സ്കൂൾ പച്ച
കലാം സ്മരണയില്‍
  • മനോജ് വീട്ടുവേലിക്കുന്നേല്‍
  • 10:31 AM
  • 25/07/2016

‘ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. 
എന്നെ സ്നേഹിക്കുന്നെങ്കില്‍  അവധിക്കുപകരം ഒരു ദിവസം
അധികം ജോലി ചെയ്യുക’. 

സ്വപ്നങ്ങള്‍ക്കൊപ്പം ഭാവിയിലേക്കു പറന്നുയരാന്‍ പുതുതലമുറക്കു പ്രചോദനമേകി കടന്നുപോയ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ വേര്‍പാടിന് ജൂലൈ 27ന് ഒരാണ്ട്. ജോലിമുടക്കി വീട്ടിലിരുന്ന് പ്രമുഖരുടെ വിയോഗം ‘ആഘോഷിക്കുന്ന’ പതിവുരീതിയോട് എ.പി.ജെക്ക് വിയോജിപ്പായിരുന്നു. കൂട്ടുകാരേ, പ്രിയപ്പെട്ട കലാമിന്‍െറ ഓര്‍മ
ദിനത്തില്‍ വെറുതെയിരിക്കാന്‍ നമുക്കുമാവില്ല. സ്കൂളില്‍ നമുക്ക് എന്തൊക്കെ ചെയ്യാനാകും? 
 

•  കലാം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാം (അദ്ദേഹത്തിന്‍െറ സമഗ്രസംഭാവനകള്‍        
ഉള്‍പ്പെടുത്താന്‍ പ്രാസംഗികര്‍ക്കു നിര്‍ദേശം നല്‍കണം. അധ്യാപകന്‍, രാഷ്ട്രപതി,
ശാസ്ത്രജ്ഞന്‍, തത്ത്വജ്ഞാനി, സംഗീതാസ്വാദകന്‍, എഴുത്തുകാരന്‍, പുരസ്കാര ജേതാവ് തുടങ്ങിയ മേഖലകള്‍ മുന്‍കൂട്ടി വീതിച്ചു നല്‍കണം). 
• കലാം പുസ്തകോത്സവം 
• ‘കലാമിന്‍െറ ജീവിതത്തിലൂടെ...’ -ചിത്രപ്രദര്‍ശനം ആകര്‍ഷകമാകും. 
• കലാം സന്ദേശങ്ങള്‍ ഓര്‍മപ്പെടുത്തുന്ന റാലി. പ്ളക്കാര്‍ഡുകളും നിശ്ചലദൃശ്യങ്ങളും              
ചിത്രങ്ങളും അനൗണ്‍സ്മെന്‍റും മുദ്രാവാക്യങ്ങളുമെല്ലാം റാലിക്ക് കൊഴുപ്പേകും. 
• ‘ഐ ആം കലാം’ എന്ന കുട്ടികളുടെ സിനിമ പ്രദര്‍ശിപ്പിക്കാം. 
• അദ്ദേഹത്തിന്‍െറ മൊഴിമുത്തുകള്‍ ഉള്‍പ്പെടുത്തി ‘ജ്ഞാനമരം’ ഒരുക്കാം. 
• ക്വിസ് മത്സരം (അഗ്നിച്ചിറകുകള്‍ എന്ന അദ്ദേഹത്തിന്‍െറ ആത്മകഥയെ മാത്രം              
അടിസ്ഥാനമാക്കിയും ക്വിസ് നടത്താം). 
• സ്കൂള്‍ അസംബ്ളിയില്‍ ‘കലാം-ജീവിതരേഖ’ (അദ്ദേഹത്തിന്‍െറ ജീവിതത്തിലെ 
    പ്രധാന നാഴികക്കല്ലുകള്‍) അവതരിപ്പിക്കാം. 
• ക്ളാസ് തലത്തില്‍ ശാസ്ത്രപ്രദര്‍ശനം (കുട്ടികള്‍ തനതു പ്രവര്‍ത്തനങ്ങളും 
    നിരീക്ഷണങ്ങളും അവതരിപ്പിക്കട്ടെ). മികച്ച കുട്ടിശാസ്ത്രജ്ഞര്‍ക്ക് സമ്മാനങ്ങളും 
    നല്‍കണം. 
• എ.പി.ജെക്കു ലഭിച്ച പുരസ്കാരങ്ങള്‍, ലഭിച്ച വര്‍ഷം എന്നിവ ചാര്‍ട്ടിലെഴുതി 
    പ്രദര്‍ശിപ്പിക്കാം. (ഭാരത്രത്ന, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ വിട്ടുപോകരുത്). 
•‘കലാമിനൊരു കത്ത്’ മത്സരം. അദ്ദേഹത്തിന്‍െറ ജീവിതം സ്മരിച്ചും നന്ദി പറഞ്ഞും 
    വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ ചേര്‍ത്തുവെച്ചും കത്തുകള്‍ തയാറാക്കാം. 
• ‘എന്‍െറ സ്വപ്നത്തിലെ ഭാരതം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം. 
• കലാം ഓര്‍മകള്‍ ഉണര്‍ത്തുന്ന ഫ്ളാഷ് മോബ്. 
• കലാം സ്മരണയില്‍ സ്കൂളിലും വീട്ടുമുറ്റത്തും ഒരു വൃക്ഷത്തെ എങ്കിലും നടാം, 
    സംരക്ഷിക്കാം. 
• നന്മ നിറഞ്ഞ കലാമിനെ ഓര്‍ക്കാന്‍ ഇനിയും വഴികളേറെയുണ്ട് -അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളും സന്ദര്‍ശിക്കുക, ഗവ. ആശുപത്രി ശുചീകരണം, പൊതുസ്ഥലങ്ങളുടെ 
    ശുചീകരണം, ഒൗഷധോദ്യാന നിര്‍മാണം, ആദിവാസി കോളനി സന്ദര്‍ശനവും അവരുടെ      
ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തനം ഒരുക്കലും...