിക്കുന്നത്. അവരിൽതന്നെ രണ്ടു തരത്തിൽ പാടുന്നവരുമുണ്ട്. റോളർ കാനറി എന്ന ചങ്ങാതിമാർ ഈണത്തിൽ നിർത്താതെ വളരെ നേരം പാടുന്നവയാണ്. ചോപ്പർ കാനറി എന്ന കൂട്ടർക്കാകട്ടെ അധികം നീട്ടിപ്പാടാനാവില്ല. പ​േക്ഷ, കാത് തുളച്ചുകയറുന്ന ശബ്​ദമാണ് കക്ഷിക്ക്. തത്തകളെപ്പോലെ മനുഷ്യരുടെ ശബ്​ദം അനുകരിക്കാനും ചോപ്പർ കാനറികൾക്ക് കഴിവുണ്ട്. പെൺ കാനറികളാകട്ടെ ചിലയ്​ക്കുക മാത്രമേ ചെയ്യൂ.
സാധാരണഗതിയിൽ 10 മുതൽ 12 സെൻറിമീറ്റർവരെ നീളമുണ്ടാവും കാനറിപ്പക്ഷികൾക്ക്. എട്ടുമുതൽ 24 ഗ്രാം വരെ തൂക്കവുമുണ്ടാവും. ചെറു മരങ്ങളിലും കായ്കനികൾ വിളയുന്ന തോട്ടങ്ങളിലുമാണ് സാധാരണ ഗതിയിൽ ഇവ കൂടുകൂട്ടുന്നത്. മരങ്ങളുടെയും ചെടികളുടെയും ഉള്ളിൽ മറ്റുള്ളവർക്ക് കാണാൻ പറ്റാത്ത രീതിയിലാണ് ഓരോ കൂടി​െൻറയും നിർമാണം. സാമൂഹിക ജീവിതം നയിച്ചുവരുന്ന ഈ ചങ്ങാതിമാർ ചുള്ളിക്കമ്പ്, പുല്ലുകൾ, തൂവലുകൾ എന്നിവയുപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. പതിനാലോ പതിനഞ്ചോ ദിവസം പക്ഷികൾ അടയിരിക്കുകയും, മുട്ട വിരിഞ്ഞ് തുടർന്നുള്ള ഇരുപതോളം ദിവസത്തിനുശേഷം കുഞ്ഞുങ്ങൾ കൂടുവിട്ട് പറക്കാനാരംഭിക്കുകയും ചെയ്യുന്നു. പഴങ്ങൾ, വിത്തുകൾ, ചെറുജീവികൾ എന്നിവയാണ് കാനറികളുടെ മുഖ്യ ആഹാരം. പ്രജനനകാലത്തു മാത്രമേ പ്രാണികളെ ഇവർ ആഹാരമാക്കാറുള്ളൂ. 80,000 ജോടി പക്ഷികൾ ദ്വീപിൽ വളരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്‌.