പഠനമുറി
കരിമ്പ് പെറ്റ പരലുകൾ
  • റെജി മലയാലപ്പുഴ
  • 03:25 PM
  • 17/09/2018

പഞ്ചസാര എന്നു കേൾക്കുമ്പോൾതന്നെ നാവിൽ മധുരമൂറും. കാരണം, ഈ വസ്തു ചേർത്ത് എന്ത് മാധുര്യമൂറുന്ന പലഹാരങ്ങളാണ് നാം നിർമിക്കുന്നത്. നാം ഉപയോഗിക്കുന്ന പഞ്ചസാര കരിമ്പിൽനിന്ന് പിറവിയെടുക്കുന്നതാണ്. പഞ്ചസാരയുടെ ജനനത്തെപ്പറ്റി നോക്കാം. കരിമ്പ് മുറിച്ചെടുത്ത് അതിനെ ചെറുകഷണങ്ങളാക്കി മാറ്റി ഇവയെ ഉരുളുകൾക്കിടയിൽ​െവച്ച് ചതക്കുന്നു. അതിനുശേഷം അൽപം വെള്ളം ചേർത്ത് മർദിക്കുന്നു. അപ്പോൾ ധാരാളം കരിമ്പിൻ സത്ത് ലഭിക്കുന്നു. ധാരാളം അമ്ലങ്ങൾ കരിമ്പിൻ സത്തിൽ അടങ്ങിയതിനാൽ അതിൽ ചുണ്ണാമ്പ് ചേർക്കുന്നു. അതോടൊപ്പം കാർബൺ ഡൈഓക്സൈഡും സൾഫർ ൈഡ ഓക്സൈഡും ചേർക്കും. കരിമ്പിൻ സത്തിലെ മറ്റ് മാലിന്യത്തെ നീക്കംചെയ്യാനാണ് ഇത് ചേർക്കുന്നത്.
കരിമ്പിൻ സത്തിനെ ഊറ്റിയെടുത്ത് ബാഷ്പീകരണികളിലേക്ക് മാറ്റുന്നു. ബാഷ്പീകരണികളിൽ ​െവച്ച് മുക്കാൽ ഭാഗം ജലവും ആവിയായി മാറ്റപ്പെടുന്നു. അപ്പോൾ ലഭിക്കുന്ന പദാർഥം ‘സിറപ്പ്’ അഥവാ പാവ് എന്നാണ് അറിയപ്പെടുന്നത്. സിറപ്പിനെ വീണ്ടും നീരാവി കടത്തിവിടുന്ന കുഴലുകളിലൂടെ ചൂടാക്കുമ്പോൾ അത് പരലുകളായി മാറ്റപ്പെടുന്നു. സിറപ്പിൽനിന്ന്​ മാറ്റപ്പെട്ട പരലുകൾ ദ്രാവക രൂപത്തിലാകുന്നു. ഈ ദ്രാവക രൂപം മൊളാസസ്​ എന്നാണ് അറിയപ്പെടുന്നത്.
പരലുകളും മൊളാസസും ചേർന്നുകിട്ടുന്നതിനെ ‘മാസക വൈറ്റ്’ എന്നാണ് വിളിക്കുന്നത്. സെൻട്രി ഫ്യൂഗൽ യന്ത്രം ഉപയോഗിച്ച് പരലുകളെ മാസക വൈറ്റിൽനിന്ന്​ വേർതിരിക്കുന്നു. ഈ യന്ത്രത്തിൽ മാസക വൈറ്റിട്ട് കറക്കുമ്പോൾ മൊളാസസ്​ വേറൊരു പാ​ത്രത്തിലേക്ക് മാറ്റപ്പെടുന്നു. അപ്പോൾ പരലുകൾമാത്രം യന്ത്രത്തിൽ ശേഷിക്കുന്നു. പരലുകളെ വെള്ളത്തിൽ കഴുകിയെടുത്ത് ലായനി രൂപത്തിലായ അതിനെ അരിക്കുന്നു.
ഈ പ്രക്രിയ നടത്തുന്നത് പരലുകളെ ശുദ്ധീകരിക്കുന്നതിനാണ്. ഇങ്ങനെ ശുദ്ധീകരിച്ചു കിട്ടുന്ന പരലുകൾക്ക് നല്ല വെളുപ്പു നിറമാണ്. ഈ ചെറിയ പരലുകളെയാണ് മാധുര്യമൂറുന്ന പഞ്ചസാര എന്ന വിളിപ്പേരിലൂടെ നാം ഓമനിക്കുന്നത്.