കമീഷനാണ്​ താരം
  • സന്ദീപ്​ ഗോവിന്ദ്​
  • 02:23 PM
  • 10/04/2019

തെരഞ്ഞെടുപ്പ് കാലമായാൽ വാർത്തകളിലും മറ്റും കേൾക്കുന്ന പേരാണ് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ആവശ്യമായ നിര്‍ദേശങ്ങള്‍ നൽകലുമെല്ലാം കമീഷ​െൻറ ജോലിയാണ്. ചുരുക്കിപ്പറഞ്ഞാൽ, മേല്‍നോട്ടക്കാരൻ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും അംഗങ്ങളും അടങ്ങുന്ന സമിതിയാണിത്‍. ഭരണഘടനയുടെ 324ാം അനുച്ഛേദമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടന അധികാരപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക സമിതിയായതിനാൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പരിപൂര്‍ണ ചുമതല കമീഷനില്‍ നിക്ഷിപ്തമാണ്. പാര്‍ലമെൻറിെൻറ ഇരു സഭകളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും രാഷ്​ട്രപതി, ഉപരാഷ്​ട്രപതി എന്നീ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തേണ്ടതും സമ്മതിദായകരുടെ പട്ടിക തയാറാക്കേണ്ടതും കമീഷനാണ്. പാര്‍ലമെൻറ്, നിയമസഭകള്‍ എന്നിവയിലുള്ള അംഗങ്ങള്‍ക്ക് അയോഗ്യതയുണ്ടെങ്കില്‍ അത് രാഷ്​ട്രപതിയെ ധരിപ്പിക്കുക, നിലവിലുള്ള അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ചുള്ള പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുക എന്നിവയും പ്രധാന ചുമതലകളാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കൂടാതെ 1993 ഒക്ടോബറില്‍ രണ്ട് കമീഷണര്‍മാരെക്കൂടി രാഷ്​ട്രപതി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റു തെരഞ്ഞെടുപ്പ് കമീഷണര്‍മാരെയും രാഷ്​ട്രപതിയാണ് നിയമിക്കുന്നത്. ഒന്നിലധികം തെരഞ്ഞെടുപ്പ് കമീഷണര്‍മാരുണ്ടെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ആ സമിതിയുടെ ചെയര്‍പേഴ്സനായിരിക്കും. 
തെരഞ്ഞെടുപ്പ് രീതി, വോട്ടര്‍പട്ടിക തയാറാക്കല്‍, നിയോജക മണ്ഡലങ്ങള്‍ തിരിക്കല്‍, റിട്ടേണിങ് ഓഫിസര്‍മാരെയും പോളിങ് ഓഫിസര്‍മാരെയും പ്രിസൈഡിങ് ഓഫിസര്‍മാരെയും നിയമിക്കല്‍, സ്ഥാനാര്‍ഥികളുടെ യോഗ്യത നിര്‍ണയിക്കല്‍, നോമിനേഷന്‍ പേപ്പര്‍ സമര്‍പ്പിക്കല്‍, നോമിനേഷന്‍ പേപ്പര്‍ സ്വീകരിക്കല്‍, അതിനുള്ള ഫീസ് അടക്കല്‍, നോമിനേഷന്‍ പിന്‍വലിക്കല്‍, നോമിനേഷന്‍ പേപ്പര്‍ സൂക്ഷ്മ പരിശോധന നടത്തി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കല്‍, ചിഹ്നങ്ങള്‍ അനുവദിക്കല്‍, പ്രചാരണത്തിന് മേല്‍നോട്ടം നടത്തല്‍, വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തല്‍, കുറ്റങ്ങളോ അഴിമതിയോ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കല്‍, തെരഞ്ഞെടുപ്പ് റദ്ദാക്കല്‍, തെരഞ്ഞെടുപ്പ് കേസുകള്‍ കേള്‍ക്കല്‍, ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കല്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പു നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ്.

സംസ്ഥാനത്ത്...
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വാര്‍ഡ് വിഭജനവും വാര്‍ഡുകളുടെ സംവരണവും സമ്മതിദായക പട്ടിക തയാറാക്കലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ​െൻറ ചുമതലയാണ്.


ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും
നിത്യവും കേൾക്കുന്ന വാക്കാണ് പാർട്ടി. രാഷ്​ട്രീയപാർട്ടികളാണ് രാജ്യത്തെ ഭരണകൂടങ്ങളെ തീരുമാനിക്കുന്നത്. മത്സരിക്കണമെങ്കിൽ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്​റ്റർ ചെയ്യണം. പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും വേർതിരിക്കുന്നത് നിശ്ചിത വ്യവസ്ഥകളിലൂടെയാണ്. തെരഞ്ഞെടുപ്പ് കമീഷനാണ് ഇതിന് അംഗീകാരം നൽകേണ്ടത്. ഈ അംഗീകാരമില്ലാത്ത രജിസ്​റ്റർ ചെയ്ത പാർട്ടികളും ധാരാളമുണ്ട്. 

ദേശീയ പാർട്ടി
ദേശീയപാർട്ടിയാവാൻ കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളിൽനിന്നും രണ്ടു ശതമാനം ലോക്സഭ സീറ്റുകളിൽ വിജയിക്കണം. അല്ലെങ്കിൽ ലോക്​സഭ തെരഞ്ഞെടുപ്പിലോ സംസ്ഥാന തെരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറു ശതമാനം വോട്ടു നേടുകയും നാല് ലോക്​സഭ സീറ്റുകളിൽ വിജയിക്കുകയും വേണം. അതുമല്ലെങ്കിൽ നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവി വേണം. ഇതിൽ ഏതെങ്കിലും ഒന്നുള്ള തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്​റ്റർ ചെയ്ത പാർട്ടിക്ക് ദേശീയപാർട്ടിയാവാം. കോൺഗ്രസ്, സി.പി.എം, ബി.ജെ.പി തുടങ്ങിയവയാണ് പ്രധാന ദേശീയ പാർട്ടികൾ. 

പ്രാദേശിക പാർട്ടികൾ

  • 1. നിയമസഭയിലെ മൂന്നു ശതമാനം സീറ്റുകൾ (കുറഞ്ഞത് മൂന്നു സീറ്റുകൾ)
  • 2. ആ സംസ്ഥാനത്ത് അനുവദിച്ച ഓരോ 25 ലോക്സഭാസീറ്റുകളിൽ ഒന്ന് എന്ന തോതിൽ ലോക്സഭ സീറ്റുകൾ
  • 3. ലോക്​സഭ-സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കുറഞ്ഞത് ആറു ശതമാനം വോട്ടുകൾ, ഒരു ലോക്​സഭ സീറ്റ്, രണ്ട് നിയമസഭ സീറ്റുകൾ
  • 4. ലോക്​സഭ തെരഞ്ഞെടുപ്പിലോ സംസ്ഥാന തെരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ടു ശതമാനം വോട്ടുകൾ 
  • ഇവയിൽ ഏതെങ്കിലും ഒന്ന് നേടിയ തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്​റ്റർ ചെയ്ത പാർട്ടികളാണ് പ്രാദേശിക പാർട്ടികൾ. 

