കളിയിൽ അൽപം കാര്യം
  • കാർത്തിക സുധീർ
  • 11:41 AM
  • 07/7/2018


മധ്യവേനൽ അവധിയുടെ ആലസ്യത്തിലാണ് സ്​കൂൾ കൂട്ടുകാർ. യാത്രകളും കമ്പ്യൂട്ടർ ഗെയിമും എല്ലാമായി പോവുന്ന ദിനങ്ങൾ. എന്നാൽ, അവധിദിനങ്ങൾ അടിച്ചുപൊളിക്കുന്നതിനൊപ്പം ക്രിയാത്മകമായി ചെലവഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവധിക്കാലത്ത് ലഭിക്കുന്ന നവോന്മേഷത്തിൽനിന്ന് അടുത്ത അധ്യയനവർഷം നേട്ടങ്ങളുടേതാക്കി മാറ്റണം. അതിന് കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും വേണം. ഐക്യരാഷ്​ട്രസഭയുടെ യുനെസ്​കോ ഏജൻസി വിദ്യാഭ്യാസത്തിെൻറ ലക്ഷ്യങ്ങളെ പറഞ്ഞിരിക്കുന്നത് നോക്കൂ... 

  • അറിയാൻ പഠിക്കുക 
  • ചെയ്യാൻ പഠിക്കുക 
  • താനാകാൻ പഠിക്കുക 
  • സഹവസിക്കുന്നതിന് പഠിക്കുക 

ഈ ലക്ഷ്യപ്രാപ്തിയാവണം കുട്ടികളിൽ വേണ്ടത്. ഇതിനായി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുക അവധിക്കാലമാണ്. വസ്​തുതകളെ അറിയാനും ചെയ്തു പഠിക്കാനും സ്വന്തം വ്യക്തിത്വം രൂപപ്പെടുത്താനും സഹജീവികളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള നല്ല പാഠങ്ങൾ അവധിക്കാലം പ്രദാനം ചെയ്യും. ഇതിലേക്കുള്ള ഒരു മാർഗമാണ് ഹോബി. സ്​റ്റാമ്പ്, നാണയശേഖരണം, പക്ഷികളെയും ചിത്രശലഭങ്ങളെയും നിരീക്ഷിക്കുക, മണ്ണിനെ അറിയാൻ വീട്ടുമുറ്റത്തൊരു പൂന്തോട്ടവും അടുക്കള കൃഷിയും തുടങ്ങുക തുടങ്ങി കൂട്ടുകാർക്ക് താൽപര്യമുള്ള എന്തും ഹോബിയായി എടുക്കാം.

ഇലകളും പൂക്കളും ശേഖരിക്കാം
സ്​കൂളിലെ സയൻസ്​ പുസ്​തകത്തിലെ ആദ്യ പാഠങ്ങളിൽ ഒന്നല്ലേ ചെടികൾ. ചുറ്റും ഒന്നു നോക്കിക്കേ... എത്രതരം ചെടികളെ നിങ്ങൾക്കറിയാം? എല്ലാറ്റിെൻറയും രൂപവും ഇലകളും പൂവും ഒരുപോലെയാണോ? അല്ല. ഒന്നുകൂടി നോക്കിയാൽ ഔഷധസസ്യങ്ങളെയും കാണാം. ഇവ നമുക്ക് ശേഖരിച്ചാലോ? എങ്ങനെയാണെന്ന് നോക്കൂ. അറിയുന്ന ചെടികളുടെ ഇലകളും പൂക്കളും വിത്തും ഓരോന്നായി എടുത്തു​വെക്കുക. ഇലയും പൂക്കളും പഴയ പുസ്​തകത്തിെൻറ ഓരോ പേജിലായി വെക്കുക. ഓരോന്നും ഏത് സസ്യത്തി​േൻറതാണെന്ന് തിരിച്ചറിയാൻ പേരും എഴുതി ഇട്ടോളൂ. 10–20 ദിവസം പുസ്​തകം അങ്ങനെ​െവച്ചാൽ ഇവയെല്ലാം ഉണങ്ങിയിരിക്കുന്നത് കാണാം. ഇലയും പൂവും ഉണങ്ങാൻ എടുക്കുന്ന ദിവസങ്ങളിൽ വെബ്സൈറ്റുകളിൽ നോക്കി ശേഖരിച്ച ഓരോ ചെടിയുടെയും പേര്, ശാസ്​ത്രീയ നാമം, പ്രത്യേകത, കാണപ്പെടുന്ന സ്​ഥലം അങ്ങനെയുള്ള വിവരങ്ങൾ ശേഖരിച്ചുവെക്കാം. ഇനി ഉണങ്ങിയ ഇലയും പൂക്കളും ഓരോ പേജിലായി പശ​െവച്ച് ഒട്ടിക്കുക. അവയുടെ വിത്ത് ഉണ്ടെങ്കിൽ ചെറിയ പ്ലാസ്​റ്റിക് കവറിൽ പൊതിഞ്ഞ് ഇതിനൊപ്പം പിൻ അടിച്ച് ​വെക്കാം. ഇനി നേരത്തേ ശേഖരിച്ച വിവരങ്ങളും ഇതിെൻറ അടുത്തുള്ള പേജിൽ എഴുതി​വെക്കുക. ഒപ്പം നിങ്ങൾ ഇലയും പൂവും ശേഖരിച്ച സമയത്ത് ചെടി എത്ര വളർന്നിരുന്നുവെന്നും കുറിച്ചിടുക. വർഷങ്ങൾ കഴിയുമ്പോഴും ചെടിയിലുണ്ടാവുന്ന മാറ്റങ്ങൾ ഇതുവഴി അറിയാമല്ലോ. സ്​കൂളിലെ സയൻസ്​ എക്സിബിഷനിലും പഠനത്തിെൻറ ഭാഗമായും കൂട്ടുകാർക്കിത് പ്രദർശിപ്പിക്കാം. ക്ലാസ്​ മുറിയിൽനിന്ന് കേട്ടതിനെക്കാൾ, ഒരിക്കലും മറക്കാത്ത രീതിയിൽ ഈ ചെടികളെ കുറിച്ച് എല്ലാ വിവരങ്ങളും അറിയുന്ന ആളായി നിങ്ങളെ ഈ ഹോബി മാറ്റും. 

കുട്ടി ബ്ലോഗർ ആവാം
കുറച്ച് മുതിർന്ന സ്​കൂൾ കൂട്ടുകാർക്ക് ഹോബിയാക്കാൻ പറ്റുന്ന ഒന്നാണിത്. കുഞ്ഞുകൂട്ടുകാർക്ക് വേണമെങ്കിൽ അച്ഛനമ്മമാരുടെ സഹായത്തോടെയും തുടങ്ങാം. അതിന് ആദ്യം ബ്ലോഗ് എന്താണെന്ന് അറിയാം. ഓൺലൈനിൽ നമ്മുടെ കുഞ്ഞു കവിത, കഥ, എഴുത്തുകൾ അങ്ങനെ എന്തും പങ്കുവെക്കാൻ കഴിയുന്ന 
പ്ലാറ്റ്ഫോമാണ് ബ്ലോഗ്. നിങ്ങൾക്ക് ലോകത്തോട് കാര്യങ്ങൾ പറയാനുള്ള ഒരിടം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കാനുള്ള ഒരു സ്​ഥലമെന്ന് ചുരുക്കം. ബ്ലോഗ് തുടങ്ങാൻ മുതിർന്നവരുടെ സഹായം തേടാം. തുടങ്ങിക്കഴിഞ്ഞാൽ നിങ്ങൾ കുറിച്ചു​െവച്ചിരിക്കുന്ന കവിതയും കഥയുമൊക്കെ ഇതിൽ പങ്കുവെക്കാം. ഒപ്പം നിങ്ങൾ ചെയ്ത കുഞ്ഞുയാത്രകൾ, കണ്ട കാഴ്ചകൾ, ചെടികൾ, പൂക്കൾ, അധ്യാപകർ, കൂട്ടുകാർ അങ്ങനെ മനസ്സിൽ തോന്നുന്ന എന്തും ഭംഗിയായി ഇതിൽ കുറിക്കൂ. വായിച്ച് അഭിപ്രായം പറയാൻ അധ്യാപകരെയും കൂട്ടുകാരെയും ക്ഷണിക്കുകയും ആവാം. അവർ പറയുന്ന അഭിപ്രായങ്ങൾ നല്ലരീതിയിലെടുത്ത് തിരുത്തലുകൾ വരുത്താം. നാളെ തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ കടന്നുവന്ന വഴികളെ കുറിച്ചുള്ള ഓർമയായി ഈ എഴുത്തുകൾ അവശേഷിക്കും. ചിന്തിച്ചുനോക്കൂ, വർഷങ്ങൾ കഴിഞ്ഞ് ഇതൊക്കെ വായിക്കുന്നതിനെ കുറിച്ച്. ഒപ്പം നിങ്ങളുടെ എഴുതാനും വായിക്കാനും അഭിപ്രായം രൂപവത്​കരിക്കാനുമുള്ള കഴിവും ഇതിലൂടെ വികസിക്കുന്നതും കാണാം.