ആർക്കൊക്കെ സ്ഥാനാർഥിയാവാം
25 വയസ്സ്​ പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും ലോക്സഭയിലേക്ക് മത്സരിക്കാം. രാജ്യത്തെ ഏതെങ്കിലുമൊരു മണ്ഡലത്തിലെ വോട്ടറായിരിക്കണം. വരണാധികാരിയായ ജില്ല കലക്ടര്‍മാര്‍ക്ക് നിശ്ചിത സമയത്തിനുള്ളിൽ പത്രിക നല്‍കണം.  ജനറൽ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടിക വർഗത്തിന് 12,500 രൂപയും സ്ഥാനാർഥികളാവാൻ കെട്ടിവെക്കണം. അംഗീകൃത രാഷ്​ട്രീയപാർട്ടിയുടെ ഭാഗമായ ആളാണ് സ്ഥാനാർഥിയെങ്കിൽ മണ്ഡലത്തിലുള്ള ഒരാൾ നിർദേശിക്കണം. 1955ലെ പൗരാവകാശ സംരക്ഷണ നിയമമനുസരിച്ചും ജനപ്രാതിനിധ്യ നിയമമനുസരിച്ചും കുറ്റക്കാരാണെന്നു കണ്ടെത്തി വിധി ഉണ്ടായാല്‍ അങ്ങനെയുള്ളവര്‍ക്ക് ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാവില്ല. രാജ്യത്തെ ഏതെങ്കിലും കോടതിയില്‍നിന്ന് രണ്ടുവര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് ശിക്ഷ ലഭിച്ചിട്ടുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ അവകാശമില്ല. ജയില്‍ മോചിതരായാലും അഞ്ചു വർഷത്തേക്ക് അയോഗ്യത ഉണ്ടായിരിക്കും. അസംബ്ലിയിലെയും പാര്‍ലമെൻറിലെയും അംഗങ്ങളെ ശിക്ഷിച്ചാല്‍ റിവിഷന്‍ കാലാവധി കഴിഞ്ഞു മാത്രമേ ശിക്ഷ പ്രാബല്യത്തില്‍ വരുകയുള്ളൂ. തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് കരാര്‍ അടിസ്ഥാനത്തിലും മറ്റുമായി സർക്കാർ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്ക്​ ചട്ടങ്ങളനുസരിച്ച് മത്സരിക്കുവാന്‍ യോഗ്യതയുണ്ടാകില്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ നൽകാത്തവര്‍ക്ക് പിന്നീട് മത്സരിക്കാനുള്ള യോഗ്യതയും നഷ്​ടമാകും. കൈക്കൂലി, അവിഹിത സ്വാധീനം, ജാതിയുടെയും മതത്തിെൻറയും പേരിലുള്ള വോട്ടുപിടിത്തം, അപവാദ പ്രചാരണം, അമിതമായ ധനം ചെലവഴിച്ചുള്ള വോട്ടു ചെയ്യിക്കല്‍ തുടങ്ങിയവ പിടിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പ് അസാധുവാകും.


പ്രകടനപത്രിക 
രാഷ്​ട്രീയകക്ഷികളും മറ്റും നടപ്പാക്കുവാനുദ്ദേശിക്കുന്ന കർമപരിപാടികൾ ക്രോഡീകരിച്ച രൂപമാണ് പ്രകടനപത്രികകൾ. വോട്ടർമാർക്കുള്ള വാഗ്ദാനങ്ങളും അധികാരത്തിലേറിയാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും ഇതിലുണ്ടാവും. തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിെൻറ 48 മണിക്കൂറിന് മുമ്പ് പ്രകടനപത്രിക പുറത്തിറക്കണമെന്നാണ് കമീഷൻ നിര്‍ദേശം.

ആദ്യ കമീഷണർ
സുകുമാർ സെന്നാണ് ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് കമീഷണർ. 1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ഇദ്ദേഹത്തിെൻറ നേതൃത്വത്തിലായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ശ്രമകരമായ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിനാൽ സുഡാനടക്കം പല രാജ്യങ്ങളും ഇദ്ദേഹത്തി െൻറ സേവനം ഉപയോഗപ്പെടുത്തി. സുഡാനിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ഇദ്ദേഹമായിരുന്നു. 