നാണയ ശേഖരണം
ചരിത്രത്തെ കുറിച്ച് പഠിക്കാൻ താൽപര്യമുള്ളവരാണെങ്കിൽ ഹോബിയാക്കാൻ പറ്റുന്ന ഒന്നാണ് നാണയ ശേഖരണം. ഓരോ നാണയവും ഓരോ കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ ഹോബിക്ക് വളരെയേറെ പഴക്കവുമുണ്ട്. പുരാതന റോമിലും മെസപ്പൊട്ടേമിയയിലും പഴയ നാണയങ്ങൾ ശേഖരിച്ച് ട്രഷറികളിൽ വെക്കാറുണ്ടത്രെ. റോമിലെ അഗസ്​റ്റസ്​ ചക്രവർത്തി സുഹൃത്തുക്കൾക്കും അതിഥികൾക്കും നൽകിയിരുന്ന സമ്മാനം ഇത്തരം അപൂർവ നാണയങ്ങളായിരുന്നു. അന്ന് രാജാക്കന്മാർക്ക് മാത്രമേ നാണയങ്ങൾ ശേഖരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പഴയ ആളുകളുടെ കൈകളിൽനിന്ന് നാണയങ്ങൾ സ്വന്തമാക്കാം. വിൽപനക്കാരും ഉണ്ട്. വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ ശേഖരിക്കലാവും കൂട്ടുകാർക്ക് എളുപ്പം. വിദേശത്തുള്ള പരിചയക്കാരിൽനിന്ന് ഇത് സ്വന്തമാക്കാം. ഒപ്പം ഓരോ നാണയത്തിലും മുദ്രണം ചെയ്തിരിക്കുന്നത് എന്തെന്നും അതിെൻറ വിശദാംശങ്ങളും രാജ്യത്തെക്കുറിച്ചും പുസ്​തകത്തിൽ കുറിച്ചിടാം.