ടി.എൻ. ശേഷൻ
തെരഞ്ഞെടുപ്പ് കമീഷണർക്ക് എന്തൊക്കെ അധികാരങ്ങളുണ്ടെന്ന് പൊതുജനങ്ങൾക്കും രാഷ്​ട്രീയക്കാർക്കും മനസ്സിലാക്കിക്കൊടുത്ത കമീഷണറായിരുന്നു ടി.എൻ. ശേഷൻ. കൃത്യമായ നിലപാടുകളും നിയമവും കാത്തുസൂക്ഷിച്ച അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 1990 മുതൽ ’96 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്നു. ഈ കാലയളവിൽ 40,000ത്തോളം സ്ഥാനാർഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രിക സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പാർലമെൻറ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. ത​െൻറ തീരുമാനങ്ങൾ നടപ്പാക്കാൻ അദ്ദേഹത്തിനു പലതവണ സുപ്രീം കോടതി വരെ പോകേണ്ടിവന്നു. ശേഷ​െൻറ പദവികളെ വെട്ടിക്കുറക്കാൻ കേന്ദ്രസർക്കാർ രണ്ട് ഇലക്​ഷൻ കമീഷണർമാരെ കൂടി നിയമിച്ചെങ്കിലും സുപ്രീംകോടതി അദ്ദേഹത്തിെൻറ അധികാരത്തെ ഉയർത്തിപ്പിടിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് അവതരിപ്പിച്ച അദ്ദേഹം തെരഞ്ഞെടുപ്പിലെ ചെലവുകൾക്കും പരിധി നിശ്ചയിച്ചു. ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിരോധിച്ചു. സ്ഥാനാർഥികൾ അവരുടെ വരുമാന വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. ജാതിതിരിച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തെയും ജാതി പ്രീണനത്തെയും നിരോധിച്ചു. കള്ളവോട്ട് തടയാൻ വിഡിയോ ടീമുകളെ നിയോഗിച്ചതും അദ്ദേഹത്തിെൻറ കാലത്താണ്. പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ശേഷൻ ജനിച്ചത്. 

ബാലറ്റിൽനിന്ന്​ ബട്ടണിലേക്ക്​
രക്ഷിതാക്കൾക്കൊപ്പം പോളിങ് ബൂത്തിൽ പോയവർ വോട്ടിങ് യന്ത്രം കണ്ടിട്ടുണ്ടാവില്ലേ. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ സ്ഥാനാർഥികളും ​േവാട്ടുയന്ത്രത്തിെൻറ മാതൃകകളുമായി വീടുകളിലെത്തി വോട്ടു ചെയ്യുന്ന രീതി പറഞ്ഞുതരാറുണ്ട്. പണ്ട് സ്ഥാനാർഥികളുടെ പേരിനു നേരെ സീൽ പതിപ്പിക്കുന്ന രീതിയിലുള്ള ബാലറ്റ്പേപ്പർ സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ബാലറ്റ് പേപ്പറിന് പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇലക്ട്രോണിക് വോട്ടുയന്ത്രം. 1982ൽ ഇന്ത്യയിൽ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂർ ഉപതെരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടു യന്ത്രം ഉപയോഗിച്ചത്. 50 ബൂത്തുകളിൽ മാത്രമാണ് അന്ന് യന്ത്രം ഉപയോഗിച്ചത്. കൺട്രോൾ യൂനിറ്റും ബാലറ്റ് യൂനിറ്റും ചേർന്നതാണ് വോട്ടുയന്ത്രം. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിൽ യന്ത്രം ഉപയോഗിച്ചു. 2004 ലാണ് ഇന്ത്യയിൽ  വോട്ടുയന്ത്രം വ്യാപകമായത്. ബാലറ്റ് യൂനിറ്റിൽ ബന്ധിപ്പിച്ചിരിക്കുന്ന കേബിളിെൻറ ഒരറ്റം കൺട്രോൾ യൂനിറ്റിനോട് ബന്ധിപ്പിച്ചാണ് പ്രവർത്തനം. കൺട്രോൾ യൂനിറ്റിലെ ബാറ്ററി കൊണ്ടാണ് പ്രവർത്തിക്കുന്നത്. പ്രിസൈഡിങ്​ ഓഫിസർ കൺട്രോൾ യൂനിറ്റിലെ ബാലറ്റ് എന്ന ബട്ടൺ അമർത്തിയാണ് ഒരു തവണ സമ്മതിദാനം രേഖപ്പെടുത്താനുള്ള അനുവാദം വോട്ടർക്ക് നൽകുക. വോട്ട് രേഖപ്പെടുത്തേണ്ട സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞ് ബീപ് ശബ്​ദം വരുന്നതോടെ വോട്ടിങ് പൂർത്തിയായി. വോട്ടുയന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിൽ അസാധു ഉണ്ടാകില്ല. എന്നാൽ, ആർക്കും വോട്ടു ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ‘നോട്ട’ (None of the above) ബട്ടൺ അമർത്താവുന്നതാണ്.