സ്​റ്റാമ്പ് ശേഖരണം
ഹോബികളുടെ രാജാവെന്നും രാജാക്കന്മാരുടെ ഹോബിയെന്നും അറിയപ്പെടുന്ന ഹോബിയാണ് സ്​റ്റാമ്പ് ശേഖരണം. രാജാക്കന്മാരുടെ ഹോബിയെന്ന് അതിനെ വിശേഷിപ്പിക്കുന്നത് വെറുതെയൊന്നും അല്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ സ്​റ്റാമ്പ് ശേഖരം ബ്രിട്ടനിലെ എലിസബത്ത് രാജ്​ഞിയുടേതാണ്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ് അഞ്ചാമൻ, അമേരിക്കൻ പ്രസിഡൻറായിരുന്ന ഫ്രാങ്ക്​ളിൻ റൂസ്​വെൽറ്റ്, മുൻ ചെസ്​ ചാമ്പ്യൻ അനറ്റോളി കാർ​പോവ്, ടെന്നിസ് ​താരം മരിയ ഷറ​പോവ തുടങ്ങിയവരെല്ലാം വലിയ സ്​റ്റാമ്പ് ശേഖരങ്ങളുടെ ഉടമകളാണ്. അപ്പോ നമ്മൾക്കും തുടങ്ങാം ഒരു ശേഖരം അല്ലേ? ഏറ്റവും എളുപ്പത്തിൽ കിട്ടുക നമ്മുടെ കേരളത്തിലെ സ്​റ്റാമ്പുകൾ അല്ലേ? അവ 
ഓരോന്നും എടുത്ത് പുസ്​തകത്തിൽ ഒട്ടിക്കുക. ചുവടെ എന്താണ് സ്​റ്റാമ്പിൽ ഉള്ളത്, അതിെൻറ വിശദാംശങ്ങൾ, ചരിത്രപരമായ പ്രത്യേകത തുടങ്ങിയവയും എഴുതിച്ചേർക്കണം. രാജ്യങ്ങളുടേതാണെങ്കിൽ ആ രാജ്യത്തിെൻറ പേര്, ലോകഭൂപടത്തിലെ സ്​ഥാനം, രാജ്യത്തിെൻറ ഭരണസംവിധാനം, ഭരണാധികാരികൾ, മറ്റു സവിശേഷതകൾ എന്നിവ പുസ്​തകങ്ങളുടെയും ഇൻറർനെറ്റിെൻറയും സഹായത്താൽ കണ്ടെത്തി അവ ചെറിയ കുറിപ്പുകളാക്കി സ്​റ്റാമ്പിെൻറ കൂടെ ചേർക്കണം. ഇത് നല്ലൊരു ഫിലാറ്റലിസ്​റ്റ്​ ആകുന്നതിെൻറ ലക്ഷണമാണ്. സ്​റ്റാമ്പുകൾ ശേഖരിച്ച് ആധികാരികമായി പഠിക്കുന്നവരാണ് ഫിലാറ്റലിസ്​റ്റുകൾ. സ്​റ്റാമ്പുകളുടെ എണ്ണം കൂടുമ്പോൾ പുതിയ അറിവുകളുടെ വലിയ ലോകത്തേക്ക് അറിയാതെ കൂട്ടുകാർ എത്തിച്ചേരും. കൂട്ടുകാരിൽനിന്നും വിദേശത്ത് ജോലിചെയ്യുന്ന പരിചയക്കാർ, വിൽപനക്കാർ എന്നിവരിൽ നിന്നെല്ലാം സ്​റ്റാമ്പുകൾ സ്വന്തമാക്കാം. പഴയകാല സ്​റ്റാമ്പുകൾ വിൽക്കുന്ന ​െസെറ്റുകളിൽനിന്ന് വാങ്ങുകയും ആവാം.

തീമാറ്റിക് കലക്​ഷൻ
പ്രത്യേക വിഷയത്തെ അടിസ്​ഥാനമാക്കി സ്​റ്റാമ്പുകൾ ശേഖരിക്കുന്നതിനെയാണ് തീമാറ്റിക് കലക്​ഷൻ എന്നുപറയുന്നത്. പക്ഷികൾ, മൃഗങ്ങൾ, ശലഭങ്ങൾ, മഹാന്മാരായ വ്യക്തികൾ, സ്വാതന്ത്ര്യസമര സേനാനികൾ, വിഖ്യാതരായ സംഗീതജ്ഞർ, എഴുത്തുകാർ, ചിത്രകാരന്മാർ, നർത്തകർ തുടങ്ങി നമുക്ക് ഇഷ്​ടമുള്ള ഒരെണ്ണം തിരഞ്ഞെടുത്ത് ശേഖരിക്കാം. ഓരോ കൂട്ടുകാരും ഓരോ വിഷയമാണ് എടുക്കുന്ന​െതങ്കിൽ പരസ്​പരം കൈമാറി എണ്ണം വർധിപ്പിക്കാം.

പക്ഷിനിരീക്ഷണം
ശബ്്ദം കേട്ടുമാത്രം നമ്മൾ തിരിച്ചറിയുന്ന ചില പക്ഷികളില്ലേ? അതുപോലെ ഏതു പക്ഷിയെ കണ്ടാലും അതേക്കുറിച്ച് പറഞ്ഞുകൊടുക്കാൻ നമുക്ക് കഴിഞ്ഞാലോ? അതിനാണ് പക്ഷിനിരീക്ഷണം. ആദ്യം തൊടിയിലെ പക്ഷികളെത്തന്നെ നോക്കാം. ഇതുവരെ നമ്മൾ ശ്രദ്ധിക്കാത്ത പലതും കണ്ടെത്താൻ ഇപ്പോൾ കഴിയും. പക്ഷിയുടെ ശബ്​ദം, ആകൃതി, നിറങ്ങൾ, രൂപം എല്ലാം 
നോട്ടുപുസ്​തകത്തിൽ കുറിച്ചിടാം. ശബ്​ദംകൊണ്ടു നമ്മളെ പറ്റിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് മറന്നുപോവരുത്. മണ്ണാത്തിപ്പുള്ളും ആനറാഞ്ചിയുമെല്ലാം മറ്റു പക്ഷികളുടെ ശബ്​ദം അനുകരിക്കുന്നവയാണ്. നിരീക്ഷണം തുടങ്ങിയാൽ നോട്ടുപുസ്​തകത്തിൽ ഇവയെല്ലാം കുറിച്ചിടാം.

പക്ഷികളുടെ പേരുകൾ

പക്ഷിയെ കണ്ട സ്​ഥലങ്ങൾ–കാട്, കുറ്റിക്കാട്, വയൽ എന്നിങ്ങനെ, തീയതി, സമയം, കാലാവസ്​ഥ.

പ്രത്യേക രീതിയിലുള്ള ചലനങ്ങൾ
പക്ഷിയുടെ വലുപ്പം, അറിയാവുന്ന പക്ഷിയുമായി താരതമ്യപ്പെടുത്തി (കാക്കയോളം വലുപ്പം, മൈനയെക്കാൾ ചെറുത് എന്നിങ്ങനെ) എഴുതണം.

ആകൃതി, നിറങ്ങൾ, ശബ്​ദം
ഇരിക്കുന്ന, ഇര തേടുന്ന, പറക്കുന്ന രീതികൾ, കാണുന്നത് ഒറ്റയായിട്ടോ അതോ കൂട്ടമായിട്ടാണോ തുടങ്ങിയവ. 

കഴിയുമെങ്കിൽ പക്ഷിയുടെ രേഖാചിത്രം വരക്കുക.

ഫോണിൽ പടം എടുക്കുക
ഇനി ഇതെല്ലാം ​െവച്ച് പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്​തകങ്ങൾ, ഇൻറർനെറ്റ് (www.birder.in, www.orientalbirdclub.org) എന്നിവ പരിശോധിച്ച്​ താരതമ്യം ചെയ്ത്​ ഏതു പക്ഷിയെയാണ് കണ്ടതെന്ന് തിരിച്ചറിയുക. ഇത് ഹോബിയാക്കിയാൽ ഒരേ വർഗത്തിൽപെട്ട പക്ഷികളെ സ്വയം വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഇതേ രീതിയിൽ ചിത്രശലഭങ്ങളെയും നിരീക്ഷിക്കാൻ സാധിക്കും.